പ്രവാസികളുടെ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി: നിയമസഭാസമിതി

January 11 01:58 2017

 

കോട്ടയം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുളള പെന്‍ഷന്‍ പദ്ധതി പ്രകാരമുളള പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് പ്രവാസിക്ഷേമ കാര്യങ്ങള്‍ക്കുളള നിയമസഭാസമിതി ഇതിനകം തന്നെ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും തുക വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും സമിതി അദ്ധ്യക്ഷന്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ അറിയിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന സമിതി സിറ്റിംഗില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ക്ക് മറുപടി പറയവേയാണ് എം എല്‍ എ ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കീഴില്‍ വളരെ തുച്ഛമായ തുകമാത്രമാണ് പെന്‍ഷനായി ലഭിക്കുന്നതെന്ന് നിരവധി പേര്‍ സിറ്റിംഗില്‍ പരാതിപ്പെട്ടിരുന്നു.
യമനില്‍ തീവ്രവാദികളുടെ തടവില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ സുരക്ഷിത മോചനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും ഇതിനാവശ്യമായ നടപടി സമിതി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ഇടപെടല്‍ ഉള്‍പ്പടെ സാധ്യമായതെല്ലാം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനും അവര്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്ത് പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്നും സമിതി അദ്ധ്യക്ഷന്‍ അറിയിച്ചു. ജസ്റ്റിസ് പി ഭവദാസന്റെ നേതൃത്വത്തില്‍ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളുളള കമ്മീഷന്‍ ഉടന്‍ നിലവില്‍ വരും. വിദേശങ്ങളില്‍ തൊഴിലെടുത്ത് മടങ്ങിയെത്തിയവര്‍ക്ക് സ്വയം തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് വായ്പ ലഭ്യമാക്കുന്ന കാര്യത്തില്‍ ബാങ്കുകളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമുണ്ടാകുന്നില്ലെന്ന പരാതിക്കുമേല്‍ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടുമെന്ന് സമിതി അറിയിച്ചു. വിദേശരാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രവാസി സൗഹാര്‍ദ്ദപരമാകണമെന്ന നിര്‍ദ്ദേശവും സമിതി സര്‍ക്കാരിനു നല്‍കും. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി പ്രത്യേക നിയമ സഹായ സെല്‍ തുറക്കണമെന്നു നിര്‍ദ്ദേശവും പരിഗണിക്കും.
സിറ്റിംഗില്‍ ലഭിച്ച പരാതികള്‍ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുന്നതിനുളള നടപടികളുണ്ടാകണമെന്നും സമിതി അദ്ധ്യക്ഷന്‍ അറിയിച്ചു. സമിതി അംഗങ്ങളായ അന്‍വര്‍ സാദത്ത്, എം. രാജഗോപാലന്‍, ആന്റണി ജോണ്‍ എന്നീ എം.എല്‍.എമാരും ജില്ലാ കളക്ടര്‍ സി. എ. ലതയും പങ്കെടുത്തു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും വ്യക്തികളും സമിതി മുമ്പാകെ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.

  Categories:
view more articles

About Article Author