ബാങ്ക്‌ അക്കൗണ്ടുകളിൽ എത്തിയ കള്ളപ്പണം നാലു ലക്ഷം കോടി രൂപ

ബാങ്ക്‌ അക്കൗണ്ടുകളിൽ എത്തിയ കള്ളപ്പണം നാലു ലക്ഷം കോടി രൂപ
January 11 04:44 2017

ന്യൂഡൽഹി: നോട്ടു അസാധുവാക്കൽ പ്രഖ്യാപിച്ച 2016 നവംബർ 8ന്‌ ശേഷം ഡിസംബർ 31വരെ ബാങ്ക്‌ അക്കൗണ്ടുകളിൽ എത്തിയത്‌ നാലു ലക്ഷം കോടി രൂപയെന്ന്‌ ആദായ നികുതി വകുപ്പ്‌. ധനവകുപ്പിന്റെ നിർദേശപ്രകാരം ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റും രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ്‌ ബാങ്കുകളിൽ വ്യാപകമായ തോതിൽ കള്ളപ്പണം എത്തിയതായി മനസിലായത്‌. ഇത്തരത്തിൽ ഉറവിടം വ്യക്തമാക്കാതെ പണം നിക്ഷേപിച്ചവർക്ക്‌ നോട്ടീസ്‌ അയച്ചു. നികുതി വെട്ടിച്ചവർ തന്നെയാണ്‌ തുക നിക്ഷേപിച്ചത്‌ എന്ന്‌ വ്യക്തമാണ്‌. ബാങ്കുകളിൽ അസാധാരണമായി വലിയ തുകകൾ നിക്ഷേപിച്ചതായി ശ്രദ്ധയിൽപ്പെട്ട അയ്യായ്യിരത്തോളം പേർക്ക്‌ നേരത്തെ തന്നെ നോട്ടീസ്‌ അയച്ചിരുന്നു.
കൃത്യമായ രേഖകളില്ലാത്ത നിക്ഷേപങ്ങളിൽ 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും വിവിധ സഹകരണ ബാങ്കുകളിലാണെന്നും ആദായ നികുതി വകുപ്പ്‌ കണ്ടെത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലായി മാത്രം നിക്ഷേപിക്കപ്പെട്ടത്‌ 10,700 കോടി രൂപയാണ്‌. രാജ്യത്തെ 60 ലക്ഷത്തിലധികം ബാങ്ക്‌ അക്കൗണ്ടുകളിൽ രണ്ടു മുതൽ 2.5 ലക്ഷം വരെയുള്ള തുകകളാണ്‌ നോട്ട്‌ നിരോധനത്തെ തുടർന്ന്‌ നിക്ഷേപിക്കപ്പെട്ടത്‌. ഇതോടെ ആകെ നിക്ഷേപം 42,000 കോടിയായി ഉയർന്നു. നോട്ട്‌ അസാധുവാക്കലിന്‌ മുമ്പ്‌ നിഷ്ക്രിയ അക്കൗണ്ടുകളിൽ മാത്രം ഇതുവരെ 25,000 കോടി നിക്ഷേപിക്കപ്പെട്ടു. നോട്ട്‌ നിരോധന കാലത്ത്‌ വായ്പാ തിരിച്ചടവിനത്തിൽ 80,000 കോടിയും ബാങ്കുകളിലെത്തി.പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ 13,000 കോടി രൂപയും നിക്ഷേപിക്കപ്പെട്ടു. ഇതേക്കുറിച്ചെല്ലാം ആദായ നികുതി വകുപ്പ്‌ അന്വേഷിക്കുന്നുണ്ട്‌.
നോട്ടുനിരോധനത്തിന്‌ ശേഷം 4200 കോടി കണക്കിൽപ്പെടുത്താത്ത വരുമാനമാണ്‌ ആദായനികുതി വകുപ്പ്‌ കണ്ടെത്തിയത്‌. ബാങ്കുകളിൽ നിക്ഷേപിച്ചും സ്വർണം വാങ്ങിയുമാണ്‌ മിക്ക കള്ളപ്പണവും നോട്ടുനിരോധനം പ്രഖ്യാപിച്ചതിന്‌ ശേഷം പലരും വെളുപ്പിച്ചത്‌. 50 ശതമാനം നികുതി അടച്ച്‌ കണക്കിൽപ്പെടാത്ത പണം നിക്ഷേപിക്കാമെന്ന സ്കീം സർക്കാർ പ്രഖ്യാപിച്ചതിന്‌ ശേഷം ആദായ നികുതി വകുപ്പ്‌ കർശന നിരീക്ഷണം നടത്തി വരികയാണ്‌. മാർച്ച്‌ 31 വരെ സ്കീം ഉപയോഗിക്കാത്തവർക്ക്‌ നികുതി 90 ശതമാനം ആവും.

  Categories:
view more articles

About Article Author