Friday
20 Apr 2018

ഫാസിസത്തിന്‌ തിരിച്ചടി നൽകാൻ അവസരം

By: Web Desk | Thursday 13 July 2017 4:55 AM IST

രാജ്യത്ത്‌ ജനാധിപത്യ-മതേതര മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്നും ഫാസിസ്റ്റ്‌ ശക്തികൾക്ക്‌ തിരിച്ചടി നൽകാനുള്ള സമയം ആസന്നമായെന്നും വിളിച്ചോതാനുള്ള അവസരമാണ്‌ വരാനിരിക്കുന്ന രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ. ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പിന്തുണ അറിയിച്ച ഗോപാൽകൃഷ്ണ ഗാന്ധിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വം ഫാസിസ്റ്റ്‌ വിരുദ്ധ പോരാട്ടങ്ങൾക്ക്‌ വേണ്ടിയുള്ള വലിയൊരു സാധ്യതയും അവസരവുമാണ്‌ തുറന്നിട്ടിക്കുന്നത്‌. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്‌ കോൺഗ്രസ്‌ നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന മീരാകുമാറിനെ പിന്തുണയ്ക്കില്ലെന്ന്‌ പ്രഖ്യാപിച്ച ജനതാദൾ യു ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക്‌ ഗോപാൽകൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന്‌ ഔദ്യോഗികമായി അറിയിച്ചത്‌ രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾക്ക്‌ വലിയ കരുത്തും ആവേശവുമാണ്‌ പകർന്നിരിക്കുന്നത്‌ എന്നതിൽ സംശയമില്ല.
മോഡി ഭരണത്തിന്റെ മൂന്നാണ്ടുകൾ രാജ്യത്തിനകത്ത്‌ മാത്രമല്ല പുറത്തും ഫാസിസത്തിന്റെയും അധികാരപ്രമത്തതയുടെയും ലക്ഷണങ്ങളെല്ലാം പുറത്തെടുത്തിട്ടുണ്ട്‌. കശാപ്പ്‌ നിരോധനവും അതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ കൊലപാതകങ്ങളും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പ്രവൃത്തികളും ലോകത്തിന്‌ മുന്നിൽ ഇന്ത്യയെ പ്രാകൃതവത്ക്കരിക്കുന്നതിന്‌ തുല്യമായി.
സ്വാതന്ത്ര്യാനന്തരം ലോകത്തിന്‌ മുന്നിൽ ഇന്ത്യ നട്ടെല്ലുയർത്തിനിന്നത്‌ സമ്പത്തിന്റെയും ആയുധശക്തിയുടെയും പിൻബലത്തിൽ ആയിരുന്നില്ല. ദീർഘകാലം വൈദേശികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം ലോകത്തെ സമാനജനവിഭാഗങ്ങൾക്ക്‌ ആശ്വാസവും പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന ചാലകശക്തിയായാണ്‌ പ്രവർത്തിച്ചത്‌. ചേരിചേരാനയവും സോഷ്യലിസ്റ്റ്‌-മതേതര കാഴ്ചപ്പാടുകളും ജനാധിപത്യവിശ്വാസവും ഇന്ത്യയെ ലോകരാഷ്ട്രങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്നതിന്‌ പ്രാപ്തമാക്കി. ആറ്‌ പതിറ്റാണ്ടുകളോളം രാജ്യം കാത്തുസൂക്ഷിച്ച എല്ലാ മൂല്യങ്ങളെയും ഒറ്റയടിക്ക്‌ തരിപ്പണം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമൊത്ത്‌ വടക്കൻ ഇസ്രയേലിലെ ഓൾഗ കടൽത്തീരത്ത്‌ ചിരിച്ചുല്ലസിക്കുന്ന മോഡിയുടെ ചിത്രം രാജ്യത്തെ സംഘപരിവാർ സംഘടനകൾക്കും ലോകത്തെ മറ്റ്‌ ഫാസിസ്റ്റ്‌ ശക്തികൾക്കും വലിയ ആവേശമുണ്ടാക്കിയിരിക്കും. എന്നാൽ ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്വമറിഞ്ഞിരുന്ന, പിന്തുണ ലഭിച്ചിരുന്ന അസംഖ്യം രാഷ്ട്രങ്ങൾക്ക്‌ ഇത്‌ വലിയ ആഘാതമാണുണ്ടാക്കിയിരിക്കുമെന്നതിൽ സംശയമില്ല. സ്വന്തം മണ്ണിന്‌ വേണ്ടി പോരാടുന്ന പലസ്തീൻ ജനതയ്ക്ക്‌ പിന്തുണയും സഹായവും നൽകിയ, അവരുടെ എക്കാലത്തെയും മഹാനായിരുന്ന നേതാവ്‌ യാസർ അരാഫത്തിന്റെ പലവട്ടം ആതിഥ്യമരുളിയ, ഇന്ത്യ എന്ന ആത്മസുഹൃത്ത്‌ ഒരു സുപ്രഭാതത്തിൽ തങ്ങളുടെ മണ്ണിനെയും മനുഷ്യരെയും കാർന്നുതിന്നുന്ന കൂട്ടരുടെ കൂടെ ഉല്ലസിക്കുന്ന കാഴ്ചയ്ക്ക്‌ സാക്ഷിയാകേണ്ടി വന്നത്‌ സത്യത്തിൽ ലോകദുരന്തം തന്നെയായിരുന്നു.
സംഘപരിവാർ ശക്തികൾ വ്യക്തമായ പദ്ധതിയോടെയും ആസൂത്രണത്തോടെയും രാജ്യത്തിനകത്തും പുറത്തും തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ ഒന്നൊന്നായി പുറത്തെടുത്ത്‌ നടപ്പിലാക്കുകയാണ്‌. ഈ പോക്ക്‌ ഇന്ത്യയെ എവിടെക്കൊണ്ടെത്തിക്കുമെന്ന്‌ പ്രവചിക്കാനാവില്ല. എന്നാൽ ഇക്കൂട്ടർക്ക്‌ ഇന്ത്യയെ വിട്ടുകൊടുക്കാനാവില്ലെന്ന്‌ രാജ്യത്തെ മതേതര-ജനാധിപത്യ ചേരികൾ ഉറച്ച തീരുമാനമെടുക്കണം. ഇതിനുള്ള ആദ്യ അവസരമാണ്‌ രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ ബി ജെ പിയും ആർ എസ്‌ എസും എന്തുവിലകൊടുക്കാനും തയ്യാറാകും. കാരണം ഇവിടത്തെ പരാജയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മരണമണി മുഴക്കുമെന്ന്‌ അവർക്ക്‌ വ്യക്തമായ ബോധ്യമുണ്ട്‌.
ദേശീയ തലത്തിൽ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും സോഷ്യലിസ്റ്റ്‌ രാഷ്ട്രീയ ശക്തികളും നേതൃത്വം നൽകുന്ന പ്രതിപക്ഷ നിരയിലേക്ക്‌ കൂടുതൽ പാർട്ടികളെയും ജനാധിപത്യശക്തികളെയും അണിനിരത്തേണ്ടതുണ്ട്‌. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന കേന്ദ്രഭരണകൂടത്തെ തൂത്തെറിയാനുള്ള ‘ട്രയൽ റൺ’ ആണ്‌ രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്‌ മീരാകുമാറിനെ പിന്തുണയ്ക്കാൻ വിമുഖത കാണിച്ചവർ പോലും ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക്‌ ഗോപാൽകൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നത്‌ പ്രതിപക്ഷ നിരയിൽ വലിയ പ്രതീക്ഷകൾക്ക്‌ വക നൽകുന്നുണ്ട്‌. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ രാജ്യത്തെ മതേതര-ജനാധിപത്യ ശക്തികൾ മാത്രം പോരാ മറിച്ച്‌ ദളിത്‌-ആദിവാസി-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണയും സഹായവും സഹകരണവും ഉറപ്പാക്കണം. മോഡി ഭരണത്തിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്ന ഈ ജനവിഭാഗങ്ങൾക്കിടയിലേക്ക്‌ കടന്നുചെല്ലാൻ രാജ്യത്തെ ഇടതുപക്ഷ-സോഷ്യലിസ്റ്റ്‌-മതേതര ശക്തികൾക്ക്‌ കഴിയണം. അവർക്കുമാത്രമേ അതിനാകൂ. വൈദേശിക ശക്തികൾക്കെതിരായ പോരാട്ടത്തിന്‌ നേതൃത്വം നൽകിയ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയിലൂടെ രാജ്യത്തെ സംഘപരിവാർ ശക്തിയുടെ മുനയൊടിക്കാൻ ലഭിച്ച അവസരം പാഴാക്കരുത്‌.