ഫീനിക്സ്‌ പക്ഷി ഉയർത്തെഴുന്നേൽക്കാൻ ചാരമെങ്കിലുമാകണം

ഫീനിക്സ്‌ പക്ഷി ഉയർത്തെഴുന്നേൽക്കാൻ ചാരമെങ്കിലുമാകണം
April 30 04:45 2017

ഒഞ്ചിയം ഒരു ഓർമയാത്ര

പി കെ സബിത്ത്‌
“ബെൽറ്റും പടച്ചട്ടയുമണിഞ്ഞ 
കൃഷ്ണവർണമാർന്ന യന്ത്രങ്ങൾ
പൽചക്രവും വിദ്യുത്ഗദയുമായി
തൊഴിലാളിക്കുമേൽ ചാടിവീഴുന്നു.
യുവാക്കളുടെ ഹൃദയങ്ങൾ കോർമ്പയായി
കഴുത്തിലണിഞ്ഞ
പുതിയൊരു രുദ്രന്റെ കടുന്തുടിയിൽ
ദിക്കുകൾ കിടുകിടുക്കുന്നു”
(രക്തസാക്ഷികളുടെ രാത്രി-സച്ചിദാനന്ദൻ)

ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ഐക്യഗാഥകൾ പാടിയവർ സ്വന്തം ദേശത്തെ നിഷ്കളങ്കരായ കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാനുള്ള സംഘടിതശ്രമം ആരംഭിക്കുന്നത്‌ സ്വാതന്ത്ര്യാനന്തരമാണ്‌. ഒഞ്ചിയം വെടിവെപ്പും രക്തസാക്ഷിത്വവും ഓർമപ്പെടുത്തുന്ന വസ്തുതയാണിത്‌. അഹിംസയിൽ അധിഷ്ഠിതമായ സമരം നയിച്ച്‌ ഭാരതത്തെ സ്വതന്ത്രമാക്കി അധികാരവർഗങ്ങളായ വിഭാഗം പിൽക്കാലം ഹിംസയുടെ പര്യായമായി തീർന്നു. സ്വാതന്ത്ര്യാനന്തരം സാധാരണക്കാരായ ഗ്രാമീണജനത അനുഭവിക്കേണ്ടി വന്ന ഭരണകൂട ഭീകരതയുടെ ബാക്കിപത്രമായാണ്‌ ഒഞ്ചിയം വെടിവയ്പ്പിനെ വിലയിരുത്തേണ്ടത്‌. 1948-കളിലെ കേരളത്തിലെ മറ്റ്‌ ഗ്രാമങ്ങളെപോലെ ആത്മസമർപ്പണത്തിന്റെ പ്രതീകമായിരുന്നു ഒഞ്ചിയം. തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരിക്കലും ബ്രിട്ടീഷുകാരുടെ പൊലീസിനെപോലെ പെരുമാറില്ലെന്ന്‌ ഗ്രാമനന്മയുടെ വിശുദ്ധിയുടെ ബലത്തിൽ ഒഞ്ചിയം നിവാസികൾ അന്ധമായി വിശ്വസിച്ചു. എന്നാൽ ഭയവിഹ്വലരായ ഭരണകർത്താക്കൾ ജനകീയ പ്രതിരോധത്തെ സ്വേച്ഛാധിപത്യ ശൈലിയിൽ നിർദാക്ഷിണ്യം അടിച്ചമർത്തി. ഒഞ്ചിയം രക്തസാക്ഷിത്വം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഭരണകൂടം നടത്തിയ മർദനത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും രക്തപങ്കിലമായ അധ്യായമാണ്‌. കാലയവനികയ്ക്ക്‌ അപ്പുറവും ഇപ്പുറവുമുള്ള ഒഞ്ചിയത്തിന്റെ ഭൂതവർത്തമാനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്‌ നൈതികതയുടെ രാഷ്ട്രീയമാണ്‌. പിളർപ്പിന്റെയോ ശൈഥില്യത്തിന്റെയോ രാഷ്ട്രീയമല്ല. ഒഞ്ചിയത്തിന്റെ രണോത്സുകമായ ഭൂതകാല നിമിഷങ്ങളുടെ സ്പന്ദനം കേൾപ്പിച്ചുകൊണ്ട്‌ പതിറ്റാണ്ടുകൾക്കുമുമ്പ്‌ നടന്ന സംഭവപരമ്പരകളിലൂടെ ജനയുഗം വാരാന്തം നടത്തുന്ന ഓർമയാത്ര.

ഒഞ്ചിയം: 1948 ഏപ്രിൽ 29
രാത്രി 9 മണി
സിപിഐയുടെ കൽക്കത്താ കോൺഗ്രസിന്‌ ശേഷമുള്ള കുറുമ്പ്രനാട്‌ താലൂക്ക്‌ കമ്മിറ്റിയുടെ രഹസ്യയോഗം. പാർട്ടിയുടെ മലബാറിലെ പ്രമുഖനേതാവ്‌ പി ആർ നമ്പ്യാരുടെ റിപ്പോർട്ടിങ്‌ നടക്കുകയാണ്‌. 1948ലെ രാജ്യത്തിന്റെ പ്രത്യേക സാഹചര്യങ്ങളെ പറ്റിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി കൽക്കത്താ കോൺഗ്രസിൽ അംഗീകരിച്ച നയസമീപനങ്ങളും പി ആർ സവിസ്തരം പ്രതിപാദിച്ചു. ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തിവാഴുന്ന മലബാറിലെ വിവിധ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന ഇതിഹാസതുല്യമായ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
ഇന്നത്തെ കൊയിലാണ്ടി, വടകര താലൂക്കുകൾ ഉൾപ്പെടുന്ന കുറുമ്പ്രനാട്‌ താലൂക്ക്‌ സെക്രട്ടറി എം കുമാരൻ മാസ്റ്ററും അംഗങ്ങളായ ടികെകെ അബ്ദുള്ള, പി രാമക്കുറുപ്പ്‌, പി പി ശങ്കരൻ, എ കെ രാമൻ, ഇ സി അപ്പുനമ്പ്യാർ, എ കെ കൃഷ്ണൻ നായർ, എം കെ കേളു, കെ പി കുഞ്ഞിരാമൻ, എം ഗോപാലക്കുറുപ്പ്‌, പ്രത്യേക പ്രതിനിധി ടി സി ചാത്തു എന്നിവരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്‌. ചർച്ചകൾക്കും സംശയനിവാരണത്തിനും ശേഷം അർധരാത്രിക്ക്‌ മുമ്പ്‌ യോഗം അവസാനിപ്പിച്ച്‌ എല്ലാവരും പിരിഞ്ഞു. രഹസ്യയോഗം നടക്കുന്ന വിവരം എങ്ങനെയോ മണത്തറിഞ്ഞ കെപിസിസി താലൂക്ക്‌ പ്രസിഡന്റ്‌ എം കൃഷ്ണൻ സന്ദേശം ഉടൻ പൊലീസിന്‌ കൈമാറി. അർധരാത്രിയോടെ സായുധരായ എംഎസ്പി സൈന്യം ഒഞ്ചിയത്ത്‌ എത്തിച്ചേർന്നു.

ഒഞ്ചിയം: 1948 ഏപ്രിൽ 30
പുലർച്ചെ 4 മണി
പുലർകാലത്തെ പാതിമയക്കത്തിൽ ഒഞ്ചിയത്തെ ആബാലവൃദ്ധം ജനത ഒരു ശബ്ദം കേട്ടു. ചരലുകൾ നിറഞ്ഞ ചെമ്മൺ പാതയിൽ ഏതോ വസ്തു ഉരസുന്നതു പോലെയായിരുന്നു അത്‌. ബൂട്ടുകൾ നിലത്തുരയുന്ന ശബ്ദമായിരുന്നു അത്‌. വീടുകളിൽ ഉറങ്ങി കിടന്നവർ അപരിചിതമായ ഈ ശബ്ദം കേട്ടാണ്‌ ഞെട്ടിയുണർന്നത്‌. ഒഞ്ചിയത്തിന്റെ സർവദിക്കിലും ഭരണകൂട ധാർഷ്ട്യം നടപ്പിലാക്കാൻ എംഎസ്പി സൈന്യം വളഞ്ഞിരിക്കുകയാണ്‌. ഒഞ്ചിയത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ മണ്ടോടി കണ്ണന്റെ വീട്‌ അവർ ബലം പ്രയോഗിച്ച്‌ പരിശോധിച്ചു. വീടുകളിൽ കയറി ക്രൂരമായ ആക്രമണങ്ങളും ആരംഭിച്ചു. പൊലീസിന്റെ തേർവാഴ്ചയ്ക്ക്‌ ആവേശം കൂട്ടാനായി മറ്റൊരു സംഘം കൂടി എത്തി. നീല ട്രൗസർ, ഖദർ കുപ്പായം, വെള്ളത്തൊപ്പി ഇതായിരുന്നു സഹായി സംഘത്തിന്റെ വേഷം. കമ്മ്യൂണിസ്റ്റുകാരുടെ ഒളിത്താവളങ്ങൾ കാണിച്ചുകൊടുക്കാൻ കോൺഗ്രസുകാർ രൂപീകരിച്ച സൈന്യം. ഒഞ്ചിയത്തെ കർഷകർ പകലന്തിയോളം അധ്വാനിച്ച്‌ ഉണ്ടാക്കുന്ന വാഴക്കുലകൾ വെട്ടിയെടുത്ത്‌ ചെറുപയറും ചേർത്ത്‌ പുഴുങ്ങിത്തിന്ന്‌ ഊരുചുറ്റി നടക്കുന്ന ഇവർക്ക്‌ ഒഞ്ചിയം ഗ്രാമവാസികൾ ചെറുപയർ പട്ടാളം എന്ന വിളിപ്പേരാണ്‌ നൽകിയത്‌. ചെറുപയർ പട്ടാളത്തിന്റെ സഹായത്താൽ പൊലീസ്‌ പുളിയുള്ളതിൽ ചോയിയുടെ വീട്ടിലെത്തി ചോയിയെയും മകൻ കണാരനെയും അറസ്റ്റ്‌ ചെയ്തു. ഇവരുടെ ബഹളം കേട്ട നാട്ടുകാർ സ്ഥലത്ത്‌ ഓടിക്കൂടി. ഇതോടെ ഒഞ്ചിയം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെഗാഫോണുകൾ മുഴങ്ങി. അന്തരംഗത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ അറിയിപ്പുകൾ പ്രവഹിച്ചു. ഒഞ്ചിയം ഗ്രാമത്തെ എംഎസ്പി വലയം ചെയ്തതായും അവർ കമ്മ്യൂണിസ്റ്റുകാരെ അറസ്റ്റ്‌ ചെയ്യുന്നതുമായുള്ള സന്ദേശങ്ങൾ ദിഗന്തങ്ങൾ ഭേദിച്ച്‌ പ്രഭാതത്തിന്റെ ഇടിമുഴക്കമായി ഓരോ കാതിലും പതിഞ്ഞു. ഇതിന്റെയെല്ലാം മാറ്റൊലിയായി ജനസാഗരം അവിടേയ്ക്ക്‌ ഒഴുകിയെത്തി.
പുരുഷാരവത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന സമരമുഖങ്ങളിൽ ശക്തമായ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു എന്നത്‌ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. കമ്മ്യൂണിസ്റ്റുകാർക്ക്‌ ഭക്ഷണമൊരുക്കിയും ഇവരെ അന്വേഷിച്ച്‌ പൊലീസുകാർ എത്തിയപ്പോൾ ഒളിത്താവളങ്ങൾ കാട്ടികൊടുക്കാതെയും ഒഞ്ചിയത്തെ സ്ത്രീസമൂഹം പ്രസ്ഥാനത്തിന്റെ ഭാഗമായി. ഇല്ലത്ത്‌ ചീരുവും, ഇ കെ കല്യാണിയും, കുഞ്ഞിപ്പുരയിൽ മാതയുമൊക്കെ ഇത്തരത്തിൽ പോരാട്ടങ്ങളിൽ ചങ്കുറപ്പോടെ നിന്നവരാണ്‌. ഭരണകൂടത്തിലെ മർദ്ദനോപകരണമായ പൊലീസുകാരുടെ മുന്നിൽ പകച്ചുനിൽക്കാതെ സന്ദർഭോചിതമായ പ്രവൃത്തികളിലൂടെ അതിശയിപ്പിച്ചവരുമുണ്ട്‌. പി പി ഷാജു തന്റെ “പടനിലങ്ങളിൽ പൊരുതിവീണവർ” എന്ന ചരിത്രഗ്രന്ഥത്തിൽ വെടിവയ്പ്പ്‌ നടന്ന സമയം അവിടെ സജീവ സാന്നിധ്യം വഹിച്ച സ്ത്രീയെ പരാമർശിക്കുന്നു. ഇവരുടെ പേര്‌ സൂചിപ്പിക്കുന്നില്ലെങ്കിലും അന്ന്‌ ചെയ്ത പ്രവൃത്തി ആരെയും അത്ഭുതപ്പെടുത്തുന്നു.
ജനക്കൂട്ടത്തിനിടയിൽ നിന്നും ലഭിച്ച പൊലീസുകാരുടെ നിറതോക്ക്‌ തന്റെ വീട്ടിനകത്ത്‌ എത്തിക്കുകയും അതിനകത്തെ വെടിയുണ്ടയാൽ ഒരു ജീവൻ പോലും അപഹരിക്കപ്പെടരുത്‌ എന്ന നിശ്ചയദാർഢ്യത്തിൽ തോക്ക്‌ ഇവർ വീട്ടിന്റെ അടുക്കളയിലെ ഉറിക്കലത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഒഞ്ചിയത്തെ സ്ത്രീകളുടെ അസാമാന്യ ധീരതയിൽ പൊലീസ്‌ സംഘത്തിന്റെ തേർവാഴ്ച പോലും നിഷ്പ്രഭമായി. പ്രകടമായി രംഗത്ത്‌ വരാത്തവർ പോലും കമ്മ്യൂണിസ്റ്റുകാർക്ക്‌ ശക്തമായ പിന്തുണയുമായി എന്നുമുണ്ടായിരുന്നു. സ്നേഹത്തിൽ അധിഷ്ഠിതമായ നൈതികമായ ഇടപെടലായിരുന്നു അത്‌.

സ്ഥലം: ചെന്നാട്ട്‌ താഴ, രാവിലെ ആറ്‌ മണി
എംഎസ്പി സംഘം യാത്ര ചെയ്യുന്നതിന്‌ സമാന്തരമായി ജനങ്ങളും സഞ്ചരിക്കുകയാണ്‌. ചോയിയെയും കണാരനെയും വിട്ടയയ്ക്കാൻ ഇവർ നിരന്തരം ആവശ്യപ്പെട്ടു. കുറുമ്പ്രനാട്‌ താലൂക്ക്‌ സെക്രട്ടറി എം കുമാരൻ മാസ്റ്ററും പി രാമക്കുറുപ്പും ഇവിടേയ്ക്ക്‌ ഓടിയെത്തി അറസ്റ്റ്‌ ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം ഇവരുമുന്നയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ സമീപനം ഒന്നുംതന്നെ ഉണ്ടായില്ല. പൊലീസുകാരിലെ മനുഷ്യത്വം ഉണർത്തുന്ന ഹൃദയസ്പർശിയായ ഒരു പ്രസംഗം രാമക്കുറുപ്പ്‌ അവിടെ നടത്തി. നിരായുധരായ ജനങ്ങൾക്കുനേരെ നിറതോക്കുകൾ തയാറാക്കി നിർത്തിക്കൊണ്ട്‌ പൊലീസുകാർ പ്രതികരിച്ചു. യുദ്ധഭൂമിയിൽ ശത്രുസൈന്യത്തെ നേരിടാനെന്നവണ്ണം പൊലീസ്‌ ഒരുങ്ങിനിൽക്കുകയാണ്‌. ഒരു നിമിഷം പോലും പാഴാക്കാതെ ഇൻസ്പെക്ടർ വെടിയുതിർക്കാൻ ഉത്തരവിട്ടു. തൊണ്ട പൊട്ടുമാറുച്ചത്തിൽ എം കുമാരൻ മാസ്റ്റർ എല്ലാവരോടും നിലത്ത്‌ കമഴ്‌ന്നു കിടക്കാൻ നിർദേശിച്ചു. യുദ്ധഭൂമി പോലും പിറകിൽ നിൽക്കുന്ന നിമിഷങ്ങൾ.. ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ പടപൊരുതുന്ന ധീരദേശാഭിമാനികളുടെ വിരിമാറുതുരന്ന്‌ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. ക്രോധമിരമ്പുന്ന നിലയ്ക്കാത്ത ജ്വാലകൾ സൃഷ്ടിച്ചുകൊണ്ട്‌ ഒഞ്ചിയത്തിന്റെ പ്രിയപ്പെട്ടവരായ അളവക്കര കൃഷ്ണൻ (40), കാവുന്തൊടി മീത്തൽ ശങ്കരൻ (18), വാഴയിൽ പീടികയിൽ ഗോപാലൻ (21), വട്ടക്കണ്ടി രാഘൂട്ടി (24), ചേരിയിൽ താഴെ ചാത്തു (23), മേനോൻ കണാരൻ (45), പുറവിൽ കണാരൻ (57), പാറോള്ളതിൽ കണാരൻ (45) ഇവർ രക്തസാക്ഷിത്തത്തിന്റെ അരുണകിരണമായിത്തീർന്നു.
അപ്രതീക്ഷിതമായ ഒന്നാണ്‌ അന്ന്‌ ഒഞ്ചിയത്ത്‌ സംഭവിച്ചത്‌. ഓർക്കാപ്പുറത്ത്‌ ഏൽക്കേണ്ടിവന്ന ദുരന്തം. ദേശത്തെ ആകമാനം ഉലച്ചുകളഞ്ഞ വെടിവയ്പ്പ്‌ നടന്ന സ്ഥലത്തുണ്ടായിരുന്ന പലർക്കും ജീവൻ തിരിച്ചുകിട്ടിയതിൽ അത്ഭുതമായിരുന്നു. നിരായുധരായ ആളുകൾക്കുനേരെ ആയുധം പ്രയോഗിക്കുമ്പോൾ പാലിക്കേണ്ട ഒരു ചിട്ടയും ഇല്ലാതെയാണ്‌ എംഎസ്പി സൈന്യം പെരുമാറിയത്‌. തലനാരിഴയ്ക്കാണ്‌ എം കുമാരൻ മാസ്റ്റർക്ക്‌ വെടിയുണ്ടയേൽക്കാതിരുന്നത്‌. വെടിവയ്പിനുശേഷം അദ്ദേഹത്തിന്റെ മുടിയുടെ ഒരു ഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന്‌ ദൃക്സാക്ഷികൾ പറയുന്നു. ഒഞ്ചിയത്തും അതിന്റെ സമീപദേശങ്ങളിലെയും പിന്നീടുള്ള ദിനങ്ങൾ ഹൃദയഭേദകമായിരുന്നു.

സ്ഥലം: വടകര പുറങ്കര കടപ്പുറം
വടകരയിലെ സർക്കാർ ആശുപത്രിയിൽ നിന്നും പൊലീസ്‌ ഒഞ്ചിയം രക്തസാക്ഷികളെ നേരെ കൊണ്ടുപോയത്‌ പുറങ്കര കടപ്പുറത്തേയ്ക്കാണ്‌. രക്തസാക്ഷികളുടെ ചേതനയറ്റ ശരീരത്തോട്‌ പൊലീസ്‌ മൃഗീയമായാണ്‌ ഇവിടെവച്ച്‌ പെരുമാറിയത്‌. രക്തസാക്ഷികളെ പച്ചോലയിൽ കെട്ടിവലിച്ച്‌ പിസിസി ലോറിയിൽ അട്ടിയിട്ടു.
മൃതശരീരത്തോടൊപ്പം ഇടുമ്പോഴും ചേരിയിൽ താഴെ ചാത്തുവിൽ ജീവന്റെ കണിക ബാക്കിയുണ്ടായിരുന്നുവത്രെ മൃതശരീരത്തോട്‌ കാണിക്കേണ്ട ധാർമിക മര്യാദപോലുമില്ലാതെ കടപ്പുറത്ത്‌ ഒരു കുഴിയെടുത്ത്‌ രക്തസാക്ഷികളെയെല്ലാം അതിലിട്ടുമൂടി. ഇവിടെ ഇൻക്വിലാബിന്റെ ഇടിമുഴക്കമില്ലാതെ…. അലയടിച്ചാർത്തുവരുന്ന തിരമാലകളുടെ രൗദ്രഭാവത്തെ മാത്രം സാക്ഷിയാക്കി ഒഞ്ചിയം രക്തസാക്ഷികൾ കടപ്പുറത്തെ ഒരു കുഴിയിൽ അന്ത്യയാത്രയായി. അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്നത്‌ പുറങ്കര കടപ്പുറത്താണ്‌. ഈ കടൽത്തീരത്ത്‌ വാനോളം ഉയർന്നുപൊങ്ങുന്ന തിരമാലകൾക്ക്‌ കാൽപനിക ഭംഗിയില്ല. രക്തസാക്ഷികളുടെ ഹൃദയതാളം തിരമാലകളും നെഞ്ചേറ്റുവാങ്ങിയതുപോലെ. അത്‌ അനുസ്യൂതം തീരങ്ങളെ ഇളക്കിമറിക്കുന്നു, ശബ്ദമുഖരിതമാക്കുന്നു.

ഒഞ്ചിയം: 1948 ഏപ്രിൽ 30
വൈകുന്നേരം 7 മണി
ദുഃഖം ഘനീഭവിച്ച ഗ്രാമാന്തരീക്ഷത്തിലേയ്ക്ക്‌ മഴ തകർത്തുപെയ്തു. പ്രഭാതത്തിൽ കേട്ട വെടിയൊച്ചയുടെ അപസ്വരം ഗ്രാമീണരുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. പെട്ടെന്നാണ്‌ ഇടിമുഴക്കത്തെ വെല്ലുന്ന ഇൻക്വിലാബിന്റെ മന്ത്രാക്ഷരികളാൽ ഒഞ്ചിയത്തിന്റെ അന്തരീക്ഷം പ്രകമ്പനംകൊള്ളുന്നത്‌. അതെ… ഫീനിക്സ്‌ പക്ഷിക്ക്‌ ഉയർത്തെഴുന്നേൽക്കാൻ ചാരമാകാനുള്ള സമയമെങ്കിലും വേണം. കമ്മ്യൂണിസ്റ്റുകാർക്ക്‌ അതുപോലും ആവശ്യമില്ല. രാവിലെ നടന്ന വെടിവയ്പിനെതിരെയുള്ള ശക്തമായ പ്രതിഷേധാഗ്നിയാണിവിടെ ജ്വലിച്ചത്‌. പൊലീസ്‌രാജ്‌ മൂർദാബാദ്‌ എന്ന ഭേരിമുഴക്കിക്കൊണ്ട്‌ ഗ്രാമത്തിലെ വഴിത്താരകളെയെല്ലാം പ്രതിഷേധത്തിരയിളക്കിയാണ്‌ ജനസാഗരം കടന്നുപോയത്‌. ഈ നിമിഷത്തെ അന്നത്തെ തലമുറയിൽപെട്ട സ്ത്രീകൾ ഇങ്ങനെ ഓർക്കുന്നു. “ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ ആർജ്ജവം ഹൃദയത്തിൽ സ്പർശിച്ച നിമിഷം. വെടിവയ്പിനെത്തുടർന്നുള്ള പരിഭ്രമം വിട്ടുമാറാതെ ഗ്രാമം മുഴുവൻ പേടിച്ചുവിറങ്ങലിച്ചുനിൽക്കുന്ന സമയം അപ്പോഴുണ്ടായ പ്രതിഷേധജ്വല ഗ്രാമജനതയുടെ മനസിൽ വലിയ ഉണർവാണ്‌ സൃഷ്ടിച്ചത്‌. ജന്മിത്തവും നാടുവാഴിത്തവും കുഴിച്ചുമൂടുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്‌ അത്‌ കടന്നുപോയത്‌.

ഒഞ്ചിയം: 1948 ഏപ്രിൽ 30ന്‌ ശേഷം
വെടിവയ്പിന്റെ ഭീകരാന്തരീക്ഷത്തിന്‌ അയവ്‌ വരുന്നതേയുള്ളു. ഒഞ്ചിയം ഗ്രാമത്തിന്റെ ഭരണം ചെറുപയർ പട്ടാളം കൈയിലെടുത്തു. നാശത്തിന്റെ വിഷവിത്തുകളായ ഇവർ കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിൽ നരനായാട്ട്‌ നടത്തി. വീട്ടിൽ എത്തിയ പൊലീസും ചെറുപയർ പട്ടാളവും കാണിക്കുന്ന പരാക്രമങ്ങളെക്കുറിച്ച്‌ ഇല്ലത്ത്‌ ചീരുവിന്റെ പ്രതികരണം ഇങ്ങനെ “ഞാള്‌ പെണ്ണുങ്ങൾ പേടിച്ച്‌ വിറച്ചാണ്‌ ദിവസവും കയിച്ചുകൂടിയത്‌. ഞാളെ തിയ്യന്മാരെയെല്ലാം ചോയിച്ച്‌ പൊലീസ്‌ വരും. ഓല്‌ കൊറേ ഞാളോട്‌ മാണ്ടാത്ത വർത്തമാനങ്ങൾ പറയും; ചെലപ്പം വല്ലാണ്ട്‌ ചേപ്പറയാക്കും; ചോറും കൂട്ടാനും വയ്ക്കുന്ന സാധനമെല്ലാം കിണറ്റിലെറിഞ്ഞ്‌ ദേഷ്യം തീർക്കും. ഓല്‌ കേറിവരുമ്പം തന്നെ കുഞ്ഞുങ്ങളെല്ലാം വല്ലാത്ത ഊയ്യാരവും കൂക്കിയുമാണ്‌.”
ഒഞ്ചിയത്തിന്റെ ജ്വലിക്കുന്ന വിപ്ലവകാരി മണ്ടോടി കണ്ണനെയും കൊല്ലാച്ചേരി കുമാരനെയും ചെറുപയർ പട്ടാളം പൊലീസിന്‌ കൈമാറി. പൊലീസിന്റെ കടുത്ത മർദ്ദനത്തിലും കണ്ണന്റെ കണ്ഠത്തിൽ നിന്നും മുഴങ്ങിയ ഇൻക്വിലാബുകൾ ജയിലറയ്ക്കുള്ളിൽ മാറ്റൊലികൊണ്ടു. ഭരണകൂട ക്രൂരതയുടെ ഭാഗമായ മർദ്ദന പരീക്ഷണങ്ങൾക്കിരയായ ഇരുവരും ജയിലറയിൽ രക്തസാക്ഷിത്വം വരിച്ചു.
ഏപ്രിൽ 30ന്‌ നടന്ന വെടിവയ്പിൽ സാരമായി പരിക്കേറ്റ പി രാമക്കുറുപ്പ്‌, ടി സി കുഞ്ഞിരാമൻമാസ്റ്റർ, കുങ്കൻ നായർ, പുറവിൽ കണ്ണൻ എന്നീ പോരാളികൾ വെടിയുണ്ട ശരീരത്തിലേൽപിച്ച ആഘാതം പോലും പുത്തനുണർവാക്കി മാറ്റി ശിഷ്ടകാലത്തെ ധീരമായി നേരിട്ടു.
ഒഞ്ചിയത്തിന്റെ അനശ്വര വിപ്ലവകാരി മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വം ഇതിഹാസ തുല്യമായിരുന്നു. ജയിൽ മുറിയിൽ ചോരയിൽ കുളിച്ചുകിടന്ന കണ്ണൻ ഇച്ഛാശക്തിയുടെ പ്രതിരൂപമായിത്തീർന്നു. സ്വന്തം ചോരയിൽ ജയിലറയിലെ ചുവരിൽ അരിവാൾ ചുറ്റിക വരച്ചുകൊണ്ടായിരുന്നു കണ്ണന്റെ വിടവാങ്ങൽ. ഒഞ്ചിയത്തുകാർ കണ്ണനെ എന്നും നെഞ്ചിലേറ്റുന്നു. ഇതിഹാസതുല്യമായ പോരാട്ടത്തിന്റെ പ്രതീകമായ കണ്ണന്റെ വിപ്ലവവീര്യം കമ്മ്യൂണിസ്റ്റുകാർക്ക്‌ ഇന്നും സഞ്ചാരപാതയിലെ ഒളിമങ്ങാത്ത വെട്ടമാണ്‌. ആരാലും കെടുത്താൻ കഴിയാത്ത നിറയൗവനത്തിന്റെ തീക്ഷ്ണവെട്ടം.
ബാരിസ്റ്റർ എ കെ പിള്ളയാണ്‌ ഒഞ്ചിയം കേസ്‌ സർക്കാരിനെതിരെ കോടതിയിൽ വാദിച്ചത്‌. അദ്ദേഹത്തിന്റെ വസ്തുനിഷ്ഠമായ വാദത്തിലൂടെ നിരപരാധികളെയാണ്‌ പൊലീസ്‌ വെടിവച്ചതെന്ന്‌ കോടതി കണ്ടെത്തി. പിന്നീട്‌ അപ്പീലിനൊന്നും പോകാതെ അന്നത്തെ കോൺഗ്രസ്‌ ഭരണകൂടം ഇതിൽനിന്നും നിരുപാധികം പിൻവലിയുകയാണ്‌ ചെയ്തത്‌.

ഒഞ്ചിയം: 2017 ഏപ്രിൽ 30
ശതകാലത്തിന്റെ ജ്വലിക്കുന്ന സ്മരണകളിരമ്പുന്ന ഒഞ്ചിയം ഗ്രാമം ഇന്ന്‌ ആകെ മാറിയിരിക്കുന്നു. അന്ന്‌ പോരാട്ടങ്ങൾ നടന്ന പ്രദേശമെല്ലാം റോഡുകളും വീടുകളും നിറഞ്ഞിരിക്കുന്നു. ഇത്‌ പൊയിൽ പീടിക നിലനിന്ന സ്ഥലം അന്നത്തെ രാഷ്ട്രീയ ചർച്ചകളുടെ ആരൂഢം ഇവിടെയാണ്‌. ഒഞ്ചിയം ഗ്രാമത്തിൽ ആദ്യമായി ചെങ്കൊടി ഉയർന്ന സ്ഥലം ഈ കൊടിമരത്തിന്‌ സമീപമാണ്‌ വെടിവയ്പിനെ തുടർന്ന്‌ സ്ത്രീകൾ വാവിട്ട്‌ കരഞ്ഞത്‌. പൊയിൽ പീടികയുടെ തൊട്ടടുത്താണ്‌ രക്തസാക്ഷി പുറവിൽ കണാരന്റെ മകൻ വെടിവയ്പിൽ സാരമായി പരിക്കേറ്റ പുറവിൽ കണ്ണന്റെ ഗൃഹം. മരണം വരെ അദ്ദേഹം ഒഞ്ചിയം വെടിവയ്പിനെക്കുറിച്ച്‌ ആവേശത്തോടെയാണ്‌ പ്രതികരിച്ചത്‌. അദ്ദേഹത്തെ നേരിൽ കാണാനും അൽപസമയം സംവദിക്കാനും അവസരം ലഭിച്ചിരുന്നു.
അന്ന്‌ കണ്ഠമിടറിക്കൊണ്ട്‌ പറഞ്ഞ ചില വാക്കുകൾ ആരുടെയും കണ്ണുകളെ ഈറനണിയിക്കും. ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ ഏകമനസോടെ പൊരുതിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നതിൽ കണ്ണൻ വല്ലാതെ ആകുലപ്പെട്ടിരുന്നു. പിളർപ്പിനെക്കുറിച്ച്‌ പറഞ്ഞപ്പോൾ അദ്ദേഹം വികാരധീനനായി. ഇത്‌ അദ്ദേഹത്തിന്റെ മുഖത്തും വാക്കിലുമെല്ലാം നിഴലിച്ചു. ഞങ്ങളെ പോലുള്ളവരുടെ കണ്ണടയുന്നതിന്‌ മുൻപെങ്കിലും ഈ പാർട്ടി ഒന്നായെങ്കിലെന്ന്‌ അദ്ദേഹം അന്ന്‌ പ്രതീക്ഷാനിർഭരതയോടെ ഉരുവിട്ടുകൊണ്ടിരുന്നു.
സമകാലീന ലോകത്തിന്റെ അനിവാര്യത സാർത്ഥകമാകണം. നല്ല മനസുമായി പുറവിൽ കണ്ണൻ എന്നന്നേക്കുമായി കാലയവനികക്കുള്ളിൽ മറഞ്ഞു. പക്ഷെ ഒഞ്ചിയം ഗ്രാമത്തിന്റെ ചരിത്രരഥ്യകളിൽ ശൈഥില്യത്തിന്റെ അപസ്വരമാണ്‌ പിൽക്കാലത്ത്‌ കേട്ടത്‌. ഒഞ്ചിയത്തെ സിപിഐ(എം) പിളർന്ന്‌ ആർഎംപിയുണ്ടായി. പ്രസ്ഥാനം ശിഥിലമായപ്പോൾ ഉന്മൂലനത്തിന്റെ രാഷ്ട്രീയമാണിവിടെ സാന്നിധ്യമുറപ്പിച്ചത്‌. ഓർമയിൽ ഒഞ്ചിയം എന്ന ഗ്രാമം അടയാളപ്പെടുത്തേണ്ടത്‌ ഒരിക്കലും ഇങ്ങനെയായിരിക്കരുത്‌.
ആദർശവും ക്രോധമിരമ്പുന്ന സമരഗാഥകളും ഒഞ്ചിയത്തിന്റെ മുഖമുദ്രയാണ്‌. ജനകീയ പ്രതിരോധങ്ങൾക്ക്‌ ചങ്ങലയണിയിക്കുവാൻ പുറപ്പെട്ട ഭയവിഹ്വലരായ ഭരണകർത്താക്കളെ ആർജ്ജവത്തോടെ നിലയ്ക്ക്‌ നിർത്തിയ ചരിത്രമാണ്‌ ഈ ഗ്രാമത്തിന്റെ സ്വത്വം.
ഒഞ്ചിയത്തിന്റെ നേരിന്റെ ചരിത്രപഥങ്ങൾ ഒരിക്കലും മായുന്നില്ല. ഉറവ വറ്റാത്ത സ്നേഹവും ആദർശശുദ്ധിയും കൈമുതലായുള്ള കമ്മ്യൂണിസ്റ്റുകാർ ആർജിച്ച ഊർജ്ജമാണത്‌. ഗതകാലത്തിന്റെ ജ്വലിക്കുന്ന രഥ്യകളിൽ ഭരണകൂടത്തിന്റെ ഫാസിസ്റ്റ്‌ ധ്വംസനത്തെ അതിജീവിച്ച്‌ മുന്നേറിയതാണത്‌. പോരാട്ടത്തിന്റെ ഏഴ്‌ പതിറ്റാണ്ടിലേയ്ക്ക്‌ പ്രവേശിക്കുന്ന ഒഞ്ചിയം ഗ്രാമത്തിന്റെ ഇതിഹാസ സമാനമായ ചരിത്രപഥങ്ങൾക്ക്‌ പറയാനുള്ളത്‌ ഇവിടെ അവസാനിക്കുന്നില്ല.

  Categories:
view more articles

About Article Author