Monday
25 Jun 2018

ഫ്രഞ്ച്‌ സൗരഭ്യം പരത്തുന്ന റോക്ക്‌ ബീച്ച്‌

By: Web Desk | Sunday 18 June 2017 4:45 AM IST

പോണ്ടിച്ചേരിയിലെ ചരിത്രമുറങ്ങുന്ന കടൽത്തീര മണ്ണിലൂടെ ഒരു യാത്രാനുഭവം

ദയാൽ കരുണാകരൻ
രണ്ടു നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ നടന്ന ഫ്രഞ്ച്‌ വിപ്ലവമാണ്‌ ലോകത്തിലെ സകല വിപ്ലവങ്ങളുടെയും മാതാവ്‌. ആധുനിക ലോക ചരിത്രത്തിന്റെ ഗതിതിരിച്ചു വിട്ട ആ വിപ്ലവത്തിന്റെ വിധിനിർണ്ണായകമായ ദിനമാണ്‌ 1789 ജൂലൈ 14. അന്നാണ്‌ ഗതികെട്ട ജനം ബാസ്റ്റിൽ കോട്ടയിലേക്ക്‌ ഇരച്ചുകയറി ഫ്രാൻസിന്റെ രാജാധികാരത്തെ ചോദ്യം ചെയ്തത്‌. പ്രതിപുരുഷനായ ഗവർണറുടെ തലവെട്ടി കമ്പിൽ കുത്തി ലോകത്തിന്റെ നെറുകയിലേക്ക്‌ മാർച്ചു ചെയ്തു പോയത്‌. ലോക ചരിത്രത്തിലെ ആ നിർണ്ണായക ദിനം. ഇപ്പോൾ ഫ്രാൻസിന്റെ ദേശീയ അവധി ദിനമാണ്‌ അത്‌. ഫ്രാൻസ്‌ ‘ബാസ്റ്റിൽ ദിനം’ ആചരിക്കുമ്പോൾ ഒരു ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശത്തിലെ ഒരു യുദ്ധ സ്മാരകത്തിലും ഔപചാരികമായ ചടങ്ങുകൾ അരങ്ങേറാറുണ്ട്‌. ഇന്ത്യയിലെ ഫ്രഞ്ച്‌ അധീശത്വത്തിന്റെ തലസ്ഥാനമായിരുന്ന പോണ്ടിച്ചേരിയിലെ വൈറ്റ്‌ ടൗണിൽ റോക്ക്‌ ബീച്ചിലെ’ഫ്രഞ്ച്‌ വാർ മെമ്മോറിയലി’ൽ.
പോണ്ടിച്ചേരിയെ കുറിച്ചു ആലോചിക്കുമ്പോൾ മനസ്സിലേക്ക്‌ ആദ്യം ഓർമ്മയിലെത്തുന്നത്‌ എന്താണ്‌? ദില്ലി മനസ്സിലേക്ക്‌ കടന്നു വരുന്നത്‌ ഇന്ത്യാ ഗേറ്റിന്റെയും ചെങ്കോട്ടയുടെയും കുത്തബ്മിനാറിന്റെയുമൊക്കെ ദൃശ്യങ്ങളിലൂടെയാണ്‌. ആഗ്ര താജ്മഹലിന്റെ രൂപത്തിലാണ്‌ വരുന്നത്‌. പോണ്ടിച്ചേരി നമ്മുടെ മനസ്സിലേക്ക്‌ വരുന്നത്‌ ഇത്തരം ഗംഭീര നിർമ്മിതികളുടെ പേരിലാണോ? അവിടെ നിന്നും മനസ്സിലേക്ക്‌ വരുന്ന ഒരു ബ്രഹത്നിർമ്മിതി ‘ആറോവില്ലെ മാട്രിമന്ദിർ’ (ദി ഗ്ലോബ്‌) മാത്രമാണ്‌. എന്നാൽ അത്‌ പോണ്ടിയുടെ പ്രധാന ഭാഗത്തു നിന്നും 14 കി.മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയുടെയും തമിഴ്‌നാടിന്റെയും ഭാഗങ്ങളിൽ സമ്മിശ്രമായി കിടക്കുകയാണ്‌. തമിഴ്‌നാട്ടിൽ പലപല തുണ്ടുകളായി ചിതറിക്കിടക്കുന്ന ഒരു ഭൂപ്രദേശമാണ്‌ പോണ്ടിച്ചേരിയെന്ന്‌ നമുക്ക്‌ ഇതിന്റെ ഭൂപടത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്‌. അതായത്‌ പോണ്ടിച്ചേരി സന്ദർശകൻ തെരുവുകളിൽ നിന്നും തെരുവുകളിലേക്ക്‌ കയറുമ്പോൾ തമിഴ്‌നാടും പോണ്ടിച്ചേരിയും പലതവണ മുന്നിലേക്ക്‌ വന്നെന്ന്‌ വരാം. ‘ആറോവില്ലെ മാട്രിമന്ദിർ’ ഒരു പക്ഷേ പോണ്ടിച്ചേരിയുടെ ഐക്കോണിക്കായി തന്നെ നമുക്ക്‌ കാണാവുന്നതാണ്‌. എന്നാൽ ഇതിനപ്പുറത്ത്‌ പോണ്ടിച്ചേരി യഥാർത്ഥത്തിൽ എന്താണ്‌? ആകെക്കൂടി നോക്കിയാൽ ‘ഒരു ഒന്നി’ന്റെ പേരിലല്ല മറിച്ച്‌ ഒത്തിരി ചെറിയ ചെറിയ കാഴ്ചകളുടെ. ഫ്രഞ്ച്‌ അധിനിവേശ സംസ്കാരങ്ങളുടെ. ശാന്തമായ ആത്മീയ ജീവിതങ്ങളുടെ പേരിലാണ്‌ പോണ്ടിച്ചേരി സന്ദർശകരുടെ മനസ്സിലേക്ക്‌ ഇരച്ചു കയറുന്നത്‌.
യാത്ര തിരുവനന്തപുരം നാഗർകോവിൽ തിരുനെൽവേലി തിരുമംഗലം.പിന്നെ തിരുച്ചിറപ്പള്ളി വില്ലുപുരം പോണ്ടിച്ചേരി. തിരുവനന്തപുരത്തു നിന്നും എൻ എച്ച്‌ 44 ൽ കാവൽകിണർ കഴിഞ്ഞാൽ വില്ലുപുരം വരെ മേൽത്തരം നാലുവരി പാത തന്നെ. ഇതിൽ തിരുമംഗലത്തു നിന്നും എൻ എച്ച്‌ 38 ൽ പ്രവേശിക്കുന്നതു വരെയുള്ള ദൂരം അത്ര ഭേദമല്ല. എങ്കിലും ഇത്‌ കുറച്ചു ദൂരമേയുള്ളൂ. അതുകഴിഞ്ഞ്‌ തൂത്തുക്കുടി ചെന്നൈ എൻ എച്ച്‌ 38 ലേക്കാണ്‌ പ്രവേശിക്കുന്നത്‌. ഇത്‌ മികച്ച പാതയാണ്‌. ഈ പാതയിൽ വില്ലുപുരത്തു നിന്നുമാണ്‌ പോണ്ടിയിലേക്ക്‌ തിരിയേണ്ടത്‌. എൻ എച്ച്‌ 38 ൽ വില്ലുപുരം പോണ്ടിച്ചേരി പാത തിരക്കുള്ളതും സമയംകൊല്ലുന്നതുമാണ്‌. തിരുവനന്തപുരത്തു നിന്നും വൺ സ്റ്റ്രെച്ച്‌ ഡ്രൈവായിരുന്നു. 651 കി.മീറ്റർ യാത്ര. തിരുവനന്തപുരത്തു നിന്നും 11 മണിക്കൂർ 43 മിനൈറ്റ്ടുത്തു പോണ്ടിയിലെത്താൻ. ഹോട്ടലിൽ ചെക്‌ ഇൻ ചെയ്തു. ചൂടുവെള്ളത്തിൽ ഒരു കുളി. ഒരു ചെറിയ ക്ഷീണം ബാക്കിയുണ്ട്‌. എങ്കിലും നെരെ വൈറ്റ്‌ ടൗണിലെ റോക്ക്‌/പ്രൊമെനെയ്ഡ്‌ ബീച്ചിലേക്ക്‌ പോകാൻ തീരുമാനിച്ചു. രാത്രി ബീച്ച്‌ എങ്ങനെയുണ്ടെന്ന്‌ അറിയാമല്ലോ!
സംസ്കാരം പൂത്തുലഞ്ഞ്‌ പരിലസിക്കുന്ന റസ്റ്ററന്റുകൾ. ക്ലബ്ബുകൾ. ഇങ്ങനെ പോകുന്നു വൈറ്റ്‌ ടൗണിലെ കാഴ്ചകളും അനുഭവങ്ങളും. ശരിക്കും പറഞ്ഞാൽ വൈറ്റ്‌ ടൗണിലെ ഫ്രഞ്ച്‌ സാംസ്കാരിക ചിഹ്നങ്ങളും അരബിന്ദോ സ്ഥാപനങ്ങളുടെ അപാരമായ ശാന്തതയുമൊക്കെ ചേരുന്നതാണ്‌ പോണ്ടിച്ചേരി.
ഞങ്ങൾ റോക്ക്‌ ബീച്ചിലേക്ക്‌ തിരിച്ചു. മനോഹരമായ ചെറിയ വീഥികൾ. പാതയോരങ്ങളിലെ വർണ്ണ വിളക്കുകൾ കണ്ണുചിമ്മി ഞങ്ങളെ സ്വാഗതമോതുന്നു. ഞങ്ങൾ ബീച്ചിന്റെ തെക്ക്‌ ഭാഗത്ത്‌ കാർ പാർക്ക്‌ ചെയ്തു ബീച്ചിലേക്ക്‌ നടന്നു. വൃത്തിയുള്ളതും മനോഹരമായതുമായ വീഥികൾ. കേരളത്തിന്റെ ടൂറിസ്റ്റ്‌ അധികാരികൾക്ക്‌ പകർത്താനുള്ള പാഠങ്ങളാണ്‌ ഇവ. അവിടെ ബീച്ച്‌ 1.5 കി.മീറ്റർ നീളത്തിൽ നീണ്ടുകിടക്കുകയാണ്‌. ബീച്ചിൽ നിന്നും ഹോട്ടലിലേക്ക്‌ മടങ്ങുമ്പോൾ മനസ്സ്‌ നിറയെ 1673 മുതൽ അരങ്ങുവാണ പോണ്ടിയിലെ ഫ്രഞ്ചുകാരിയായിരുന്നു. അവർ കൊണ്ടാടിയ സുഖലോലുപതകളായിരുന്നു. ആ സുഖലോലുപതകൾക്ക്‌ വേണ്ടി ജന്മവും ജീവനും മാനവും തുലച്ച പാവം ഇന്ത്യക്കാരുടെ ആർത്തനാദങ്ങളായിരുന്നു. ആറേഴ്‌ തലമുറയിലെ ഇന്ത്യക്കാരുടെ വിലാപങ്ങൾ ഒഴുകുന്ന പോണ്ടിയുടെ തെരുവുകളിലൂടെ നീങ്ങുമ്പോൾ മനസ്സ്‌ അടിവരയിട്ടു പറയുന്നു. രാജ്യത്തിന്റെ മൊത്തം സ്വാതന്ത്ര്യത്തിനായി ബലികൊടുത്ത ശുദ്ധാത്മക്കൾ ‘ഭീരുക്കളായ ആധുനികന്മാരാ’ൽ നിന്ദിക്കപ്പെടാനുള്ളവരല്ലെന്ന്‌!