ബംഗളൂരു സംഭവവും സ്വതന്ത്രവും ഭയരഹിതവുമായ പൊതുഇടത്തിനായുള്ള പോരാട്ടവും

January 07 05:00 2017

പുതുവത്സരാഘോഷങ്ങൾക്കിടയിൽ ബംഗളൂരുവിൽ സ്ത്രീകൾക്കെതിരെ നടന്ന കൂട്ട അതിക്രമങ്ങൾ രാഷ്ട്രാന്തര മാധ്യമങ്ങളിലടക്കം വൻവിവാദമായി തുടരുകയാണ്‌. ആസൂത്രിതമായി അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്ന നിലപാടാണ്‌ ബംഗളൂരു സിറ്റി പൊലീസ്‌ കമ്മിഷണറും കർണാടക ആഭ്യന്തര മന്ത്രിയും ആവർത്തിക്കുന്നത്‌. ഉണ്ടെങ്കിൽ തന്നെ അതിന്‌ ഉപോദ്ബലകമായ തെളിവുകളോ പരാതികളോ ഇല്ലെന്നും അവർ പറയുന്നു. പുതുവത്സരത്തിൽ നഗരത്തിലെ ബ്രിഗേഡ്‌ റോഡിലും എംജി റോഡിലും പതിനായിരങ്ങൾ ഒഴുകിയെത്തിയിരുന്നു. അത്തരത്തിൽ അനിയന്ത്രിതമായ ജനക്കൂട്ടത്തിൽ സംഭവിക്കാവുന്ന തിക്കിലും തിരക്കിലും ഉണ്ടായ അനിഷ്ട സംഭവങ്ങളെ രണ്ടുദിവസങ്ങൾക്കുശേഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുന്നതായും വ്യാഖ്യാനമുണ്ട്‌. ബംഗളൂരുവിലെ കാമനഹള്ളി മേഖലയിൽ ഉണ്ടായ മറ്റൊരു അനിഷ്ടസംഭവവും അതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവത്തെ ആകെ പുതിയൊരു കാഴ്ചപ്പാടിലും ലക്ഷ്യത്തോടെയും വ്യാഖ്യാനിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്‌. ഇരു സംഭവങ്ങളെയും വേറിട്ടു കാണേണ്ടതുണ്ട്‌. കാമനഹള്ളി സംഭവം ആസൂത്രിതമായിരുന്നു. അതിലെ കുറ്റവാളികൾ പിടികൂടപ്പെടുകയും ഉണ്ടായി. അവർ നിയമത്തിന്റെ മുന്നിൽ വന്നേ മതിയാവു. നഗരത്തിൽ നടന്ന കൂട്ട അതിക്രമ ആരോപണങ്ങൾക്ക്‌ കൂടുതൽ സൂക്ഷ്മമായ അന്വേഷണവും വിശകലനവും ആവശ്യമായ സംഭവമാണ്‌. സമാനമായ സംഭവം ഡൽഹിയിലെ മുഖർജി നഗറിലും നടന്നതായി റിപ്പോർട്ടുകളുണ്ട്‌. ബംഗളൂരുവിലെ സംഭവം ശക്തമായ പ്രതികരണം സൃഷ്ടിക്കുന്നത്‌ കർണാടക ആഭ്യന്തരമന്ത്രി നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളാണ്‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അരങ്ങേറുമ്പോൾ അതിന്റെ ഉത്തരവാദികൾ ഇരകൾ തന്നെ അവരുടെ വസ്ത്രധാരണവും സ്ത്രീ-പുരുഷ തുല്യതാബോധവും സ്വാതന്ത്ര്യ അഭിവാഞ്ഛയും മൂലം ക്ഷണിച്ചുവരുത്തുന്നതാണെന്ന വിധത്തിൽ ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ അപലപനീയമാണ്‌. അക്കാര്യത്തിൽ രാഷ്ട്രീയ, മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്‌.
പുതുവത്സരാഘോഷം മാത്രമല്ല ജനങ്ങൾ കൂട്ടത്തോടെ ഒന്നുചേരുന്ന പൊതു ഇടങ്ങൾ സ്ത്രീകൾക്ക്‌ വിലക്കപ്പെട്ട ഇടങ്ങളാണെന്നത്‌ എല്ലാ പുരുഷമേധാവിത്വ സമൂഹങ്ങളും വച്ചുപുലർത്തുന്നു. അതിന്‌ രാഷ്ട്ര, ദേശ, വംശ, ഭാഷാ വ്യത്യാസങ്ങൾ ഒന്നുതന്നെയില്ലെന്നത്‌ അനിഷേധ്യമായ യാഥാർഥ്യമാണ്‌. അത്തരം ഇടങ്ങൾ സ്ത്രീകൾക്കുകൂടി പുരുഷനൊപ്പം, അവകാശപ്പെട്ട ഇടങ്ങളാണെന്ന്‌ ഉറപ്പുവരുത്താൻ സമൂഹങ്ങൾക്കും ഭരണകൂടങ്ങൾക്കും ക്രമസമാധാന പരിപാലനത്തിന്‌ ഉത്തരവാദിത്വപ്പെട്ടവർക്കും ചുമതലയുണ്ട്‌. പുതുവത്സര ആഘോഷങ്ങൾ ആബാലവൃദ്ധം സ്ത്രീ-പുരുഷന്മാർക്ക്‌ സുരക്ഷിതമാക്കാൻ, മട്ടാഞ്ചേരിയിലും കോവളത്തുമടക്കം, കേരളത്തിൽ പൊലീസ്‌ സേന സ്വീകരിച്ച മുൻകരുതലും ജാഗ്രതയും ഇത്തരുണത്തിൽ ശ്ലാഘിക്കപ്പെടേണ്ടതാണ്‌. ബംഗളൂരുവും ഡൽഹിയുമടക്കം ഇന്ത്യൻ നഗരങ്ങൾ, വിദേശികളടക്കം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിങ്ങനെ നമ്മുടെ പൊതുഇടങ്ങളിൽ സ്ത്രീകൾക്ക്‌ രാപ്പകൽ ഭേദമന്യേ സ്വതന്ത്രമായും നിർഭയമായും കടന്നുചെല്ലാൻ കഴിയുന്ന ഇടങ്ങളാണെന്ന്‌ ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്കും ക്രമസമാധാനപരിപാലകർക്കും ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്‌. അത്‌ ഉറപ്പുവരുത്താതെ അവരുടെ വസ്ത്രധാരണ രീതികളെയും മാറിവരുന്ന ജീവിതശൈലിയെയും സ്വാതന്ത്ര്യ അഭിവാഞ്ഛയെയും വിമർശിക്കുന്നതും അവരെ അരങ്ങത്തുനിന്നും അടുക്കളയിലേക്‌ൿഒതുക്കാൻ ശ്രമിക്കുന്നതും അർഥശൂന്യവും പ്രതിലോമകരവുമാണ്‌.
സ്ത്രീകളെ കേവലം ലൈംഗിക ഉപകരണങ്ങളായും പുരുഷനു വിധേയയായി അടിമസമാന ജീവിതം നയിക്കേണ്ടവരാണെന്നും കാണുന്നത്‌ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങൾ തന്നെയോ ആയി നിലനിന്നുപോരുന്ന പുരുഷാധിപത്യ ചരിത്രത്തിന്റെ ബാക്കിപത്രമാണ്‌. യുദ്ധങ്ങളിൽ കീഴടക്കപ്പെട്ട പ്രതിയോഗിയുടെ സമ്പത്തായ വളർത്തുമൃഗങ്ങൾക്കൊപ്പം സ്ത്രീകളെ കൂടി അടിമകളാക്കി മാറ്റുന്ന എണ്ണമറ്റ സംഭവപരമ്പരകൾ നാം ചരിത്രത്തിൽ കാണുന്നു. രാഷ്ട്രങ്ങൾ തമ്മിൽ സമാധാന സ്ഥാപനത്തിനും നയതന്ത്ര വിജയങ്ങൾക്കും സ്ത്രീകൾ കരുക്കളും ഇരകളുമാകുന്ന എത്രയെത്ര സംഭവങ്ങളാണ്‌ ചരിത്രത്തിൽ ആവർത്തിക്കപ്പെട്ടിട്ടുള്ളത്‌. ലൈംഗികതയടക്കം എന്തിലും സ്ത്രീ പുരുഷനൊപ്പം തുല്യവും സ്വതന്ത്രയുമാണെന്ന യാഥാർഥ്യം പാശ്ചാത്യ-പൗരസ്ത്യ, ഉത്തര-ദക്ഷിണ വ്യത്യാസംകൂടാതെ ലോകം ഇനിയും അംഗീകരിക്കേണ്ടിയിരിക്കുന്നു. താത്വികമായ അംഗീകാരമല്ല മറിച്ച്‌ പൂർണ അർഥവ്യാപ്തിയിലും പ്രയോഗത്തിലുമുള്ള യാഥാർഥ്യമായി അത്‌ മാറേണ്ടിയിരിക്കുന്നു എന്നതാണ്‌ ഇവിടെ വിവക്ഷ. കർണാടക ആഭ്യന്തര മന്ത്രി പരമേശ്വര മുതൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ നമ്മുടെ രാഷ്ട്രീയ രംഗത്തെ ഉന്നതനേതാക്കൾ വരെയും മത, ജാതി ഭേദമന്യേ സന്യാസി-പൗരോഹിത്യ നേതൃത്വങ്ങളിലും വലിയൊരു പങ്ക്‌ മേൽപറഞ്ഞ ചരിത്രപരമായ ഉരുക്കുചട്ടക്കൂടിനെ ഭേദിച്ചു പുറത്തുവരാൻ സന്നദ്ധമല്ല. സ്വതന്ത്രവും ഭയരഹിതവുമായ പൊതു ഇടം എന്ന സ്ത്രീകളുടെ അവകാശം സ്ഥാപിച്ചെടുക്കാൻ ആ ഉരുക്കുചട്ടക്കൂട്‌ തകർത്തേ മതിയാവൂ.

  Categories:
view more articles

About Article Author