ഫാസിസത്തെ ചെറുക്കാൻ തങ്ങൾ മാത്രം മതി എന്ന നിലപാടിനോട്‌ യോജിപ്പില്ല : കാനം

ഫാസിസത്തെ ചെറുക്കാൻ തങ്ങൾ മാത്രം മതി എന്ന നിലപാടിനോട്‌ യോജിപ്പില്ല : കാനം
July 17 04:45 2017

എൻ ഇ ബാലറാം-പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം
മയ്യിൽ (കണ്ണൂർ): കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്ത്‌ വളർന്നുവരുന്ന ഫാസിസത്തെ ചെറുക്കാൻ ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന്‌ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻ ഇ ബാലറാം-പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തെ ചെറുക്കാൻ തങ്ങൾ മാത്രം മതിയെന്ന ചിലരുടെ നിലപാടിനോട്‌ സിപിഐക്ക്‌ യോജിപ്പില്ല. ഫാസിസ്റ്റ്‌ വിരുദ്ധ ജനകീയ മുന്നണി രാജ്യത്ത്‌ കെട്ടിപ്പടുക്കണമെന്നത്‌ സിപിഐ പാർട്ടി കോൺഗ്രസ്‌ തീരുമാനമാണ്‌. ഇടതുപക്ഷ മുഖ്യധാര പാർട്ടികളുടെ ഐക്യം മാത്രമല്ല അതിന്‌ വേണ്ടത്‌. സിപിഐ യും സിപിഐഎമ്മും തമ്മിൽ ഇപ്പോഴുള്ള ഐക്യം പോലെ മറ്റ്‌ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളെയും ഇടതുപക്ഷ പാർട്ടികളെയും ജനാധിപത്യശക്തികളെയും ഒരുമിപ്പിച്ച്‌ വിശാല ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്‌. ഇടതുപക്ഷത്തിന്‌ ഒപ്പം നിർത്താൻ കഴിയുന്ന പാർട്ടികളെയെല്ലാം ഒരുമിച്ച്‌ നിർത്താനുള്ള മനസ്സ്‌ കാണിക്കണം. തിരഞ്ഞെടുപ്പ്‌ സഖ്യമായി ഇതിനെ കാണുന്നത്‌ ശരിയല്ല. കേന്ദ്രത്തിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ ഭരിക്കുമ്പോൾ കേരളത്തിൽ എൽഡിഎഫും യുഡിഎഫും നേരിട്ട്‌ ഏറ്റുമുട്ടുകയായിരുന്നുവെന്നതും ഓർക്കണമെന്ന്‌ കാനം പറഞ്ഞു.
ഭാരതീയ പാരമ്പര്യം വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും, ആസ്തികന്റെയും നാസ്തികന്റെയും സംവാദങ്ങളുടെ ആകെത്തുകയാണെന്ന്‌ ബാലറാം പറഞ്ഞിരുന്നു. ചരകനും കണാദനും ഉൾപ്പെടെയുള്ളവരുടെ ഭൗതിക പാരമ്പര്യം നമുക്കുണ്ടായിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിൽ പഴയ മിത്തുകളെ യാഥാർത്ഥ്യം ആണെന്ന്‌ പ്രചരിപ്പിച്ച്‌ ഭാരതീയ ഭൗതിക പാരമ്പര്യത്തെ വിപരീത ദിശയിൽ നടത്തുന്നതിനാണ്‌ ആർ എസ്‌ എസ്‌ ശ്രമിക്കുന്നത്‌. എൻ ഇ ബാലറാമിന്റെ സ്മരണ എന്നത്‌ ബ്രാഹ്മണ മേധാവിത്തത്തിനെതിരെ ചാതുർവർണ്യത്തിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണെന്നും കാനം പറഞ്ഞു.
ഫാസിസമെന്ന വലിയ വിപത്തിനെതിരെ രാജ്യത്ത്‌ വിശാല ഐക്യം കെട്ടിപ്പടുക്കാൻ സിപിഐ ശ്രമിക്കുമ്പോൾ അതിനെ കോൺഗ്രസിന്റെ കൂടെ പോകാനുള്ള ശ്രമമെന്നാണ്‌ ചിലർ പ്രചരിപ്പിക്കുന്നതെന്നും അത്തരത്തിൽ ആരും മനപ്പായസമുണ്ണരുതെന്നും ചടങ്ങിൽ പങ്കെടുത്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ്‌ അംഗം കെ ഇ ഇസ്മയിൽ പറഞ്ഞു.
വർഗീയതക്കെതിരെ നിലപാട്‌ എടുക്കുന്നതിൽ കേരളത്തിലെ ജനങ്ങൾ ഒന്നാം സ്ഥാനത്താണെന്ന്‌ പോസ്കോ വിരുദ്ധ സമരത്തിന്റെ നായകനും സി പി ഐ ദേശീയ കൗൺസിൽ അംഗവുമായ അഭയ്‌ സാഹു പറഞ്ഞു. നരേന്ദ്രമോഡിയുടെ അനുയായികൾ നടത്തുന്ന കൊലപാതകത്തെക്കാൾ ഭീകരമായത്‌ മോഡി ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും കൊല്ലുന്നതാണ്‌. മൂലധനശക്തികളും വർഗീയശക്തികളും ഒരുമിച്ചാണ്‌ ബിജെപിക്ക്‌ ഭരണം ലഭിച്ചത്‌. ഭാവി ബി ജെ പിയുടേതല്ല, കോൺഗ്രസിന്റേതുമല്ല ഭാവി കമ്മ്യൂണിസ്റ്റിന്റേതാണെന്‌ അഭയ്‌ സാഹു പറഞ്ഞു.
പാർട്ടി ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാർ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം വി കെ സുരേഷ്‌ ബാബു, മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു. അഭയ്‌ സാഹുവിന്‌ സി രവീന്ദ്രൻ ഉപഹാരം നൽകി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി പി സന്തോഷ്കുമാർ, സി പി മുരളി, എ പ്രദീപൻ എന്നിവർ പങ്കെടുത്തു.
കണ്ണൂർ-കാസർകോട്‌ ജില്ലകളിലെ ബീഡി-കൈത്തറി തൊഴിലാളികളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക്‌ പി പി മുകുന്ദൻ സ്മാരക എന്റോവ്മെന്റ്‌ ചടങ്ങിൽ വെച്ച്‌ വിതരണം ചെയ്തു. പ്ലസ്‌ ടു വിഭാഗത്തിൽ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ ശശി വീവേഴ്സ്‌ ഇൻഡസ്ട്രീസ്‌ കോ.ഓപ്‌.സൊസൈറ്റിയിലെ നെയ്ത്തു തൊഴിലാളി കൊഴുമ്മലിലെ പി ഭാസ്ക്കരന്റെയും ലതയുടെയും മകൾ എം ലയന, എസ്‌എസ്‌എൽസി വിഭാഗത്തിൽ കരിവെള്ളൂർ വീവേഴ്സ്‌ കോ.ഓപ്‌.സൊസൈറ്റിയിലെ നെയ്ത്തു തൊഴിലാളി കരിവെള്ളൂർ തെരുവിലെ എം സതിയുടെയും കെ വി രാജന്റെയും മകൾ കെ വി ശ്രീലക്ഷ്മി എന്നിവരാണ്‌ പുരസ്കാരത്തിന്‌ അർഹരായത്‌. കൃഷിഭൂമി പുരസ്കാരജേതാക്കളായ കെ എം ദാമോദരൻ, കെ എം രാജൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

  Categories:
view more articles

About Article Author