Monday
23 Jul 2018

ഫാസിസ്റ്റ്‌ വാഴ്ചയെ ചെറുക്കാനുള്ള യുവജന-വിദ്യാർത്ഥി മുന്നേറ്റമായി ലോങ്ങ്‌ മാർച്ച്‌ നാളെ മുതൽ

By: Web Desk | Friday 14 July 2017 4:55 AM IST

മഹേഷ്‌ കക്കത്ത്‌

“സേവ്‌ ഇന്ത്യ-ചെയ്ഞ്ച്‌ ഇന്ത്യ” എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ്‌- എ ഐ എസ്‌ എഫ്‌ ദേശീയ കൗൺസിലുകളുടെ നേതൃത്വത്തിലുള്ള ലോങ്ങ്‌ മാർച്ച്‌ നാളെ കന്യാകുമാരിയിൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ സെപ്തംബർ പന്ത്രണ്ടിന്‌ പഞ്ചാബിലെ അതിർത്തി ഗ്രാമമായ ഹുസൈനിവാലയിൽ വൻറാലിയോടെ സമാപിക്കും.
എ ഐ വൈ എഫ്‌ ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, പ്രസിഡന്റ്‌ അഫ്താഫ്‌ ആലംഖാൻ, എ ഐ എസ്‌ എഫ്‌ ദേശീയ ജനറൽ സെക്രട്ടറി വിശ്വജിത്‌ കുമാർ, ദേശീയ പ്രസിഡന്റ്‌ സയ്യദ്‌ വലിയുള്ള ഖാദരി എന്നീ യുവജന-വിദ്യാർത്ഥി നേതാക്കൾ നയിക്കുന്ന ലോങ്ങ്‌ മാർച്ച്‌ അറുപതു ദിവസക്കാലമാണ്‌ രാജ്യത്താകെ പര്യടനം നടത്തുന്നത്‌. ഇരുന്നൂറ്റി അമ്പത്‌ കേന്ദ്രങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകും. ജൂലൈ 15 മുതൽ 19 വരെ കേരളത്തിൽ പര്യടനം നടത്തുന്ന ലോങ്ങ്‌ മാർച്ചിന്‌ പത്ത്‌ കേന്ദ്രങ്ങളിലാണ്‌ സ്വീകരണം.
സംഘപരിവാറിന്റെ ഫാസിസ്റ്റ്‌ വാഴ്ചയെ ചെറുക്കുക, നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, ദളിത്‌-ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾ അമർച്ച ചെയ്യുക, വിദ്യാഭ്യാസത്തിന്റെ വർഗീയ-വാണിജ്യവൽക്കരണം ഉപേക്ഷിക്കുക, സൗജന്യവും, ശാസ്ത്രീയവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക്‌ പരിഹാരം കാണുക, ഭഗത്സിംഗ്‌ നാഷണൽ എമ്പ്ലോയ്മെന്റ്‌ ഗ്യാരണ്ടി ആക്ട്‌ നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കുക, തെരഞ്ഞെടുപ്പ്‌ രീതി സമഗ്രമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ലോങ്ങ്‌ മാർച്ച്‌ മുന്നോട്ടു വെക്കുന്നത്‌. ഈ മുദ്രാവാക്യങ്ങൾ ഉന്നയിച്ച്‌ 2016 നവംബർ 22-ന്‌ നടന്ന പാർലമെന്റ്‌ മാർച്ചിന്റെ തുടർച്ചയാണ്‌ ഈ പ്രക്ഷോഭ ജാഥ.
‘ഇന്ത്യയെ മാറ്റുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി 1987-ൽ എ ഐ വൈ എഫ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോങ്ങ്‌ മാർച്ച്‌ ഇന്ത്യയുടെ അഞ്ച്‌ കേന്ദ്രങ്ങളിൽ നിന്ന്‌ ആരംഭിച്ച്‌ സൈക്കിളിലാണ്‌ സഞ്ചരിച്ചത്‌. ഭാരതത്തിന്റെ ഹൃദയ ഭൂമികളിലൂടെ പര്യടനം നടത്തി ഡൽഹിയിൽ സമാപിച്ച ലോങ്ങ്‌ മാർച്ച്‌ യുവജന സമര ചരിത്രത്തിൽ പുത്തൻ അദ്ധ്യായം എഴുതി ചേർക്കുകയായിരുന്നു.
പിറന്ന നാടിന്റെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി പ്രയാണം പൂർത്തിയാക്കിയ ചരിത്രപ്രസിദ്ധമായ ലോങ്ങ്‌ മാർച്ചിനു ശേഷം “ഹമാര ഭവിഷ്യ ഹമാര ഭാരത്‌” എന്ന മുദ്രാവാക്യവുമായി 1995 ഡിസംബർ പതിനാലിന്‌ നടന്ന വമ്പിച്ച പാർലമെന്റ്‌ മാർച്ചിന്റെ പ്രചരണാർത്ഥം എ ഐ വൈ എഫ്‌ – എ ഐ എസ്‌ എഫ്‌ നേതൃത്വത്തിൽ തിരുവനന്തപുരം, ജമ്മു, ഇംഫാൽ എന്നീ കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച ഭാരത പര്യടന ജാഥകളും ദേശീയ ശ്രദ്ധ നേടിയ ക്യാമ്പയിനായിരുന്നു.
ഒറ്റ ജാഥയായി അറുപതു ദിവസം നീണ്ടുനിൽക്കുന്ന ലോങ്ങ്‌ മാർച്ചാണ്‌ കന്യാകുമാരിയിൽ നിന്ന്‌ ആരംഭിക്കുന്നത്‌. മൂന്ന്‌ പതിറ്റാണ്ടിനു ശേഷം എ ഐ വൈ എഫ്‌ – എ ഐ എസ്‌ എഫ്‌ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു ദേശീയ ജാഥ. വ്യത്യസ്ത ഭാഷകൾ, കാലാവസ്ഥ, വ്യത്യസ്ത നിലവാരത്തിലുള്ള സംഘടനാ സ്വാധീനം ഇതൊക്കെ ലോങ്ങ്‌ മാർച്ചിന്‌ വെല്ലുവിളികൾ ആണെങ്കിലും ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിക്കൊണ്ടുള്ള സമരമുഖം തുറക്കുകയാണ്‌ ഈ ലോങ്ങ്‌ മാർച്ചിലൂടെ യുവജനങ്ങളും വിദ്യാർത്ഥികളും ചെയ്യുന്നത്‌.
‘സേവ്‌ ഇന്ത്യ-ചെയ്ഞ്ച്‌ ഇന്ത്യ’ എന്ന മുദ്രാവാക്യം വീണ്ടും ഉയർത്തുമ്പോൾ സങ്കീർണമായ സാമൂഹ്യ സാഹചര്യങ്ങളാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നത്‌. ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും ഉൾപ്പെടെ നോക്കുകുത്തിയാക്കി ഏകാധിപത്യ വാഴ്ച നടത്തുന്ന നരേന്ദ്ര മോദിയുടെ ഭരണകൂടത്തിനെതിരെ നിലക്കാത്ത പോരാട്ടം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന പ്രസക്തമായ ചോദ്യം ഉയർത്തിക്കൊണ്ടാണ്‌ ലോങ്ങ്‌ മാർച്ച്‌ ആരംഭിച്ചിരിക്കുന്നത്‌. ഏറ്റവും അനിവാര്യമായ സമയത്താണ്‌ ഇന്ത്യയെ മാറ്റാനും രക്ഷിക്കാനുമുള്ള ആഹ്വാനവുമായി എഐവൈഎഫും എഐഎസ്‌എഫും മുന്നോട്ടു പോകുന്നത്‌. പല നിലയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരോട്‌ ഞങ്ങളുണ്ട്‌ കൂടെ എന്നാണ്‌ ലോങ്ങ്‌ മാർച്ച്‌ പ്രഖ്യാപിക്കുന്നത്‌. ജനവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതുന്ന ജനതയോട്‌ ഒപ്പം ചേർന്ന്‌ ലോങ്ങ്‌ മാർച്ച്‌ ആഹ്വാനം ചെയ്യുന്നത്‌ പോരാട്ടങ്ങൾ തുടരാനാണ്‌. ആ സമരത്തെ മുന്നിൽ നിന്ന്‌ നയിക്കുമെന്ന സന്ദേശമാണ്‌ ലോങ്ങ്‌ മാർച്ച്‌ സാധാരണ ജനങ്ങൾക്ക്‌ കൈമാറുന്നത്‌.
ഭരണത്തിൽ വന്ന്‌ മൂന്ന്‌ വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ഫാസിസത്തിലേക്ക്‌ നയിക്കുകയാണ്‌. ആഹാരം, വസ്ത്രം, ഭാഷ, മതം, ജാതി, തൊഴിൽ, വിശ്വാസം, സമ്പത്ത്‌ തുടങ്ങിയവയെല്ലാം മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആയുധമാക്കി മാറ്റുകയാൺ്‌. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരെ തുടർച്ചയായ കടന്നാക്രമണങ്ങൾ നടക്കുന്നു. നരേന്ദ്രമോദി സർക്കാർ ആർ എസ്‌ എസ്‌ ക്രിമിനൽ സംഘങ്ങൾ നടത്തുന്ന എല്ലാ കൊള്ളരുതായ്മകൾക്കും സംരക്ഷണം നൽകുകയാണ്‌. നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും എതിരെ വിമർശനം ഉന്നയിക്കുന്നവരേയും സംഘപരിവാറിനെതിരെ ശബ്ദിക്കുന്നവരേയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ച്‌ കടന്നാക്രമിക്കുന്നു.
ഭരണകൂടം ഭൂരിപക്ഷം വരുന്ന മനുഷ്യർക്ക്‌ എതിരാകുമ്പോൾ അതിന്റെ മുന്നിൽ നിസംഗരായി നിൽക്കാൻ മനസ്സില്ല എന്ന്‌ പ്രഖ്യാപിച്ച്‌ വലിയ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നുണ്ട്‌. രാജ്യം അടുത്ത കാലത്ത്‌ കണ്ട യുവജന വിദ്യാർത്ഥി സമരങ്ങളും ദളിത്‌ മുന്നേറ്റവും തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തുന്ന പ്രക്ഷോഭങ്ങളും കർഷക സമരങ്ങളുമൊക്കെ ഉദാഹരണങ്ങളാണ്‌. രോഹിത്‌ വെമുല എന്ന ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യ, എ ഐ എസ്‌ എഫ്‌ നേതാവും ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം, പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം, ദാദ്രിയിലെ മുഹമ്മദ്‌ അഖ്ലഖിനെ തല്ലികൊന്നതിനെതിരായി രാജ്യത്ത്‌ ഉയർന്നുവന്ന പ്രതിഷേധം ഇതൊക്കെ കാണിക്കുന്നത്‌ മനുഷ്യന്റെ പോരാടാനുള്ള മനസ്സ്‌ അവന്‌ നഷ്ടപ്പെട്ടിട്ടില്ല എന്നാണ്‌.
ചത്ത പശുവിന്റെ തോല്‌ എടുക്കുന്നതിന്റെ പേരിൽ ഗുജറാത്തിലെ ഉനയിൽ നാല്‌ ദളിത്‌ യുവാക്കളെ മർദ്ദിക്കുകയും തെരുവിലൂടെ നടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച്‌ 2016 ജൂലൈ 31-ന്‌ അഹമ്മദാബാദിൽ നടന്ന ദളിത്‌ സമ്മേളനത്തിൽവെച്ച്‌ പശുക്കളുടെ ജഡം സംസ്കരിക്കൽ, തോട്ടിപ്പണി അടക്കമുള്ള തൊഴിലുകൾ ഉപേക്ഷിക്കുമെന്ന്‌ ആയിരങ്ങൾ പ്രതിജ്ഞ എടുത്തു. ആഗസ്റ്റ്‌ അഞ്ചിന്‌ അഹമ്മദാബാദിൽ നിന്നും ആരംഭിച്ച്‌ പത്തു ദിവസം കൊണ്ട്‌ നാന്നൂറിൽപ്പരം കിലോമീറ്റർ സഞ്ചരിച്ച്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ്‌ പതിനഞ്ചിന്‌ ഉനയിൽ സമാപിച്ച ‘ദളിത്‌ അസ്മിത യാത്ര’ പാവപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. നരേന്ദ്ര മോദിയുടെ ഗുജറാത്ത്‌ മോഡൽ എന്ന വായ്ത്താരിക്കേറ്റ കനത്ത തിരിച്ചടിയായി ഉനയിൽ നടന്ന പ്രതിഷേധം.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വോട്ട്‌ ചോദിച്ചത്‌ നല്ല ദിനങ്ങൾ കൊണ്ടുവരുന്നതിന്‌ ആയിരുന്നു. ഇപ്പോൾ കേന്ദ്രത്തിലെ ബി ജെ പി സർക്കാർ മൂന്ന്‌ വർഷം പിന്നിട്ടിരിക്കുന്നു. ആർക്കാണ്‌ നല്ല ദിനങ്ങൾ വന്നത്‌. ഇന്ത്യയിലെ 130 കോടിയിലേറെ വരുന്ന ജനങ്ങളിൽ കേവലം പത്ത്‌ ശതമാനം വരുന്ന അതിസമ്പന്നരുടേയോ ഉയർന്ന മധ്യവർഗത്തിന്റേയോ നല്ല ദിനങ്ങളിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. മഹാഭൂരിപക്ഷത്തിന്‌ നൽകിയത്‌ മഹാദുരിതങ്ങളാണ്‌. ദുരന്ത ദിനങ്ങളാണ്‌. ആത്മഹത്യ ചെയ്യുന്ന കർഷകനും പട്ടിണി കിടക്കുന്ന സാധാരണ മനുഷ്യരും ചികിൽസ കിട്ടാതെ മരിക്കുന്ന പാവപ്പെട്ടവരും പശുവിന്റെ പേരിൽ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളും മോദിയുടെ ഡിജിറ്റൽ ഭരണത്തിന്റെ പരിധിക്ക്‌ പുറത്താണ്‌. മോദി ഭരിക്കുന്ന ഇന്ത്യ കോർപ്പറേറ്റുകളുടേയും അവരുടെ ആശ്രിതരുടേയും മാത്രം ഇന്ത്യയാണ്‌.
ഭരണത്തിൽ വന്നാൽ അഞ്ചു വർഷംകൊണ്ട്‌ പത്തുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന്‌ പ്രഖ്യാപിച്ച്‌ വോട്ട്‌ ചോദിച്ചവരാണ്‌ ബിജെപിക്കാർ. മൂന്ന്‌ വർഷംകൊണ്ട്‌ ആറ്‌ ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നാണ്‌ കേന്ദ്ര സർക്കാരിന്റെ അവകാശവാദം. മൂന്നു വർഷം കൊണ്ട്‌ രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്‌. എന്നിട്ട്‌ ആറ്‌ ലക്ഷത്തിന്റെ കണക്കു പറയുന്നു.
കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തെ കാവി പുതപ്പിക്കാനുള്ള നല്ല പരിശ്രമം നടത്തുകയാണ്‌. ദേശീയ വിദ്യാഭ്യാസ നയം കരട്‌ പ്രസിദ്ധീകരിച്ചതോടെ ആ കാര്യം ആധികാരികമായി വ്യക്തമായിരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിനായുള്ള ടി എസ്‌ ആർ സുബ്രഹ്മണ്യം റിപ്പോർട്ട്‌ മുഖ്യമായി ഊന്നുന്നത്‌ വിദ്യാഭ്യാസ രംഗത്തെ ത്വരിതഗതിയിൽ സ്വകാര്യവൽക്കരിക്കുന്നതിനും വർഗീയവൽക്കരിക്കാനുമാണ്‌.
പെട്രോളിയം ഉൽപന്നങ്ങളുടെ നില നിയന്ത്രണം എടുത്തുകളയുക മാത്രമല്ല ദിവസേന വില കയറ്റിക്കൊണ്ടിരിക്കുന്നു. പാചക വാതകത്തിനുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു. റയിൽ-ചരക്ക്‌ യാത്രക്കൂലി നിരവധി തവണ വർദ്ധിപ്പിച്ചു. സ്വകാര്യവൽക്കരണത്തിന്‌ ആക്കം കൂട്ടിക്കൊണ്ട്‌ റയിൽവെയിൽ പി പി പി അടിസ്ഥാനത്തിൽ റയിൽവെ സ്റ്റേഷൻ മുതൽ സോളാർ പാനൽവരെ കച്ചവടം ചെയ്യുന്നു. സ്വകാര്യ ഗുഡ്സ്‌ ട്രയിൻ സർവ്വീസ്‌ ആരംഭിച്ചിരിക്കുന്നു. പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പന തുടരുകയാണ്‌. ഇൻഷുറൻസ്‌ മേഖലയിൽ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. സ്വകാര്യ കമ്പനികളിലെ സർക്കാർ ഓഹരികൾ വിറ്റഴിച്ചുകൊണ്ടിരിക്കുന്നു, ഐ ടി സി, എൽ ആന്റ്‌ ടി, ആക്സിസ്‌ ബാങ്ക്‌ തുടങ്ങി പത്ത്‌ കമ്പനികളുടെ ഓഹരികളാണ്‌ വിൽപ്പനക്ക്‌ വെച്ചത്‌.
കാൽ നൂറ്റാണ്ടു മുമ്പ്‌ ആരംഭിച്ച നവ ലിബറൽ നയങ്ങളുടെ നാലാം തലമുറ പരിഷ്കാരങ്ങളിൽ എത്തിനിൽക്കുകയാണ്‌ ഇന്ത്യ. കോടീശ്വരന്മാരുടെ ഇന്ത്യയെ നിർമ്മിക്കാൻ സാധാരണ മനുഷ്യരുടെ ജീവിതം തകർത്തെറിയുകയാണ്‌. മുതലാളിമാർക്ക്‌ നല്ല നാളുകൾ സമ്മാനിക്കാൻ നമ്മളെന്തിന്‌ പട്ടിണി കിടക്കണമെന്ന ചോദ്യം ഏറ്റവും ശക്തമായി ഉയർന്നുവരേണ്ട ഘട്ടമാണിത്‌. കോർപ്പറേറ്റുകൾക്ക്‌ ആയിരക്കണക്കിന്‌ കോടി രൂപ നികുതി ഇളവുകൾ നൽകുന്ന രാജ്യം കർഷകന്‌ സബ്സിഡി ഇനത്തിൽ വിത്തും വളവും നിഷേധിക്കുകയും വിദ്യാഭ്യാസത്തിന്‌ ഫീസ്‌ വർദ്ധിപ്പിക്കാൻ മൽസരിക്കുകയും ചെയ്യുന്നു.
ഇത്തരം ഭ്രാന്തൻ തീരുമാനങ്ങൾക്കെതിരെ ഏറ്റവും ഉജ്ജ്വലമായ പോരാട്ടങ്ങൾ വളർന്നുവരണം. ആഹാര സ്വാതന്ത്ര്യം നിഷേധിച്ച്‌ മനുഷ്യരെ തല്ലി കൊല്ലുമ്പോൾ ഇത്‌ ജനാധിപത്യ ഇന്ത്യയാണെന്ന്‌ ഓർമ്മപ്പെടുത്താനുള്ള ബാധ്യത ജനങ്ങൾ ഏറ്റെടുക്കണം. ഇത്തരം ധീരമായ നിലപാടുകളുമായി എ ഐ വൈ എഫ്‌ – എ ഐ എസ്‌ എഫ്‌ നേതൃത്വത്തിൽ ക്യാമ്പസുകളിലും തെരുവുകളിലും നടത്തിക്കൊണ്ടിരിക്കുന്ന സമര മുന്നേറ്റത്തിന്റെ മറ്റൊരു ഘട്ടമാണ്‌ “സേവ്‌ ഇന്ത്യ-ചെയ്ഞ്ച്‌ ഇന്ത്യ” എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ലോങ്ങ്‌ മാർച്ച്‌. ഹൂസൈനിവാലയിൽ ലോങ്ങ്‌ മാർച്ച്‌ സമാപിക്കുന്ന സെപ്തംബർ പന്ത്രണ്ടിന്‌ ദേശീയ ഐക്യദാർഢ്യ ദിനമായി ആചരിക്കും.