പ്രൊഫസർ ഡിങ്കൻ, മനുഷ്യ ശബ്ദം ഇല്ലാത്ത സിനിമ ദി ഡെഫ്‌

പ്രൊഫസർ ഡിങ്കൻ, മനുഷ്യ ശബ്ദം ഇല്ലാത്ത സിനിമ ദി ഡെഫ്‌
May 07 04:45 2017

ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത്‌ ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ്‌ പ്രൊഫസർ ഡിങ്കനായി എത്തുന്ന ത്രിഡി ചിത്രം ഛായാഗ്രഹണം നിർവഹിച്ച്‌ സംവിധാനം ചെയ്യുന്നത്‌ രാമചന്ദ്രബാബുവാണ്‌. പ്രശസ്ത കാമറമാനായിരുന്ന രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രത്തിൽ നയികയാകുന്നത്‌ നമിത പ്രമോദാണ്‌.
കൈലാഷ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, കൊച്ചുപ്രേമൻ, റാഫി തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നിശ്ചല ഛായാഗ്രഹണവും ത്രിഡിയിൽ ചിത്രീകരിക്കുന്ന സിനിമകൂടിയാണ്‌ പ്രൊഫസർ ഡിങ്കൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണൻറെ നേതൃത്വത്തിൽ പത്തോളം പേർ അതിനായി ഈ സിനിമയിലുണ്ട്‌. തിരുവനന്തപുരത്ത്‌ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെസ്വിച്ച്‌ ഓൺ കർമ്മം ലോക്നാഥ്‌ ബഹ്‌റ ഡിജിപി നിർവഹിച്ചു.
ന്യു ടിവിയുടെ ബാനറിൽ സനൽതോട്ടം നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ സ്റ്റീരിയോഗ്രാഫർ കെ.പി നമ്പ്യാതിരിയാണ്‌. മലയാളത്തിലാദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻറെയും കാമറയും മറ്റും കൈകാര്യം ചെയ്തത്‌ കെ.പി നൻപ്യാതിരിയാണ്‌. റാഫിയാണ്‌ ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌. ഹരിനാരായണന്റെ വരികൾക്കു ഗോപി സുന്ദർ ഈണം പകരുന്നു.


മനുഷ്യ ശബ്ദം ഇല്ലാത്ത സിനിമ ദി ഡെഫ്‌
മനുഷ്യ ശബ്ദം ഇല്ലാത്ത ഒരു സിനിമ അണിയറയിൽ അണിഞ്ഞൊരുങ്ങുന്നു. റീൽ എയ്റ്റ്‌ കമ്പയിൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ദി ഡെഫ്‌ എന്ന ചിത്രമാണ്‌ മനുഷ്യ ശബ്ദമില്ലാതെ നിർമ്മിക്കുന്നത്‌. ആലപ്പുഴ സ്വദേശിയായ എം.ടി. റിയാസ്‌ ആണ്‌ രചനയും, സംവിധാനവും നിർവഹിക്കുന്നത്‌. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ്‌ ഇത്തരമൊരു ചിത്രം.
ഊമയും ബധിരനുമായ ഒരു ചിത്രകാരനെ കേന്ദ്രകഥാപാത്രമാക്കിയാണ്‌ ഈ ത്രില്ലർ ചിത്രം ചിത്രീകരിക്കുന്നത്‌. എല്ലാ ഭാഷകളിലും ലോകത്തെവിടെയും പ്രദർശിപ്പിക്കാവുന്ന രീതിയിലാണ്‌ ചിത്രീകരണം. മലയാളത്തിന്‌ പുറമെ തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലും ചിത്രം റിലീസ്‌ ചെയ്യുന്നുണ്ട്‌.
ഈ ഭാഷകളിലെ ടൈറ്റിൽ ഡിസൈനിംഗ്‌ ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പശ്ചാത്തല സംഗീതം ഉണ്ടെങ്കിലും ഒരു സംഭാഷണങ്ങളും ഇല്ലാതെയാണ്‌ സിനിമ നിർമ്മിക്കുന്നത്‌. മെയ്‌ ആദ്യം ആലപ്പുഴയിലും പരിസരങ്ങളിലും ചിത്രീകരണം തുടങ്ങും.
ഛായാഗ്രഹണം- അജയ്‌ പി. പോൾ, എഡിറ്റർ – ജിതിൻ മനോഹർ, പി.ആർ. ഒ – അയ്മനം സാജൻ, പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

  Categories:
view more articles

About Article Author