പ്രൊട്ടക്ഷൻ സമ്പ്രദായം അനീതി

January 09 05:00 2017

എയ്ഡഡ്‌ സ്കൂളിൽ പഠിക്കാൻ ചേർന്നതോ കള്ളക്കണക്കിലൂടെ കാണിക്കുന്നതോ ആയ കുട്ടികളുടെ എണ്ണമനുസരിച്ചാണ്‌ തസ്തിക കണക്കാക്കി നിയമനം അംഗീകരിക്കുന്നതും സർക്കാർ ശമ്പളം നൽകുന്നതും. കുട്ടികൾ കുറഞ്ഞാൽ തസ്തിക ഇല്ലാതാകുന്നു. ആ തസ്തികയിൽ ആളെയും ആവശ്യമില്ലാതാകുന്നു. ശമ്പളം നൽകേണ്ടതുമില്ല. മാനേജർ നിയമിച്ച ശേഷം ഇല്ലാതാകുന്ന തസ്തികകളിൽ തുടരുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണ്‌ സർക്കാരിനുണ്ടാവുക? ജോലിയും ശമ്പളവും നിലനിർത്തേണ്ട ഉത്തരവാദിത്തം അവരുടേത്‌ മാത്രമാണ്‌. നമ്മൾ ഒരാളെ ജോലിക്കു വച്ചാൽ, ആ ജോലി തീർന്നശേഷവും അയാൾക്കു കൂലി നൽകിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യമെന്താണ്‌?
ഇല്ലാത്ത തസ്തികയിൽ അനർഹമായി ഇരിക്കുന്നവർക്ക്‌ ശമ്പളമായി കോടിക്കണക്കിനു രൂപ കൊടുത്തു ഖജനാവ്‌ മുടിക്കുന്നത്‌ നിയമവിരുദ്ധവും രാജ്യദ്രോഹവുമാണ്‌. അവരെ സർക്കാർ സ്കൂളിൽ എടുക്കുന്നത്‌, സർക്കാരിന്റെ നിയമനവ്യവസ്ഥകളെ അവഹേളിക്കലാണ്‌.
കുട്ടികളില്ലാത്ത എയ്ഡഡ്‌ സ്കൂളുകൾ പൂട്ടുക തന്നെ വേണം. ഭൂമിയും കെട്ടിടങ്ങളുമെല്ലാം തറവില മാത്രം നൽകി സർക്കാർ ഏറ്റെടുക്കണം. ജീവനക്കാർക്ക്‌ മറ്റു തൊഴിൽ മേഖലകൾ മാനേജർ കണ്ടെത്തട്ടെ.
സ്വകാര്യ മുതലാളിമാരെ നിയന്ത്രിക്കാനായി കൊണ്ടുവന്ന വിദ്യാഭ്യാസനിയമം ഇപ്പോൾ അവർക്ക്‌ രാജയോഗം ആയിരിക്കുകയാണ്‌. മുണ്ടശേരിക്കു വളരെ ശേഷം 1972 ൽ 25വർഷത്തേക്കു കൂടി സ്വകാര്യ സ്കൂളുകൾക്കു സഹായം നൽകാൻ ഉണ്ടാക്കിയ ധാരണ 1997 ജൂലൈ 15ന്‌ അവസാനിച്ചതാണ്‌. എന്നാൽ ഇന്നും അതു നിയമവിരുദ്ധമായി നിർബാധം തുടരുന്നു.
ഒന്നാം ക്ലാസ്‌ മുതൽ കോളജ്‌ തലം വരെ 1,24,478 അധ്യാപകരും 15189 അനധ്യാപകരും ഉൾപെടെ 1,39,667 പേരാണ്‌ എയ്ഡഡ്‌ മേഖലയിൽ ഉള്ളത്‌. അതിലുമേറെ പെൻഷൻകാരും. താരതമ്യേന കുറ!ഞ്ഞ പ്രായത്തിൽ വൻതുക കോഴ നൽകി ജോലിക്കു കയറുന്നതിനാൽ സർക്കാരിലുള്ളവരേക്കാൾ ശമ്പളവും പെൻഷനും എയ്ഡഡ്‌ ജീവനക്കാർക്കാണ്‌. കേരളത്തിന്റെ ശമ്പളം പെൻഷൻ ചെലവിന്റെ പകുതിയോളം തുക, കാലഹരണപ്പെട്ട കരാറിന്റെ പേരിൽ എയ്ഡഡിനു വേണ്ടിയാണ്‌.
ഈ രീതിയിൽ സഹായം നൽകി ഖജനാവു മുടിക്കുന്ന സാഹചര്യം അവസാനിപ്പിക്കണം.
സർക്കാരിന്റെ ചുമതലയിൽ, പിഎസ്സി വഴി, സംവരണ ചട്ടങ്ങൾ പാലിച്ച്‌ നിയമനങ്ങൾ നടത്താമെങ്കിൽ മാത്രം സർക്കാർ നിരക്കിൽ ശമ്പളവും ഗ്രാറ്റുവിറ്റിയും പെൻഷനുമൊക്കെ നൽകിയാൽ മതിയാകും.

ജോഷി ബി ജോൺ മണപ്പള്ളി, കൊല്ലം.

view more articles

About Article Author