ബാബ്‌റി മസ്ജിദ്‌ കേസിൽ ചരിത്രവിധി

ബാബ്‌റി മസ്ജിദ്‌ കേസിൽ ചരിത്രവിധി
April 20 04:44 2017
  • ഗൂഢാലോചനാകുറ്റം പുനഃസ്ഥാപിച്ചു
  • അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർ ക്രിമിനൽ വിചാരണ നേരിടണം
  • കല്യാൺസിങ്ങിന്‌ തുണയായത്‌ ഭരണഘടനാപദവി
  • വിധി പ്രത്യേകാധികാരമുപയോഗിച്ച്‌

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ്‌ ഗൂഢാലോചനക്കേസിൽ സുപ്രിംകോടതിയുടെ ചരിത്രവിധി. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളിമനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയവർ ക്രിമിനൽ വിചാരണ നേരിടണം. ഭരണഘടനയുടെ 142-ാ‍ം വകുപ്പ്‌ നൽകുന്ന പ്രത്യേകാധികാരമുപയോഗിച്ചാണ്‌ ജസ്റ്റിസ്‌ പി സി ഘോഷ്‌, റോഹിൻടൺ എഫ്‌ നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ച്‌ നിർണായക വിധി പുറപ്പെടുവിച്ചത്‌.
മുതിർന്ന സംഘ്പരിവാർ നേതാക്കൾക്കെതിരായ ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട മുൻ യുപി മുഖ്യമന്ത്രി കല്യാൺസിങ്‌ തൽക്കാലത്തേയ്ക്ക്‌ വിചാരണയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌. രാജസ്ഥാൻ ഗവർണർ പദവി നൽകുന്ന ഭരണഘടനയുടെ 361-ാ‍ം വകുപ്പാണ്‌ കല്യാൺസിങ്ങിന്‌ തുണയായത്‌. എന്നാൽ ആ പദവി ഒഴിഞ്ഞാൽ ഉടൻ അദ്ദേഹവും വിചാരണ നേരിട്ടേ മതിയാവൂ.
ഉന്നത സംഘ്പരിവാർ നേതാക്കൾക്കെതിരെ റായ്ബറേലി മജിസ്ട്രേറ്റ്‌ കോടതിയിലും ലക്ഷക്കണക്കിന്‌ കർസേവകർക്കെതിരെ ലക്നൗ സിബിഐ കോടതിയിലും നടക്കുന്ന കേസുകൾ സംയോജിപ്പിച്ച്‌ ലക്നൗ കോടതിയിൽ സമയബന്ധിതമായി വിചാരണ നടത്തണമെന്നാണ്‌ ഉത്തരവ്‌. ജസ്റ്റിസ്‌ നരിമാൻ എഴുതിയ വിധിപ്രസ്താവത്തിൽ എൽ കെ അഡ്വാനിയുടെയും മുരളിമനോഹർ ജോഷിയുടെയും പേരുകൾ എടുത്തുപറഞ്ഞത്‌ അവർക്കെതിരായ ഗൂഢാലോചനാ കുറ്റത്തിന്‌ അടിവരയിടുന്നു.
സംഘ്പരിവാർ നേതൃത്വത്തിനെതിരായ ഗൂഢാലോചനാക്കേസും കർസേവകർ ബാബ്‌റിമസ്ജിദ്‌ തകർത്ത കേസും സംയോജിപ്പിക്കുക വഴി അവർ ഒരേ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന സിബിഐ കേസ്‌ സുപ്രിംകോടതി ശരിവയ്ക്കുകയാണ്‌ ചെയ്തത്‌. സുപ്രിംകോടതി വിധി പുതിയ വിചാരണയ്ക്കാണ്‌ വഴിതുറന്നിരിക്കുന്നത്‌. എന്നാൽ ഇതിന്‌ പ്രത്യേക കുറ്റപത്രം തയാറാക്കേണ്ടതില്ല. നിലവിലുള്ള കേസ്‌ സംയോജിപ്പിക്കുക മാത്രമേ വേണ്ടൂ.
ഇരുകേസുകളിലും ഇതിനകം വിസ്തരിക്കപ്പെട്ട സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തും. തൊള്ളായിരത്തിൽപരം സാക്ഷികളെ ഇത്തരത്തിൽ വിസ്തരിക്കേണ്ടതുണ്ട്‌. കേസുമായി ബന്ധപ്പെട്ട ഏത്‌ പരാതിയിലും ബന്ധപ്പെട്ടവർക്ക്‌ സുപ്രിംകോടതിയെ സമീപിക്കാവുന്നതാണ്‌.
മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, വിനയ്‌ കത്യാർ എന്നിവരടക്കം 12 പേർക്കെതിരായ ഗൂഢാലോചനാക്കുറ്റം പുനഃസ്ഥാപിച്ച പരമോന്നത കോടതി നേരത്തെ ഗൂഢാലോചന കുറ്റം ഒഴിവാക്കിയ അലഹബാദ്‌ ഹൈക്കോടതി വിധി റദ്ദാക്കി. നേരത്തെ ഇവരെ റായ്ബറേലി വിചാരണ കോടതിയാണ്‌ ഗൂഢാലോചന കുറ്റത്തിൽനിന്ന്‌ ഒഴിവാക്കിയിരുന്നത്‌. കേസ്‌ അന്വേഷിച്ച സി ബി ഐ ഇതിനെതിരെ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ, സങ്കേതികത മുൻനിർത്തി ബി ജെ പി നേതാക്കളെ കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന്‌ കേസ്‌ വാദം കേൾക്കുന്നതിനിടെ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. കേസിലെ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കേസന്വേഷിച്ച സി ബി ഐ സംഘം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന അവരുടെ അപേക്ഷ സുപ്രിം കോടതി അംഗീകരിക്കുകയായിരുന്നു.
മുതിർന്ന മൂന്ന്‌ ബിജെപി നേതാക്കൾക്ക്‌ പുറമെ മുൻ യുപി മുഖ്യമന്ത്രിയും നിലവിൽ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിങ്‌, ശിവസേനാ നേതാവായിരുന്ന ബാൽ താക്കറെ, വിഎച്ച്പി നേതാവായിരുന്ന ആചാര്യ ഗിരിരാജ്‌ കിഷോർ എന്നിവർക്കെതിരായ ഗൂഢാലോചനക്കുറ്റവും അലഹബാദ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബാൽ താക്കറെയും ആചാര്യ ഗിരിരാജ്‌ കിഷോറും പിന്നീട്‌ അന്തരിച്ചു. വിനയ്‌ കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സതീഷ്‌ പ്രധാൻ, സി ആർ ബൻസൽ, അന്തരിച്ച അശോക്‌ സിംഗാൾ, സാധ്വി ഋതംബര, അന്തരിച്ച മഹന്ത്‌ അവൈദ്യനാഥ്‌, ആർ വി വേദാന്തി, അന്തരിച്ച പരമഹംസ്‌ രാം ചന്ദ്രദാസ്‌, ജഗ്ദീഷ്‌ മുനി മഹാരാജ്‌, ബി എൽ ശർമ, നൃത്യ ഗോപാൽ ദാസ്‌, ധരംദാസ്‌, സതീഷ്‌ നാഗർ, അന്തരിച്ച മൊറേശ്വർ സാവെ എന്നിവർക്കെതിരായ ഗൂഢാലോചനക്കുറ്റമാണ്‌ അലഹബാദ്‌ ഹൈക്കോടതി റദ്ദാക്കിയത്‌.
കേസ്‌ ഒരു ദിവസം പോലും മാറ്റിവയ്ക്കാതെ വിചാരണ നടത്തണമെന്നും, രണ്ടു വർഷത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്‌. മതിയായ കാരണം കൂടാതെ കേസ്‌ മാറ്റിവയ്ക്കാൻ പാടില്ലെന്നും കേസ്‌ പരിഗണിക്കുന്ന ജഡ്ജിമാരെ സ്ഥലംമാറ്റാൻ പാടില്ലെന്നും ഇടവേളകളില്ലാതെ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രിം കോടതി നിർദ്ദേശമുണ്ട്‌. നാലാഴ്ചയ്ക്കകം കേസ്‌ റായ്ബറേലി കോടതിയിൽനിന്ന്‌ ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയിലേക്ക്‌ മാറ്റണം.തുടർനടപടികൾ ലക്നൗ കോടതിയിൽ നടക്കും. ബാബ്‌റി മസ്ജിദ്‌ തകർത്ത സംഭവത്തിൽ കർസേവകർക്കെതിരെയുള്ള കേസിൽ വിചാരണ ലക്നൗ കോടതിയിലാണ്‌ നടക്കുന്നത്‌. എന്നാൽ, വി വി ഐപികൾക്കെതിരായ കേസ്‌ പരിഗണിക്കുന്നത്‌ റായ്ബറേലി കോടതിയായിരുന്നു.
1992 ഡിസംബർ ആറിനാണ്‌ ബാബ്‌റി മസ്ജിദ്‌ തകർക്കപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട രണ്ട്‌ കേസുകളിൽ വിചാരണ നടക്കുന്നുണ്ട്‌. രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്‌ എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിരുന്നത്‌. പിന്നീട്‌ ഗൂഢാലോചനക്കുറ്റവും ചുമത്തിയെങ്കിലും ഇത്‌ വിചാരണക്കോടതി റദ്ദാക്കുകയും ഹൈക്കോടതി ആ വിധി ശരിവയ്ക്കുകയുമായിരുന്നു.

  Categories:
view more articles

About Article Author