ബ്രിട്ടനിൽ തൂക്ക്‌ പാർലമെന്റ്‌: മേയ്ക്ക്‌ തിരിച്ചടി

ബ്രിട്ടനിൽ തൂക്ക്‌ പാർലമെന്റ്‌: മേയ്ക്ക്‌ തിരിച്ചടി
June 10 04:00 2017

ലണ്ടൻ: എക്സിറ്റ്‌ ഫലങ്ങൾ ശരിവെച്ച്‌ ബ്രിട്ടനിൽ തൂക്ക്‌ പാർലമെന്റ്‌. ഭരണകക്ഷിക്കും പ്രധാനമന്ത്രി തെരേസ മേയ്ക്കും കനത്ത തിരിച്ചടി. 330 സീറ്റുണ്ടായിരുന്ന കൺസർവേറ്റിവ്‌ പാർട്ടിക്ക്‌ പാർലമെന്റിലെ അംഗബലം 318 ആയി കുറഞ്ഞു. കേവലഭൂരിപക്ഷത്തിന്‌ ഒൻപതു സീറ്റു കുറവ്‌. കൂടുതൽ സീറ്റിനായി വോട്ടുതേടിയ അവർക്ക്‌ നിലവിലുണ്ടായിരുന്ന സീറ്റുപോലും നിലനിർത്താനായില്ല.
മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി അപ്രതീക്ഷിത മുന്നേറ്റമാണ്‌ തെരഞ്ഞെടുപ്പിൽ നടത്തിയത്‌. ഭൂരിപക്ഷത്തിലേക്ക്‌ അടുക്കാനായില്ലെങ്കിലും ഭരണകക്ഷിയെ ദുർബലമാക്കാനും 33 സീറ്റുകൾ അധികം നേടി ശക്തമായ തിരിച്ചുവരവ്‌ നടത്താനും ജെറമി കോർബിൻ നേതൃത്വം നൽകുന്ന ലേബർ പാർട്ടിക്കായി. ചെറുകക്ഷികളുടെ പിന്തുണയോടെ സഖ്യകക്ഷി സർക്കാരുണ്ടാക്കാനുള്ള സാധ്യത തേടുകയാണ്‌ ലേബർ പാർട്ടി.
15 ലക്ഷം ഇന്ത്യൻ വംശജരുൾപ്പെടെ നാലു കോടി 69 ലക്ഷം വോട്ടർമാരാണ്‌ വിധി നിർണയത്തിൽ പങ്കാളികളായത്‌. 56 ഇന്ത്യൻ വംശജരുൾപ്പെടെ 3,300 സ്ഥാനാർഥികളാണ്‌ ഇക്കുറി മത്സരരംഗത്തെത്തിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചുലക്ഷം പുതിയ വോട്ടർമാർ പട്ടികയിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പുഫലത്തെ സ്വാഗതം ചെയ്യുന്നുവെന്നും മേ രാജിവെക്കണമെന്നും ലേബർ നേതാവ്‌ ജെറമി കോർബിൻ പ്രതികരിച്ചു. പുതിയ സർക്കാർ രൂപീകരിക്കുമെന്ന്‌ തെരേസ മേ പ്രഖ്യാപിച്ചു.
2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ 4.64 കോടി വോട്ടർമാരാണുണ്ടായിരുന്നത്‌. 2014ൽ സ്കോട്ടിഷ്‌ ഹിതപരിശോധനക്കും 2015ൽ പൊതുതെരഞ്ഞെടുപ്പിനും 2016ൽ ബ്രക്സിറ്റ്‌ ഹിതപരിശോധനക്കും ഇപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പിനുമായി മൂന്നുവർഷത്തിനിടെ നാലാംതവണയാണ്‌ ബ്രിട്ടീഷ്‌ ജനത പോളിങ്‌ ബൂത്തിലെത്തിയത്‌.
തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ തെരേസ മേ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. തീവ്രവാദ ആക്രമണങ്ങൾ മേയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയപ്പോൾ കോർബിന്റെ ജനപ്രിയ വാഗ്ദാനങ്ങൾ ലേബർ പാർട്ടിക്ക്‌ പിന്തുണ വർധിപ്പിച്ചു.

  Categories:
view more articles

About Article Author