ബിസിസിഐ: ഒരു സംസ്ഥാനത്തിന്‌ ഒരു വോട്ട്‌: സുപ്രിംകോടതി പുനപരിശോധിക്കും

ബിസിസിഐ: ഒരു സംസ്ഥാനത്തിന്‌ ഒരു വോട്ട്‌: സുപ്രിംകോടതി പുനപരിശോധിക്കും
July 16 04:45 2017

ന്യൂഡൽഹി: ബിസിസിഐയിൽ ഒരു സംസ്ഥാനത്ത്‌ നിന്നും ഒരു അസോസിയേഷന്‌ മാത്രം പ്രാതിനിധ്യം എന്ന നിബന്ധനയിൽ സുപ്രിംകോടതി ഇളവ്‌ നൽകിയേക്കും.
സെപ്റ്റംബർ അഞ്ചിനാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ സുപ്രിംകോടതി നിലപാട്‌ പ്രഖ്യാപിക്കുക. ലോധ കമ്മിറ്റി റിപ്പോർട്ടിലാണ്‌ ഒരു സംസ്ഥാനത്തിന്‌ ഒരു പ്രതിനിധിയെന്ന ശുപാർശ മുന്നോട്ടുവച്ചിരുന്നത്‌.
പുതിയ ഇളവുകൾ പ്രകാരവും ഒരു സംസ്ഥാനത്തിന്‌ ഒരു വോട്ട്‌ തന്നെയായിരിക്കും ഉണ്ടാവുക. അതേസമയം റെയിൽവേസ്‌, സർവീസസ്‌, അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ യൂണിവേഴ്സിറ്റീസ്‌, നാഷണൽ ക്രിക്കറ്റ്‌ ക്ലബ്‌, ക്രിക്കറ്റ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയവയ്ക്ക്‌ ബിസിസിഐയുടെ പൂർണ്ണ അംഗത്വം നിലനിർത്താനും ബിസിസിഐ ടൂർണ്ണമെന്റുകളിൽ ടീമുകളെ കളിപ്പിക്കാനും സാധിക്കും. എന്നാൽ ഇവർക്ക്‌ വോട്ടവകാശം ഉണ്ടാകില്ല. അതേസമയം മൂന്ന്‌ അസോസിയേഷനുകൾ വീതമുള്ള മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങൾക്ക്‌ ഒരു വോട്ട്‌ മാത്രമാകും ഉണ്ടാവുക. വോട്ട്‌ മാറിമാറി അസോസിയേഷനുകൾക്ക്‌ ലഭിക്കുന്ന രീതിയിലുള്ള ഒരു സംവിധാനമാണ്‌ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്‌. ഇതോടെ നിലവിലുള്ള തർക്കങ്ങൾക്കും ആശങ്കകൾക്കും പരിഹാരമാകും. ബിസിസിഐയിൽ ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ മേധാവിത്വവും ഇല്ലാതാകും.
കഴിഞ്ഞദിവസം റെയിൽവേസിന്റെയും സർവീസസിന്റെയും പൂർണ്ണ അംഗത്വം നിലനിർത്തണമെന്ന്‌ സോളിസിറ്റർ ജനറൽ രഞ്ജിത്‌ കുമാർ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ഇവരുടെ പങ്ക്‌ വലുതാണെന്നും രഞ്ജിത്‌ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

  Categories:
view more articles

About Article Author