ബാങ്കിങ്‌ സാധാരണക്കാർക്ക്‌ അപ്രാപ്യമാകുന്നു

ബാങ്കിങ്‌ സാധാരണക്കാർക്ക്‌ അപ്രാപ്യമാകുന്നു
March 14 05:00 2017

ഇടപെടൽ
ഇ ചന്ദ്രശേഖരൻ നായർ

രാജ്യത്തെ ബാങ്കിങ്‌ മേഖലയിലും പൊതുവിൽ സാമ്പത്തിക രംഗത്തും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നടപടികളാണ്‌ നരേന്ദ്രമോഡി സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഒറ്റദിവസംകൊണ്ട്‌ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയത്‌. ഈ നടപടി സാധാരണക്കാരെയും ഇടത്തരക്കാരെയും വലിയ കുഴപ്പത്തിലാക്കി. ജനങ്ങൾ നേരിടേണ്ട പ്രശ്നങ്ങൾക്ക്‌ ഇപ്പോഴും പരിഹാരം ഉണ്ടായിട്ടില്ല. ഇതിനൊപ്പം ഇപ്പോൾ നാണയരഹിത-കറൻസി രഹിത സാമ്പത്തിക ഇടപാടുകൾക്ക്‌ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഈ നടപടികളെയെല്ലാം കുത്തകകൾ സ്വാഗതം ചെയ്യുന്നു. മുകേഷ്‌ അംബാനി പരസ്യമായി തന്നെ ഇതിനെ സ്വാഗതം ചെയ്തു. നോട്ട്‌ അസാധുവാക്കലിന്‌ പറഞ്ഞത്‌, കള്ളപ്പണം പിടിച്ചെടുക്കാനാണെന്നാണ്‌. എന്നാൽ ഇതുവരെ കാര്യമായി കള്ളപ്പണം പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കും ഒക്കെ അറിയാം. എന്നാൽ എന്തിനാണ്‌ ഈ നയം ഇത്ര ശക്തമായി നടപ്പാക്കുന്നത്‌?
കേന്ദ്ര സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്ന നടപടികൾ സാധാരണക്കാരെയും ഇടത്തരക്കാരെയും ബാങ്കിങ്‌ മേഖലയിൽ നിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്നു. ബാങ്ക്‌ അക്കൗണ്ടുകളിൽ മിനിമം ബാലൻസ്‌ ഇല്ലാത്തവർക്കും എടിഎമ്മുകളിൽ നിന്നും നിശ്ചിതകാലയളവിനുള്ളിൽ നിശ്ചിത തുകയിൽ കൂടുതൽ പിൻവലിക്കുന്നവർക്കും പിഴ ഈടാക്കാൻ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നടപടി സ്വീകരിക്കാൻ തുടങ്ങി. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന്‌ ഇത്‌ വേണ്ടെന്ന്‌ വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ചെക്ക്‌ ബുക്ക്‌ ഉള്ള അക്കൗണ്ടുകളും ചെക്ക്‌ ബുക്ക്‌ ഇല്ലാത്ത അക്കൗണ്ടുകളുമാണ്‌ നിലവിലുള്ളത്‌. ഇതിൽ ചെക്ക്‌ ബുക്ക്‌ ഇല്ലാത്ത അക്കൗണ്ടുകൾക്ക്‌ ഗ്രാമപ്രദേശങ്ങളിൽ മിനിമം ബാലൻസ്‌ 50 രൂപയും നഗരങ്ങളിൽ മിനിമം ബാലൻസ്‌ 100 രൂപയും ആയിരുന്നു. ഇടക്കാലത്ത്‌ നിക്ഷേപം ആകർഷിക്കാൻ മിനിമം ബാലൻസ്‌ വ്യവസ്ഥ വേണ്ടെന്ന്‌ വച്ചു. ഇപ്പോൾ ചെക്ക്‌ ഇല്ലാത്ത അക്കൗണ്ടുകൾക്ക്‌ ഗ്രാമങ്ങളിൽ നൂറ്‌ രൂപയും പട്ടണങ്ങളിൽ അഞ്ഞൂറ്‌ രൂപയുമാണ്‌ മിനിമം ബാലൻസ്‌ വേണ്ടത്‌. ചെക്ക്‌ ഉള്ള അക്കൗണ്ടുകൾക്ക്‌ ഗ്രാമങ്ങളിൽ 250 രൂപയും പട്ടണങ്ങളിൽ 1000 രൂപയുമാണ്‌ ബാലൻസ്‌ വേണ്ടത്‌. ഏപ്രിൽ ഒന്ന്‌ മുതൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌ ചെക്ക്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗ്രാമങ്ങളിൽ 1000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും പട്ടണങ്ങളിൽ 5000 രൂപയും മിനിമം ബാലൻസ്‌ വേണമെന്നാണ്‌. ഇതേക്കുറിച്ച്‌ കേന്ദ്ര സർക്കാരോ ബാങ്കുകളോ ഒരു പത്രക്കുറിപ്പ്‌ പോലും ഇറക്കിയിട്ടില്ല.
സാധാരണക്കാരും ഇടത്തരക്കാരും ബാങ്കിങ്‌ മേഖലയെ ആശ്രയിക്കുന്നത്‌ കുറച്ചുകൊണ്ട്‌ വരാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇത്‌ ബാങ്കിങ്‌ മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു. സാധാരണക്കാരും ഇടത്തരക്കാരും ബാങ്കിങ്‌ മേഖലയെ ആശ്രയിക്കാതിരിക്കണം. ബാങ്കിങ്ങിന്റെ അടിസ്ഥാനംതന്നെ, പരിധി ഇല്ലാത്ത നിക്ഷേപം, ബാങ്ക്‌ പ്രവൃത്തിദിവസങ്ങളിൽ നിക്ഷേപം അനുസരിച്ച്‌ പിൻവലിക്കാം. ഇതിനെല്ലാമാണ്‌ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്‌.
കച്ചവടസ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തിക്കൊണ്ടുള്ള പരസ്യങ്ങൾ വാർത്താ-മാധ്യമങ്ങളിൽ വന്ന്‌ തുടങ്ങിയിരിക്കുന്നു. ഇത്‌ ബാങ്കിങ്‌ പ്രവർത്തനമല്ലേ? ഇതിന്‌ റിസർവ്വ്‌ ബാങ്കിന്റെ നിയന്ത്രണമോ അംഗീകാരമോ ഉണ്ടോ? സാധാരണക്കാരെയും ഇടത്തരക്കാരെയും ബാങ്കിങ്‌ മേഖലയിൽ നിന്നും ഒഴിവാക്കി കുത്തക വ്യാപാരസ്ഥാപനങ്ങളിലെത്തിക്കുകയാണ്‌ ഇതിന്റെ മുഖ്യലക്ഷ്യം.
ഇതിനെല്ലാം എതിരായ പ്രതിഷേധം ഉയർന്നാൽ അതിനെ നേരിടാൻ നരേന്ദ്രമോഡിയും ബിജെപിയും കണ്ടിരിക്കുന്നത്‌ ഹിന്ദുത്വം പ്രചരിപ്പിക്കുകയാണ്‌. ഹിന്ദുമതത്തിലെ ജാതിയും ഉപജാതിയും അടിച്ചേൽപ്പിച്ച്‌ ജനങ്ങളെ ബിജെപിക്കൊപ്പം നിർത്താനാണ്‌ ശ്രമം. ഇത്‌ ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്‌. മൂന്ന്‌ വർഷത്തെ ഭരണത്തിൽ ജനദ്രോഹമല്ലാതെ ഒന്നും സംഭാവന ചെയ്യാത്ത മോഡിയും ബിജെപിയും പിടിച്ച്‌ നിൽക്കുന്നത്‌ ഹിന്ദുത്വത്തിന്റെ പേരിലാണ്‌.

  Categories:
view more articles

About Article Author