പ്രതിരോധത്തിന്റെ വിയറ്റ്നാം പതിപ്പ്‌

പ്രതിരോധത്തിന്റെ വിയറ്റ്നാം പതിപ്പ്‌
December 23 04:45 2016

നിമിഷ
പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ലോകത്ത്‌ പലവിധമുണ്ട്‌. യുദ്ധങ്ങൾക്കും കലാപങ്ങൾക്കും അട്ടിമറികൾക്കുമൊക്കെ എതിരെ ജനത എങ്ങനെയാണ്‌ പ്രതികരിക്കുക എന്നുപറയാൻ കഴിയില്ല. എന്നാൽ ലോകം ഇതുവരെ കാണാത്ത ഒരു പ്രതിരോധത്തിലെ നായിക രണ്ടുമാസം മുമ്പ്‌ വിടപറഞ്ഞു. വിയറ്റ്നാമിലെ ഏറ്റവും മിടുക്കിയായ റേഡിയോ അനൗൺസർ ട്രിൻതി എൻജോ ആണ്‌ ആ വേറിട്ട വനിത. ഇരുപതു വർഷം നീണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിൽ ലോകം കണ്ടതിൽ വച്ച്‌ ഏറ്റവും ക്രൂരമായ ആക്രമണങ്ങൾക്കാണ്‌ ആ രാജ്യം സാക്ഷ്യം വഹിച്ചത്‌. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ബോംബ്‌ വർഷിക്കുക മാത്രമല്ല രാസായുധപ്രയോഗം വരെ വിയറ്റ്നാം ജനതയ്ക്കെതിരെ അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിക്കുകയുണ്ടായി. 38 ലക്ഷം പേർ കൊലചെയ്യപ്പെടുകയും വായുവും മണ്ണും വെള്ളവും രാസായുധ പ്രയോഗം കൊണ്ട്‌ വിഷലിപ്തമാവുകയും ചെയ്യുകയുണ്ടായി.
വിയറ്റ്നാമിനെ കീഴടക്കാനുള്ള അമേരിക്കയുടെ സാമ്രാജ്യത്വ ആക്രമണങ്ങൾക്കെതിരെ സാർവദേശീയതലത്തിൽ വൻ പ്രതിഷേധങ്ങൾ ഉയർത്തപ്പെട്ടു. എന്നാൽ ആഭ്യന്തരമായി ആ ജനതയ്ക്കുവേണ്ടി റേഡിയോ അനൗൺസർ എന്ന നിലയിൽ ട്രിൻതി എൻജോ നടത്തിയ പോരാട്ടം തികച്ചും വ്യത്യസ്തമായിരുന്നു. വിയറ്റ്നാം റേഡിയോയിലൂടെ അമേരിക്കൻ പട്ടാളത്തോട്‌ അവർ നടത്തിയ വർത്തമാനം ആദ്യം അഞ്ചാറുമിനിട്ടുകൾക്കുള്ളിൽ അവസാനിച്ചെങ്കിലും പിന്നീടത്‌ ഏറെ പ്രചാരമുള്ള ഒരു പരിപാടിയായി മാറി. വോയ്സ്‌ ഓഫ്‌ വിയറ്റ്നാമിലൂടെ “അമേരിക്കൻ ജനറൽമാരോട്‌ ഒരു കൊച്ചുവർത്തമാനം” എന്ന പേരിലാണ്‌ ട്രിൻതി എൻജോ പരിപാടി ആരംഭിച്ചത്‌. ഒരു ദിവസത്തെ യുദ്ധം പൂർത്തിയാക്കി മടങ്ങി ക്യാമ്പിലെത്തുന്ന അമേരിക്കൻ ജനറൽമാർക്ക്‌ വേണ്ടിയാണ്‌ വർത്തമാനം ആരംഭിച്ചത്‌. ആദ്യമൊന്നമ്പരന്ന സൈനികകേന്ദ്രം ക്രമേണ വർത്തമാനത്തോട്‌ പ്രതികരിക്കാൻ തുടങ്ങി. “നീതിരഹിതമായ യുദ്ധം ചെയ്യുന്ന നിങ്ങൾ സത്യമറിയണം. ജീവനും ജീവിതവും നഷ്ടപ്പെടുന്ന ജനത നിരപരാധികളാണ്‌”. അവരുടെ കൊച്ചുകൊച്ചു നഷ്ടങ്ങളിൽ തുടങ്ങി വലിയ വലിയ ഭയങ്ങളിലെത്തിയതോടെ പരിപാടി 30 മിനിട്ടായി ഉയർന്നു. ആഴ്ചയിൽ രണ്ടെന്നത്‌ ദിവസവും എന്ന നിലയിലായി. ഒടുവിൽ ദിവസം മൂന്ന്‌ തവണ എന്ന നിലയിലേയ്ക്ക്‌ ഉയർന്നു. “ഇത്‌ തുഹോങ്ങ്‌, ദക്ഷിണ വിയറ്റ്നാമിൽ നിന്നും അമേരിക്കൻ ജനറൽമാരോട്‌ പറയുകയാണ്‌” എന്ന പറഞ്ഞാണ്‌ പരിപാടി ആരംഭിക്കുന്നത്‌. ഏകദേശം 90 മിനിറ്റാണ്‌ ട്രിൻതി എൻജോ ‘തുഹോങ്ങ്‌’ എന്ന അപരനാമത്തിൽ അമേരിക്കൻ ജനറൽമാരോട്‌ സംസാരിച്ചിരുന്നത്‌. ഒന്നും രണ്ടും ദിവസമല്ല. ഏകദേശം 20 വർഷം ഇടതടവില്ലാതെ ട്രിൻതി എൻജോ റേഡിയോയിലൂടെ ചെറുത്തുനിൽപ്പ്‌ ശ്രമങ്ങൾ നടത്തി.
‘ഹനോയിഹങ്ങെ’ന്നാണ്‌ അമേരിക്കൻ ജനറൽമാർക്കിടയിൽ ഇവർ വിളിക്കപ്പെട്ടിരുന്നത്‌. ട്രിൻതിയുടെ വർത്തമാനത്തിൽ സത്യം തിരിച്ചറിഞ്ഞ്‌ യുദ്ധരംഗം വിട്ട അനവധി സൈനികരുണ്ട്‌. അവർ അമേരിക്കയിലേയ്ക്ക്‌ മടങ്ങിപ്പോയി. യുദ്ധരംഗത്ത്‌ തുടർന്നവർ പലരും അസ്വസ്ഥരും ദുഃഖിതരുമായിരുന്നു. കടുത്ത ആക്രമണങ്ങൾ നടത്തുന്നതിൽ നിന്ന്‌ പലരും പിന്തിരിഞ്ഞു. ഇതുതന്നെയായിരുന്നു വർത്തമാനം പരിപാടികൊണ്ട്‌ ലക്ഷ്യമിട്ടിരുന്നത്‌. സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം ചെവിക്കൊള്ളാൻ പലരും തയ്യാറായത്‌ അമേരിക്കയുടെ യുദ്ധവെറിക്കുള്ള ചുട്ടമറുപടിയാകുകയും ചെയ്തു. 1975-ൽ യുദ്ധം അവസാനിച്ചപ്പോൾ ജനങ്ങൾ ട്രിൻതിയുടെ ഉറച്ച നിലപാടുകൾക്ക്‌ വലിയ വരവേൽപ്പാണ്‌ നൽകിയത്‌. അതിനുശേഷം വടക്കൻ വിയറ്റ്നാമിലേയ്ക്ക്‌ ഭർത്താവുമൊത്ത്‌ താമസം മാറ്റിയ ട്രിൻതി പിന്നീട്‌ ശിഷ്ടകാലം വിയറ്റ്നാമിന്റെ ഔദ്യോഗിക റേഡിയോയ്ക്കുവേണ്ടി ചിലവഴിച്ചു. ഒടുവിൽ 87-ാ‍ം വയസിൽ 2016 ഒക്ടോബർ 2 ന്‌ ട്രിൻതി എൻജോ ലോകത്തോട്‌ വിടപറഞ്ഞു. വളരെ അലിവും ആർദ്രതയുമാർന്ന ശബ്ദത്തിൽ യുദ്ധഭീകരതയ്ക്കെതിരെ അവർ നടത്തിയ നനുത്തവർത്തമാനങ്ങൾ അമേരിക്കൻ ഭടന്മാർ വർഷിച്ച ബോംബുകളേക്കാൾ വീര്യത്തോടെ സമാധാനത്തിന്റെ വിത്തുകൾ മനുഷ്യമനസിൽ പാകാനായി.

view more articles

About Article Author