ബാല കൃഷി ശാസ്ത്ര കോൺഗ്രസിന്‌ തുടക്കമായി

ബാല കൃഷി ശാസ്ത്ര കോൺഗ്രസിന്‌ തുടക്കമായി
January 11 04:45 2017

തിരുവനന്തപുരം: ജൈവകേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തിൽ ആഹാരത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകികൊണ്ടുള്ള ഏഴാമത്‌ കേരളാ ബാലകൃഷിശാസ്ത്ര കോൺഗ്രസിൻ്‌ ജവഹർ ബാലഭവനിൽ സമാരംഭമായി. കൃഷിമന്ത്രി വി
എസ്‌ സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇക്കാലത്തു കാർഷിക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേരും 45 വയസിനു മേലെയുള്ളവരാണെന്നും പുതിയ തലമുറയ്ക്ക്‌ കൃഷിയെപ്പറ്റി യാതൊരു അവബോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക്‌ കൃഷി-ജ്ഞാനം പകർന്നു നൽകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും അത്‌ സംഭവിക്കാത്ത ഓരോ നിമിഷവും കേരളം ഇരുണ്ട യുഗത്തിലേക്കാണ്‌ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അധ്വാനത്തിന്റെ മഹത്വം പഠിപ്പിക്കുന്ന ഒരു ശാസ്ത്രമാണ്‌ കൃഷി. കൃഷിയെ പറ്റി പഠിക്കാതെ എന്ത്‌ പഠിച്ചിട്ടും കാര്യമില്ല. കൃഷിയെയും, മണ്ണിനെയും, ജലത്തിനെയും അറിയാതെ ഒരു മനുഷ്യനും യഥാർത്ഥത്തിൽ മനുഷ്യൻ ആയി തീരുന്നില്ല. ഇത്‌ കണക്കിലെടുത്താണ്‌ അടുത്ത കൊല്ലം മുതൽ കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പോകുന്നത്‌. കൃഷി എന്താണെന്നറിയാതെ ആർക്കും ഇനി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു. ഏഴ്‌ പതിപ്പുകൾ പിന്നിട്ട ബാല കൃഷി ശാസ്ത്ര കോൺഗ്രസ്‌ അടുത്ത വർഷം മുതൽ സർക്കാർ ഏറ്റെടുത്തു വളരെ വിപുലമായി, ഔപചാരികമായ ഒരു കാർഷികോത്സവമായി നടത്തുമെന്ന്‌ വാഗ്ദാനം നൽകിയ മന്ത്രി ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെ പറ്റിയും കുട്ടിശാസ്ത്രജ്ഞർക്ക്‌ പറഞ്ഞു കൊടുത്തു.
ഒരു സംസ്ഥാനത്തിന്റെ അടിയന്തരമായ ആവശ്യം ആരോഗ്യമുള്ള പുതുതലമുറയാണെന്നും അത്‌ സൃഷ്ടിക്കാനുള്ള ഏകമാർഗം നമ്മുടെ ഭക്ഷണം നമ്മൾ തന്നെ കൃഷി ചെയ്തു ഉൽപ്പാദിക്കുകയാണെന്ന്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ മുരളീധരൻ എംഎൽഎ പറഞ്ഞു.
കൃഷിയോട്‌ വലിയ രീതിയിലുള്ള അവഗണനയാണ്‌ ആളുകൾ വച്ച്‌ പൊറുപ്പിക്കുന്നത്‌. പുതിയ തലമുറയ്ക്ക്‌ കൃഷിയുടെ അനന്ത സാധ്യതകൾ അന്വേഷിക്കാനും സമഗ്ര പഠനം നടത്താനും ഒരു അവസരം ഇന്ന്‌ വളരെ അത്യാവശ്യമായ ഒരു കാര്യമാണ്‌. കൃഷിയോട്‌ പുതിയ തലമുറയിലെ കുട്ടികൾ കാണിക്കുന്ന ആഭിമുഖ്യം പ്രതീക്ഷാജനകവും അഭിനന്ദനീയവുമാണ്‌ അദ്ദേഹം പറഞ്ഞു.
അര നൂറ്റാണ്ടു മുമ്പ്‌, കൃഷി ചെയ്യുന്ന ഭൂമി സ്വന്തമാക്കാൻ സമരം ചെയ്ത മലയാളിക്ക്‌ ഇന്ന്‌ സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാൻ മടിയാണെന്നു ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ ടീച്ചർ കാർഷിക കലോത്സവം ഉദ്ഘാടനം ചെയ്തു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പിനോട്‌ ജൈവ കൃഷി ഓരോ മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തിലും കോർപ്പറേഷനിലും ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കേരളം സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്‌. അനുദിനം ജീവിതശൈലി രോഗങ്ങൾക്ക്‌ അടിമപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഇങ്ങനെയൊരു നിർദ്ദേശം സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

  Categories:
view more articles

About Article Author