Friday
22 Jun 2018

പ്ലാച്ചിമടയോടുള്ള ഉത്തരവാദിത്വം നിറവേറ്റണം

By: Web Desk | Saturday 15 July 2017 4:55 AM IST

പ്ലാച്ചിമടയിലേക്ക്‌ മടങ്ങാൻ തങ്ങൾക്ക്‌ ഉദ്ദേശമില്ലെന്ന്‌ കൊക്കോകോളയുടെ അഭിഭാഷകൻ ഇന്നലെ രാജ്യത്തെ പരമോന്നത കോടതിയെ അറിയിച്ചതോടെ ഒരു വ്യാഴവട്ടക്കാലമായി അവിടത്തെ ജനങ്ങൾ ജലചൂഷണത്തിനും പരിസ്ഥിതി നാശത്തിനുമെതിരെ നടത്തിവന്ന നിയമയുദ്ധത്തിന്‌ സമാപ്തിയായി. അത്‌ കേരളത്തിന്റെ മറ്റൊരു വികസന വ്യാമോഹത്തിന്റെ കഥാന്ത്യം കൂടിയാണ്‌. പതിനേഴ്‌ ആണ്ടുകൾക്ക്‌ മുമ്പ്‌ കേരളം വൻ പ്രതീക്ഷയോടെ ആരംഭിച്ച മറ്റൊരു വികസന സംരംഭമാണ്‌ പാലക്കാട്‌ ജില്ലയിലെ തമിഴ്‌നാട്‌ അതിർത്തിയോട്‌ ചേർന്നുകിടക്കുന്ന പെരുമാട്ടി പഞ്ചായത്തിൽ അവർണനീയമായ ദുരന്തം വിതച്ച്‌ കടന്നുപോയത്‌. ബഹുരാഷ്ട്ര കുത്തക കമ്പനിയായ കൊക്കോകോള അവിടെ നിന്നും പിൻവാങ്ങിയെങ്കിലും അവർ വിതച്ചുപോയ ദുരന്തത്തിൽ നിന്ന്‌ കരകയറാൻ ആ ഗ്രാമത്തിനും ജനങ്ങൾക്കും എത്ര ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന്‌ ആർക്കും പ്രവചിക്കാനാവാത്ത അവസ്ഥയാണ്‌ പ്ലാച്ചിമടയിലും പെരുമാട്ടിയിലും നിലനിൽക്കുന്നത്‌. 2000 മാർച്ചിൽ 130 പേർക്ക്‌ സ്ഥിരം തൊഴിലും 250 പേർക്ക്‌ കരാർ തൊഴിലുമായി ആരംഭിച്ച കൊക്കോകോള ഫാക്ടറി 2003ൽ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുമ്പോഴേക്കും നാടിന്‌ 216.7 കോടി രൂപയുടെ നഷ്ടം വരുത്തിയതാണ്‌ അതിനെപ്പറ്റി അന്വേഷിക്കാൻ നിയോഗിച്ച കെ ജയകുമാർ അധ്യക്ഷനായ സമിതി കണ്ടെത്തിയത്‌. ബഹുരാഷ്ട്ര കമ്പനി അവിടെ നടത്തിയ 56 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഏതാണ്ട്‌ നാലിരട്ടി! പ്ലാച്ചിമട ഗ്രാമത്തെ കൊക്കോകോള കമ്പനിയുടെ നീരാളിപ്പിടിത്തത്തിൽ നിന്നും മോചിപ്പിക്കാൻ ആ ഗ്രാമത്തിലെ ജനങ്ങളും കേരളത്തിലും സംസ്ഥാനത്തിനു പുറത്തുനിന്നുമുള്ള പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകരും നാനാവിധ സംഘടനകളും അതിനുവേണ്ടി വിനിയോഗിക്കേണ്ടി വന്ന സമരോർജവും വിഭവശേഷിയും അതിനെ ചെറുക്കാൻ ഭരണകൂട സംവിധാനങ്ങൾ നടത്തിയ പരിശ്രമങ്ങൾക്കും പുറത്താണ്‌ ഈ നഷ്ടമെന്ന്‌ വിസ്മരിക്കാതിരിക്കുക. അറിഞ്ഞോ അറിയാതെയോ വികസനത്തിനുവേണ്ടി മുറവിളി കൂട്ടുന്നവർ പ്ലാച്ചിമടയുടെ ദുരന്താനുഭവങ്ങളിൽ നിന്ന്‌ അവശ്യം ആവശ്യമായ പാഠമുൾക്കൊള്ളാൻ തയാറാവുമെന്ന്‌ പ്രത്യാശിക്കുക. അങ്ങനെ പ്രതീക്ഷ വച്ചുപുലർത്തുന്നവരെ മുഖമടച്ച്‌ വികസന വിരോധികളെന്ന്‌ മുദ്രകുത്തുന്ന പതിവ്‌ രീതികളെങ്കിലും അവസാനിപ്പിക്കുമെന്നെങ്കിലും നമുക്ക്‌ ആശിക്കുക.
ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിൽപ്പെട്ട പ്ലാച്ചിമട കമ്പാലത്തറ, വെങ്കലക്കയം എന്നീ ജലസംഭരണികൾക്കു ചുറ്റുമായാണ്‌ നിലകൊണ്ടിരുന്നത്‌. 5,61,000 ലിറ്റർ ശീതളപാനീയങ്ങൾ ഉൽപാദിപ്പിക്കാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയാണ്‌ അവർക്ക്‌ ഉണ്ടായിരുന്നത്‌. ആറ്‌ കുഴൽക്കിണറുകളിൽ നിന്നും ഭൂഗർഭജലവും രണ്ട്‌ കുളങ്ങളിൽ നിന്നായി ഉപരിതല ജലവുമടക്കം ഇരുപത്‌ ലക്ഷം ലിറ്റർ ജലമാണ്‌ അവർ ദിനംപ്രതി എടുത്ത്‌ ഉപയോഗിച്ചുപോന്നത്‌. ആറ്‌ മാസം കഴിഞ്ഞപ്പോഴേക്കും നിരന്തരമായ ജലമൂറ്റലിനെ തുടർന്നും ഫാക്ടറിയിൽ നിന്നുള്ള മാലിന്യ നിക്ഷേപത്തിന്റെ ഫലമായും പ്രദേശത്ത്‌ കടുത്ത കുടിവെള്ള ക്ഷാമവും ഉള്ളതുതന്നെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമായി. ഇത്‌ ജനപ്രതിനിധികൾ, ഡിഎംഒ, മലിനീകരണ നിയന്ത്രണ ബോർഡ്‌, കേന്ദ്ര സർക്കാർ ഏജൻസികൾ എന്നിവ ഓരോന്നും സ്ഥിരീകരിക്കുകയുമുണ്ടായി. ജനകീയ പ്രതിരോധത്തിന്റെ നിരന്തര സമ്മർദത്തിൽ പ്ലാന്റ്‌ അടച്ചുപൂട്ടേണ്ടി വന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്‌ വികസന വ്യഗ്രതയിൽ നടപ്പാക്കുന്ന പദ്ധതികൾക്ക്‌ അനിവാര്യമായ കാര്യക്ഷമവും ശാസ്ത്രീയവുമായ പദ്ധതിപൂർവ പഠനങ്ങളുടെ അഭാവമാണ്‌. പദ്ധതികൾ നടപ്പാക്കുമ്പോൾ അനിവാര്യമായ പരിസ്ഥിതി, സാമൂഹ്യ, സാമ്പത്തിക ആഘാത പഠനങ്ങളും പൊതുജന അഭിപ്രായവും ആരായാതെയും കണക്കിലെടുക്കാതെയുമാണ്‌ അവ മിക്കപ്പോഴും നടപ്പാക്കുന്നത്‌. പദ്ധതിക്ക്‌ മുതൽ മുടക്കുന്ന മൂലധനശക്തികളുടെ, അത്‌ പൊതു, സ്വകാര്യ, സംയുക്ത സംരംഭങ്ങൾ ഏതുമായ്ക്കൊള്ളട്ടെ, താൽപര്യത്തിനാണ്‌ പ്രാമുഖ്യം. അവയുടെ പ്രത്യാഘാതങ്ങൾ സൗകര്യപൂർവം മറച്ചുവയ്ക്കപ്പെടുന്നു, അല്ലെങ്കിൽ അവഗണിക്കപ്പെടുന്നു. പ്ലാച്ചിമട അന്ധമായ വികസനവാദത്തിന്‌ മറ്റൊരു മൂന്നാര്റിയിപ്പാണ്‌.
പ്ലാച്ചിമടയുടെ, അവിടത്തെ ഗ്രാമീണ ജനതയുടെ, മുറിവുണങ്ങാൻ കാലങ്ങൾ വേണ്ടിവരും. ഈ ദിശയിൽ കേരള നിയമസഭ പാസാക്കിയ നിയമം ഇപ്പോഴും രാഷ്ട്രപതി മന്ദിരത്തിൽ അനാഥ വിശ്രമത്തിലാണ്‌. സുപ്രിംകോടതിയിൽ കഴിഞ്ഞ ദിവസം കേസിന്‌ അറുതിവന്ന പശ്ചാത്തലത്തിൽ അതിൽ ഉൾപ്പെട്ട നിയമപ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ എൽഡിഎഫ്‌ സർക്കാർ ഉണർന്നു പ്രവർത്തിക്കണം. കോള കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയും എന്തെങ്കിലും സ്വത്തുക്കൾ അവിടെ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതും കണ്ടുകെട്ടി പ്ലാച്ചിമടയിലെ ദുരന്തമനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസം എത്തിക്കാൻ സത്വര നടപടി ഉണ്ടാവണം. വികസനത്തിന്റെ ദുരന്തം പ്ലാച്ചിമടക്കും അവിടത്തെ ജനങ്ങൾക്കും നൽകിയ ഭരണകൂടത്തിന്‌ അതിൽ നിന്നും അവരെ വിമോചിപ്പിക്കാനുള്ള ധാർമിക ബാധ്യതയുണ്ട്‌. അതിനുള്ള അവസരമാണ്‌ ഇപ്പോൾ സംജാതമായിരിക്കുന്നത്‌.