Thursday
24 May 2018

പൗരന്മാരെ തല്ലിക്കൊന്ന്‌ സ്വഛ്ഭാരത്‌ സൃഷ്ടിക്കുന്നു

By: Web Desk | Monday 19 June 2017 4:55 AM IST

സംഘ്പരിവാറിന്റെ ഹിന്ദുത്വ അജൻഡകൾ നടപ്പാക്കാൻ നിയമവിരുദ്ധ തെമ്മാടിക്കൂട്ടങ്ങളെ ഗോസംരക്ഷക ജാഗ്രതാ സമിതികളുടെ വേഷത്തിൽ കെട്ടഴിച്ചുവിട്ട്‌ നിരപരാധികളായ പൗരജനങ്ങളെ അവരുടെ വീടുകളിലും തെരുവുകളിലും സംഘം ചേർന്ന്‌ കയ്യേറ്റം ചെയ്യുന്നതും കൊലചെയ്യുന്നതും വടക്കേ ഇന്ത്യയിൽ, പ്രത്യേകിച്ചും ബിജെപി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ, പതിവായിരിക്കുന്നു. രാഷ്ട്ര തലസ്ഥാനത്തിന്റെ പ്രാന്തഗ്രാമമായ ദാദ്‌രിയിൽ ഗോമാംസം കഴിച്ചുവെന്നും വീട്ടിൽ സൂക്ഷിച്ചുവെന്നും ആരോപിച്ച്‌ സംഘികൾ അഖ്ലഖ്‌ ഖാനെ വകവരുത്തിയതും അദ്ദേഹത്തിന്റെ കുടുംബം തങ്ങളുടെ ഗ്രാമമുപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടിവന്നതും കഴിഞ്ഞവർഷമാണ്‌. ഹരിയാനയിലെ ക്ഷീരകർഷകൻ പെഹലുഖാൻ ആൾവറിൽ പൊതുനിരത്തിൽ ഗോസംരക്ഷകരുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടത്‌ ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്‌. ഗോസംരക്ഷണത്തിന്റെ പേരിൽ സംഘ്പരിവാർ കൊലയാളി സംഘങ്ങൾ വിവിധ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിയമം കയ്യിലെടുക്കുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ കൊലപാതകങ്ങൾ നടത്തുന്നതും പതിവു സംഭവങ്ങളായിരിക്കുന്നു. അത്തരം കുറ്റവാളി സംഘങ്ങൾക്ക്‌ നിർഭയം, നിർബാധം ഈ ഭീകരപ്രവർത്തനം തുടർന്നുപോകാൻ എല്ലാവിധ ഭരണകൂട ഒത്താശകളും കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകൾ നൽകിവരുന്നു. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും സംഘ്പരിവാർ നേതാക്കളും അത്തരം ചെയ്തികളോരോന്നിനെയും ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിക്കുന്നു. അതിനെ എതിർക്കുന്നവരെയും അവ ഫാസിസമാണെന്ന്‌ പറയാൻ മുതിരുന്നവരേയും രാജ്യദ്രോഹികളെന്നു മുദ്രകുത്താനും അത്തരക്കാരുടെ പ്രവർത്തന, അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഷേധിക്കാനും സംഘപരിവാറിനും അവരുടെ ഫാസിസ്റ്റ്‌ ഭരണകൂടങ്ങൾക്കും തെല്ലും മടിയില്ല. ഇതാ ഇപ്പോൾ ലോകത്ത്‌ ഏറ്റവും കൂടുതൽ നിരക്ഷരരും പട്ടിണിപ്പാവങ്ങളും ഭവനരഹിതരുമുള്ള രാജ്യത്ത്‌ തുറസായ സ്ഥലത്തെ വിസർജനത്തിന്റെ പേരിൽ ഒരു രക്തസാക്ഷി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതാവട്ടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വഛ്ഭാരത്‌ പദ്ധതിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ സംഘടിത കൊലപാതകമാണെന്നത്‌ തികച്ചും അസ്വസ്ഥജനകമാണ്‌.
ബിജെപി ഭരണം സംഘപരിവാർ കൊലയാളിസംഘങ്ങൾക്ക്‌ സ്വൈര്യവിഹാരം അനുവദിച്ചു നൽകിയിരിക്കുന്ന രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ്‌ സ്വഛ്ഭാരത്‌ അഭിയാന്റെ പേരിൽ സിപിഐ(എംഎൽ) പ്രവർത്തകനായ സഫർ ഹുസൈനെ മുനിസിപ്പൽ കമ്മിഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കൊലചെയ്തത്‌. പ്രതാപ്ഗഡ്‌ മുനിസിപ്പാലിറ്റിയിൽപ്പെട്ട ഭഗ്‌വാസ കാചി എന്ന ചേരിപ്രദേശത്ത്‌ വെളിസ്ഥലത്ത്‌ വിസർജിക്കാൻ നിർബന്ധിതരായ പാവപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കാനുള്ള ശ്രമം തടയവേയാണ്‌ സഫർ ഹുസൈനെ തൊഴിച്ചും മർദ്ദിച്ചും വടികൊണ്ടടിച്ചും കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്‌. പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത്‌ അഭിയാൻ മൂന്നുവർഷം പിന്നിടുമ്പോഴും സംസ്ഥാനത്തെ 22 ശതമാനം ഭവനങ്ങൾക്കും സ്വന്തമായി ശൗചാലയങ്ങളില്ലെന്ന്‌ രാജസ്ഥാൻ സർക്കാരിന്റെ കണക്കുകൾതന്നെ വെളിപ്പെടുത്തുന്നു. ഭഗ്‌വാസ കാചി ബസ്തി പോലുള്ള ചേരികളിൽ ഓരോ കുടുംബത്തിനും സ്വന്തമായി ശൗചാലയമെന്ന ആഡംബരത്തെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല. മനുഷ്യർ പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ഇത്തരം ചേരികളിൽ പൊതുശൗചാലയങ്ങൾ നിർമിച്ചാൽപോലും അവിടെ വെള്ളം പോലുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി നൽകാൻ ഭരണകൂടത്തിന്‌ ആവുന്നില്ല. ശൗചാലയങ്ങളുടെ ഉപയോഗത്തെപ്പറ്റി നിരക്ഷരരായ ജനങ്ങൾക്കിടയിൽ ആവശ്യമായ പ്രചരണ പ്രവർത്തനം നടക്കുന്നില്ല. അതിനുവേണ്ടി നീക്കിവെയ്ക്കുന്ന തുഛമായ തുകപോലും കവർന്നെടുക്കപ്പെടുന്നു, വകമാറ്റപ്പെടുന്നു, പാഴാക്കപ്പെടുന്നു. ഈ യാഥാർഥ്യം നിലനിൽക്കെ വെളിയിടങ്ങളിൽ വിസർജിക്കാൻ നിർബന്ധിതരാകുന്ന പാവപ്പെട്ട സ്ത്രീ-പുരുഷന്മാരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും കൈകൊട്ടിയും വിസിൽ മുഴക്കിയും ബാൻഡ്‌ വായിച്ചും അവരെ അപമാനിച്ചും സ്വഛ്‌ ഭാരത്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംഘ്പരിവാറും ബിജെപി ഭരണ സംവിധാനങ്ങളും ഏർപ്പെട്ടിരിക്കുന്നത്‌. ഇത്‌ മനുഷ്യത്വഹീനമാണ്‌. ഭരണകൂട പിന്തുണയോടെ അരങ്ങേറുന്ന തെമ്മാടിത്തമാണ്‌.
പ്രതാപ്ഗഡിലെ അക്രമത്തിൽ പങ്കാളികളായ മുനിസിപ്പൽ തൊഴിലാളികൾ മനുഷ്യവിസർജ്യം നീക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരാണ്‌. അത്തരക്കാരിൽ പോലും വർഗീയ വിഷം വമിപ്പിച്ച്‌ ആക്രമണത്തിന്‌ പ്രേരിപ്പിക്കാൻ കഴിയുന്ന ജുഗുപ്സാവഹമായ സ്ഥിതിവിശേഷമാണ്‌ വസുന്ധരരാജെ സിന്ധ്യയുടെ ബിജെപി ഭരണത്തിൽ രാജസ്ഥാനിൽ അരങ്ങേറുന്നത്‌. ഭക്ഷണത്തിന്റെ പേരിൽ പൗരന്മാരുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറുകയും തെമ്മാടി സംഘങ്ങൾക്ക്‌ അഴിഞ്ഞാടാനും നിർഭയം കൊലപാതകങ്ങൾ നടത്താൻ പോലും അവസരമൊരുക്കുന്നവർ ഇപ്പോൾ വിസർജനത്തിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലാൻ മുതിർന്നിരിക്കുന്നു. നിർധനരും നിരക്ഷരരുമായ ചേരിപ്രദേശത്തെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ നടത്തിയ കടന്നുകയറ്റത്തിന്റെ പേരിലാണ്‌ സഫർ ഹുസൈൻ കൊലചെയ്യപ്പെട്ടത്‌. തെമ്മാടി സംഘങ്ങളെ കെട്ടഴിച്ച്‌ വിട്ട്‌ കൊലപാതകങ്ങളിലൂടെ രാജ്യത്തെ ‘സ്വഛ്ഭാരത്‌’ ആക്കി മാറ്റുന്നതിനുള്ള ലോക ബഹുമതി നരേന്ദ്രമോഡിക്കും സംഘത്തിനുമല്ലാതെ മറ്റാർക്കും അവകാശപ്പെട്ടതല്ല!