ഫാസിസത്തിനെതിരായ ഇടതുമുന്നേറ്റം മലപ്പുറത്ത്‌ ലീഗിന്‌ കാര്യങ്ങൾ കടുകട്ടിയാക്കും

ഫാസിസത്തിനെതിരായ ഇടതുമുന്നേറ്റം മലപ്പുറത്ത്‌ ലീഗിന്‌ കാര്യങ്ങൾ കടുകട്ടിയാക്കും
March 21 03:25 2017

സുരേഷ്‌ എടപ്പാൾ
മലപ്പുറം: സംഘപരിവാരസംഘടനകളുടെ ഫാസിസത്തിനെതിരെ രാജ്യവ്യാപകമായി പ്രതിരോധം തീർക്കുന്നതിൽ ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങൾ മുസ്ലിംമത ന്യുനപക്ഷങ്ങളിൽ ഉണ്ടാക്കിയ വിശ്വാസം മലപ്പുറത്ത്‌ മുസ്ലിംലീഗിന്‌ കാര്യങ്ങൾ കടുകട്ടിയാക്കും. എക്കാലത്തും തങ്ങളുടെ തട്ടകത്തിൽ എളുപ്പത്തിൽ ജയിച്ചുകയറാമെന്ന ലീഗിന്റെ ആത്മവിശ്വാസത്തിന്‌ വരും നാളുകൾ കടുത്ത വെല്ലുവിളിയുയർത്തുമെന്ന്‌ തീർച്ച.
കഴിഞ്ഞ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത്‌ മതന്യുനപക്ഷങ്ങൾ പരമ്പാരാഗത വോട്ടിങ്‌ രീതിയിൽ നിന്ന്‌ മാറി സമ്മതിദാനാവകാശം വിനിയോഗിച്ചെന്നത്‌ വ്യക്തമാണ്‌. തെക്കൻ ജില്ലകളിൽ മുസ്ലിംവിഭാഗം കൂട്ടത്തോടെ ഇടതുപക്ഷത്തെ പിൻതുണച്ചപ്പോൾ മലപ്പുറം ജില്ലയിലെ ലീഗിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കാനും ആ മുന്നേറ്റത്തിനായി. ബിജെപിയും ആർഎസ്‌എസും ഉയർത്തുന്ന ഭീതിക്കെതിരെ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഒരു പരിഹാരമല്ലെന്നും ശക്തമായ ചെറുത്തുനിൽപ്പിന്റെ ഒരു സൂചനയും കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ നിന്നുപോലും വ്യക്തമായതോടെ കേരളത്തിലെ മതന്യുനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വലിയതോതിൽ പിൻതുണയ്ക്കുകയയിരുന്നു.
അധികാരത്തിനുവേണ്ടി യുഡിഎഫിൽ ക്യാമ്പ്‌ ചെയ്യുന്ന ലീഗ്‌ നേതാക്കളുടെ പൊള്ളത്തരങ്ങൾ അണികൾ തിരിച്ചറിഞ്ഞതാണ്‌ മലപ്പുറം ജില്ലയിൽ നിയമസഭാ-തദ്ദേശ തെരഞ്ഞടുപ്പുകളിൽ ലീഗിന്‌ തിരിച്ചടിയുണ്ടാക്കിയത്‌.
മൂന്നു വർഷത്തെ എൻഡിഎ ഭരണത്തിൽ മതന്യുനപക്ഷങ്ങളുടെ ജീവനും സ്വത്തിനും നേരെ ആക്രോശങ്ങളുണ്ടായപ്പോൾ അതിനെതിരെ കഴിയും വിധത്തിൽ എൽഡിഎഫ്‌ പ്രതികരിക്കുന്നത്‌ നോക്കി കാണുന്ന ന്യുനപക്ഷ വോട്ടർമാർ മലപ്പുറത്ത്‌ നിലപാടെടുത്താൽ ലീഗിന്‌ അത്‌ വൻ തിരിച്ചടിയാകും. അത്‌ മനസ്സിലാക്കുകൊണ്ട്‌ തന്നെയാണ്‌ തങ്ങളുടെ ഏറ്റവും മികച്ച സ്ഥാനാർഥിയെ തന്നെ ലീഗ്‌ മലപ്പുറത്തേക്ക്‌ നിശ്ചയിച്ചിരിക്കുന്നത്‌. എക്കാലത്തും കോണിക്കുമാത്രം വോട്ട്‌ ചെയ്തുപോന്ന വലിയൊരു വിഭാഗം പാർട്ടി അണികൾ മാറി ചിന്തിക്കുന്നു എന്ന മനസ്സിലാക്കിയതോടെയാണ്‌ ചോർച്ച പരിഹാരിക്കാനും അണികളെ പിടിച്ചുനിർത്താനുമായി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തിയത്‌. മറ്റാരെങ്കിലും മുസ്ലിംലീഗ്‌ സ്ഥാനാർഥിയായാൽ വലിയ തോതിലുള്ള വോട്ട്‌ ചോർച്ച ഉണ്ടാകുമെന്ന്‌ പ്രാദേശിക നേതാക്കൾ മൂന്നാര്റിയിപ്പും നൽകിയിരുന്നു.
മുസ്ലിം ജനവിഭാഗത്തിനടയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയമായ പുനർ വിചിന്തനവും എൻഡിഎ ഭരണം സംജാതമാക്കിയിരിക്കുന്ന ഭീതിയും അവരിൽ എൽഡിഎഫ്‌ അനുകൂല മനോഭാവം വളർത്തിയെടുക്കുന്നതായി ലീഗ്‌ വിലയിരിത്തിയിട്ടുണ്ട്‌. സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ലീഗും കോൺഗ്രസും പുലർത്തിപോരുന്ന നിലപാടുകൾ ആത്മാർഥതയില്ലാത്തതും അധികാരത്തിനുവേണ്ടിയുള്ളതുമാണെന്ന്‌ പൊതുവേ തിരിച്ചറിഞ്ഞ സാഹചര്യം ലീഗിനെ ഉറക്കം കെടുത്തും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ്‌ 1.94 ലക്ഷംവോട്ടുകൾക്ക്‌ ജയിച്ച മലപ്പുറത്ത്‌ തുടർന്ന്‌ നടന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആ മുന്നേറ്റം ലീഗിനാവർത്തിക്കാനായില്ലെന്നത്‌ ലീഗ്‌ വിരുദ്ധ മനോഭാവം ശക്തിപ്പെട്ടതിന്റെ സൂചന നൽകുന്നു. മണ്ഡലത്തിലെ ഏഴ്‌ നിയമസഭകളിലും ലീഗ്‌ വിജയച്ചെങ്കിലും പെരിന്തൽമണ്ണയിലും മങ്കടയിലും നിസ്സാര വോട്ടുകൾക്കാണ്‌ ലീഗ്‌ സ്ഥാനാർഥികൾ രക്ഷപ്പെട്ടത്‌. വേനൽ ചൂടിനെ മറികടന്നുകൊണ്ടുള്ള തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്നായിരിക്കും വരും നാളുകൾ മലപ്പുറം സാക്ഷ്യം വഹിക്കുക. ലീഗിനോടുള്ള കോൺഗ്രസ്‌ പ്രവർത്തകരുടെ വിരോധം വോട്ടാക്കി മാറ്റാനുള്ള നീക്കം ബിജെപി നടത്തുമെന്നതും തീർച്ച.


മലപ്പുറം എൽഡിഎഫിന്‌ ബാലികേറാമലയല്ല: വൈക്കം വിശ്വൻ
തിരുവനന്തപുരം: മലപ്പുറം എൽഡിഎഫിന്‌ ബാലികേറാമലയല്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ വൈക്കം വിശ്വൻ. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. എം ബി ഫൈസൽ വിജയിക്കും. എൽഡിഎഫ്‌ സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിച്ചും വർഗ്ഗീയതയ്ക്കെതിരെ ജനങ്ങളെ അണിനിരത്തിയുമാണ്‌ തെരഞ്ഞെടുപ്പിനെ എൽഡിഎഫ്‌ ഒറ്റക്കെട്ടായി നേരിടുകയെന്നും വൈക്കം വിശ്വൻ പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.
മലപ്പുറം എൽഡിഎഫിന്‌ ബാലികേറാമലയാണെന്ന്‌ ആരും കരുതേണ്ടെന്ന്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി കൺവീനർ പറഞ്ഞു. മലപ്പുറം മണ്ഡലത്തിന്റെ പഴയ രൂപമായ മഞ്ചേരിയിൽ എൽഡിഎഫ്‌ ജയിച്ചിട്ടുണ്ട്‌. കുറ്റിപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടി തോറ്റിട്ടുണ്ട്‌. മതേതര ജനാധിപത്യ ശക്തികളുടെ വിജയം കാലം ആവശ്യപ്പെടുന്നതാണ്‌. എൽഡിഎഫ്‌ ഒന്നാകെ മണ്ഡലം കേന്ദ്രീകരിച്ച്‌ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. എൽഡിഎഫ്‌ എംഎൽഎമാർ മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായും കൺവീനർ അറിയിച്ചു.
ആർഎസ്‌എസിന്റെ വർഗീയ തേരോട്ടത്തെ ചെറുക്കാൻ എൽഡിഎഫ്‌ ജയിക്കണം. ഈ സർക്കാറിന്റെ ഭരണ നേട്ടങ്ങളും ജനങ്ങൾ സ്വീകരിക്കും. അതുകൊണ്ട്‌ തന്നെ വിജയം ഉറപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ നടത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കും ഇതേ അർഥം തന്നെയാണുള്ളതെന്നും ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.
പഴയ കോലീബി സഖ്യം പുതിയ രീതിയിൽ ആവിഷ്കരിക്കുകയാണ്‌ യുഡിഎഫ്‌ ചെയ്യുന്നത്‌. മലപ്പുറത്ത്‌ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്‌. അതിന്റെ സംവിധായകർതന്നെ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌. സിപിഐഎമ്മും ലീഗുമായി സൗഹൃദമൽസരമാണെന്ന ബിജെപിയുടെ ആരോപണം ഓടുന്ന പട്ടിക്ക്‌ ഒരുമുഴം മുമ്പേ എറിയുന്നതിന്റെ ഭാഗമായാണ്‌.
മതേതര താൽപ്പര്യം കളഞ്ഞുകുളിച്ച്‌ മൃദുഹിന്ദുത്വ താൽപ്പര്യത്തിലേക്കെത്തിയതിന്റെ അനന്തരഫലമാണ്‌ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക്‌ കാരണം. യുപിഎ സർക്കാർ തുടങ്ങിവച്ച കാര്യങ്ങളാണ്‌ മോഡി സർക്കാർ ഇപ്പോൾ തുടരുന്നത്‌.
വർഗീയകലാപങ്ങളെ മുന്നിൽനിന്ന്‌ നേരിട്ട വ്യക്തിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ തനതായ മതേതരസംസ്കാരം ഉയർത്തിപ്പിടിക്കുന്ന നേതാവാണ്‌ അദ്ദേഹം. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന്‌ കൺവീനർ മറുപടി നൽകി. കേരളത്തിന്റെ നവോത്ഥാനകാലത്തിന്റെ പ്രതീക്ഷകൾ ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ പേരിൽ രൂപീകരിച്ച എസ്‌എൻഡിപിയെ ചാതുർവർണ്യത്തിന്റെ കൂടെ കൊണ്ടുപോയ ആളാണ്‌ വെള്ളാപ്പള്ളിയെന്നും വൈക്കം വിശ്വൻ കുറ്റപ്പെടുത്തി.


എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഇന്ന്‌
മലപ്പുറം: പ്രധാനമുന്നണി സ്ഥാനാർഥികൾ വോട്ട്‌ തേടി രംഗത്തെത്തിയതോടെ മലപ്പുറത്ത്‌ വാശിയേറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥി മുസ്ലിംലിഗിലെ പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ പത്രിക സമർപ്പിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. എം ബി ഫൈസൽ ഇന്ന്‌ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ എൻഡിഎ സ്ഥാനാർഥി എൻ ശ്രീപ്രകാശ്‌ പത്രിക സമർപ്പിക്കും.
യുഡിഎഫ്‌ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവെൻഷനും ഇന്നലെ പൂർത്തിയായി. എൽഡിഎഫ്‌ സ്ഥാനാർഥി എം ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഇന്ന്‌ വൈകുന്നേരം നാലുമണിക്ക്‌ മലപ്പുറം ടൗൺഹാളിൽ ചേരും. കൺവെൻഷൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ്‌ കൺവീനർ വൈക്കം വിശ്വൻ, പി കെ ശ്രീമതി എംപി, സത്യൻ മൊകേരി, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ ടി ജലീൽ, കെ കൃഷ്ണൻകുട്ടി എംഎൽഎ, ഉഴവൂർ വിജയൻ, പ്രൊഫ. എ പി അബ്ദുൾവഹാബ്‌, പി ടി എ റഹിം എംഎൽഎ, എ വിജയരാഘവൻ, പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം, കെ ആർ അരവിന്ദാക്ഷൻ, ഫ്രാൻസിസ്‌ ജോർജ്ജ്‌, തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
മലപ്പുറം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയും ഇതേ കൺവൻഷനിൽ രൂപീകരിക്കും. എൽഡിഎഫ്‌ നിയമസഭാ മണ്ഡലം കൺവൻഷനുകൾ 23, 24 തീയതികളിൽ ചേരും. 23ന്‌ മഞ്ചേരി, കൊണ്ടോട്ടി, മങ്കട, പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം കൺവൻഷനുകളും 24ന്‌ വള്ളിക്കുന്ന്‌, വേങ്ങര മണ്ഡലം കൺവൻഷനുകൾ ചേരും. വൈകിട്ട്‌ നാലിനാണ്‌ യോഗങ്ങൾ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ എ പ്രദീപ്കുമാർ, ജെയിംസ്‌ മാത്യു, ടി വി രാജേഷ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ചന്ദ്രൻ, എൻ എൻ കൃഷ്ണദാസ്‌ തുടങ്ങിയവരും ഘടകകക്ഷി നേതാക്കളും കൺവൻഷനുകളിൽ പങ്കെടുക്കും.
നാളെ നടക്കുന്ന എൻഡിഎ ലോകസഭാമണ്ഡലം കൺവെൻഷൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

  Categories:
view more articles

About Article Author