Wednesday
22 Nov 2017

ബ്ലാസ്റ്റേഴ്സിന്‌ ഇനി റെനെ ആശാൻ

By: Web Desk | Sunday 16 July 2017 4:45 AM IST

കൊച്ചി: ഐഎസ്‌എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സഹപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ പരിശീലിപ്പിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിലെ കോച്ചുമാരിലെ സൂപ്പർതാരമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഹോളണ്ടുകാരനെയാണ്‌ ബ്ലാസ്റ്റേഴ്സിന്‌ പരിശീലകനായി ലഭിച്ചിരിക്കുന്നത്‌. വെള്ളിയാഴ്ച രാത്രി വൈകിയാണ്‌ പുതിയ പരിശീലകന്റെ പേര്‌ പുറത്തുവിട്ടത്‌. കോച്ചിനെ പ്രഖ്യാപിക്കാനുള്ള കാലാവധി ഇന്നലെ അവസാനിക്കുകയായിരുന്നു.
ഇസ്രയേലി പ്രീമിയർ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞാണ്‌ മ്യൂളൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റത്‌. സ്റ്റീവ്‌ കോപ്പലിന്റെ പിൻഗാമിയായെത്തുന്ന മ്യൂളൻസ്റ്റീന്‌ മൂന്നരക്കോടിയോളം രൂപയാണു പ്രതിഫലം
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്സ്‌ ഫെർഗൂസനൊപ്പം പ്രവർത്തിച്ചയാളാണ്‌ റെനെ മ്യുളെൻസ്റ്റീൻ. 1990ലാണ്‌ പരിശീലക വേഷമണിയുന്നത്‌.
2007 മുതൽ 2012-13 സീസൺ വരെ അലക്സ്‌ ഫെർഗൂസന്റെ അസിസ്റ്റന്റ്‌ കോച്ചായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിച്ചു. മൂന്ന്‌ പ്രീമിയർ ലീഗ്‌ കിരീടങ്ങളും 2008 ൽ ചാമ്പ്യൻസ്‌ ലീഗും മാഞ്ചസ്റ്ററിനൊപ്പം നേടാനായത്‌ റെനെയുടെ കോച്ചിങ്‌ കരിയറിലെ അതുല്യ നേട്ടങ്ങളായി. റഷ്യൻ ക്ലബ്ബ്‌ അൻസിയിൽ ഗസ്‌ ഹിഡിങ്കിന്റെയും സഹായിയായി റെനെ പ്രവർത്തിച്ചു.
അലക്സ്‌ ഫെർഗൂസൻ മാഞ്ചസ്റ്റർ യുനൈറ്റഡിൽ കോച്ചിംഗ്‌ കരിയർ അവസാനിപ്പിച്ചതോടെയാണ്‌ റെനെ പുതിയ തട്ടകം അന്വേഷിക്കേണ്ടി വന്നത്‌. 2013 നവംബറിൽ ഫുൾഹാമിന്റെ പരിശീലകനായി. എന്നാൽ, നാലാം മാസം റെനെയും ഫുൾഹാമും പിരിഞ്ഞു.
ഇസ്രായേൽ ക്ലബ്ബ്‌ മക്കാബി ഹെയ്ഫയിലും ഹെഡ്‌ കോച്ച്‌ എന്ന നിലയിൽ വിജയം കൈവരിക്കാൻ റെനെക്ക്‌ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന സ്റ്റീവ്‌ കോപ്പലിനെ ഇത്തവണ ബ്ലാസ്റ്റേഴ്സ്‌ പരിഗണിച്ചിരുന്നില്ല. കോപ്പൽ ടാറ്റയുടെ ജംഷഡ്പുർ എഫ്‌ സി പരിശീലകനാണ്‌.
ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി, മൈക്കൽ ഓവൻ, കാർലോസ്‌ ടെവസ്‌, റയാൻ ഗിഗ്സ്‌, ലൂയി സാഹ, റിയോ ഫെർഡിനൻഡ്‌, ഗാരി നെവിൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ പരിശീലിപ്പിച്ചതിൻറെ പരിചയസമ്പത്തുമായി കൊച്ചിയിൽ എത്തുന്ന മ്യൂളൻസ്റ്റീന്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന്‌ പ്രതീക്ഷയിലാണ്‌ ടീം അധികൃതർ.
രണ്ട്‌ തവണയും ഫൈനലിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്‌ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായിരുന്ന സ്റ്റുവർട്ട്‌ പിയേഴ്സിനെയും ബ്ലാസ്റ്റേഴ്സ്‌ മാനേജ്മെന്റ്‌ പരിഗണിച്ചിരുന്നെങ്കിലും അവസാനം മ്യുളെൻസ്റ്റീന്‌ നറുക്ക്‌ വീഴുകയായിരുന്നു.