Saturday
26 May 2018

ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്‌ നൽകുന്ന യുഗപകർച്ചാ സൂചകം

By: Web Desk | Saturday 10 June 2017 4:55 AM IST

കഴിഞ്ഞ ദിവസത്തെ ബ്രിട്ടീഷ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം ഉദാരീകൃത സാമ്പത്തിക നയങ്ങൾക്കെതിരെ ലോകമെങ്ങും വളർന്നുവരുന്ന ജനവികാരത്തിന്റെ മറ്റൊരു പ്രകടനമായി വിലയിരുത്താം. ഏപ്രിൽ 18ന്‌ പ്രധാനമന്ത്രി തെരേസ മേ ഇടക്കാല തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോൾ അവരും യാഥാസ്ഥിതിക പാർട്ടിയും നടത്തിയ കണക്കുകൂട്ടലുകൾക്ക്‌ ബ്രിട്ടീഷ്‌ ജനത കനത്ത തിരിച്ചടിയാണ്‌ നൽകിയത്‌. യാഥാസ്ഥിതിക പാർട്ടിക്ക്‌ ഒറ്റയ്ക്ക്‌ ഭൂരിപക്ഷം നേടാനായില്ല. ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ അവർക്ക്‌ കഴിഞ്ഞേക്കാം. എന്നാൽ അത്‌ തീർത്തും ദുർബലമായ ഒന്നായിരിക്കും. മേ സ്ഥാനമൊഴിയണമെന്ന ആവശ്യം പുറത്തുനിന്ന്‌ മാത്രമല്ല അവരുടെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്‌. യൂറോപ്യൻ യൂണിയനിൽ നിന്ന്‌ ബ്രിട്ടൻ പുറത്തുവരാനുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കെ അവയിൽ ആത്മവിശ്വാസത്തോടെയും രാഷ്ട്രീയകരുത്തിന്റെയും അടിസ്ഥാനത്തിൽ പങ്കെടുക്കാനുള്ള ബ്രിട്ടന്റെ ശേഷിക്കാണ്‌ ഇടിവ്‌ തട്ടിയിരിക്കുന്നത്‌. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന മാർഗരറ്റ്‌ താച്ചറിന്റെ കാർമികത്വത്തിൽ ബ്രിട്ടനിൽ തുടക്കം കുറിക്കുകയും ദശകങ്ങളോളം ആ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാഗധേയത്തെ നിർണയിക്കുകയും ചെയ്ത മൂലധന ആഗോളീകരണത്തിന്റെയും അനിയന്ത്രിതമായ വിപണി ഉദാരീകരണത്തിന്റെയും ഒരു യുഗത്തിനാണ്‌ ഈ തെരഞ്ഞെടുപ്പ്‌ അന്ത്യം കുറിക്കുന്നതെന്ന്‌ വേണം കരുതാൻ. ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിന്റെ മുഖഛായ മാറുകയാണ്‌. ആഗോള രാഷ്ട്രീയത്തിലും അതിന്റെ അലയൊലികൾ അനിവാര്യമായ പ്രതികരണങ്ങൾ സൃഷ്ടിക്കും. ഇത്‌ ഒറ്റപ്പെട്ട ഒരു പ്രവണതയല്ല. സമകാലിക ആഗോള രാഷ്ട്രീയത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന യുഗപകർച്ചയുടെ വ്യക്തമായ സൂചനയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ നൽകുന്നത്‌.
ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർപാർട്ടിക്ക്‌ അത്ഭുതമോ അസാധാരണമോ ആയ നേട്ടങ്ങൾ ഒന്നും കൈവരിക്കാനായിട്ടില്ല. എന്നാൽ ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിൽ തന്റെ പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രതിയോഗികളുടെയും തെരഞ്ഞെടുപ്പ്‌ പ്രവാചകരുടെയും കണക്കുകൂട്ടലുകളെ മറികടക്കാൻ കോർബിന്റെ നേതൃത്വത്തിന്‌ കഴിഞ്ഞു. തെരഞ്ഞെടുപ്പ്‌ ചർച്ചകളെ ബ്രക്സിറ്റിന്റെ സങ്കുചിത ചട്ടക്കൂടിന്‌ പുറത്ത്‌ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധിപ്പിക്കാനായി എന്നതിലാണ്‌ കോർബിന്റെ വിജയമായി വിലയിരുത്തപ്പെടുന്നത്‌. രാജ്യത്ത്‌ പുതിയൊരു രാഷ്ട്രീയക്രമം രൂപപ്പെടേണ്ടതിന്റെ ആവശ്യകത അതിശക്തമായി ഉന്നയിക്കാനും യുവതലമുറയ്ക്ക്‌ പ്രതീക്ഷ നൽകാനും കോർബിനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയ്ക്കും കഴിഞ്ഞു. കോളജ്‌ വിദ്യാഭ്യാസമടക്കം വിദ്യാഭ്യാസരംഗം ധനശക്തികളുടെയും കച്ചവടത്തിന്റെയും പിടിയിൽ നിന്ന്‌ മോചിപ്പിക്കുമെന്ന വാഗ്ദാനമാണ്‌ അവയിൽ ഏറ്റവും പ്രധാനം. ദേശീയ ആരോഗ്യ പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനുള്ള രാഷ്ട്രീയ അടിത്തറ ഈ തെരഞ്ഞെടുപ്പോടെ കരുത്താർജിച്ചു. ഉദാരീകരണ നയങ്ങളുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ചെലവ്‌ ചുരുക്കൽ ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെട്ടു. റെയിൽവേ, വൈദ്യുതി, പോസ്റ്റ്‌, ജലവിതരണം എന്നിങ്ങനെ അടിസ്ഥാന സേവന മേഖലകളുടെ പൊതു ഉടമസ്ഥതയ്ക്കുള്ള പിന്തുണ ഏറി. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ജനവികാരം കരുത്താർജിച്ചു. കുടിയേറ്റം, വർണവിവേചനം, വിദേശികൾക്കെതിരായ അസഹിഷ്ണുത എന്നിവയിൽ അയവു വരുത്തുന്നതിന്‌ അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. കൂട്ടായ നിഷേധാത്മക പ്രചാരണങ്ങളെ അതിജീവിക്കാൻ കോർബിന്‌ ആയി. ഇതാണ്‌ ബ്രിട്ടീഷ്‌ രാഷ്ട്രത്തിന്റെ മുഖഛായ മാറ്റുന്നതിൽ ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടിക്ക്‌ നൽകാൻ കഴിഞ്ഞ സംഭാവന. അത്‌ ബ്രിട്ടീഷ്‌ ഇടതുപക്ഷത്തിന്റെ പങ്ക്‌ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഉറപ്പിക്കുന്നതിന്‌ സഹായകമായി.
ബ്രിട്ടീഷ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പടക്കം സമീപകാലത്ത്‌ പാശ്ചാത്യലോകത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം വിരൽ ചൂണ്ടുന്നത്‌ ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ സാവധാനമെങ്കിലും ക്രമാനുഗതമായി ശക്തിയാർജിക്കുന്ന യുഗപകർച്ചയിലേക്കാണ്‌. ജനങ്ങൾ ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും വ്യാമോഹങ്ങളിൽ നിന്നും വിമോചിതരായി കടുത്ത രാഷ്ട്രീയ സാമ്പത്തിക യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. നിലവിലുള്ള നീതിസംഹിതകളും സ്ഥാപനങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. അവ പരിവർത്തനങ്ങൾക്ക്‌ സന്നദ്ധമാവുന്നില്ലെങ്കിൽ ജനകീയശക്തി അവയെ തിരസ്കരിക്കുമെന്ന വ്യക്തമായ സൂചനകളാണ്‌ സമകാലിക തെരഞ്ഞെടുപ്പുകൾ നൽകുന്നത്‌. അത്തരമൊരു മാറ്റത്തിന്റെ ചാലക ശക്തികളായി മാറാൻ രാഷ്ട്രീയ ചിന്തകൾക്കും ശക്തികൾക്കും നേതൃത്വത്തിനും കഴിയുമോ എന്നതാണ്‌ കാലം ഉയർത്തുന്ന വെല്ലുവിളി. ഏറെ വൈകാതെ ജർമ്മനിയിലും തുടർന്ന്‌ ഇറ്റലിയിലും നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഈ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ ഒരു പരിധിവരെ സ്വാധീനിച്ചേക്കാം. യുഎസിൽ പ്രസിഡന്റ്‌ ട്രംപിനെതിരെ വളർന്നുവരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലും അത്‌ പ്രതിഫലിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.