ബാങ്കുകളുടെ വായ്പാനുപാതം ഒരു ശതമാനം കുറഞ്ഞു

ബാങ്കുകളുടെ വായ്പാനുപാതം ഒരു ശതമാനം കുറഞ്ഞു
December 11 04:50 2016

ന്യൂഡൽഹി: നോട്ട്‌ നിരോധനത്തെ തുടർന്ന്‌ നിക്ഷേപം കുന്നുകൂടുമ്പോഴും ബാങ്കുകളുടെ വായ്പാനുപാതം ഒരു ശതമാനത്തോളം കുറഞ്ഞു. നവംബർ 25 വരെ വായ്പയിൽ 61,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്‌. ഇതേ കാലയളവിൽ 4.03 ലക്ഷം കോടി രൂപയാണ്‌ നിക്ഷേപമായി പൊതുമേഖലാ ബാങ്കുകളിൽ മാത്രം എത്തിയിട്ടുള്ളത്‌.
നോട്ടു നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിന്‌ ശേഷമുള്ള ആദ്യ ആഴ്ചയിലും വായ്പാനുപാതത്തിൽ 0.8 ശതമാനത്തിന്റെ കുറവുണ്ടായി. നോട്ടു നിരോധനം നടപ്പിലായതിന്‌ ശേഷം ബാങ്കുകൾക്ക്‌ വായ്പ നൽകുന്നതിന്‌ സാധിക്കാത്തതാണ്‌ അനുപാതത്തിൽ ഇത്രയും കുറവുണ്ടാകുന്നതിന്‌ കാരണമായത്‌. നോട്ട്‌ മാറ്റി നൽകലും നിക്ഷേപം സ്വീകരിക്കലും മാത്രമായി ബാങ്കുകളുടെ പ്രവർത്തനം ചുരുങ്ങിയപ്പോൾ വായ്പ നൽകൽ നടപടി പൂർണമായും സ്തംഭിച്ചു.
നിക്ഷേപം വർധിക്കുകയും വായ്പ കുറയുകയും ചെയ്യുന്നത്‌ ബാങ്കുകളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌.
ഇതുവരെയുള്ള വായ്പാ കുടിശിക 72,92,290 കോടി രൂപയാണ്‌. ഓരോ വർഷവും വായ്പാ കുടിശിക വർധിച്ചു വരികയുമാണ്‌. അതിനിടയിലാണ്‌ നിക്ഷേപം വർധിക്കുകയും വായ്പ കുറയുകയും ചെയ്യുന്ന പുതിയ സാഹചര്യം കൂടി ഉണ്ടായിരിക്കുന്നത്‌. ബാങ്കുകളുടെ നിലനിൽപിനെ തന്നെ ഇത്‌ ബാധിച്ചേക്കുമെന്നാണ്‌ വിദഗ്ധരുടെ വിലയിരുത്തൽ.

  Categories:
view more articles

About Article Author