ബിജെപി ദളിത രാഷ്ട്രീയത്തിൽ വിള്ളലുണ്ടാക്കുന്നു

ബിജെപി ദളിത രാഷ്ട്രീയത്തിൽ വിള്ളലുണ്ടാക്കുന്നു
May 27 04:45 2017

ജോസ്‌ ഡൊമിനിക്‌
സഹറാൻപൂർ: മരത്തടികളിൽ കരകൗശലം തീർക്കുന്നവരുടെ ജില്ലയായ പശ്ചിമ യുപിയിലെ സഹറാൻപൂർ വർഗീയ കലാപത്തിന്റെ അഗ്നിജ്വാലകളിൽ അമർന്നൊടുങ്ങുകയാണ്‌. അതിന്റെ അടിയൊഴുക്കുകൾ ആഴത്തിലുള്ളവയും.
യുപിയിലെ ദളിത്‌ രാഷ്ട്രീയത്തിലെ പുതിയ ഘട്ടമാണീകലാപം. ദളിതരുടെ രാഷ്ട്രീയ അഭയകേന്ദ്രമായി ഒരിക്കൽ മാറിയിരുന്ന ബിഎസ്പിയെ ശിഥിലമാക്കി ബിജെപി ദളിതരിൽ ഒരു വിഭാഗത്തെ അടർത്തിയെടുക്കുന്നു. ഹിന്ദുത്വയുടെ ഒരു പുതിയ മുഖം.
തൊണ്ണൂറുകളിലാണ്‌ കൻഷിറാമും മായാവതിയും ചേർന്ന്‌ ബിഎസ്പി എന്ന കുടക്കീഴിലേയ്ക്ക്‌ ദളിതരെ ആട്ടിത്തെളിച്ചത്‌. അന്തസും ആത്മാഭിമാനവും വരേണ്യവർഗ വെറുപ്പും എല്ലാം ദളിതരെ ബിഎസ്പിയിലേയ്ക്ക്‌ ആകർഷിച്ചു. ചെറുതും ഇടത്തരവുമായ ദളിത സംഘങ്ങൾ കൂട്ടത്തോടെ ബിഎസ്പിയിൽ പ്രതീക്ഷവച്ചു. എന്നാൽ ഇപ്പോൾ ബിജെപിക്ക്‌ ദളിതരെ സമർഥമായി ഭിന്നിപ്പിക്കാൻ കഴിയുന്നു. ദളിതർക്കിടയിൽ വിദ്യാഭ്യാസം കൂടി, പലരും മെച്ചപ്പെട്ട ജോലിക്കായി കർഷകത്തൊഴിലാളിയുടെ പണി ഉപേക്ഷിച്ചു – സത്വരാഷ്ട്രീയം ദുർബലമായി, ദളിതരിലെ ഒരു പുതിയ ഉയർന്ന വിഭാഗം ബിജെപിയിലേയ്ക്ക്‌ ആകർഷിക്കപ്പെടുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം ബിജെപി നൽകുമെന്ന വ്യാമോഹം ജനിക്കുന്നു. ജാതവ ദളിതർ ഇപ്പോഴും ബിഎസ്പിയിൽ തുടരുമ്പോൾ ജാതവേതര ദളിതർ ബിജെപിക്കനുകൂലമായി ചായുന്നു.
വരേണ്യ ഹിന്ദുക്കളുടെ പാർട്ടിയെന്ന പ്രതിഛായ മാറ്റി പിന്നാക്കകാരെയും ദളിതരെയും ഒപ്പം കൂട്ടി ‘മഹാഹിന്ദു’ സൃഷ്ടിക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ ചൂണ്ടയിലെ ഇരകളാണ്‌ ഇപ്പോൾ ഇവർ. ‘മഹാഹിന്ദു’ മുസ്ലിങ്ങളെ നേരിടാനുള്ള നല്ല ആയുധമായി ബിജെപി കരുതുന്നു.
സഹറാൻപൂർ ദളിതർ തിങ്ങിവസിക്കുന്നയിടമാണ്‌. ഏറെയും തുകൽ തൊഴിലാളികൾ. അവരിൽ പലരും ബുദ്ധമതക്കാർ. ജാതവ്‌ നഗറിൽ ലഹള നടന്ന സ്ഥലത്ത്‌ ഏറ്റുമുട്ടിയത്‌ ബിജെപിയെ അനുകൂലിക്കുന്ന ദളിതരും ബിഎസ്പിയെ അനുകൂലിക്കുന്ന ദളിതരും തമ്മിലാണ്‌. ബിജെപി അനുകൂല ദളിതർ അതിലേയ്ക്ക്‌ ആകർഷിതരാവുന്നത്‌ ബിജെപി വികസനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ്‌.
ദളിതരിലെ ഭിന്നത അവരുടെ ആരാധനയെപ്പോലും തകിടം മറിക്കുന്നു. ബിഎസ്പി അനുകൂല ദളിതർ ഇപ്പോഴും അംബേദ്കറാണ്‌ ബുദ്ധന്റെ പൈതൃകം കൻഷിറാമിലൂടെ പകർന്നതെന്ന്‌ കരുതുന്നു. ബിജെപി അനുകൂല ദളിതർ ഹിന്ദുഭക്തിമാർഗ നായകനായ രവിദാസിനെ ഗുരുവായി കരുതുന്നു.
ബിഎസ്പി സഹറാൻപൂർ മണ്ഡലം കോ-ഓർഡിനേറ്റർ ധർമകുമാർ ബിജെപിയിലെ അനുകൂല ദളിതരെ ‘പുതിയ ഹരിജനം’ എന്നാണ്‌ വിളിച്ചത്‌. സഡക്‌ ദുധ്ലിയിലെ സംഭവങ്ങൾ ബിജെപി ദളിതരെ മുസ്ലിങ്ങൾക്കെതിരെ തിരിക്കാൻ ആസൂത്രണം ചെയ്തതായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. രണ്ട്‌ തവണ അംബേദ്കർ പ്രതിമ തൽഹേറി ഖുർദിൽ നശിപ്പിക്കപ്പെട്ടപ്പോൾ ബിജെപി ഒരു നടപടിയും എടുത്തില്ല. അവിടെ ഹിന്ദു ഗ്രൂപ്പുകളായ ഗുജ്ജാർ, പ്രജ്ജാപർതി, ചാമർ ദളിതരേയുള്ളു. ഒറ്റ മുസ്ലിമും ഇല്ല- അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ദളിത്‌-മുസ്ലിം സംഘർഷം പുതുതല്ല. 2006 ലും രവിദാസ്‌ പ്രദക്ഷിണം മുസ്ലിങ്ങൾ തടഞ്ഞപ്പോൾ സംഘർഷം ഉടലെടുത്തിട്ടുണ്ട്‌. അന്ന്‌ ദളിത്‌ പ്രക്ഷോഭം ബിഎസ്പി നയിച്ചപ്പോൾ മുസ്ലിങ്ങളെ നയിച്ചത്‌ പ്രമുഖ കോൺഗ്രസ്‌ നേതാവ്‌ ഇമ്രാൻ മസൂദായിരുന്നു. അന്നു മുലായം സിങ്ങിന്റെ എസ്‌ പി സർക്കാർ മുസ്ലിങ്ങളെ സഹായിച്ചുവെന്ന്‌ ബിഎസ്പി ആക്ഷേപിച്ചു. 2017 ആയപ്പോൾ സഹറാൻപൂർ ജാതീയമായും വർഗീയമായും രണ്ട്‌ ചേരിയായി നിൽക്കുന്ന സ്ഫോടനാത്മക സ്ഥിതിവിശേഷത്തിലാണ്‌.
(അവസാനിക്കുന്നില്ല)

  Categories:
view more articles

About Article Author