Thursday
24 May 2018

ബാങ്ക്‌ സ്വകാര്യവൽക്കരണവും ബിജെപി രാഷ്ട്രീയവും

By: Web Desk | Saturday 15 July 2017 4:45 AM IST

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ബിജെപി സർക്കാരിന്റെ പ്രധാന അജൻഡയാണെന്ന്‌ അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്‌. രാജ്യവും സമ്പദ്ഘടനയും അപകടങ്ങളിലേക്കാണ്‌ പതിക്കുന്നത്‌. നിത്യേന പ്രഖ്യാപിക്കുന്ന സാമ്പത്തികരംഗത്തെ നയങ്ങൾ പരിശോധിച്ചാൽ ഈ സർക്കാരിന്‌ ആരോടാണ്‌ വിധേയത്വം എന്ന്‌ നമുക്ക്‌ ബോധ്യപ്പെടും. ഈ വിധേയത്വം അഥവാ കോർപറേറ്റ്‌ ചങ്ങാത്തം രാജ്യത്തെ തന്നെ വിൽക്കുകയാണെന്ന്‌ തിരിച്ചറിയുമ്പോൾ നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്‌. സമൂഹത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയാണ്‌ നമ്മുടെ രാജ്യത്ത്‌ ബാങ്കുകൾ ദേശസാൽക്കരിച്ചത്‌. മറ്റ്‌ രാജ്യങ്ങൾ ബാങ്ക്‌ ദേശസാൽക്കരണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന ഘട്ടത്തിൽ ഇന്ത്യയിൽ ബിജെപി സർക്കാർ ബാങ്കിങ്‌ മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണമാണ്‌ ലക്ഷ്യമിടുന്നത്‌. 1969 ജൂലായ്‌ 19ന്‌ ഇന്ത്യൻ ജനത ബാങ്ക്‌ ദേശസാൽക്കരണം ആഘോഷിക്കുമ്പോൾ ഇന്നത്തെ കേന്ദ്രഭരണകക്ഷിയായ ബിജെപിയുടെ പഴയരൂപമായ ജനസംഘം അന്ന്‌ കരിദിനമായി ആചരിച്ച്‌ തങ്ങളുടെ വിധേയത്വം പ്രകടമാക്കി. ഇത്‌ തന്നെയാണ്‌ അവർ ഇന്നും തുടരുന്നത്‌.
2000 ഡിസംബർ മാസത്തിൽ അന്നത്തെ എൻഡിഎ സർക്കാർ പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി 33 ശതമാനമായി കുറയ്ക്കാൻ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു. ഇടതുപക്ഷ പാർട്ടികളുടെയും കേന്ദ്ര ട്രെയ്ഡ്‌ യൂണിയൻ സംഘടനകളുടെയും സഹകരണത്തോടെ ബാങ്ക്‌ ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻ (യുഎഫ്ബിയു) നേതൃത്വത്തിൽ രണ്ട്‌ ദിവസം പണിമുടക്കി. 2000 നവംബർ 15, ഡിസംബർ 21 തീയതികളിൽ ആയിരുന്നു ദേശവ്യാപക പണിമുടക്ക്‌. ബാങ്കിങ്‌ മേഖല സംരക്ഷിക്കാൻ, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ബാങ്ക്‌ ജീവനക്കാർ പോരാട്ടം തുടരുകയാണ്‌. ഏറ്റവും ഒടുവിൽ 2017 ഫെബ്രുവരി 28-ാ‍ം തീയതി ബാങ്ക്‌ ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കി. ബാങ്ക്‌ ജീവനക്കാർ പോരാട്ടം ശക്തിപ്പെടുത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 2017 ഓഗസ്റ്റ്്‌ 22-ാ‍ം തീയതി ഇന്ത്യയിലെ ബാങ്ക്‌ ജീവനക്കാർ വീണ്ടും ദേശവ്യാപകമായി പണിമുടക്കുകയാണ്‌.
ബാങ്കുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ എന്ന പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരുന്നത്‌ ഉൾപ്പെടെ നിബന്ധനകൾ അടങ്ങിയ തിരുത്തൽ നടപടികൾ 2017 ഏപ്രിൽ ഒന്നാം തീയതി മുതൽ നടപ്പിലാക്കാൻ പതിനൊന്ന്‌ ബാങ്കുകളോട്‌ റിസർവ്വ്‌ ബാങ്ക്‌ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകൾക്ക്‌ സർക്കാർ മൂലധനം നൽകണമെങ്കിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ സംഘടനകൾ സമ്മതിക്കണമെന്ന്‌ സാരം. പൊതുമേഖലാ ബാങ്കുകളുടെ സംരക്ഷണത്തിനെന്ന പേരിൽ
ബിജെപി സർക്കാർ എന്ത്‌ നടപടി സ്വീകരിച്ചാലും അതിന്റെ പിന്നിലുള്ള ആത്മാർത്ഥത കൃത്യമായി തിരിച്ചറിയുന്നവരാണ്‌ ഇന്ത്യയിലെ ബാങ്ക്‌ ജീവനക്കാരും ഓഫീസർമാരും.
1999 ഫെബ്രുവരി മാസത്തിൽ നിയമിച്ച വർമ കമ്മിറ്റി 1999 ഒക്ടോബർ മാസത്തിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകൾ കൃത്യമായി വെളിപ്പെടുത്തുന്നതായിരുന്നു വർമ കമ്മിറ്റി റിപ്പോർട്ട്‌. ബാങ്ക്‌ ശാഖകൾ വ്യാപകമായി അടച്ചുപൂട്ടാനും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ഗ്രാമങ്ങളിൽ ബാങ്കുകൾ വേണ്ടെന്നും വർമ കമ്മിറ്റി. ഇടതുപക്ഷപാർട്ടികളും ബാങ്കിങ്‌ രംഗത്തെ ഐക്യവേദിയും ഉയർത്തിയ അതിശക്തമായ പ്രക്ഷോഭത്തിൽ അന്ന്‌ ചവറ്റുകൊട്ടയിൽ എറിഞ്ഞ വർമ കമ്മിറ്റി നിർദ്ദേശങ്ങൾ ഇന്ന്‌ വീണ്ടും പൊടിതട്ടി പുറത്തെടുത്തു കഴിഞ്ഞു. പത്ത്‌ വർഷം ഭരിച്ച യു പി എ സർക്കാർ നടപ്പിലാക്കാൻ ധൈര്യം കാണിക്കാത്ത പല പരിഷ്കാരങ്ങളും ഈ മൂന്ന്‌ വർഷംകൊണ്ട്‌ ഇന്ത്യൻ ധനമേഖലയിൽ മോഡിസർക്കാർ നടപ്പിലാക്കി കഴിഞ്ഞു.
ഓരോ ഇന്ത്യക്കാരനും ജാഗ്രതയോടെ തിരിച്ചറിയേണ്ട വിഷയങ്ങൾ നിരവധിയാണ്‌. രാജ്യത്തെ വിറ്റുതുലയ്ക്കാൻ ആരാണിവർക്ക്‌ അധികാരം നൽകിയത്‌. കൃത്യമായ രാഷ്ട്രീയം മനസിലാക്കാനും പ്രചരിപ്പിക്കാനും നമുക്ക്‌ സാധിക്കണം. കോർപറേറ്റ്‌ ഭരണകൂട ചങ്ങാത്തം രാജ്യത്തെ സർവ്വനാശത്തിലേക്ക്‌ നയിക്കുകയാണ്‌. പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നമുക്ക്‌ ബാധ്യതയുണ്ട്‌. ഇന്ത്യയിലെ മുഴുവൻ ഗ്രാമങ്ങളിലും ശാഖകൾ തുറക്കണം. ബാങ്കുകൾ ലയിപ്പിച്ച്‌ വലിയ ബാങ്ക്‌ ആക്കുന്നത്‌ കോർപറേറ്റ്‌ താൽപര്യം സംരക്ഷിക്കാൻ മാത്രമാണ്‌. സാധാരണ ജനങ്ങളും കർഷകരും ഗ്രാമീണരും ആഗ്രഹിക്കുന്നത്‌ ബാങ്കുകളുടെ സ്വഭാവം ജനകീയമായി മാറണം എന്നതാണ്‌. അല്ലാതെ ബാങ്കിന്റെ വലുപ്പം ജനങ്ങൾക്ക്‌ ഒരു വിഷയമേ അല്ല. സമഗ്ര പുരോഗതി ഉറപ്പുവരുത്താൻ കൃത്യമായ വായ്പാനയം ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കണം. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിൽ അൽപമെങ്കിലും പുരോഗതി മോഡി സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നയം മാറ്റത്തിന്‌ അവർ തയ്യാറാകണം. സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും കർഷകരുടെയും കഴുത്ത്‌ ഞെരിക്കുന്ന ബി ജെ പി രാഷ്ട്രീയം തന്നെയാണ്‌ പൊതുമേഖലാ ബാങ്കുകൾക്ക്‌ ശവപ്പെട്ടി ഒരുക്കുന്നത്‌.
കെ ജി സുധാകരൻ


കോൺഗ്രസിന്റെ പ്രതികരണങ്ങൾ ദിശാബോധമില്ലാത്തത്‌
യുഡിഎഫ്‌ സർക്കാർ അടച്ചുപൂട്ടിയ കുറേ മദ്യശാലകൾ എൽഡിഎഫ്‌ സർക്കാർ തുറന്നതിനെ സർക്കാർ, മദ്യമാഫിയയുടെ കീഴിലായി എന്നാണ്‌ കോൺഗ്രസ്‌ കുറ്റപ്പെടുത്തുന്നത്‌. മുൻ സർക്കാരിന്റെ വികലമായ മദ്യനയം മൂലം ഉപയോക്താക്കൾ മദ്യശാലകളുടെ പാതയോരങ്ങളിൽ പകലന്തിയോളം വെയിലും മഴയും ഏറ്റ്‌ കാത്തുനിൽക്കേണ്ട ഗതികേടിലായിരുന്നു. അതിനാൽ പൂട്ടിയിട്ടിരുന്ന മദ്യശാലകളിൽ ചിലത്‌ ഇടതു സർക്കാർ തുറന്നതോടെ ആ ദുഃസ്ഥിതിക്കു പരിഹാരമാണ്‌ ഉണ്ടായിട്ടുള്ളത്‌.
മദ്യം ആരും ആരെയും അടിച്ചേൽപ്പിക്കുന്നില്ല. ആവശ്യക്കാർക്ക്‌ അത്‌ കഷ്ടപ്പാടില്ലാതെ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. അതാണ്‌ ഈ സർക്കാർ ചെയ്തിട്ടുള്ളത്‌. അതിനെ വിമർശിക്കുന്നതും സമരത്തിനു തയാറാകുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയും വിവരക്കേടുമാണ്‌.
അതുപോലെ മൂന്നാറിലെ അനധികൃത കയ്യേറ്റവിഷയത്തിലും കോൺഗ്രസ്‌ പാർട്ടി ഇരുട്ടിൽ തപ്പുകയാണ്‌. സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്ന റവന്യു മന്ത്രിയുടെ നീക്കത്തിന്‌ തടയിട്ട്‌ കയ്യേറ്റക്കാരെ സംരക്ഷിക്കുവാനുള്ള ചില കയ്യേറ്റക്കാരുടേയും ഉന്നതരുടെയും ഗൂഢലക്ഷ്യം നടപ്പാക്കാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംബന്ധിക്കാതെ മാറിനിന്ന റവന്യു മന്ത്രിയെ പിൻതുണക്കേണ്ടതിനു പകരം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നാരോപിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. ഇപ്രകാരമുള്ള നേതാക്കൾക്ക്‌ എങ്ങനെ ജനങ്ങളുടെ സ്പന്ദനങ്ങളാകാൻ സാധിക്കും.

തുരുത്തേൽ വർക്കിച്ചൻ
മഞ്ഞള്ളൂർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌