ഭക്ഷണം മോശമാണെന്ന്‌ പരാതിപ്പെട്ട ജവാനെ പിരിച്ചു വിട്ടു

ഭക്ഷണം മോശമാണെന്ന്‌ പരാതിപ്പെട്ട ജവാനെ പിരിച്ചു വിട്ടു
April 20 04:44 2017

ന്യൂഡൽഹി: സൈനികർക്ക്‌ നൽകുന്ന ഭക്ഷണം മോശമാണെന്ന്‌ പരാതിപ്പെട്ട്‌ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിഎസ്‌എഫ്‌ ജവാനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പിരിച്ചു വിട്ടു. നിയന്ത്രണ രേഖയിൽ കോൺസ്റ്റബിളായ തേജ്‌ ബഹദൂർ യാദവിനെയാണ്‌ സൈനിക കോടതിയുടെ അന്വേഷണത്തിനൊടുവിൽ പിരിച്ചുവിട്ടത്‌. ബഹദൂറിന്റെ നടപടി സൈന്യത്തിന്‌ കളങ്കം വരുത്തുന്നതാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല, സൈനികർ പാലിക്കേണ്ട അച്ചടക്കങ്ങളുടെ നഗ്നമായ ലംഘനമാണ്‌ ബഹദൂർ നടത്തിയത്‌. പരാതികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന്‌ പകരം അത്‌ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്‌ ഗുരുതര കൃത്യവിലോപമാണ്‌. സുരക്ഷാ കാരണങ്ങളാൽ ജവാന്മാർ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നത്‌ വിലക്കിയിട്ടുള്ളതുമാണ്‌. ഈ വിലക്കും ബഹദൂർ മറികടന്നുവെന്നും കോടതിയുടെ റിപ്പോർട്ടിൽ പറയുന്നു.
നടപടി പ്രാബല്യത്തിൽ വന്നുവെങ്കിലും നടപടിക്കെതിരെ മൂന്ന്‌ മാസത്തിനുള്ളിൽ അപ്പീൽ നൽകാൻ ജവാന്‌ സമയമുണ്ട്‌. ജവാന്മാർക്കായി സർക്കാർ നൽകുന്ന ഭക്ഷണ സാധനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിപണിയിൽ വിറ്റ്‌ പണം കൈക്കലാക്കുന്നുവെന്നായിരുന്നു യാദവിന്റെ ആരോപണം. ഉത്തരേന്ത്യയിൽ ലഭിക്കുന്ന പറാത്തയ്ക്കൊപ്പം നൽകുന്ന പരിപ്പ്കറിയിൽ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂവന്നും ഈ ഭക്ഷണം കഴിച്ചിട്ട്‌ ഒരു ബിഎസ്‌എഫ്‌ ജവാൻ പത്ത്‌ മണിക്കൂർ നേരം ജോലി ചെയ്യുന്നത്‌ എങ്ങനെയാണെന്നും ജവാൻ ചോദിച്ചിരുന്നു.
അതേസമയം, യാദവ്‌ സ്ഥിരം പ്രശ്നക്കാരനാണെന്നായിരുന്നു ബിഎസ്‌എഫ്‌ പറഞ്ഞിരുന്നത്‌. കടുത്ത മദ്യപാനിയായ യാദവിന്‌ സൈനികനെന്ന നിലയിൽ വളരെ മോശം സേവന ചരിത്രമാണ്‌ ഉള്ളതെന്നും സർവീസിൽ കയറിയ കാലം മുതൽ സ്ഥിരം അച്ചടക്ക നടപടികൾക്ക്‌ വിധേയനായിട്ടുണ്ടെന്നും ബിഎസ്‌എഫ്‌ നേരത്തെ കണ്ടെത്തിയിരുന്നു. മേലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന്‌ നാലു വർഷം മുൻപ്‌ യാദവിനെ സൈനിക കോടതി ശിക്ഷിക്കുകയും ചെയ്തു.

  Categories:
view more articles

About Article Author