Thursday
24 May 2018

ബിജെപിയുടെ കത്തിരഹിത കശാപ്പ്‌!

By: Web Desk | Monday 10 July 2017 4:55 AM IST

വാതിൽപ്പഴുതിലൂടെ
ദേവിക
രക്തരഹിതവിപ്ലവം, ശബ്ദരഹിതസേവനം എന്നൊക്കെ കേട്ടിട്ടുണ്ട്‌. പക്ഷേ കത്തിരഹിത കശാപ്പ്‌ അസംഭവ്യമെന്നാണ്‌ നാമൊക്കെ ധരിച്ചുവച്ചിട്ടുള്ളത്‌. പക്ഷേ ആ അസാധ്യം ശബ്ദമാത്രമാണെന്ന്‌ ബിജെപി അധ്യക്ഷൻ അമിത്ഷാ തന്നെ കാട്ടിത്തന്നിരിക്കുന്നു.
പശുവിനെ മാത്രമല്ല പലതരം കശാപ്പുകളും കത്തി തൊടാതെ കൂളായി നടത്താമെന്ന പുതിയ ടെക്നിക്കിന്‌ നന്ദി പറയുക, നല്ല നമസ്കാരം ചൊല്ലുക! അമിട്ട്ഷാ സഞ്ചരിച്ചിരുന്ന വിഐപി വാഹനമിടിച്ച്‌ ഒരു ഗോമാതാവ്‌ പരലോകപ്രാപ്തയായി എന്നാണ്‌ വാർത്ത. കത്തിയില്ലാതെ കശാപ്പ്‌ ഇവ്വിധവുമാകാം എന്നതിന്‌ തെളിവ്‌ വേറെ വേണോ? ഗോവധ നിരോധനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗത്തും ബിജെപി തുടങ്ങിയ ഗോസംരക്ഷണ കേന്ദ്രങ്ങളും കത്തി തൊടാതെയുള്ള കശാപ്പുശാലകളായി മാറിയെന്നാണ്‌ മറ്റൊരു വാർത്ത. ഇത്തരം കേന്ദ്രങ്ങളിൽ ആഹാരവും വെള്ളവും കിട്ടാതെ പശുക്കൾ ചത്തൊടുങ്ങുന്നു. കത്തിരഹിത കശാപ്പിന്‌ ഇതിൽപ്പരം തെളിവുവേണോ.
രാഷ്ട്രീയത്തിലും കത്തിരഹിത കശാപ്പ്‌ ആകാമെന്ന്‌ ആദ്യം കണ്ടുപിടിച്ചത്‌ കോൺഗ്രസ്‌ ആയിരുന്നു. അതും അരനൂറ്റാണ്ടിനുമപ്പുറം പിന്നീട്‌ അത്തരം കശാപ്പുകൾ അന്യം നിന്നുപോവുകയോ വിസ്മരണീയമാവുകയോ ചെയ്തുപോയി. കേരള രാഷ്ട്രീയത്തിലെ ഭീഷ്മപിതാമഹൻ എന്നാണ്‌ പണ്ടത്തെ വിമോചന സമരകാലത്ത്‌ പട്ടം താണുപിളളയെ കോൺഗ്രസുകാരും കഥാവശേഷമായ പിഎസ്പിക്കാരും വിശേഷിപ്പിച്ചിരുന്നത്‌. വിമോചനസമരം കഴിഞ്ഞ്‌ പട്ടം മുഖ്യമന്ത്രിയാകുകയും ചെയ്തു. പക്ഷേ കോൺഗ്രസ്‌ നേതാവ്‌ ആർ ശങ്കറിന്‌ മുഖ്യമന്ത്രിയാകണമെങ്കിൽ പട്ടത്തെ തട്ടണം, അദ്ദേഹത്തിന്റെ പാർട്ടിയായ പിഎസ്പിയെ കത്തിരഹിതമായി കശാപ്പ്‌ ചെയ്യണം.
അതിനുവേണ്ടി കോൺഗ്രസുകാർ കണ്ടുപിടിച്ച ആദ്യത്തെ കൊലക്കത്തിരഹിത കശാപ്പായിരുന്നു പട്ടം താണുപിള്ളയുടെ പഞ്ചാബ്‌ ഗവർണർ പദവി. മുണ്ടും ജൂബയും കഴുത്തിൽ ചുറ്റിയിട്ട മേൽമുണ്ടുമായി കേരള രാഷ്ട്രീയത്തിൽ വിരാജിച്ചു നടന്ന പട്ടം കൗപീനവും കാൽശരായിയും കുർത്തയും ഗാന്ധിതൊപ്പിയുമായി പഞ്ചാബ്‌ രാജ്ഭവനിലേയ്ക്ക്‌ കുടിയേറിയ ആ ചിത്രം പഴയ തലമുറ ഇന്നും പേർത്തും പേർത്തും ആസ്വദിക്കുന്നു. അതോടെ പട്ടത്തിന്റെ രാഷ്ട്രീയത്തിനും പിഎസ്പിക്കും കത്തി തൊടാതെ രാഷ്ട്രീയ കശാപ്പായി. ഒരു തുള്ളി ചോരവീഴാതെയുള്ള ക്ലീൻ കശാപ്പ്‌. പട്ടം മുതലാണ്‌ കേരളം ഗവർണർമാരുടെ ഒരു കൊയ്ത്തുപാടമായതെന്നാണ്‌ ചരിത്രം. മിക്കവരെയും തട്ടിയത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കായിരുന്നുവെന്നത്‌ മറ്റൊരു കൗതുകം. വക്കം പുരുഷോത്തമനെ ആൻഡമാനിലേക്ക്‌ അര ഗവർണറായ ലഫ്‌. ഗവർണറാക്കി. എം എം ജേക്കബിനെ മേഘാലയയിൽ. കെ ശങ്കരനാരായണനെ നാഗാലാൻഡിൽ. നാഗന്മാരും നായന്മാരും ഒന്നു തന്നെ. അതിനാൽ നായരായ താൻ നായർലാൻഡായ നാഗാലാൻഡിലെക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞ്‌ ശങ്കരനാരായണനും തൂവെള്ള മുണ്ടും നെടുങ്കൻ ജൂബയും വലിച്ചെറിഞ്ഞ്‌ കളസവും കോട്ടുമായി നാഗാലാൻഡിനു വണ്ടികയറി.
ഇപ്പോഴിതാ കത്തിരഹിത കശാപ്പിന്റെ പുതിയൊരു വാർത്ത പുറത്തുവരുന്നു സാക്ഷാൽ കെ എം മാണിയെ ബിജെപി സർക്കാർ ഗവർണറാക്കാൻ പോകുന്നുവെന്ന്‌. പാലാക്കാരൻ എം എം ജേക്കബിന്‌ ഗവർണറാകാമെങ്കിൽ ആ നാട്ടുകാരൻ തന്നെയായ മാണിക്കെന്താ ഗവർണർ കുപ്പായം പുളിക്കുമോ എന്ന്‌ മാണി കേരളാകോൺഗ്രസുകാർ. ബിജെപി തൊടുന്നതെല്ലാം നാട്ടിനും നാട്ടാർക്കും അഹിതമായവയെങ്കിൽ മാണിയുടെ കാര്യത്തിൽ മാത്രം ഒരു സൽക്കർമം നടത്താൻ പോകുന്നു. കേരള രാഷ്ട്രീയത്തിന്‌ ശാപമായ മാണി കോൺഗ്രസിന്റെ ഉന്മൂലനം ഇതുകൊണ്ടുനടക്കും. കത്തിയില്ലാതെ സെയിലൻസർ തോക്കുപയോഗിച്ച്‌ ഒരു വെടിക്കു രണ്ട്‌ പക്ഷി. മാണിയുടേയും മാണികോൺഗ്രസിന്റേയും ഇരട്ട കശാപ്പിന്‌ സ്തുതിയായിരിക്കട്ടെ.
‘പണിയില്ലെങ്കിൽ ബിജെപി, പടമില്ലെങ്കിൽ ബിജെപി’ എന്ന ഒരു പുതിയ മുദ്രാവാക്യവും ഉയർന്നുവന്നിരിക്കുന്നു. കമ്മിഷണർ ചമഞ്ഞുനടന്ന സുരേഷ്ഗോപി പടമില്ലാതെ ഔട്ടായി നിന്നപ്പോൾ ‘ഇൻ’ ആക്കാൻ ബിജെപി റെഡി. പണിയില്ലാതായ ഡിജിപി ടി പി സെൻകുമാറിനു വേണ്ടി മാരാർജി ഭവന്റെ കവാടങ്ങൾ തുറന്ന്‌ ‘കൊച്ചി മെട്രോ ഫെയിം’ കുമ്മനം കാത്തിരിക്കുന്നു. ബിജെപിയിലേയ്ക്കുള്ള പ്രൊബേഷൻ കാലവും സെൻകുമാർ ഏമാൻ വിജയകരമായി പൂർത്തിയാക്കി. മുസ്ലിങ്ങളാകെ ജിഹാദികളാണെന്ന കൊലവിളിയോടെ. പഴയ കാക്കിക്ക്‌ പകരം ഇനി കാവിവസ്ത്രം ധരിച്ച്‌ നീളൻ ദണ്ഡുമായി നടക്കുന്ന സെൻകുമാറിനെ കാണാൻ ഇനി എന്തൊരു ചന്തമായിരിക്കും.
നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ വരുമ്പോഴാണ്‌ മലയാളി ഗൾഫ്‌ സ്വപ്നങ്ങളുമായി പ്രവാസിജീവിതം തുടങ്ങുന്നത്‌. കാലാവസ്ഥയും ജോലിയിലെ സമ്മർദവും നാട്ടിലെ കുടുംബപ്രാരാബ്ദങ്ങളും ഓർത്ത്‌ ഗൾഫ്‌ നാടുകളിൽ പണിചെയ്യുന്നവരിൽ ഹൃദയാഘാതം മൂലം അകാലചരമമടയുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന്‌ ഈയടുത്തു നടന്ന ഒരു സർവേയിൽ കണ്ടെത്തി. ഇതിനകം അയ്യായിരത്തോളം മലയാളികളുടെ മൃതദേഹങ്ങളാണ്‌ മലയാളി സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ്‌ താമരശേരി സ്വന്തം ചെലവിൽ നാട്ടിലേക്കയച്ചത്‌. ഒരാഴ്ചയ്ക്കുള്ളിൽ താൻ നാട്ടിലെത്തിച്ച മൃതദേഹങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലം മരിച്ചവരായിരുന്നുവെന്ന്‌ ഏതാനും ദിവസം മുമ്പ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌ ഹൃദയഭേദകമായിരുന്നു.
മൃതദേഹങ്ങൾ നാട്ടിലേയ്ക്ക്‌ സൗജന്യമായാണ്‌ പാകിസ്ഥാൻ വിമാനങ്ങളിൽ കൊണ്ടുപോകുന്നത്‌. ഇന്ത്യയിലേയ്ക്കാണെങ്കിൽ മൃതദേഹം ശവപ്പെട്ടി സഹിതം തൂക്കി കിലോയ്ക്ക്‌ 18 രൂപ നിരക്കിലും. മൃതദേഹങ്ങളോട്‌ ഇതിൽപരം അനാദരവ്‌ കാട്ടാനുണ്ടോ? ഇപ്പോൾ മോഡി സർക്കാർ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നു. മരിച്ചയാളുടെ പാസ്പോർട്ട്‌ റദ്ദാക്കിയതടക്കം നാല്‌ രേഖകൾ നാട്ടിലെ വിമാനത്താവളത്തിലെത്തിച്ചാലേ മൃതദേഹം ഇന്ത്യൻ മണ്ണിലിറക്കൂ എന്ന ശാഠ്യപൂർണവും മനുഷ്യത്വരഹിതവുമായ നിബന്ധനകൾ. പിറന്ന മണ്ണിൽ ജീവിക്കാനാകാതെ വരുമ്പോൾ ദേശാടനക്കിളികളെപോലെ മരുപ്പച്ചകളിലേയ്ക്ക്‌ പറന്നു ജീവിതസ്വപ്നം നെയ്യുന്നവരുടെ മൃതശരീരങ്ങൾ പോലും ജീർണിച്ചേ നാട്ടിൽ നിലംതൊടീക്കൂ എന്ന മോഡി സർക്കാരിന്റെ ഉത്തരവ്‌ ഒരു ജീർണമനസിന്റെ കൊടിയടയാളമല്ലാതെ മേറ്റ്ന്താണ്‌?
ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഒരുത്തരവ്‌ നമ്മുടെ പൊതുബോധത്തെ പുളകം കൊള്ളിക്കുന്നു. മൂന്നാറിലെ ഒരു പ്രമുഖ കയ്യേറ്റക്കാരനായ വി വി ജോർജിന്റെ കൈവശം വച്ചിരിക്കുന്ന 22 സെന്റ്‌ കണ്ണായ സ്ഥലം സർക്കാർ തിരിച്ചുപിടിക്കണമെന്നായിരുന്നു ആ ഉത്തരവ്‌. ഈ മാഫിയാത്തലവന്റെ പരാതിയിന്മേൽ സർവകക്ഷി യോഗം വിളിക്കണമെന്ന ചില കേന്ദ്രങ്ങളുടെ നിർദേശം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ‘അനുചിതം’ എന്നു പറഞ്ഞുതള്ളിയതിനു പിന്നാലെ വന്ന ഉത്തരവാണ്‌ ന്യായാസനത്തിന്റേത്‌. മാഫിയാ സംരക്ഷകർക്കുവേണ്ടി കുരിശിന്റെ വഴികൾ വെട്ടുന്നവർക്കേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി ഉത്തരവ്‌. ഉത്തരവുണ്ടായ ജാള്യതയിൽ ചില കേന്ദ്രങ്ങൾ ഇപ്പോൾ പറയുന്നത്‌ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാവൂ എന്നാണ്‌. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമല്ലാതെ ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പിനെന്താ പിരാന്തുണ്ടോ.