പ്ലാസ്റ്റിക്കിൽനിന്ന്‌ സമുദ്രത്തെ സംരക്ഷിക്കാം

പ്ലാസ്റ്റിക്കിൽനിന്ന്‌ സമുദ്രത്തെ സംരക്ഷിക്കാം
April 13 04:50 2017

ആർച്ച
സമുദ്രം എന്നും വിസ്മയങ്ങൾ ആഴങ്ങളിൽ സൂക്ഷിക്കുന്ന ഒരു സുന്ദരിയാണ്‌. സമുദ്രത്തെ നോക്കിയിരിക്കാൻ ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലാത്തവരായി ആരുമില്ല. എന്നാൽ ചവിട്ടിനിൽക്കുന്ന മണ്ണിനെപ്പോലും ചൂഷണംചെയ്യുന്ന മനുഷ്യർ സമുദ്രത്തിനെയും വെറുതെവിട്ടില്ല. ലോകത്തിനുതന്നെ വളരെയധികം ഉപകാരപ്രദവും ഉപദ്രവകാരിയുമായ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സമുദ്രത്തിൽ കൂടുതലായി കണ്ടുവരുന്നു എന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌. പ്രധാനമായും പുഴകൾ വഴിയാണ്‌ പ്ലാസ്റ്റിക്കും മറ്റു അസംസ്കൃത വസ്തുക്കളും സമുദ്രത്തിൽ എത്തിച്ചേരുന്നത്‌. ഇവയിൽ എൺപതുശതമാനവും നഗരപ്രദേശങ്ങളിൽ നിന്ന്‌ പുറന്തള്ളപ്പെടുന്നവയാണ്‌. ഈ വസ്തുക്കൾ സ്രാവുകളുടെയും പവിഴപ്പുറ്റുകളുടെയും നാശത്തിനു വഴിയൊരുക്കുന്നു. മാത്രമല്ല ഇവയെ ജെല്ലിഫിഷുകളാണെന്ന്‌ തെറ്റിധരിച്ചു കടലാമകൾ ഭക്ഷിക്കുകയും തുടർന്ന്‌ അവയ്ക്ക്‌ ഉദരസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ അവ മരിച്ചുപോകുന്നു. അടുത്തകാലത്തുണ്ടായ പഠനത്തിൽ കാലിഫോർണിയയിൽ വിൽപ്പനയ്ക്കെത്തിയ കാൽഭാഗത്തോളം മത്സ്യങ്ങളുടെ കുടലുകളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. മത്സ്യാഹാരം കഴിക്കുന്നതു വഴി ഇവ നമ്മുടെ ശരീരത്തിലും എത്തപ്പെടുന്നു എന്നത്‌ മറ്റൊരു സത്യം. ആയിരത്തിൽ നൂറു കടൽപക്ഷികളും ആഹാരമാണെന്ന്‌ തെറ്റിധരിച്ചു പ്ലാസ്റ്റിക്ക്‌ ഭക്ഷിക്കുന്നു. 97.5 ശതമാനം ലെയ്സാൻ ആൽബട്രോസ്‌ എന്ന കടൽപക്ഷികളുടെ ഉദരത്തിലും ഇന്ന്‌ പ്ലാസ്റ്റിക്ക്‌ അവശേഷിക്കുന്നു. എല്ലാവർഷവും എട്ടുടൺ പ്ലാസ്റ്റിക്കാണ്‌ കടലിൽ പുറന്തള്ളപ്പെടുന്നത്‌.
മറ്റൊരു പ്രധാനഘടകമാണ്‌ പെട്രോളിയം ഖാനനത്തിലൂടെ നഷ്ടപ്പെടുന്ന എണ്ണ. നോവ (നാഷണൽ ഓഷ്യാനിക്ക്‌ ആൻഡ്‌ അറ്റമോസ്ഫിയറിക്ക്‌ അഡ്മിനിസ്ട്രേഷൻ)യുടെ കണ്ടെത്തലനുസരിച്ച്‌ പക്ഷികളുടെ ചിറകുകളിലോ സസ്തനികളുടെ രോമങ്ങളിലോ ഈ എണ്ണ പറ്റിപ്പിടിച്ചാൽ അവയ്ക്ക്‌ പിന്നെ പറക്കാനോ ശരിക്കൊന്നു അനങ്ങാനോ സാധിക്കില്ല. കൂടാതെ ശരീരതാപം നിലനിർത്താനും പറ്റില്ല. ശരീരം വൃത്തിയാക്കുമ്പോൾ കടൽജീവികൾ ഈ എണ്ണ അറിയാതെ വിഴുങ്ങുകയും തുടർന്നു മരണം സംഭവിക്കുകയും ചെയ്യുന്നു. മത്സ്യങ്ങൾക്കും പുറന്തോടുള്ളജീവികൾക്കും ആന്തരികായവയവങ്ങളുടെ തകർച്ച, വളർച്ചക്കുറവ്‌, ശ്വസന പ്രക്രിയയിൽ തടസ്സം എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. സമുദ്രതലത്തിൽ എണ്ണ കെട്ടിക്കിടക്കുന്നതു കാരണം സൂര്യപ്രകാശം കടൽചെടികളിൽ ലഭിക്കാതെ വരുകയും പ്രകാശസംശ്ലേഷണം വഴി അവയ്ക്കു ആഹാരം പാകം ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുന്നു. ഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ്‌ ഈ ചെടികൾ.
ആധുനികജീവിത ശൈലിയുടെ ഒരു ഉത്പന്നമാണ്‌ വിഷവസ്തുക്കൾ. കൂട്ടമായി ഇവയ്ക്കു നൽകിയ പേര്‌ വിഷവസ്തുക്കൾ എന്നാണെങ്കിലും ഫാക്ടറികളിൽനിന്നും ഓടയിൽനിന്നും പുറന്തള്ളപ്പെടുന്ന മലിനജലം, കീടനാശിനികൾ, ന്യൂക്ലിയർ പവർപ്ലാന്റുകൾ തള്ളുന്ന വിഷമയമായ വസ്തുക്കൾ, അന്തർവാഹിനികളിൽനിന്നു പുറപ്പെടുവിക്കുന്ന വസ്തുക്കൾ എന്നിവയാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. ഇവ ചെറിയ മീനുകൾ, വലിയ മീനുകൾ, മനുഷ്യർ എന്നീ ക്രമത്തിൽ ഭക്ഷിക്കുന്നു. ഈ വസ്തുക്കൾ നമ്മുടെ കോശങ്ങളിൽ അടിഞ്ഞുകൂടുകയും ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു.
ഭൂമിയുടെ എഴുപത്തിയൊന്നു ശതമാനം വെള്ളമാണ്‌. അതിൽ 96.5 ശതമാനം സമുദ്രജലമാണ്‌. ഈ ജലത്തിനെപ്പോലും നശിപ്പിക്കുന്നവരാണ്‌ മനുഷ്യർ. ഭൂരിഭാഗം കൃഷിനിലങ്ങളെല്ലാം വ്യവസായവത്കരണത്തിനായി നികത്തി കഴിഞ്ഞു. തണലേകിയിരുന്ന വൃക്ഷക്കൂട്ടങ്ങൾ ഇന്നു ചുരുക്കം. ദാഹം ശമിപ്പിച്ചിരുന്ന നീരുറവകൾ വറ്റിവരണ്ടു.
മനുഷ്യചെയ്തികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രകൃതിക്ഷോഭങ്ങളെല്ലാം നിസ്സാരമാണെന്നു പറയാം. ഈ ക്ഷോഭങ്ങളെല്ലാംതന്നെ കുറച്ചുകാലത്തേയ്ക്കു ദൈർഘ്യമേറിയവയാണ്‌. എന്നാൽ മനുഷ്യവിപത്തുകൾ അവന്റെ തന്നെ നിലനിൽപ്പിനു ഭീഷണിയാകുന്ന അവസ്ഥ വിദൂരമല്ല.

  Categories:
view more articles

About Article Author