പ്രമേഹം ഒരു അപകട സൈറൺ

പ്രമേഹം ഒരു അപകട സൈറൺ
November 15 04:45 2016

ആരാധ്യ
നൂറ്റാണ്ടുകളായി മനുഷ്യനെ വേട്ടയാടുന്ന മാരക രോഗങ്ങളാണ്‌ അർബുദം, എയ്ഡ്സ്‌, ക്ഷയം തുടങ്ങിയവ, എന്നാൽ ഈ വ്യാധികളുടെ പട്ടികയിലേക്ക്‌ ചുരുങ്ങിയ കാലത്തിനുള്ളിൽ എത്തിചേർന്ന രോഗമാണ്‌ ഷുഗർ, പഞ്ചസാര രോഗം എന്നൊക്കെ പറയപ്പെടുന്ന പ്രമേഹം. മനുഷ്യന്റെ തിരക്കുപിടിച്ച ജീവിതവും, ജീവിത ശൈലിയിൽ കടന്നുവരുന്ന മാറ്റങ്ങളുമാണ്‌ കൂടുതലും ഈ രോഗത്തിലേക്ക്‌ ഒരു വ്യക്തിയെ ക്ഷണിച്ചുവരുത്തുവാൻ ഇടയാക്കുന്നത്‌. ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപാദനക്കുറവുകൊണ്ടോ അല്ലെങ്കിൽ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ പ്രവർത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ്‌ ക്രമാതീതമായി വർധിക്കുന്നതിലൂടെയാണ്‌ പ്രമേഹമെന്ന അവസ്ഥയിലേക്ക്‌ എത്തിചേരുന്നത്‌. കുത്തിവെപ്പുകളിലൂടെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാൻ കഴിഞ്ഞ വസൂരി രോഗ വാക്സിൻ കണ്ടെത്തിയ എഡ്വേർഡ്‌ ജെന്നറിനെ പോലെയും, പോളിയോ വാക്സിൻ കണ്ടുപിടിച്ച ജോനാസ്‌ സാൽക്കിനെ പോലെ ഈ രോഗ ചികിത്സയ്ക്ക്‌ വഴിത്തിരിവായത്‌ കനേഡിയൻ ഭിഷഗ്വരനായ ഫ്രെഡറിക്‌ ബാന്റിംഗ്‌ ഇൻസുലിൻ ഹോർമോൺ കണ്ടുപിടിച്ചതോടുകൂടിയാണ്‌. ടൊറന്റോ സർവകലാശാലയിൽ വച്ച്‌ ചാൾസ്‌ ബേസ്റ്റ്‌ എന്ന ശിഷ്യന്റെ കൂടെ നടത്തിയ ഗവേഷണത്തിലാണ്‌ ബാന്റിംഗ്‌ ഇൻസുലിൻ കണ്ടുപിടിച്ചത്‌. ലക്ഷോപലക്ഷം പ്രമേഹരോഗികളെ ആരോഗ്യപരമായ ജീവിതത്തിലേക്കു കൊണ്ടുവന്ന ഇൻസുലിൻ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14, 1991 മുതൽ 160 രാജ്യങ്ങളിൽ ഇന്റർനാഷണൽ ഡയബേറ്റെസ്‌ ഫെഡറേഷന്റെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തിൽ ലോക പ്രമേഹദിനമായി ആചരിച്ചുവരുന്നു.
ഓരോ ലോക പ്രമേഹ ദിനവും പ്രമേഹാനുബന്ധമായ വിഷയങ്ങളെ പ്രതിഭലിപ്പിക്കുന്ന അടിയന്തര പ്രമേയങ്ങളെ മുൻനിർത്തിയാണ്‌ സംഘടിപ്പിക്കുന്നത്‌. ‘നേത്രങ്ങൾ പ്രമേഹരോഗികളിൽ’ എന്ന പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കി സാധാരണയായി കാണപ്പെടുന്ന ‘ഇൻസുലിൻ പ്രവർത്തനം കുറയ്ക്കൽ’ എന്നറിയപ്പെടുന്ന ടൈപ്പ്‌ 2 പ്രമേഹം ആരംഭത്തിൽ നിർണയിക്കുന്നതിന്റെ പ്രാധാന്യത്തിനും, ചികിത്സയിലൂടെ ഗുരുതരമായ സങ്കീർണതകളെ കുറയ്ക്കുവാനുമാണ്‌ ഈ വർഷത്തെ ദിനാചരണം ഊന്നൽ നൽകിയത്‌. ലോകത്തൊട്ടാകെ 35 കോടി ജനങ്ങൾക്ക്‌ പ്രമേഹമുണ്ടെന്നാണ്‌ കണക്ക്‌. കൂടാതെ ഓരോ 6 സെക്കൻഡിലും പ്രമേഹംമൂലം ഒരാൾക്ക്‌ ജീവൻ നഷ്ടപ്പെടുന്നുണ്ട്‌. 20 വർഷംകൊണ്ട്‌ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ്‌ ലോക ആരോഗ്യ സംഘടന പറയുന്നത്‌. ലോകത്ത്‌ ജനസംഖ്യകൊണ്ട്‌ രണ്ടാംസ്ഥാനത്തുള്ള രാജ്യമായ ഇന്ത്യ പ്രമേഹരോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്‌. അതിനാലാണ്‌ ലോകാരോഗ്യ സംഘടന ലോക പ്രമേഹ തലസ്ഥാനമെന്ന സ്ഥാനം നമ്മുടെ രാഷ്ട്രത്തിനു നൽകിയത്‌. 50 ദശലക്ഷത്തിലധികം ഡയബേറ്റെസ്‌ രോഗികൾ ഇന്ത്യയിൽ ഉണ്ടെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. 2030 ആകുമ്പോഴേക്കും 80 ലക്ഷം പ്രമേഹരോഗികൾ രാജ്യത്തുണ്ടാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.
പ്രമേഹത്തെ വിവിധ തലങ്ങളിലായാണ്‌ വിഭജിക്കുന്നത്‌. ശരീരത്തിൽ ഇൻസുലിൻ ഉണ്ടാക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ നശിച്ചുപോകുന്നതുകൊണ്ടാണ്‌ ടൈപ്പ്‌ 1 പ്രമേഹം ഉണ്ടാകുന്നത്‌. പ്രമേഹ രോഗത്തിന്റെ ഏറ്റവും അപകടകരമായ ഇത്തരം പ്രമേഹത്തിന്റെ ചികിത്സയ്ക്ക്‌ ഇൻസുലിൻ കുത്തിവയ്പ്‌ അത്യാവശ്യമാണ്‌. ഇവർക്ക്‌ ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെയ്പ്‌ വേണ്ടിവരും. ടൈപ്പ്‌ 2 പ്രമേഹമാണ്‌ സാധാരണയായി ആളുകളിൽ കാണുന്നത്‌. പ്രമേഹം ഉള്ളവരിൽ 90 ശതമാനം വരെ ടൈപ്പ്‌ 2 പ്രമേഹ രോഗികളാണ്‌.
ഇത്‌ സാധാരണയായി 30 വയസിന്‌ മുകളിൽ ഉള്ളവരിലാണ്‌ കാണുന്നത്‌. എന്നാൽ, ഈയിടെ ഇത്‌ കുട്ടികളിലും കണ്ടുതുടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ നല്ലവണ്ണം പ്രവർത്തിക്കാത്തതുകൊണ്ടാണ്‌ ഇതുണ്ടാകുന്നത്‌. ടൈപ്പ്‌ 2 പ്രമേഹം സാധാരണയായി പാരമ്പര്യമായി വരുന്നതാണ്‌. ടൈപ്പ്‌ ഒന്നും രണ്ടും പ്രമേഹത്തിനു പുറമേ വളരെ ചെറിയ ശതമാനം മാത്രം ഉണ്ടാകുന്ന ഡയബേറ്റെസിന്റെ ഒരു ഭാഗമാണ്‌ ടൈപ്പ്‌ 3. മറ്റു പല ഹോർമോണുകളുടെ ഉത്പാദനം കൂടിയതുകൊണ്ടോ, ദുരുപയോഗംകൊണ്ടോ ആണ്‌ ടൈപ്പ്‌ 3 പ്രമേഹം സാധാരണയായി ഉണ്ടാകുന്നത്‌. ഗർഭകാലത്ത്‌ മാത്രം കാണുന്ന ജെസ്റ്റേഷണൽ പ്രമേഹമാണ്‌ ടൈപ്പ്‌ 4 എന്നറിയപ്പെടുന്നത്‌. ഈ പ്രമേഹം പ്രസവകാലത്ത്‌ ആദ്യമായി കാണുകയും പ്രസവം കഴിഞ്ഞ്‌ ആറാഴ്ചയ്ക്ക്‌ ശേഷം പൂർണമായും മാറുകയും ചെയ്യുന്നതായിട്ടാണ്‌ കണ്ടുവരുന്നത്‌.
പ്രമേഹത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനം പ്രതിരോധവും നിയന്ത്രണവുമാണ്‌. ജീവിതശൈലീ ക്രമീകരണമാണ്‌ ഏറ്റവും പ്രധാനം. 30 വയസാകുന്നതോടെ എല്ലാവരും വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹപരിശോധന നടത്തണം. അതിമധുരമുള്ള ഭക്ഷ്യവസ്തുക്കൾ, കൊഴുപ്പ്‌ കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ്‌ ഇതിൽ പ്രധാനം. രോഗം ബാധിച്ച ശേഷം ആശുപത്രിയിലെത്തി ചികിത്സയെടുക്കാൻ കാണിക്കുന്ന നമ്മുടെ താൽപര്യം പക്ഷെ, ഒരിക്കലും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളിൽ നമ്മളിലാരും കാണിക്കാറില്ല.

  Categories:
view more articles

About Article Author