ബ്യൂട്ടി ഖാതുൻ മാൾഡയിലെ മലാല

ബ്യൂട്ടി ഖാതുൻ മാൾഡയിലെ മലാല
May 19 04:44 2017

‘മാൾഡയിലെ മലാല’ എന്ന പതിനാറുകാരി പൊരുതിയത്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനല്ല, മറിച്ച്‌ ബാലവിവാഹത്തിനെതിരായാണ്‌. ഇതിന്റെ പേരിൽ അവളെ ആക്രമിച്ചത്‌ ഭീകരരല്ല, പ്രദേശവാസികളായ
മുതിർന്നവരും യുവാക്കളുമാണ്‌

ഹൃദ്യ മേനോൻ

പശ്ചിമ ബംഗാളിലെ മാൾഡയിൽ ഒരു മലാലയുണ്ട്‌. പേര്‌ ബ്യൂട്ടി ഖാതുൻ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതി ഭീകരരുടെ ആക്രമണത്തിനിരയായതാണ്‌ പാകിസ്ഥാനിലെ മലാലയെ നോബൽ പുരസ്കാരത്തിന്‌ വരെ അർഹയാക്കിയത്‌. എന്നാൽ മാൾഡയിലെ മലാല എന്ന പതിനാറുകാരി പൊരുതിയത്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനല്ല, മറിച്ച്‌ ബാലവിവാഹത്തിനെതിരായാണ്‌. ഇതിന്റെ പേരിൽ അവളെ ആക്രമിച്ചത്‌ ഭീകരരല്ല, പ്രദേശവാസികളായ മുതിർന്നവരും യുവാക്കളുമാണ്‌.
നിയമ വിരുദ്ധ നടപടിക്കെതിരെ നിലകൊണ്ട മാൾഡയിലെ മലാലയ്ക്ക്‌ മുന്നിൽ മുൻപ്‌ പാകിസ്ഥാനിലെ മലാലയ്ക്ക്‌ മുന്നിലുയർന്ന അതേ മതിലാണുള്ളത്‌. വിദ്യാഭ്യാസം എന്ന അവകാശം നേടാൻ അവൾക്ക്‌ സ്കൂളിൽ പോകാനാകില്ല. വീട്ടിനുള്ളിൽ അടച്ചിട്ടിരിക്കേണ്ട അവസ്ഥയിലാണ്‌ ബ്യൂട്ടി ഖാതുൻ.
ജനുവരിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഖാതുൻ അവിടെ വധുവിനെ കണ്ട്‌ ഞെട്ടി. 15 വയസ്‌ പ്രായമുള്ള കുട്ടിയാണ്‌ വധു. വരനും അതുപോലെ പ്രായപൂർത്തിയായിട്ടില്ല. നിയമം ലംഘിച്ചുള്ള വിവാഹമാണിതെന്ന്‌ മനസിലാക്കി ഖാതുൻ ഇതിനെ എതിർത്തു. വിവാഹ വേദിയിൽ തന്നെ ഏവരുടെയും മുന്നിൽ വച്ച്‌ ഇതിനെതിരായി അവൾ ശബ്ദമുയർത്തി. ഇതോടെ മുതിർന്നവരുടെ കണ്ണിൽ അവൾ കരടായി മാറി.
മുതിർന്നവരുടെ തീരുമാനത്തെ ചോദ്യം ചെയ്ത ബ്യൂട്ടി ഖാതുനിനെതിരെ ഗ്രാമമുഖ്യൻ ആക്രമണമഴിച്ചുവിട്ടു. നിയമസാധുതയില്ലാത്ത പ്രാദേശിക കോടതിയും അവളെ കുറ്റക്കാരിയെന്ന്‌ വിധിച്ചു. ആക്രമണത്തെ തുടർന്ന്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സ തേടിയ ഖാതുൻ ഇതോടെ പൊലീസ്‌ സഹായം തേടി. ഖാതുനിന്റെ പരാതിയെ തുടർന്ന്‌ വധുവിന്റെ വീട്ടുകാരെയും വരനെയും ബന്ധുക്കളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.
പ്രശ്നം അവിടംകൊണ്ട്‌ അവസാനിച്ചില്ല. ആശുപത്രി വിട്ട്‌ വീട്ടിലെത്തിയ ഖാതുനിന്‌ തന്റെ സ്കൂളിലേക്കുള്ള യാത്ര വിഷമം പിടിച്ചതായി. സ്കൂൾ അധികൃതരും വീട്ടുകാരും അയൽക്കാരും അവളോടൊപ്പം നിന്നെങ്കിലും പ്രദേശത്തെ യുവാക്കളും മറ്റ്‌ മുതിർന്നവരും അവളുടെ സ്കൂൾ യാത്രയ്ക്ക്‌ തടസം പിടിച്ചു, വഴിനീളെ അവൾക്കെതിരെ ഭീഷണികളുയർന്നു. അറസ്റ്റിലായവർ ജാമ്യത്തിലിറങ്ങിയതോടെ ഭീഷണി സ്വരം കടുത്തു.
സ്ഥിതി വഷളായതോടെ സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ചെയിൽഡ്‌ വെൽഫെയർ കമ്മിറ്റി പ്രവർത്തകരും ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഉദ്യോഗസ്ഥരും അവളുടെ സഹായത്തിനെത്തി. ഖാതുനിന്റെ പോരാട്ടത്തെ ആദരിച്ച്‌ ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുമോദിച്ചിരുന്നു.
ഇന്ന്‌ ബ്യൂട്ടി ഖാതുൻ മറ്റു പെൺകുട്ടികൾക്ക്‌ മാതൃകയാണ്‌. മലാല ഓഫ്‌ മാൾഡ പോരാട്ടം നിർത്തിയിട്ടില്ല. ഇപ്പോൾ പൊരുതുന്നത്‌ സ്വന്തം വിഭ്യാഭ്യാസത്തിനായിട്ടാണെന്ന്‌ മാത്രം.

view more articles

About Article Author