Saturday
26 May 2018

പ്ലാച്ചിമട: വാഗ്ദാനം നിറവേറ്റണം

By: Web Desk | Saturday 17 June 2017 4:55 AM IST

കോർപ്പറേറ്റുകൾക്ക്‌ ഒപ്പമല്ലെന്ന്‌ മോഡി സർക്കാരിന്‌ കാണിച്ചുകൊടുക്കണം
പ്ലാച്ചിമട സമരനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വീണ്ടും വിഷയത്തെ സജീവമാക്കിയിരിക്കുന്നു. വൻകിട കോർപ്പറേറ്റ്‌ കമ്പനികൾ രാജ്യത്തിന്റെ മണ്ണും ജലവും ജീവിതവും വെട്ടിപ്പിടിച്ച്‌ കീഴ്പ്പെടുത്തുന്നതിനെതിരെ ഏറ്റവും വലിയ ജനകീയ ചെറുത്തുനിൽപ്പുകൾ നടക്കുന്ന കാലത്ത്‌ അത്തരമൊരു സംഭവവും നീതിലഭിക്കാതെ പോകുന്നില്ലെന്നതിനുള്ള ഒരു പ്രഖ്യാപനം കൂടിയാണ്‌ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്‌.
ഏതാണ്ട്‌ 16 വർഷം മുമ്പാണ്‌ പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിൽ കൊക്കക്കോള കമ്പനിയുടെ ഒരു ബോട്ടിലിങ്‌ പ്ലാന്റിന്‌ തുടക്കം കുറിക്കുന്നത്‌. രണ്ടുവർഷത്തിനകം പഞ്ചായത്തിലെ കിണറുകളിലെ ജലം മലിനീകരിക്കപ്പെട്ടു. മാത്രമല്ല, ജലക്ഷാമം നേരിട്ടതോടെ കൃഷിക്ക്‌ വെള്ളം ലഭിക്കാതായി. അതിരൂക്ഷമായ ജലദൗർലഭ്യം പഞ്ചായത്തിലെ ജനജീവിതം ദുസഹമാക്കി. കമ്പനി നിർമ്മിച്ച കുഴൽക്കിണറുകൾ ഭൂഗർഭജലം ഊറ്റിയെടുത്തു. പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ വെള്ളത്തിലലിഞ്ഞ്‌ വയറുവേദന, കൈകാലുകളിൽ ചൊറിച്ചിൽ, തടിപ്പ്‌ തുടങ്ങിയ പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. മയിലമ്മ എന്ന ഒരു സാധാരണ വീട്ടമ്മ അപകടം തിരിച്ചറിഞ്ഞ്‌ കൊക്കക്കോള കമ്പനിക്കെതിരെ പ്രതിരോധം നടത്താൻ തീരുമാനിച്ചതോടെയാണ്‌ വിഷയം ലോകശ്രദ്ധ നേടിയത്‌. ഗ്രാമീണരുടെ ചെറുത്തുനിൽപ്പ്‌ അവരുടെ നിലനിൽപ്പ്‌ അപായത്തിലാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഉയർന്നുവന്നത്‌. 2002-ൽ കൊക്കക്കോള വിരുദ്ധസമരം കേരളത്തിന്റെയും ഇന്ത്യയുടെയും പല കേന്ദ്രങ്ങളിലേയ്ക്കും പടർന്നുകയറി. തുടർന്ന്‌ 2004-ൽ പ്ലാന്റ്‌ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. പഞ്ചായത്തിലെ ജനജീവിതം പാടേ തകർത്ത കമ്പനിയുടെ നടപടി ചോദ്യം ചെയ്ത്‌ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധസമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടന്നതോടെ ഇതുസംബന്ധിച്ചുള്ള പ്രശ്നങ്ങൾ പഠിക്കാൻ അന്നത്തെ എൽഡിഎഫ്‌ സർക്കാർ ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയുടെ ശുപാർശ ഈ സമരത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയിൽ നിന്നും ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കുമായി 216.25 കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്ന്‌ കമ്മിറ്റി നിർദ്ദേശിച്ചു. ഇതിനായി ഒരു ട്രൈബ്യൂണൽ രൂപീകരിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു. പ്ലാച്ചിമടയിൽ ഇരകളാക്കപ്പെട്ടവർക്ക്‌ നഷ്ടപരിഹാരം നൽകുന്നതിനുള്ള ട്രൈബ്യൂണൽ ബിൽ കേരള നിയമസഭ 2011-ൽ ഒറ്റക്കെട്ടായി പാസാക്കിയെങ്കിലും അംഗീകാരത്തിനായി കേന്ദ്രസർക്കാരിൽ സമർപ്പിച്ച ബിൽ നിർദാക്ഷിണ്യം തള്ളപ്പെട്ടു. 2016 ഫെബ്രുവരി 1-നാണ്‌ രാഷ്ട്രപതി ഭവൻ ബില്ല്‌ തിരിച്ചയച്ചത്‌.
ദളിത്‌ ആദിവാസി സമൂഹം കൂടുതലുള്ള പ്ലാച്ചിമടയിൽ ഒരു വൻകിട ബഹുരാഷ്ട്ര കമ്പനി നടത്തിയ ജലചൂഷണവും ജനദ്രോഹവും വമ്പിച്ച ജനകീയ പ്രതിരോധത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും മുട്ടുകുത്തിച്ച അപൂർവ നേട്ടങ്ങളിൽ ഒന്നായിരുന്നു പ്ലാച്ചിമട സമരം. അവർ നേരിട്ട ചൂഷണങ്ങൾക്കും ദുരിതങ്ങൾക്കും സമാനതകളില്ല. കുടിവെള്ളം പോലും മലിനമാക്കപ്പെട്ട ജനത നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമായി ഒരു കുത്തക കമ്പനിക്ക്‌ അടിയറവ്‌ പറയേണ്ടിവന്നത്‌ ഇരകളാക്കപ്പെട്ടവരുടെയും അവർക്ക്‌ പിന്തുണ നൽകി അവരോടൊപ്പം നിന്ന മനുഷ്യസ്നേഹികളുടെയും ഒരുമയുടെയും പ്രതിബദ്ധതയുടെയും പോരാട്ടവീര്യത്തിന്റെയും ഫലം ഒന്നുകൊണ്ടുമാത്രമാണ്‌.
എന്നാൽ അതുകൊണ്ട്‌ തീരുന്നില്ല. അവരുടേതല്ലാത്ത കാരണങ്ങളാൽ അവർ ജനിച്ചുവളർന്ന മണ്ണും ജലസ്രോതസുകളും മലിനമാക്കിയവർക്ക്‌ വെറുതെയങ്ങ്‌ പോകാൻ അനുവാദം കൊടുക്കാനാകില്ല. ജീവിതം തട്ടിയെറിഞ്ഞവർ അതിനുള്ള പരിഹാരം നൽകിയേ മതിയാകൂ. ഇടതുപക്ഷ സർക്കാർ അത്‌ നേടിക്കൊടുക്കാൻ നടത്തിയ ശക്തമായ ഇടപെടലുകളുടെ ഫലമാണ്‌ 216.25 കോടി കമ്പനി ജനങ്ങൾക്ക്‌ നൽകണമെന്ന നിർദേശം. അതിനായി നിയമിച്ച ട്രൈബ്യൂണലിനായുള്ള നിയമത്തിന്‌ അംഗീകാരം നൽകാനാണ്‌ കേന്ദ്രസർക്കാർ വിസമ്മതിച്ചത്‌.
ഒരുകാര്യം വ്യക്തമാണ്‌. കോർപ്പറേറ്റുകളേയും ബഹുരാഷ്ട്ര കമ്പനികളേയും പ്രീണിപ്പിക്കാനായി സ്വന്തം ജനങ്ങളെ കുരുതികൊടുക്കാൻ കേന്ദ്രസർക്കാരിന്‌ ഒരു മടിയുമില്ല. അല്ലെങ്കിൽ ഇത്ര വ്യക്തമായി കൊക്കക്കോള കമ്പനി നടത്തിയ ചൂഷണത്തെക്കുറിച്ചും അതിനവർ നൽകേണ്ട പിഴയെക്കുറിച്ചും ഒരു സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും അതിന്‌ ഒരു വിലയും കൽപ്പിക്കാതെ ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടി നിലകൊള്ളാൻ കേന്ദ്രസർക്കാരിന്‌ കഴിയുമായിരുന്നില്ല.
ഇന്ന്‌ മുഖ്യമന്ത്രി കമ്പനിയുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നട്ടംതിരിയുന്ന ജനങ്ങൾക്കുവേണ്ടി സംസ്ഥാനത്തിന്റെ പരിധിയിൽ ചെയ്യാവുന്നതിന്റെ ഏതറ്റംവരെയും പോകുമെന്ന്‌ ഉറപ്പുകൊടുക്കുകയുണ്ടായി. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം ഇവയിലൊക്കെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന്‌ വാക്കുകൊടുത്തിരിക്കുന്നു. 78 കുളങ്ങൾ നവീകരിക്കാനും കുഴൽക്കിണറുകൾ ഉപയോഗ യോഗ്യമാക്കാനും ശ്രമിക്കുമെന്ന്‌ ബന്ധപ്പെട്ട മന്ത്രിയും വാക്കുനൽകുകയുണ്ടായി.
പ്രതിബദ്ധതയുള്ള ഇടതുപക്ഷ സർക്കാർ വാഗ്ദാനം നിറവേറ്റണം. ജനങ്ങൾക്കെതിരെ ബഹുരാഷ്ട്ര കുത്തുകകൾക്കുവേണ്ടി നിലകൊള്ളുന്ന ബിജെപി സർക്കാരിനെ തുറന്നുകാണിക്കാൻ ഇതാവശ്യമാണ്‌. ഒപ്പം പ്ലാച്ചിമട ജനങ്ങളുടെ ദുരിതത്തിന്‌ കഴിയാവുന്ന ആശ്വാസം നൽകാനും.