ബ്രോയിലർ കോഴി വളർത്തുമ്പോൾ….

ബ്രോയിലർ കോഴി വളർത്തുമ്പോൾ….
January 07 04:55 2017

ഡോ. സാബിൻ ജോർജ്ജ്‌
ബ്രോയിലർ കോഴികൾ, 36 ദിവസം കൊണ്ട്‌, ഒന്നേമുക്കാൽ കിലോ തീറ്റകൊണ്ട്‌, ഒരു കിലോ ഇറച്ചി ഉത്പാദിപ്പിക്കുന്നു. വർഷങ്ങൾ നീണ്ട ഗവേഷണ-ശാസ്ത്രീയ പരീക്ഷണങ്ങളുടേയും പ്രജനന തന്ത്രങ്ങളുടേയും ഫലമാണിത്‌ .
വെൻകോബ്‌, റോസ്‌ തുടങ്ങിയവയാണ്‌ ലഭ്യമായ പ്രധാന ഇനങ്ങൾ. കേരളത്തിൽ പൊതുമേഖലയിൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുവാൻ ബ്രീഡർ ഫാമുകൾ ഇല്ല. അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യഫാമുകളെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ, കൊത്തുമുട്ടകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വന്ന്‌ ഹാച്ചറികളിൽ വിരിയിപ്പിച്ചെടുക്കാം. ‘ഇന്റഗ്രേഷൻ’എന്ന ഒരു സമ്പ്രദായവും നിലവിലുണ്ട്‌. ഇതിൽ കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന്‌, എന്നിവ ഏജൻസികൾ വിതരണം ചെയ്യുന്നു. കൂട്‌, വൈദ്യുതി, പരിചരണം എന്നിവ കർഷകർ ചെയ്യണം. വളർച്ചയെത്തിയ കോഴികളെ തിരിച്ചെടുക്കുന്നു. കർഷകർക്ക്‌ നോട്ടക്കൂലിയായി ഒരു കിലോയ്ക്ക്‌ 4-5 രൂപ എന്ന നിരക്കിൽ ലഭിക്കുന്നു. തുടക്കക്കാർക്ക്‌ യോജിച്ച രീതിയാണ്‌ ഇത്‌. വിപണനത്തെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കാം എന്ന മേന്മയും ഉണ്ട്‌. കൂടാതെ സ്വന്തം നിലയ്ക്ക്‌ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിൽക്കുകയോ കോഴികളെ കൊന്ന്‌ ഡ്രസ്സ്‌ ചെയ്ത്‌ വിൽക്കുകയോ ചെയ്യാം.
വൈദ്യുതി, ശുദ്ധജലം, കോഴിക്കുഞ്ഞുങ്ങൾ, തീറ്റ മുതലായവ ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത ഒരു സ്ഥലത്ത്‌ വേണം ഫാം തുടങ്ങാൻ. ഒരു കോഴിക്ക്‌ 1-1.2 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്‌. കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയിൽ കൂടുകൾ പണിയുന്നത്‌, നേരിട്ട്‌ സൂര്യപ്രകാശം കൂടിനുള്ളിൽ പതിക്കുന്നത്‌ ഒഴിവാക്കുവാൻ സഹായിക്കും. ഏകദേശം ഒരടി പൊക്കത്തിൽ ഭിത്തി നിർമ്മിച്ച്‌ ബാക്കി സ്ഥലം കമ്പിവലകൾ കൊണ്ട്‌ മറയ്ക്കാം. തറ കോൺക്രീറ്റ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. കൂടിന്റെ വീതി 7 മീറ്ററായി ചുരുക്കുന്നത,്‌ നല്ല വെളിച്ചവും വായു സഞ്ചാരവും കിട്ടുന്നതിനു സഹായിക്കും. മേൽക്കൂരയ്ക്ക്‌ മധ്യഭാഗത്ത്‌ 3.3 മീ. (11 അടി) ഉയരവും, വശങ്ങളിൽ 1.8 മീറ്റർ (6 അടി) ഉയരവും ഉണ്ടായിരിക്കണം. മേൽക്കൂര അലുമിനിയം ഷീറ്റ്‌, ഇരുമ്പ്‌, ഓട്‌, ഓല കൊണ്ടാകാം.
ഭിത്തികളും, തറയും, കുമ്മായം പൂശി അണുനശീകരണം നടത്തുക. 200 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ്‌ പൊടി ഒരു ചട്ടിയിൽ എടുത്ത്‌ 400 മില്ലി ഫോർമാലിൻ അതിലേക്ക്‌ ഒഴിച്ച്‌ ധൂമികരണം നടത്തുന്നതും നല്ലതാണ്‌. ഉപകരണങ്ങളും, കമ്പിവലകളും, ഇരുമ്പ്‌ വസ്തുക്കളും, മേൽക്കൂരയും, തറയും എല്ലാ വൃത്തിയാണെന്ന്‌ ഉറപ്പു വരുത്തുക. കോഴികളെ വിറ്റതിനുശേഷം, പഴയ വിരി മാറ്റി 2 ആഴ്ചത്തേക്കെങ്കിലും കൂടുകൾ അണുനശീകരണം നടത്തി ഒഴിച്ചിട്ടതിനുശേഷം മാത്രം പുതിയ കുഞ്ഞുങ്ങളെ ഇടുന്നത്‌ രോഗനിയന്ത്രണത്തിനു സഹായിക്കും. പ്രവേശന കവാടത്തിൽ അണുനാശിനി കൊണ്ട്‌ കാൽ കഴുകുന്ന സംവിധാനം ഒരുക്കുക, ചത്തവയെ ഉടനടി നീക്കം ചെയ്യുക. സന്ദർശകരെ പരമാവധി കുറയ്ക്കുക, വിരിപ്പ്‌ എല്ലായ്പ്പോഴും ഉണങ്ങിയിരിക്കുവാൻ ശ്രദ്ധിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം.
ആദ്യത്തെ 10-14 ദിവസം കോഴിക്കുഞ്ഞുങ്ങൾക്ക്‌ ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന നിരക്കിൽ കൃത്രിമ ചൂട്‌ നൽകേണ്ടതാണ്‌. ബൾബുകൾ തറ നിരപ്പിൽ നിന്ന്‌ ഒരടി പൊക്കത്തിൽ ക്രമീകരിക്കണം. കുഞ്ഞുങ്ങൾ ബൾബിനടിയിൽ നിൽക്കുന്നതിനായി ഒരടി പൊക്കമുള്ള ചിക്ക്‌ ഗാർഡുകൾ ഉപയോഗിച്ച്‌ മറ നിർമ്മിക്കണം. വളരുന്നതിനനുസരിച്ച്‌ ഇവയുടെ വ്യാസം കൂട്ടണം. കുഞ്ഞുങ്ങൾ ബൾബിനു കീഴിൽ അവിടവിടെയായി ചിതറി നിൽക്കുന്നത്‌ ശരിയായ ചൂട്‌ ലഭിക്കുന്നതിന്റെ സൂചനയാണ്‌.
ചിന്തേര്‌ ,അറക്കപ്പൊടി എന്നിവയിൽ ഏതെങ്കിലും തറയിൽ വിരിച്ച്‌ അതിനു മുകളിൽ പത്രക്കടലാസ്‌ വിരിക്കണം. ഇതിലായിരിക്കണം ആദ്യ ദിവസങ്ങളിൽ തീറ്റ നൽകേണ്ടത്‌. അതിനുശേഷം തീറ്റപ്പാത്രങ്ങൾ ഉപയോഗിക്കാം.
ആറ്‌ ആഴ്ച പ്രായമാകുമ്പോൾ ഇറച്ചിക്കോഴി ഏകദേശം 3.5 കിലോ തീറ്റ തിന്നും. തീറ്റപ്പാത്രങ്ങൾ പകുതിയിൽ കൂടുതൽ നിറയ്ക്കരുത്‌. എപ്പോഴും തീറ്റ തിന്നുന്നതിനായി കൂടുകളിൽ രാത്രികാലങ്ങളിലും വെളിച്ചമുണ്ടാകണം. എപ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം. വെള്ളപ്പാത്രങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കണം. കോഴി വസന്ത, ഗംബോറോ രോഗം എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകളാണ്‌ നൽകുക. വെള്ളത്തിൽ കലക്കി കൊടുക്കുകയാണ്‌ സാധാരണ ചെയ്യേണ്ടത്‌. ഇതിനായി ശുദ്ധജലം തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. രോഗപ്രതിരോധ മരുന്നുകൾ നൽകുന്ന ദിവസം വെള്ളത്തിൽ അണുനാശിനി ഉപയോഗിക്കരുത്‌.
ഓരോ ദിവസം കഴിയുന്തോറും തീറ്റയുടെ ചെലവ്‌ വർദ്ധിക്കും എന്നതു കാരണം ആറ്‌ ആഴ്ച പ്രായത്തിനു മുമ്പുതന്നെ ഇവയെ വിറ്റഴിക്കണം. ഡ്രസ്‌ ചെയ്തോ ഉൽപന്നങ്ങളാക്കിയോ വിറ്റഴിച്ചാൽ കൂടുതൽ ലാഭം നേടാനാകും. തീറ്റയുടെ വിലവർദ്ധനവ്‌, അസുഖങ്ങൾ, മാലിന്യ നിർമാർജ്ജനം, ശരിയായ വിപണന സംവിധാനങ്ങളുടെ അഭാവം എന്നിവ വെല്ലുവിളികളാണ്‌.

(ലേഖകൻ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

  Categories:
view more articles

About Article Author