ബെൽറ്റ്‌-റോഡ്‌ ഉച്ചകോടിയും ഇന്ത്യയും

May 16 04:55 2017

ഇന്നലെ ബെയ്ജിങ്ങിൽ സമാപിച്ച ബെൽറ്റ്‌-റോഡ്‌ ഉച്ചകോടിയിൽ ഇന്ത്യയുടെ അസാന്നിധ്യം രാജ്യത്തും ആഗോളതലത്തിലും സമ്മിശ്ര പ്രതികരണമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ‘ആകാശത്തിനു താഴെ നടക്കുന്ന ഏറ്റവും വലിയ വികസന പദ്ധതി’ എന്ന്‌ ചില ചൈനീസ്‌ കേന്ദ്രങ്ങളെങ്കിലും വിശേഷിപ്പിക്കുന്ന ബെൽറ്റ്‌-റോഡ്‌ സംരംഭത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്‌ അത്‌ മേഖലയുടെ രാഷ്ട്ര ബലതന്ത്രവുമായീ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്‌. ചൈന 2013ൽ പ്രഖ്യാപിച്ച, പ്രസിഡന്റ്‌ ഷി ജിൻപിങ്ങിന്റെ ഈ സ്വപ്ന പദ്ധതിയുടെ വിശദാംശങ്ങളുടെ രൂപീകരണത്തിൽ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക്‌ യാതൊരു പങ്കാളിത്തവും ഇല്ലെന്നതും ഈ നിലപാടിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയുടെ ഭാഗമായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) ഇന്ത്യയുടെ ഭാഗമായി രാഷ്ട്രം കരുതുന്ന പാക്‌ അധിനിവേശ കശ്മീരിലെ ഗിൽജിത്‌-ബാൾട്ടിസ്ഥാനിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഉഭയസമ്മതപ്രകാരമല്ലാതെ തർക്കഭൂമിയിൽ നടക്കുന്ന വികസന പദ്ധതി ഇന്ത്യയുടെ പരമാധികാരത്തിന്റെ നിഷേധമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇന്ത്യയും ചൈനയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക്‌ പരിഹാരം കാണാതെ അത്തരമൊരു വികസന പദ്ധതി അംഗീകരിക്കാൻ പരമ്പരാഗത നയതന്ത്ര വിവേകം നമ്മെ അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ ഇന്ത്യ അതിന്റെ വിയോജിപ്പും ആശങ്കകളും നയതന്ത്രതലത്തിൽ അസന്ദിഗ്ധമായി രേഖപ്പെടുത്തിയതായാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌. എന്നാൽ ആഗോളതലത്തിലും ഉഭയകക്ഷി തലത്തിലും അഭിമുഖീകരണം തുടരുന്ന യു എസ്‌, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പോലും തുടക്കത്തിൽ പ്രകടമായിരുന്ന വിയോജിപ്പുകൾ മാറ്റിവച്ച്‌ ബെൽറ്റ്‌-റോഡ്‌ ഉച്ചകോടിയിൽ പങ്കാളികളായി എന്നത്‌ ശ്രദ്ധേയമാണ്‌.
രണ്ടാം ലോകയുദ്ധോത്തര ആഗോള രാഷ്ട്രീയ-സാമ്പത്തിക രംഗം അതിവേഗ ഘടനാമാറ്റങ്ങൾക്ക്‌ വിധേയമാവുകയാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെ തുടർന്ന്‌ നടന്ന ഏകധ്രുവലോകാഘോഷത്തിന്റെ പൊടിപടലങ്ങൾ കെട്ടടങ്ങിയിരിക്കുന്നു. മൂലധന ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും വായ്ത്താരികൾ നിലച്ചിരിക്കുന്നു. അവയുടെ വക്താക്കളും പ്രയോക്താക്കളും സാമ്പത്തികവും ഘടനാപരവുമായ തകർച്ചയുടെ മുറിപ്പാടുകൾ നക്കിത്തുടച്ച്‌ സ്വന്തം മാളങ്ങളിലേക്ക്‌ പിൻവാങ്ങുന്ന കാഴ്ചയാണ്‌ എവിടെയും. അതിരുകളില്ലാത്ത സ്വതന്ത്ര വ്യാപാരത്തെപ്പറ്റിയും ആഗോള പൗരത്വത്തെപ്പറ്റിയുമുള്ള വാചക കസർത്തുകൾ സംരക്ഷിത വിപണിക്കും തീവ്രദേശീയതയ്ക്കും വംശീയ വിവേചനത്തിനും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനും വഴിമാറിയിരിക്കുന്നു. അത്തരം നിറംമങ്ങിയ അന്തരീക്ഷത്തിൽ ബെയ്ജിങ്ങിൽ നിന്നുയരുന്ന ‘നിലനിൽക്കാവുന്ന ആഗോളീകരണം’, സമാധാനപരമായ സഹവർത്തിത്വം എന്നീ ആശയങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നെങ്കിൽ അദ്ഭുതപ്പെടേണ്ടതില്ല. മറ്റ്‌ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും തങ്ങളുടെ സാമൂഹ്യ സംവിധാനമോ വികസന മാതൃകയോ കയറ്റുമതി ചെയ്യാനില്ലെന്നുമുള്ള ഷി ജിൻപിങ്ങിന്റെ പ്രഖ്യാപനവും ലോകം കാതോർക്കുന്നുണ്ട്‌. ബെൽറ്റ്‌-റോഡ്‌ സംരംഭത്തെ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാഷ്ട്രങ്ങൾക്ക്‌ ആകർഷകമാക്കി മാറ്റുന്നത്‌ അത്‌ നൽകുന്ന സാമ്പത്തിക വളർച്ചയുടെ പ്രയോജനം മാത്രമല്ല. മറിച്ച്‌, ചൈന മുന്നോട്ടുവെയ്ക്കുന്ന ബദൽ ആഗോള രാഷ്ട്രീയ-സാമ്പത്തിക കാഴ്ചപ്പാടുകൂടിയാണ്‌.
ചൈനയുമായി ഒരുതവണയും പാകിസ്ഥാനുമായി പലവട്ടവും യുദ്ധം ചെയ്യേണ്ടിവന്നതും പല കാര്യങ്ങളിലും തർക്കവിഷയങ്ങൾ അപരിഹാര്യമായി തുടരുന്ന രാഷ്ട്രങ്ങൾ എന്നനിലയിലും ഇന്ത്യൻ നിലപാട്‌ സാമാന്യയുക്തിക്ക്‌ നിരക്കുന്നതുതന്നെ. എന്നാൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലാ രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളും, ഇന്നത്തെയും ഭാവിയിലെയും ആഗോളനയതന്ത്രവും സാമാന്യയുക്തിയുടെ അളവുകോൽ കൊണ്ട്‌ മാത്രം അളന്നുമുറിക്കാവുന്നതല്ല. അത്തരം വിഷയങ്ങളിലുള്ള സന്ദേഹങ്ങൾ നിലനിൽക്കെതന്നെ ഉയർന്നുവരുന്ന ഒരു ആഗോള രാഷ്ട്രശക്തി എന്ന നിലയിൽ ധീരമായ കാൽവെയ്പുകൾക്ക്‌ നാം മുതിരേണ്ടതല്ലെയെന്ന്‌ രാജ്യത്തിന്റെ ഉന്നത നയതന്ത്ര വൃത്തങ്ങളും സമുന്നത രാഷ്ട്രീയ നേതൃത്വവും കരുതലോടെ പുനർവിചിന്തനത്തിന്‌ തയാറാവണം. ബെയ്ജിങ്‌ ഉച്ചകോടി ബഹിഷ്കരിക്കുന്നതായി ഔപചാരിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ കാണാനായില്ല. അത്‌ നയതന്ത്ര രംഗത്തെ അനിശ്ചിതത്വത്തെയോ ആശയക്കുഴപ്പത്തെയോ ആണ്‌ സൂചിപ്പിക്കുന്നത്‌. ബെയ്ജിങ്ങിലെ അസാന്നിധ്യം ഉയർന്നുവരുന്ന പുത്തൻ ആഗോള യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധിക്കാൻ ഇന്ത്യ സന്നദ്ധമാവണം. അത്‌ ശരിയായ ദിശയിൽ നീങ്ങാനും ആഗോള സാഹചര്യങ്ങളെ നമുക്ക്‌ അനുകൂലമാക്കി മാറ്റാനും സഹായകമാവും. ഒറ്റപ്പെടലല്ല കൂട്ടായ്മയുടെയും സഹകരണത്തിന്റെയും കരുത്താണ്‌ നയതന്ത്ര ബലത്തിന്റെ വിജയരഹസ്യം എന്ന്‌ തിരിച്ചറിയാൻ നാം ഇനിയും വൈകിക്കൂട.

  Categories:
view more articles

About Article Author