പ്രോജ്ജ്വല സ്മരണ

പ്രോജ്ജ്വല സ്മരണ
April 30 04:45 2017

മെയ്‌ ഒന്ന്‌ കലണ്ടറിൽ രക്ത ലിപിയാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ധീരോദാത്തമായ ഒരു പോരാട്ടവീര്യം ഈ ദിനത്തിൽ ഉറച്ചു കിടക്കുന്നു.

ഇ രാജൻ
ലോക തൊഴിലാളി വർഗ്ഗത്തിന്റെ ആവേശോജ്ജ്വല സമര ഏടാണ്‌ മെയ്‌ ദിനത്തിന്റേത്‌. ചരിത്രചിന്തയിൽ ഈ ദിവസം അടയാളപ്പെടുന്നതിന്‌ സമാനമായി മറ്റൊന്നില്ല. ധീരോദാത്തമായ ഒരു പോരാട്ടവീര്യം ഈ ദിനത്തിൽ ഉറച്ചു കിടക്കുന്നു. കലണ്ടറിൽ മെയ്‌ ഒന്ന്‌ രക്ത ലിപിയാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.ഇന്ത്യയിൽ തൊഴിലാളി മുന്നേറ്റ കഥയിൽ പ്രധാന പങ്ക്‌ വഹിച്ച മലയാള നാട്ടിൽ നടന്ന ആദ്യ മെയ്ദിനാചരണത്തിനും ചരിത്രത്തിൽ ഏറെ പ്രസക്തിയുണ്ട്‌.

ലേബേഴ്സ്‌ ബ്രദർഹുഡ്‌
കേരളത്തിലെ ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിൽ സുവർണലിപികളാൽ എഴുതിചേർക്കേണ്ട അധ്യായമാണ്‌ 1935 ൽ തൃശൂരിൽ ജന്മംകൊണ്ട ലേബേഴ്സ്‌ ബ്രദർഹുഡ്‌ അചിരേണ കമ്യൂണിസ്റ്റ്‌ ആശയഗതി ഉൾക്കൊണ്ട രാഷ്ട്രീയ സംഘടനയാവുകയും തൃശൂരിലെ എല്ലാ തൊഴിലാളി സംഘടനയുടെയും മാതൃസംഘടനയായി മാറുകയും ചെയ്തു.
ഒരു സാധാരണ സംഗതി ആയിട്ടാണത്‌ തുടങ്ങിയതെങ്കിലും തൃശൂരും കൊച്ചി രാജ്യത്തും തൊഴിലാളി സംഘടനാ ചരിത്രത്തിൽ അത്‌ വലിയൊരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ലേബേഴ്സ്‌ ബ്രദർഹുഡ്‌ ജന്മമെടുത്തതിനെപ്പറ്റി അതിന്റെ സ്രഷ്ടാക്കളിൽ ഒരാളായ കെ കെ വാര്യർ എഴുതുന്നു:
‘1935 ൽ തൃശൂരിലെ ക്രസ്ത്യാനികൾ തിങ്ങി പാർക്കുന്ന പറപ്പുള്ളി അങ്ങാടിയിൽ കരിയപ്പൻ എന്നൊരു ചുമട്ടുകാരൻ മരിക്കാനിടയായി. അന്ന്‌ എളിയ രീതിയിലുള്ള ശവമെടുപ്പിനു പോലും കുറച്ചധികം പണചിലവുണ്ട്‌. ആ പാവപ്പെട്ടവന്റെ കുടുംബക്കാർക്ക്‌ അതിനൊന്നും വകയില്ല. അതുകൊണ്ട്‌ അയൽപക്കത്തുള്ള മറ്റു പാവപ്പെട്ടവർ ചേർന്ന്‌ പണം പിരിച്ച്‌ ശവമെടുപ്പ്‌ നടത്തി. ആ സംഭവത്തോടെ അതിൽ പങ്കെടുത്ത ചെറുപ്പക്കാർക്ക്‌ മേലിൽ ഇത്തരം സംഭവങ്ങൾ നേരിടുമെന്ന്‌ ഒരു തോന്നലുണ്ടായി. അവയെ നേരിടാൻ ഒരു ഫണ്ട്‌ ഉണ്ടാക്കണമെന്നും ഫണ്ട്‌ ഉണ്ടാക്കാൻ പറ്റിയ മാർഗം ചിട്ടിയാണെന്നും തീരുമാനിച്ചു. ചിട്ടി സംഘം ഉണ്ടാക്കുന്ന കാര്യം അവരുടെ അധ്യാപകനുമായി ആലോചിച്ചു. അദ്ദേഹം പരിചയപ്പെടുത്തിയതനുസരിച്ചാണ്‌ ഈ ലേഖകൻ (കെ കെ വാര്യർ) ആ ചെറുപ്പക്കാരുമായി ബന്ധപ്പെട്ടത്‌. പല പല ചർച്ചകളും നടത്തിയ ശേഷം ഞങ്ങൾ ഒരു തൊഴിലാളി സഹോദരസംഘം ഉണ്ടാക്കാൻ നിശ്ചയിച്ചു. ഉദ്ദേശം 200 ലധികം തൊഴിലാളികളെ സംഘത്തിൽ ഞങ്ങൾ അന്ന്‌ ചേർക്കുകയുണ്ടായി.
സഖാക്കൾ എം എ കാക്കു, പി എം തോമസ്‌, കടവി വറീത്‌, ടി വി ആൻഡ്രൂസ്‌, കെ പി പോൾ, ടി എ വർക്കി, മാണ്ടന്റെ കൊച്ച്‌, വടക്കന്റെ പോൾ, പുതുക്കാടൻ പെയിലോത്‌, കെ ജെ ഫ്രാൻസീസ്‌, പനക്കലാൻ വറീത്‌, എം പി ഭട്ടതിരിപ്പാട്‌, കെ കെ മാസ്റ്റർ, കെ എം ജോസഫ്‌ എന്നിവരായിരുന്നു പ്രധാന പ്രവർത്തകർ. ലേബേഴ്സ്‌ ബ്രദർഹുഡ്‌ എന്ന പേരിൽ ഉടലെടുത്ത ആ സംഘത്തിൽ എല്ലാ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും അംഗങ്ങളായിരുന്നു. എന്നാൽ അതൊരു ട്രേഡ്‌ യൂണിയനേക്കാളും അധികം ഒരു രാഷ്ട്രീയ സംഘടനയായി വളരാനാണ്‌ ഇടയായത്‌.’
ലേബേഴ്സ്‌ ബ്രദർഹുഡ്‌ സ്ഥാപിതമായതോടെ തൃശൂരിലെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ലേബേഴ്സ്‌ ബ്രദർഹുഡിലെ പ്രവർത്തകരാണ്‌ അവരോടൊപ്പം മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ പ്രേരിപ്പിച്ച്‌ സംഘടനയുണ്ടാക്കുവാൻ മുന്നിട്ടിറങ്ങിയത്‌. തൃശൂർ നിവാസികൾ കീരൻ എന്ന വിളിക്കുന്ന കീരൻകുളങ്ങര വാരിയത്തെ കെ കെ വാരിയരാണ്‌ ലേബേഴ്സ്‌ ബ്രദർഹുഡിന്റെ വളർച്ചയ്ക്കും രാഷ്ട്രീയ അവബോധം തൊഴിലാളികൾക്ക്‌ പകർന്നുനൽകുന്നതിനും നേതൃത്വം വഹിച്ചത്‌. തൃശൂർ നഗരത്തിൽ ധാരാളമുണ്ടായിരുന്ന റിക്ഷാവണ്ടി തൊഴിലാളികൾ ഒന്നടങ്കം ലേബേഴ്സ്‌ ബ്രദർഹുഡിൽ അംഗങ്ങളായി ചേർന്നു.
കൊച്ചിരാജ്യത്തെ പ്രധാന കച്ചവടകേന്ദ്രമായിരുന്നു തൃശൂരിൽ സ്ഥാപിതമായ അങ്ങാടികൾ. തൃശൂരിൽ ശക്തൻതമ്പുരാന്റെ കാലത്തുതന്നെ കച്ചവടത്തിനായി കൊണ്ടുവന്നു പാർപ്പിച്ച ക്രിസ്ത്യാനികുടുംബങ്ങളും അവർ സ്ഥാപിച്ച വാണിജ്യ കേന്ദ്രങ്ങളുമായിരുന്നു അക്കാലത്ത്‌ തൃശൂരിലുണ്ടായിരുന്നത്‌. ഇന്നും തൃശൂരിലെ വാണിജ്യ വ്യവസായത്തിന്റെ നിയന്ത്രണം ക്രിസ്ത്യാനികൾക്കാണെന്നത്‌ സത്യമാണ്‌. അവരുടെ രക്തത്തിൽ കലർന്നതാണ്‌ കച്ചവടപാരമ്പര്യം എന്ന്‌ അവകാശപ്പെടുമ്പോൾതന്നെ മറ്റൊരു സാമൂഹ്യയാഥാർഥ്യവും മനസിലാക്കേണ്ടതുണ്ട്‌. കേരളത്തിൽ അയിത്താചാരണം ശക്തമായതുകൊണ്ട്‌ അവർണരുടെ സമ്പർക്കവും സാമീപ്യവും സവർണർക്ക്‌ വിലക്കപ്പെട്ടതായിരുന്നു. അക്കാലത്ത്‌ ഈഴവനോ പുലയനോ ഒരു കച്ചവടസ്ഥാപനം തുടങ്ങിയാൽതന്നെ സമ്പത്ത്‌ കയ്യാളിയിരുന്ന ഒരു സവർണനും ആ കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങിയിരുന്നില്ല. നമ്പൂതിരിമാർ ഒരു തൊഴിലും ചെയ്യാതെ വേദപഠനം മാത്രം ജീവിതചര്യയായി തുടർന്നു. സൈനിക ശക്തിയും സമ്പത്തുമുള്ള നായന്മാരാണ്‌ ക്ഷത്രിയകുലത്തിലേക്ക്‌ ഉയർത്തപ്പെട്ടത്‌. നായന്മാർ പടയാളികളുടെ വേഷം കെട്ടി നടക്കുക മാത്രമെ ചെയ്തിരുന്നുള്ളു. ജാതി തിരിച്ച്‌ അടികണക്കിന്‌ അവർണരെ മാറ്റനിർത്തിയിരുന്ന ഒരു സാമൂഹ്യ ജീവിതമായിരുന്നല്ലോ ഇവിടെ ഉണ്ടായിരുന്നത്‌. എന്നാൽ ക്രിസ്ത്യാനികൾക്കും മുഹമ്മദീയർക്കും മറുനാട്ടിൽനിന്നുവന്ന ചെട്ടിയാന്മാർക്കും അയിത്തം ബാധകമായിരുന്നില്ല. അതുകൊണ്ടാണ്‌ കേരളത്തിൽ വൈശ്യർ ഇല്ലാതാവാൻ കാരണം. വൈശ്യരുടെ കച്ചവടം തൊഴിലായി സ്വീകരിച്ച്‌ കേരളത്തിൽ ഉയർന്നുവന്നത്‌ ക്രിസ്ത്യാനികളും മുഹമ്മദീയരും ജൂതന്മാരും പരദേശി ചെട്ടിയാർമാരുമായിരുന്നു എന്ന ചരിത്ര യാഥാർഥ്യവും ഇതൊന്നിച്ചു കൂട്ടിവായിക്കേണ്ടതാണ്‌.
തൃശൂർ നഗരം ആദികാലം മുതൽ കച്ചവടകേന്ദ്രങ്ങളാൽ സമൃദ്ധമായിരുന്നു. തൃശൂരിൽ അക്കാലത്ത്‌ തന്നെ കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച അങ്ങാടികൾ ഉണ്ടായിരുന്നു. അരിയങ്ങാടി, നായരങ്ങാടി എരിഞ്ഞേരി അങ്ങാടി, കിഴക്കേ അങ്ങാടി, അഞ്ചങ്ങാടി തുടങ്ങിയ തെരുവുകൾ പ്രധാനപ്പെട്ട കച്ചവടകേന്ദ്രങ്ങളായിരുന്നു. കടകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സ്ഥിതി അതിദയനീയമായിരുന്നു. അക്കാലങ്ങളിൽ രാത്രി 10 മണി വരെ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. ഞായറാഴ്ചകളിൽ ഒഴികെ ബാക്കി ദിവസങ്ങളിലെല്ലാം കാലത്ത്‌ 8 മണി മുതൽ രാത്രി 10 മണിവരെ ജോലി ചെയ്ത്‌ പട്ടണപ്രാന്തങ്ങളിലുള്ള വീടുകളിലേക്ക്‌ നടന്നുപോകുന്ന പാവം തൊഴിലാളികളായിരുന്നു അവർ. രാത്രി 10 മണി കഴിഞ്ഞ്‌ വീട്ടിലെത്താൻ പാടുപെടുന്ന പീടിക തൊഴിലാളികളെ സംഘടിപ്പിക്കുന്നത്‌ അതിസാഹസമായിരുന്നു. പക്ഷെ ലേബേഴ്സ്‌ ബ്രദർഹുഡിലെ പല അംഗങ്ങളും പീടിക തൊഴിലാളികളായതിനാൽ അവരുടെ ശ്രമഫലമായി ഈ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച്‌ നല്ലൊരു യൂണിയൻ ഉണ്ടാക്കാൻ കഴിഞ്ഞു. അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടി പോരാടാൻ പഠിപ്പിക്കുന്നതോടൊപ്പം അവരെ രാഷ്ട്രീയമായി ഉൽബുദ്ധരാക്കാനും കെ കെ വാര്യർ ശ്രദ്ധിച്ചിരുന്നു.
വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ ലേബേഴ്സ്‌ ബ്രദർഹുഡ്‌ തീരുമാനിച്ചതോടെ വളർന്നു വരുന്ന ചെറുകിട വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിങ്‌ തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, ജനറൽ വർക്കേഴ്സ്‌, മുൻസിപ്പൽ തൊഴിലാളി യൂണിയൻ, റൈസ്‌ ആൻഡ്‌ ഓയിൽ മിൽ യൂണിയൻ എന്നീ മേഖലകളിലെ തൊഴിലാളികളും സംഘടിതരായി. വ്യത്യസ്ത തൊഴിൽ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്‌ ലേബേഴ്സ്‌ ബ്രദർഹുഡ്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചു. ഏതു മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികൾ ഒന്നാണെന്നും സാമ്പത്തിക പ്രശ്നങ്ങളെപോലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സക്രിയമായി ഇടപെടേണ്ടത്‌ അനിവാര്യമാണെന്നും ലേബേഴ്സ്‌ ബ്രദർഹുഡ്‌ അവരെ പഠിപ്പിച്ചു. മലബാറിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപംകൊണ്ടതോടെ ലേബേഴ്സ്‌ ബ്രദർഹുഡിലെ പ്രധാന പ്രവർത്തകരെല്ലാം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ അംഗങ്ങളായി. പ്രഭാതം പത്രം ഇറങ്ങുന്നതിനു മുമ്പ്‌ പ്രസിദ്ധീകൃതമായ ‘കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌,’ കമ്മ്യൂണിസ്റ്റ്‌ വാരികയായി പുറത്തിറങ്ങിയിരുന്ന ‘നാഷണൽ ഫ്രണ്ട്‌’ എന്നീ പ്രസിദ്ധീകരണങ്ങൾ വരുത്തുകയും അതിലെ ലേഖനങ്ങൾ വായിച്ചു പഠിക്കുകയും ചെയ്യുന്നത്‌ തൊഴിലാളികൾക്കിടയിൽ പതിവാക്കി. തൊഴിലാളികൾക്കിടയിൽ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നത്‌ സുപ്രധാനമായ കാര്യമാണെന്ന്‌ കീരന്‌ അറിയാമായിരുന്നു. ലേബേഴ്സ്‌ ബ്രദർഹുഡ്‌ സംഘടിപ്പിച്ച പാർട്ടി ക്ലാസുകളിൽ കെ കെ വാര്യർക്ക്‌ പുറമേ എം എസ്‌ ദേവദാസ്‌, സി ഉണ്ണിരാജ, കെ ദാമോദരൻ എന്നിവരും പഠിപ്പിക്കാൻ എത്തിയിരുന്നു. അതിനാൽ ലേബേഴ്സ്‌ ബ്രദർഹുഡ്‌ ആരംഭത്തിൽതന്നെ തൊഴിലാളി വർഗവീക്ഷണത്തോടും മാർക്ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തോടും ചായ്‌വ്‌ പ്രകടമാക്കി പ്രവർത്തിക്കുന്ന സംഘടനയായി മാറി.
ലേബേഴ്സ്‌ ബ്രദർഹുഡ്‌ പ്രവർത്തകർ കൊച്ചി രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ക്രമേണ പങ്കെടുക്കാൻ തുടങ്ങി. 1938 ൽ കൊച്ചി നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കൊച്ചിൻ കോൺഗ്രസിന്‌ ഭൂരിപക്ഷം കിട്ടുകയും അമ്പാട്ട്‌ ശിവരാമ മേനോൻ ആദ്യത്തെ ജനകീയ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലേബേഴ്സ്‌ ബ്രദർഹുഡിലെ അംഗങ്ങൾ കൊച്ചിൻ കോൺഗ്രസിലെ സജീവപ്രവർത്തകരായിരുന്നു. തിരുവിതാംകൂറിൽ 1938 ൽ ഉത്തരവാദ പ്രക്ഷോഭം ആരംഭിച്ചപ്പോൾ കേരളത്തിൽ അപ്പോഴേക്കും സജീവ പ്രവർത്തനം ആരംഭിച്ച കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ആ സമരത്തിന്‌ എല്ലാവിധ പിന്തുണയും നൽകി. എകെജിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്ക്‌ മാർച്ച്‌ ചെയ്ത ജാഥാംഗങ്ങൾക്ക്‌ പണം പിരിക്കുക, വളണ്ടിയർമാരായി ചേരുക, സ്വീകരണം സംഘടിപ്പിക്കുക എന്നീ കാര്യങ്ങളെല്ലാം നടത്തുന്നതിൽ ലേബേഴ്സ്‌ ബ്രദർഹുഡ്‌ പ്രവർത്തകർ മുൻപന്തിയിൽ ഉണ്ടായിരുന്നു. തൃശൂരിൽ നിന്ന്‌ ചില നേതാക്കൾ ആ ജാഥയിൽ ചേർന്ന്‌ തിരുവിതാംകൂറിലേക്ക്‌ പോവുകയുണ്ടായി. ലേബേഴ്സ്‌ ബ്രദർഹുഡ്‌ സ്തുത്യർഹമായ രീതിയിൽ തൊഴിലാളി സംഘടനാരംഗത്ത്‌ പ്രവർത്തിച്ച്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത്‌ എങ്ങനെയെന്ന്‌ കെ കെ വാര്യർ തന്നെ എഴുതുന്നു.
‘1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുമ്പോഴെക്കും സുശക്തമായ ഒരു സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം ലേബേഴ്സ്‌ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ സുപ്രതിഷ്ഠമായി തീർന്നിരുന്നു. 1939 ൽ തന്നെ ലേബേഴ്സ്ബ്രദർഹുഡിന്റെ നേതൃത്വം ഒന്നടങ്കം ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേരുകയും ഈ രാജ്യത്തിന്റെ പൊതു ജീവിതത്തിൽ മായാത്ത മുദ്രകൾ പതിപ്പിക്കുകയും ചെയ്തു.’
തൃശൂരിലെ തൊഴിലാളികൾ വിശ്രമിക്കുന്നതിനും തൊഴിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒത്തുകൂടാറുള്ള കേന്ദ്രമാണ്‌ അഞ്ചുവിളക്ക്‌. തൃശൂർ നഗരത്തിലെ കച്ചവടസ്ഥാപനങ്ങളുടെ സിരാകേന്ദ്രമാണത്‌. തൃശൂർ ഹൈറോഡിൽ നിന്നും തെക്കോട്ടുപോകുമ്പോൾ ആദ്യത്തെ ജങ്ങ്ഷനിലാണ്‌ അഞ്ചുവിളക്ക്‌. നാലു കവലകൾ സന്ധിക്കുന്ന ഈ കൂട്ടുപാതയിൽ പണ്ട്‌ അഞ്ച്‌ മണ്ണെണ്ണ വിളക്കുകൾ ഒന്നിച്ച്‌ ഒരു തൂണിന്മേൽ സ്ഥാപിച്ചിരുന്നു. അതിൽനിന്നാണ്‌ ആ സ്ഥലത്തിന്‌ അഞ്ചുവിളക്ക്‌ എന്ന പേർ ലഭിച്ചത്‌ ഈ വിളക്കിനേയും അതിന്റെ ചുറ്റും അന്നു വളർന്നു വന്ന പ്രത്യേക സംസ്കാരത്തേയും പ്രതീകമാക്കി ലോകകാര്യങ്ങളിൽ കണ്ണും കയ്യും നേടുന്നതിന്‌ കീരൻ സൃഷ്ടിച്ച ശൈലിയാണ്‌ അഞ്ചുവിളക്ക്‌ കോളജിൽ ഡിഗ്രിയെടുക്കുകയെന്നത്‌. അഞ്ചുവിളക്ക്‌ കവലയോട്‌ ചേർന്ന്‌ പ്രാക്ടീസ്‌ ചെയ്തിരുന്ന പട്ടാളം പാത്തിക്കിരി എന്നു വിളിച്ചിരുന്ന ഡോക്ടർ ഫ്രാൻസിസ്‌, വളരെ വൈകിപ്പോലും തന്റെ രോഗികളെ കാത്തിരുന്ന്‌ ചികിത്സിച്ചിരുന്ന കാരുണ്യവാനായിരുന്നു. രാവേറെ വൈകിയാലും രോഗികൾക്കായി അദ്ദേഹത്തിന്റെ ക്ലീനിക്‌ തുറന്നുവെക്കാറുണ്ടായിരുന്നു. രാത്രിയിൽ വരുന്ന രോഗികൾക്കായി ആ പാത്തിക്കിരി കൊളുത്തിവെച്ചതാണ്‌ അഞ്ചുവിളക്കുകൾ. അതാണ്‌ നഗരത്തിന്റെ ശ്വാസകോശമായ അഞ്ചുവിളക്ക്‌. തൃശൂർ നഗരം തിരക്കേറിയതാവുന്നതിനുമുമ്പ്‌ എല്ലാ തൊഴിലാളി പ്രകടനങ്ങളും ആരംഭിക്കുന്നത്‌ അഞ്ചുവിളക്കിൽനിന്നാണ്‌. തൊഴിലാളി യോഗങ്ങളുടെ സ്ഥിരം വേദി വടക്കുനാഥൻ ക്ഷേത്രമതിലിന്റെ തെക്കുകിഴക്കെ ഭാഗത്തുള്ള ലേബർ കോർണറായിരുന്നു. തൃശൂർ നഗരത്തിലെ അസംഖ്യം തൊഴിലാളി പൊതുയോഗങ്ങൾക്ക്്‌ സാക്ഷ്യം വഹിച്ചിട്ടുള്ള ചരിത്രപ്രധാനമായ സ്ഥലമാണ്‌ ലേബർ കോർണർ. ഇന്നത്‌ എല്ലാവരാലും അവഗണിക്കപ്പെട്ട്‌ ഗതകാലസ്മൃതികളുമായി കിടക്കുന്ന, തൃശൂർ തേക്കിൻകാട്‌ മൈതാനിയിലെ ഒഴിഞ്ഞ ഇടമായിരിക്കുന്നു ലേബർ കോർണർ.

tho

കേരളത്തിലെ ആദ്യമെയ്ദിനറാലി
കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരിക്കുന്നതിനു മുമ്പ്‌ കേരളത്തിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുമായി ബന്ധപ്പെട്ടാണ്‌ ലേബേഴ്സ്‌ ബ്രദർഹുഡ്‌ പ്രവർത്തിച്ചിരുന്നത്‌. വർഗബോധമുള്ള ബ്രദർഹുഡ്‌ പ്രവർത്തകർ ആദ്യമായി മെയ്ദിനറാലി നടത്തണമെന്നാലോചിച്ചു. കേരളത്തിൽ അതിനുമുമ്പ്‌ അപ്രകാരം ഒരു സംഭവം നടന്ന അനുഭവമില്ല. എങ്കിലും ബ്രദർഹുഡ്‌ സ്ഥാപിതമായതിന്റെ പിറ്റേവർഷം 1936 മെയ്‌ ഒന്നിന്‌ മെയ്ദിനറാലി നടത്താൻ തീരുമാനമായി. കേരളത്തിൽ ആദ്യമായി നടന്ന മെയ്ദിനറാലിയെക്കുറിച്ച്‌ അത്‌ സംഘടിപ്പിച്ച കെ കെ വാരിയർ എഴുതി:
1936 ലെ മെയ്ദിനം ഞങ്ങൾ ഉഷാറായി ആഘോഷിച്ചു. അന്നു സംഘടനയുടെ പേർ ‘തൃശൂർ ലേബേഴ്സ്‌ ബ്രദർഹുഡ്‌’ എന്നായിരുന്നു. ഉദ്ദേശം മുന്നൂറോളം മെമ്പർമാർ സംഘടനയിലുണ്ടായിരുന്നു. മെയ്ദിനം കനപ്പടിയായി ആഘോഷിക്കാൻ പ്രവർത്തക കമ്മിറ്റി മുൻകൂട്ടി തീരുമാനമെടുത്തു.
മെയ്‌ ഒന്നാം തീയതി നേരം വെളുത്തു. വെളുക്കും മുമ്പ്‌ തന്നെ ഞങ്ങൾ ആറേഴുപേർ ബ്രദർഹുഡ്‌ ആപ്പീസിലെത്തിയിരുന്നു. നേരം വെളുത്തപ്പോഴേക്കും ഉദ്ദേശം അമ്പതുപേർ ആപ്പീസിലെത്തി. എന്നാൽ വന്നവർ വന്നവർ എത്തിച്ചു നോക്കി ‘ഇതാ വന്നു’ എന്നു പറഞ്ഞു തിരികെ പോവുകയാണുണ്ടായത്‌. പിന്നീടവർ വന്നതുമില്ല. അവശേഷിച്ചത്‌ വെളുക്കും മുമ്പ്‌ വന്നവർ മാത്രം. അതായത്‌ ഏഴുപേർ. മൂന്നുപേരടങ്ങുന്ന ബാന്റ്‌ വാദ്യം ഞങ്ങൾ ഏർപ്പാടു ചെയ്തിരുന്നു. മൂന്നു രൂപയാണ്‌ ചാർജ്ജ്‌. എം എ കാക്കുവിന്‌ അവരെ പരിചയമുള്ളതുകൊണ്ട്‌ തൽക്കാലം കടം പറഞ്ഞൊപ്പിക്കാമെന്നായിരുന്നു തീരുമാനം. മണി ആറ്‌, ഏഴ്‌, എട്ട്‌ ഒരൊറ്റയാൾ കൂടുതലില്ല. കിഴക്കെ അങ്ങാടിയും എരിഞ്ഞേരി അങ്ങാടിയും സന്ധിക്കുന്നിടത്താണ്‌ അന്ന്‌ ബ്രദർഹുഡ്‌ ആഫീസ്‌. അവിടുന്നാണ്‌ ഘോഷയ്ത്ര പുറപ്പെടേണ്ടത്‌.
ആകെ ഏഴു ബ്രദർഹുഡുകാരും മൂന്നു ബാന്റുകാരും. ഘോഷയാത്ര ഒഴിവാക്കാമെന്നായി ആലോചന. ഏഴാളെ വെച്ച്‌ എന്ത്‌ ഘോഷയാത്ര നടത്താനാണ്‌. ഞങ്ങൾക്ക്‌ വലിയ നിരാശയും കുണ്ഠിതവുമുണ്ടായി. അതിലധികം ലജ്ജയും. ഘോഷയാത്ര തുടങ്ങി, തേക്കിൻകാട്‌ മൈതാനത്ത്‌ ലേബർ കോർണറിൽ പതാക വന്ദനം വരെ വിശദമായ പരിപാടി അച്ചടിച്ചു ബിറ്റ്‌ നോട്ടീസായി വിതരണം ചെയ്തിരിക്കയാണ്‌. അതുകണ്ടവർ അങ്ങാടി ഉടനീളമുണ്ട്‌. പുത്തരിയിലെ കല്ലു കടിച്ചല്ലോ. ഇനി കാത്തുനിൽക്കാൻ സമയവുമില്ല.
അവസാനം കെ പി പോൾ കൊടി കടന്നെടുത്ത്‌ മേടയിൽ നിന്ന്‌ താഴെ റോഡിലേക്കിറങ്ങി. സ്വതസിദ്ധമായ അറുത്തു മുറിപ്പൻ ശൈലിയിൽ ഞങ്ങളോട്‌ പറഞ്ഞു: “ഘോഷയാത്ര നടത്താനാണ്‌ പോകുന്നത്‌. ഉള്ളവർ വന്നാൽ മതി.” ഞങ്ങൾ ബാക്കി ആറുപേരും ഇറങ്ങി. മുഖം ഉയർത്താൻ തന്നെ വിഷമിച്ചു. ബാന്റ്കാർ വാദ്യം മുഴക്കി. ഞങ്ങൾ പതിനായിരം പേരുടെ ശക്തിയോടെ ഇൻക്വിലാബ്‌ സിന്ദാബാദ്‌ വിളിച്ചു. ‘മെയ്ദിനം നീണാൾ വാഴട്ടെ’ എന്നാർത്തു. ഞൊടിയിടയിൽ എല്ലാ തണുപ്പും എവിടെ പോയെന്നറിഞ്ഞില്ല. മുഖം ഉയർന്നു. ഇരുഭാഗത്തും വീട്ടുകാർ വാതുക്കലെത്തി. അവരുടെ മുഖത്ത്‌ ഒരു വിസ്മയം. ‘ഇതെന്തപ്പാ’ എന്ന്‌. ആ കാഴ്ചയെല്ലാം ഇന്നോർക്കുമ്പോൾ കുളിരൊട്ടുകയാണ്‌.
ഘോഷയാത്ര പടിഞ്ഞാറോട്ട്‌ നീങ്ങി. സുപ്രസിദ്ധമായ അഞ്ചുവിളക്ക്‌ ജങ്ങ്ഷനിലെത്തി വടക്കോട്ട്‌ തിരിഞ്ഞു. തൽസമയം അവിടെ കൂടിയിരുന്ന ഷോപ്പ്‌ തൊഴിലാളി സഖാക്കളും ഞങ്ങളുടെ പിറകിൽവന്നു. അവർ മിക്കവാറും മുമ്പ്‌ ആഫീസിൽ എത്തിച്ചുനോക്കി പോയവരാണ്‌. ഘോഷയാത്ര ഉണ്ടാകുമെന്ന്‌ അവർക്ക്‌ വിശ്വാസമില്ലായിരുന്നു. തുടക്കമല്ലേ? ആത്മവിശ്വാസം കുറവായിരുന്നെങ്കിൽ ആശ്ചര്യമില്ലല്ലോ. ഞങ്ങളെല്ലാവരും അത്യാവേശഭരിതരായി. ഇടി മുഴക്കുന്ന മുദ്രാവാക്യം കേട്ട്‌ ആശുപത്രി മൂലയിൽ കാണികൾ തടിച്ചുകൂടി. ഇതെന്തിന്റെ പുറപ്പാടാണെന്ന്‌ ആളുകൾ അന്തംവിട്ടു നിന്നു. പരസ്പരം ചോദ്യങ്ങൾ ഉയർന്നു. ഞങ്ങൾ തെക്കെ ഗോപുരത്തിന്നഭിമുഖമായി മൈതാനത്തിലെത്തി. ചെങ്കൊടി ഉയർന്നു. ആർപ്പുവിളികൾ, ജയ്‌വിളികൾ, പുതിയ യുഗത്തിന്റെ പടഹധ്വനികളാണുയർന്നതെന്ന്‌ ഞങ്ങളുമറിഞ്ഞില്ല. കേട്ടവരും അറിഞ്ഞില്ല. അതൊരു പ്രസ്ഥാനപിറവി അല്ലായിരുന്നു. ഒരു യുഗപിറവിയായിരുന്നു.
കേരളത്തിൽ ആദ്യമായി ലേബേഴ്സ്‌ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ മെയ്ദിന റാലി നടത്തിയ ഏഴുപേരെ കുറിച്ച്‌ രേഖപ്പെടുത്തേണ്ടതുണ്ട്‌. ചൊങ്കൊടി പിടിച്ച്‌ മുന്നിൽ നടന്നത്‌ കെ പി പോളാണ്‌. പുറകിൽ കെ കെ വാരിയർ, എം എ കാക്കു, കടവിൽ വറീത്‌. കൊമ്പന്റെ പോൾ, ഒ കെ. ജോർജ്ജ്‌, കാട്ടൂക്കാരൻ തോമസ്‌, സപ്തർഷികളെപ്പോലെ തേജസുറ്റ ഇവർ ഏഴുപേരാണ്‌ കേരളത്തിൽ മെയ്ദിന റാലിക്ക്‌ തുടക്കംകുറിച്ചവർ.
ഇവരെല്ലാം നമ്മെ വിട്ടു പോയിരിക്കുന്നു. ഇവരിൽ ചെങ്കൊടിയുമായി മുന്നിൽ നടന്ന കെ പി പോളിനെ കുറിച്ച്‌ രണ്ട്‌ വരികൂടി രേഖപ്പെടുത്തട്ടെ. മെയ്ദിനറാലിക്കു ചെങ്കൊടി പിടിച്ചു മുന്നിൽ നടന്ന, തൃശൂർക്കാർ പെയിലിയേട്ടൻ എന്ന്‌ സ്നേഹത്തോടെ വിളിക്കുന്ന കുറ്റൂക്കാരൻ പോൾ ആണ്‌ പിൽക്കാലത്ത്‌ കേരളത്തിലെ വ്യവസായ മേഖലയുടെയും കൊടികൂറ മുന്നിൽ പിടിച്ച്‌ നടന്നത്‌. കേരളത്തിലും പുറത്തും വലിയ ഓട്ടോ മൊബെയിൽ സാമ്രാജ്യത്തിന്റെ അധിപനായ പോപ്പുലർ ഓട്ടോ മൊബെയിൽസിന്റെ ഉടമയായ കെ പി പോളായിരുന്നു അത്‌.
ചരിത്രം പുതു വായനകൾ തേടിക്കൊണ്ടിരിക്കുന്ന സമകാലീന ഘട്ടത്തിൽ മെയ്ദിനാഘോഷത്തിന്റെ കേരള അധ്യായം ഇങ്ങനെ വീരോചിതവും സംഭവബഹുലവുമായിരുന്നു എന്ന്‌ വരുംകാല പഠിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്‌.
(ഇ രാജൻ രചിച്ച സിപിഐ തൃശൂർ ജില്ലാ ചരിത്രം എന്ന പുസ്തകത്തിൽ നിന്ന്‌)

  Categories:
view more articles

About Article Author