Thursday
24 May 2018

ബ്രിട്ടീഷ്‌ രാഷ്ട്രീയം അനിശ്ചിതത്വത്തിൽ: ഉയർന്നുവരുന്നത്‌ രാഷ്ട്രീയ യുഗപകർച്ചയുടെ അന്തരീക്ഷം

By: Web Desk | Tuesday 20 June 2017 4:55 AM IST

രാജാജി മാത്യു തോമസ്‌
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേ അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളെയാണ്‌ നേരിടുന്നത്‌. രാഷട്രീയ സംഭവ പരമ്പരകളും ഭീകരാക്രമണങ്ങളുടെ നിലയ്ക്കാത്ത ഘോഷയാത്രയും രാജ്യത്തെ നടുക്കിയ അപകടങ്ങളും അതിവേഗതയിലാണ്‌ അവരുടെ രാഷ്ട്രീയ പ്രതിഛായയെ ഗ്രസിച്ചത്‌. ഏപ്രിൽ 17ന്‌ ജനപ്രതിനിധി സഭയിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ലക്ഷ്യംവച്ച്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോൾ ബ്രിട്ടീഷ്‌ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിയായി മാറുകയെന്ന ലക്ഷ്യമാണ്‌ അവർക്കുണ്ടായിരുന്നത്‌. ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ പിന്മാറ്റത്തിന്‌ (ബ്രക്സിറ്റ്‌) കരുത്തുറ്റ നേതൃത്വം വാഗ്ദാനം നൽകിയാണ്‌ 2020 വരെ കാലാവധിയുള്ള പാർലമെന്റ്‌ പിരിച്ചുവിട്ട അവർ സാഹസികമായി തെരഞ്ഞെടുപ്പിന്‌ മുതിർന്നത്‌. ഇന്ന്‌ അവരുടെ കണക്കുകൂട്ടലുകൾ അപ്പാടെ തകർന്നടിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പുള്ള തെരേസ മേയുടെ നിഴൽമാത്രമായി അവർ ചരിത്രത്തിന്റെ വിസ്മൃതിയിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞു.
ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനും ഇരുനൂറോളം പേരുടെ പരിക്കിനും കാരണമായ ഭീകരാക്രമണം, ലണ്ടൻ നഗരത്തിൽ തുടർന്ന്‌ അരങ്ങേറിയ ഭീകരത, ചുരുങ്ങിയത്‌ 79 പേരുടെ ജീവനെടുത്ത ലണ്ടനിലെ ഗ്രെൻഫെൽ ടവർ അഗ്നിബാധ, ഏറ്റവും അവസാനം ഇന്നലത്തെ ഫിൻസ്ബറി പാർക്ക്‌ ഭീകരാക്രമണം എന്നീ സംഭവ പരമ്പരകൾ ഒരുപക്ഷെ തെരേസ മേയുടെ എല്ലാ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കും പൂർണ വിരാമമിടുകയാണ്‌. അവരുടെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ ഗവൺമെന്റെന്ന പ്രതീക്ഷപോലും അസ്തമിക്കുകയാണ്‌. ബ്രിട്ടനെ ഗ്രസിച്ചിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്നു പുറത്തുകടക്കാനുള്ള മാർഗം ഏറെ വൈകാതെ മറ്റൊരു ഇടക്കാലതെരഞ്ഞെടുപ്പ്‌ എന്നതാണ്‌ അവസ്ഥ.
ബ്രിട്ടീഷ്‌ പാർലമെന്റിന്റെ അധോസഭയിലേക്ക്‌ (ഹൗസ്‌ ഓഫ്‌ കോമൺസ്‌) നടന്ന തെരഞ്ഞെടുപ്പ്‌ പ്രധാനമന്ത്രി തെരേസ മേയ്ക്ക്‌ കനത്ത തിരിച്ചടിയായിരുന്നു. ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റ ചർച്ച ബ്രസൽസിൽ ആരംഭിക്കാനിരിക്കെ തന്റെ കരുത്ത്‌ തെളിയിക്കാൻ തെരേസ മേ നടത്തിയ രാഷ്ട്രീയ ചൂതാട്ടമാണ്‌ അവരുടേയും അവർ പ്രതിനിധാനം ചെയ്യുന്ന കൺസർവേറ്റീവ്‌ പാർട്ടിയുടേയും അപ്രതീക്ഷിത പതനത്തിനു തുടക്കമിട്ടത്‌. മേയുടെ പരാജയവും അതുവഴി ബ്രിട്ടീഷ്‌ യാഥാസ്ത്ഥിതികത്വത്തേയും ലേബർ പാർട്ടിയിലെ തന്നെ വലതുപക്ഷത്തെയും അമ്പരപ്പിച്ച്‌ ജറമി കോർബിൻ കൈവരിച്ച രാഷ്ട്രീയ വിജയവും ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിൽ വമ്പിച്ച മാറ്റങ്ങൾക്കാണ്‌ നാന്ദി കുറിക്കുന്നത്‌. ഉദാരീകരണവും സ്വകാര്യവൽക്കരണവും മുഖമുദ്രയാക്കിയ ആഗോളീകരണ രാഷ്ട്രീയത്തിനെതിരെ പാശ്ചാത്യലോകത്താകെ വളർന്നുവരുന്ന ഇടതുപക്ഷ ജനകീയ മുന്നേറ്റത്തിന്‌ അടിവരയിടുന്നതായി ബ്രിട്ടീഷ്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ. അത്‌ യാഥാസ്ഥിതിക കക്ഷിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയെന്ന്‌ മാത്രമല്ല ബ്രിട്ടീഷ്‌ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുകയും മറ്റൊരു ഇടക്കാല തെരഞ്ഞെടുപ്പ്‌ ഏതാണ്ട്‌ അനിവാര്യമാക്കുന്നതായുമാണ്‌ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്‌.
പ്രധാനമന്ത്രി തെരേസ മേ ഇടക്കാലതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോൾ 650 അംഗ അധോസഭയിൽ അവർക്ക്‌ 330 സീറ്റുമായി കേവല ഭൂരിപക്ഷം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ അടുത്ത ദിനങ്ങൾ വരെ തെരേസ മേ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌. ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയും ബ്രിട്ടനിൽ ലണ്ടൻ നഗരത്തിലടക്കം തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളും ജനാഭിപ്രായത്തിൽ ഗണ്യമായ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കി. മാധ്യമ മുഗൾ റൂപ്പർട്ട്‌ മർദോക്കും മുഖ്യധാര മാധ്യമങ്ങളും നൽകിയ കലവറയില്ലാത്ത പിന്തുണയും ലേബർ പാർട്ടിയിലെ തന്നെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അടക്കമുള്ള വലതുപക്ഷ പ്രതിയോഗികളുടെ കടുത്ത എതിർപ്പിനെയും മറികടന്നാണ്‌ ജറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ മികച്ച പ്രകടനം കാഴ്ചവച്ചത്‌. ബ്ലെയറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടിയിൽ ആധിപത്യമുറപ്പിച്ച വലതുപക്ഷ വ്യതിയാനത്തിന്‌ വിരാമമിട്ട്‌ സോഷ്യലിസ്റ്റ്‌ ജനാഭിമുഖ്യപാതയിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച കോർബിന്റെ നേതൃത്വത്തിൽ രണ്ട്‌ പതിറ്റാണ്ടിനുശേഷം ലേബർ പാർട്ടി കഴിഞ്ഞ സഭയിലേതിനെക്കാൾ 29 സീറ്റുക ൾ അധികം നേടി മിന്നുന്ന പ്രകടനമാണ്‌ കാഴ്ചവച്ചത്‌. 232 സീറ്റിൽ നിന്നും 261 ലേക്കുള്ള ലേബറിന്റെ കുതിച്ചുചാട്ടം എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും നിഷ്പ്രഭമാക്കി.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന്‌ തെരെസാ മേയുടെ രാജിക്കായി സ്വന്തം പാർട്ടിയുൾപ്പെടെ നാനാഭാഗത്തുനിന്നും മുറവിളി ഉയരുന്നുണ്ട്‌. എന്നാൽ, ഉത്തര അയർലന്റിൽ നിന്നുള്ള തീവ്രയാഥാസ്ഥിതിക പാർട്ടി, ഡമോക്രാറ്റിക്‌ യൂണിയനിസ്റ്റ്‌ പാർട്ടി (ഡിയുപി) പിന്തുണയോടെ ന്യൂനപക്ഷ ഗവൺമെന്റ്‌ രൂപീകരിച്ച്‌ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള തീവ്രശ്രമത്തിലാണ്‌ തെരേസ മേ. വിലപേശൽ രാഷ്ട്രീയത്തിലൂടെ പരമാവധി ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്‌ ഡിയുപി. യാഥാസ്ഥിതിക പാർട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയ്ക്കുമേൽ കടുത്ത നിബന്ധനകളാണ്‌ അവർ ഉന്നയിക്കുന്നത്‌. അത്‌ ബ്രക്സിറ്റ്‌ ചർച്ചകളിൽ ബ്രിട്ടീഷ്‌ നിലപാടുകളെ ദുർബലമാക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഡിയുപിക്ക്‌ അധോസഭയിൽ 10 അംഗങ്ങളാണുള്ളത്‌. യാഥാസ്ഥിതിക പാർട്ടിക്ക്‌ കേവല ഭൂരിപക്ഷത്തിന്‌ എട്ട്‌ അംഗങ്ങളുടെ പിന്തുണ കൂടിയെ തീരു. താൻ ഡിയുപി പിന്തുണയോടെ ഗവൺമെന്റ്‌ രൂപീകരിക്കുമെന്നും ബ്രക്സിറ്റ്‌ ചർച്ചകൾ സമയബന്ധിതമായി ആരംഭിക്കുമെന്നുമുള്ള ധീരമായ പ്രസ്താവനകൾ തെരേസ മേ നടത്തിയിരുന്നെങ്കിലും അക്കാര്യങ്ങളിലെല്ലാം അനിശ്ചിതത്വം തുടരുകയാണ്‌. യാഥാസ്ഥിതിക പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളെ ഏറെക്കാലം അതിജീവിക്കാൻ തെരേസാ മേയ്ക്ക്‌ കഴിയുമെന്ന്‌ ആരും കരുതുന്നില്ല. ഏറെ താമസിയാതെ, ഒരുപക്ഷേ ഇക്കൊല്ലം തന്നെ ബ്രിട്ടൻ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്നാണ്‌ ലേബർ നേതാവ്‌ കോർബിനടക്കം രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്‌.
ഡേവിഡ്‌ കാമറൂണിന്റെ നേതൃത്വത്തിൽ 2015 മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്നാണ്‌ ലേബർ പാർട്ടി കാൽനൂറ്റാണ്ടായി പിന്തുടർന്നുവന്നിരുന്ന വലതുപക്ഷ വ്യതിയാനം ചോദ്യം ചെയ്യപ്പെട്ടത്‌. എഡ്‌ മിലിബാന്റ്്‌ ലേബർ പാർട്ടി നേതൃത്വം രാജിവച്ചതിനെ തുടർന്ന്‌ നേതൃത്വത്തിനുവേണ്ടി നടന്ന ചതുഷ്കോണ മത്സരത്തിലൂടെയാണ്‌ തീവ്ര ഇടതുപക്ഷക്കാരനെന്ന്‌ വലതുപക്ഷ ലേബർ നേതൃത്വവും ബ്രിട്ടീഷ്‌ മാധ്യമലോകവും ആക്ഷേപിച്ച കോർബിൻ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ ലേബർ പാർട്ടി നേതൃത്വത്തിലെ ഈ മാറ്റം യൂറോപ്യൻ സോഷ്യൽ ഡമോക്രാറ്റിക്‌ പ്രസ്ഥാനത്തിന്‌ പുത്തൻ ഊർജം പകർന്നുനൽകുന്ന ഒന്നായി. 1990 കളിൽ നീൽ കിന്നോക്കിന്റെയും തുടർന്ന്‌ ടോണി ബ്ലയറുടെയും നേതൃത്വത്തിൽ സോഷ്യൽ ഡമോക്രാറ്റിക്‌ പ്രസ്ഥാനം ‘മധ്യമാർഗ’ത്തിലേക്ക്‌ നടത്തിയ വ്യതിചലനത്തിനാണ്‌ കോർബിൻ വിരാമമിട്ടത്‌. മൂലധന യാഥാസ്ഥിതിക ശക്തികളുടെ സ്വാധീനത്തിൽ സ്വകാര്യവൽക്കണ, ഉദാരീകരണ നയങ്ങൾക്ക്‌ വിധേയമായ ലേബർ പാർട്ടിയിൽ നിന്നും തൊഴിലാളികളും അവരുടെ യൂണിയനുകളും അകന്നുപോയി. ആയിരക്കണക്കിന്‌ അംഗങ്ങൾ പാർട്ടി അംഗത്വം പുതുക്കാൻ വിസമ്മതിച്ചു. യുവതലമുറയ്ക്ക്‌ പാർട്ടിയും അതിന്റെ മധ്യമാർഗവും അനാകർഷകമായി. തെരഞ്ഞെടുപ്പുകളിൽ ലേബർ തുടർച്ചയായി പരാജയം മാത്രം രുചിച്ചു. സോഷ്യലിസ്റ്റ്‌ ഇടതുപക്ഷ മുദ്രാവാക്യങ്ങളും നേതാക്കളും പ്രാകൃതതരായി മുദ്രകുത്തപ്പെട്ടു. അതിൽ നിന്നുള്ള മൗലിക മാറ്റത്തിനാണ്‌ കോർബിൽ നേതൃത്വം നൽകിയത്‌.
പാശ്ചാത്യ ലോകത്ത്‌ ആധിപത്യം പുലർത്തിയിരുന്ന ചെലവുചുരുക്കൽ നയങ്ങൾ കോർബിൻ ചോദ്യം ചെയ്തു. സാമ്പത്തിക വ്യവഹാരത്തിന്റെ എല്ലാതലങ്ങളിലും ക്ഷേമപദ്ധതികൾക്ക്‌ ഊന്നൽ നൽകുന്ന കോർബിന്റെ നയങ്ങൾ ചെലവുചുരുക്കലിന്റെ ദുരിതം പേറുന്ന സാമാന്യജനങ്ങളിലും തൊഴിലാളികളിലും യുവാക്കളിലും വിപുലമായ സ്വീകാര്യത നേടി. ദേശീയ ആരോഗ്യ സേവനരംഗത്ത്‌ കൂടുതൽ പൊതു നിക്ഷേപവും സേവന വിപുലീകരണവുമെന്ന ആവശ്യത്തിന്‌ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാനായി. സർവകലാശാല വിദ്യാഭ്യാസമടക്കം പൊതുവിദ്യാഭ്യാസം സൗജന്യമാക്കണമെന്ന സന്ദേശം യുവാക്കളെ വൻതോതിൽ സ്വാധീനിക്കാൻ സഹായകമായി. പൊലീസിലും സുരക്ഷാസേനയിലും തൊഴിലവസരങ്ങൾ കുറച്ചതാണ്‌ ഭീകരവാദ പ്രവർത്തനങ്ങൾക്ക്‌ അവസരമൊരുക്കുന്നതെന്ന പ്രചരണത്തെ പ്രതിരോധിക്കാൻ തെരേസ മേയ്ക്കും യാഥാസ്ഥിതിക പാർട്ടിക്കും കഴിഞ്ഞില്ല. റയിൽവേ, പോസ്റ്റ്‌, കുടിവെള്ളവിതരണം, വൈദ്യുതി തുടങ്ങിയ സേവനതുറകൾ ലേബർ അധികാരത്തിൽ വന്നാൽ പൊതുമേഖലയിൽ തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങൾ ആവേശത്തോടെയാണ്‌ സ്വീകരിച്ചത്‌. ഫലത്തിൽ യാഥാസ്ഥിതിക പാർട്ടിയുടെയും ലേബർ പാർട്ടിയിലെതന്നെ വലതുപക്ഷത്തിന്റെയും സാമ്പത്തിക നയങ്ങളെയാണ്‌ സ്പഷ്ടമായ ഇടതുപക്ഷ-സോഷ്യലിസ്റ്റ്‌ നിലപാടുകളുടെ അടിസ്ഥാനത്തിൽ കോർബിൻ വെല്ലുവിളിച്ചത്‌.
കോർബിനെ തീവ്ര ഇടതുപക്ഷക്കാരനായും ബ്രിട്ടന്‌ നേതൃത്വം നൽകാൻ തെല്ലും യോഗ്യനല്ലെന്നും വരുത്തിത്തീർക്കാൻ മാധ്യമകുത്തകകളും യാഥാസ്ഥിതിക നേതൃത്വവും വലതുപക്ഷ ലേബർ നേതൃത്വവും നടത്തിയ ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തി. കോർബിനുമായി തുറന്ന ആശയസംവാദത്തിനു വിസമ്മതിക്കുക വഴി തെരേസ മേ പൊതുജന സമക്ഷം തന്റെ വരേണ്യതയാണ്‌ തുറന്നുകാട്ടിയത്‌. തന്റെ പൊതുജീവിതത്തിലുടനീളം ജെറമി കോർബിൻ ഉയർത്തിപ്പിടിച്ച ലാളിത്യവും നിസ്വവർഗത്തോടുള്ള പക്ഷപാതിത്വവും പ്രതിസന്ധികൾ നിറഞ്ഞ ബ്രിട്ടീഷ്‌ ജീവിതത്തിൽ അദ്ദേഹത്തെ ജനപ്രിയനാക്കി. ലേബർ പാർട്ടിക്ക്‌ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്‌ തിരിച്ചുവരവു നടത്താനായില്ലെങ്കിലും ബ്രിട്ടന്റെയും പാശ്ചാത്യ ലോകത്തെയും ഇടതുപക്ഷ സോഷ്യൽ ഡമോക്രാറ്റിക്‌ രാഷ്ട്രീയത്തിൽ നിയാമകമായ ഒരു പരിവർത്തന ദശയ്ക്കാണ്‌ ഈ തെരഞ്ഞെടപ്പ്‌ നാന്ദി കുറിച്ചിരിക്കുന്നത്‌.
കനത്ത വെല്ലുവിളികൾക്കിടയിൽ ഗ്രീസിൽ ഉയർന്നുവന്ന സൈറിസയും സ്പെയ്നിലെ പോഡമോസും പോർത്തുഗൽ, ഫ്രാൻസ്‌ എന്നിവിടങ്ങളിൽ കമ്യൂണിസ്റ്റ്‌-ഇടതു പാർട്ടികൾ ഉയർത്തിയ ബദലിന്റെയും യുഎസിൽ ബേണി സാൻഡേഴ്സ്‌ മുൻവയ്ക്കുന്ന രാഷ്ട്രീയ വിപ്ലവത്തിന്റെയും ചുവടുപിടിച്ചുള്ള ഒരു ദിശാമാറ്റത്തിന്റെ സൂചകമാണ്‌ ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്‌ നൽകുന്നത്‌. ഇക്കൊല്ലം തുടർന്ന്‌ ജർമനിയിലും അടുത്തവർഷം ഇറ്റലിയിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ മാറ്റങ്ങൾ പ്രതികരണം സൃഷ്ടിക്കുമെന്നുവേണം വിലയിരുത്താൻ.
ലോകം മാറുകയാണ്‌. ചരിത്രം അവസാനിക്കുന്നില്ല. മൂലധന ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും അസ്തമയത്തിന്‌ തുടക്കമായെന്നാണ്‌ പാശ്ചാത്യ ലോകത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ നൽകുന്ന സൂചന. ഇതൊരു യുഗപകർച്ചയുടെ ദശാസന്ധിയാണ്‌.