ബഹുമുഖ പ്രതിഭയായ കലാകാരൻ

ബഹുമുഖ പ്രതിഭയായ കലാകാരൻ
March 04 04:45 2017

മലയാളത്തിന്റെ ജനപ്രിയ നടൻ കലാഭവൻ മണി വിടപറഞ്ഞിട്ട്‌ മാർച്ച്‌ 6 ന്‌ ഒരു വർഷം പൂർത്തിയാകുന്നു. മിമിക്രി കലാകാരനായി അഭിനയലോകത്ത്‌ എത്തിച്ചേർന്ന മണി മലയാള ചലച്ചിത്രരംഗത്ത്‌ തന്റേതായ ഒരു ശൈലി വളരെ പെട്ടെന്ന്‌ സ്ഥാപിച്ചെടുക്കുകയുണ്ടായി. സാധാരണക്കാരന്റെ ജീവിതവുമായി താദാമ്യം പ്രാപിച്ച കലാകാരനായിരുന്നു മണി. വളരെ ദരിദ്രമായ ചുറ്റുപാടിൽ നിന്നും സ്വപ്രയത്നം കൊണ്ടും അതിനേക്കാളേറെ പ്രതിബദ്ധതകൊണ്ടും സിനിമാലോകത്ത്‌ നിഷേധിക്കാനാകാത്ത പ്രതിഭയായി മണി മാറി. നാടൻ പാട്ടുകളെയും നാടൻ ജീവിതരീതികളെയും ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ അതിസമർഥമായാണ്‌ മണി ഉപയോഗപ്പെടുത്തിയത്‌. അതുതന്നെയാണ്‌ സാധാരണക്കാരുടെ അഭിനേതാവായി മണിയെ അംഗീകരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചതും. കോമഡി വേഷങ്ങളിലൂടെ നായകപദവി വരെയെത്തിയ മണി നല്ലൊരു പാട്ടുകാരനും കൂടിയായിരുന്നു.
അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ്‌ ശ്രദ്ധേയനാകുന്നത്‌. പിന്നീട്‌ നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
ചാലക്കുടി ചേന്നത്തുനാട്‌ കുന്നിശേരി വീട്ടിൽ പരേതനായ രാമന്റെയും അമ്മിണിയുടെയും ഏഴ്‌ മക്കളിൽ അവസാനത്തെയാളായി 1971 ൽ ജനിച്ചു. കൂലിപ്പണിക്കാരനായിരുന്ന അച്ഛന്‌ കുടുംബം പോറ്റാൻ തന്നെ ബുദ്ധിമുട്ടേണ്ടിവന്നു. ദരിദ്രമായ ബാല്യവും കൗമാരവും കടന്നുപോയപ്പോൾ മണിക്ക്‌ നഷ്ടമായത്‌ പഠിക്കാനുള്ള അവസരമായിരുന്നു. കുടുംബത്തെ സഹായിക്കാൻ തെങ്ങുകയറ്റവും മണൽവാരലുമടക്കം പല ജോലികളും ചെയ്തു. ഓട്ടോ ഡ്രൈവറായി ജോലി നോക്കവെയാണ്‌ കലാഭവൻ മിമിക്സ്‌ ട്രൂപ്പിൽ ചേരുന്നത്‌.
അവിടെ നിന്നാണ്‌ ഒടുവിൽ സിനിമയിലെ നിറസാന്നിധ്യമാകുന്നത്‌. ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡ്‌, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങൾ മണിയെ തേടിയെത്തി.
പാട്ടിലും മിമിക്രിയിലും അഭിനയത്തിലും മാത്രമല്ല വള്ളംകളിയിലും മണി പ്രശോഭിക്കുകയുണ്ടായി. 2009-ലെ നെഹ്‌റുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായിരുന്നു മണി. 1999-ൽ വിവാഹിതനായി. ഭാര്യ നിമ്മി. ഏക മകൾ ശ്രീലക്ഷ്മി.
2016 മാർച്ച്‌ 6-ന്‌ അപ്രതീക്ഷിതമായാണ്‌ മണി ജീവിതതിരശീല താഴ്ത്തി രംഗമൊഴിഞ്ഞത്‌. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
സിനിമാലോകത്തിനും കലാലോകത്തിനാകെയും നഷ്ടമായത്‌ ബഹുമുഖ പ്രതിഭയായ ഒരു നല്ല കലാകാരനെയാണ്‌. ആ ഓർമ്മകൾക്ക്‌ മുൻപിൽ പ്രണാമം.

  Categories:
view more articles

About Article Author