പ്രതിസന്ധിയുടെ ട്രാക്കിൽ തളരാതെ

പ്രതിസന്ധിയുടെ ട്രാക്കിൽ തളരാതെ
April 28 04:45 2017

രമ്യാ മേനോൻ
ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ ചെയ്തുകൊടുക്കാൻ വൈകിപ്പോയാൽ ‘എനിക്ക്‌ പത്തു കൈയൊന്നുമില്ല’ എന്ന്‌ പറയുന്നവർ ഉണ്ടാകും. പത്തൊന്നുമില്ലെങ്കിലും ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്‌ ചിലരെക്കാണുമ്പോൾ തോന്നാറുണ്ട്‌. എന്നാൽ ‘കൺമണി’യെപ്പോലെ കൈകളും കാലുകളുമില്ലാതെ ജീവിതവിജയം കണ്ടെത്തിയവരും ഈ ലോകത്തുണ്ട്‌. പരിമിതികളുടെ സീമ ലംഘിച്ചുള്ള ചിലരുടെ പ്രയാണം കൈകലുകളുള്ളവരിൽപ്പോലും അസൂയയുളവാക്കുന്നതാണ്‌.
ശാലിനി സരസ്വതി എന്ന പെൺകുട്ടി അവധിക്കാലം കഴിഞ്ഞ്്‌ കംബോഡിയയിൽ നിന്നെത്തി. ഗർഭിണിയായിരുന്ന ശാലിനിയ്ക്ക്‌ പനി കൂടി വന്നതോടെ ശരീരത്തിന്‌ ആകെ ഒരസ്വസ്ഥതയും തോന്നിത്തുടങ്ങി. അവളുടെ കൈകാലുകൾ പ്രവർത്തനരഹിതമാകുകയായിരുന്നു. അഞ്ച്‌ ശതമാനം മാത്രം ജീവിതത്തിലേയ്ക്ക്‌ തിരിച്ചുവരാനുള്ള സാധ്യതയുണ്ടായിരുന്നുള്ളുവെന്ന്‌ ഡോക്ടർമാർ അവളെക്കുറിച്ച്‌ വിധിയെഴുതി.
കുട്ടി ഗർഭപാത്രത്തിൽ വച്ച്‌ തന്നെ മരിച്ചു. ലക്ഷത്തിൽ ഒരാൾക്ക്‌ മാത്രം വരുന്ന അപൂർവ്വ വൈറസ്‌ ബാധയായിരുന്നു അത്‌. ഇത്‌ കയ്യിലേയും കാലിലേയും കോശങ്ങൾ പ്രവർത്തനരഹിതമാകുന്നതിന്‌ കാരണമായി. മണിപ്പാലിൽ ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു ഏറെ നാൾ. എന്നാൽ ആരോഗ്യ വതിയായിട്ട്‌ തന്നെ ജീവിതത്തിലേയ്ക്ക്‌ തിരിച്ചെത്തിയെങ്കിലും വലിയ നഷ്ടത്തിലേയ്ക്കായിരുന്നു ആ തിരിച്ചുവരവെന്ന്‌ ഞെട്ടലോടെ അവൾ തിരിച്ചറിയുകയായിരുന്നു. ഭരതനാട്യ നർത്തകികൂടിയായ ശാലിനിയ്ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്‌. ബാക്ടീരിയകൾമൂലമുണ്ടായ അണുബാധയെത്തുടർന്ന്‌ അവളുടെ രണ്ട്‌ കൈയും കാലും നഷ്ടപ്പെട്ടു.
ഒരു സുപ്രഭാതത്തിൽ അവൾ സ്വയം ചോദിച്ചു താനെന്ത്‌ തെറ്റാണ്‌ ചെയ്തത്‌? സങ്കടം താങ്ങാനാകാതെ അവൾ ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഞാനെന്തിന്‌ ജീവിക്കണം? സത്യത്തിൽ ദേഷ്യമാണ്‌ എനിക്കെന്നോട്‌ തോന്നുന്നതും. കർമ്മഫലമാണോ എനിക്കിങ്ങനെ വരാനുള്ള കാരണം? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ ഒടുവിൽ ശാലിനി സ്വയം കണ്ടെത്തി. വൈകല്യങ്ങളിൽ തളരാതെയുള്ള മനസ്സാണ്‌ ജീവിതവിജയത്തിന്റെ പാതയെന്ന്‌ മനസ്സിലാക്കിയ ശാലിനി പാരാലിംബിക്സാണ്‌ ഇനി തന്റെ വഴിയെന്നും തിരിച്ചറിഞ്ഞു.
ഏത്‌ പ്രതിഭകളെയുമെന്നപോലെ ഈ സാഹചര്യം അവളെയും തളർത്തിയില്ലെന്ന്‌ വേണം പറയാൻ. ‘ബ്ലേഡ്‌ റണ്ണർ’ എന്ന രീതിയിൽ തന്റെ പ്രതിഭയെ ഉയർത്തിയതും അവളിലെ ആത്മവിശ്വാസമായിരുന്നു.
ഭർത്താവ്‌ പ്രശാന്ത്‌ ചൗദപ്പയുടെ പിന്തണയോടെ അവർ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. പാരാലിംബ്കിസിലൂടെ ലോക ജനതയുടെ മനസ്സ്‌ കീഴടക്കിയ പ്രിറ്റോറിയസ്സിന്റെ ജീവിതത്തിന്‌ സമാനമായിരുന്നു പിന്നീട്‌ ശാലിനിയുടെ ജീവിതം. ഇരുകാലുകളിലും മുട്ടിനുതാഴേയ്ക്കില്ലാത്ത പിസ്റ്റോറിയസ്‌ കാർബൺ ഫൈബറുകൾ കൊണ്ടുള്ള ബ്ലേഡുകൾ ഘടിപ്പിച്ച്‌ പാരാലിംബിക്സ്‌ മത്സരങ്ങളിൽ അവൾ താരമായി. സ്വന്തമായി പാരാലിംബിക്സ്‌ വാങ്ങാൻ പണമില്ലാതിരുന്ന അവൾ അത്‌ വായ്പയായി വാങ്ങുകയായിരുന്നു.
ബെംഗലുരുവിൽ നടന്ന ടിസിഎസ്‌ മാരത്തണ്ണിൽ 10കി മീ വിഭാഗത്തിൽ ഓടി ശ്രദ്ധ നേടിയ അവൾ ട്രാക്കിലെ താരവും കാണികൾക്ക്‌ സന്തോഷം നൽകിയ വിങ്ങലുമായി.
2020 പാരലമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ്‌ ശാലിനിയുടെ ലക്ഷ്യം.
ഒരു തീരുമാനമെടുക്കുന്നതിനും അവയെക്കുറിച്ച്‌ സ്വപ്നങ്ങൾ കാണുന്നതിനും അത്‌ ലക്ഷ്യത്തിലെത്തിച്ചേരുംവരെ പ്രയത്നിക്കുന്നതിനും കൈകാലുകൾ തടസ്സമാകില്ലെന്നുള്ള സന്ദേശമാണ്‌ ശാലിനി സമൂഹത്തോട്‌ പങ്കുവെക്കുന്നത്‌.

view more articles

About Article Author