ഭക്ഷ്യഭദ്രതയ്ക്കുവേണ്ടി ജനവഞ്ചനയ്ക്ക്‌ എതിരായ പോരാട്ടം

January 05 05:00 2017

സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താൻ സമരരംഗത്തിറങ്ങേണ്ട ഗതികേടിലാണ്‌ കേരളം. കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കും അതിൽ കോൺഗ്രസും യുപിഎ സർക്കാരും സംസ്ഥാനം ഭരിച്ചിരുന്ന യുഡിഎഫ്‌ സർക്കാരും വഹിച്ച വഞ്ചനാപരമായ നടപടിക്കെതിരെയാണ്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭണം ആരംഭിക്കുന്നത്‌. 1965 മുതൽ സ്റ്റാറ്റ്യൂട്ടറി റേഷനിങ്‌ സമ്പ്രദായം നിലവിലിരുന്ന സംസ്ഥാനമാണ്‌ കേരളം. ഒരു കാലഘട്ടത്തൽ രാജ്യത്തിന്‌ അമൂല്യമായ വിദേശനാണയം നേടി നൽകിയിരുന്ന നാണ്യവിളകളുടെ കലവറ എന്ന നിലയിൽ കേന്ദ്ര ഗവൺമെന്റിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ കേരളം കാർഷികരംഗത്ത്‌ വാണിജ്യവിളകൾക്ക്‌ പ്രാമുഖ്യം നൽകിയത്‌. പകരം ഭക്ഷ്യക്കമ്മി സംസ്ഥാനം എന്ന നിലയിൽ ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിന്‌ നൽകാൻ നെഹ്‌റുവടക്കം മുൻ ഭരണാധികാരികൾ പ്രതിജ്ഞാബദ്ധരായിരുന്നു. പുതിയ സാമ്പത്തിക നയപരിപാടികളുടെ ഭാഗമായി 1997 ഓടെ സ്ഥിതിഗതികൾ കീഴ്മേൽ മറിഞ്ഞു. സാർവത്രിക റേഷനിങ്‌ അവസാനിപ്പിക്കാൻ സംസ്ഥാനം നിർബന്ധിതമായി. ഗുണഭോക്താക്കൾ എപിഎൽ, ബിപിഎൽ എന്നിങ്ങനെ തരംതിരിക്കപ്പെട്ടു. ബിപിഎൽ വീണ്ടും അന്ത്യോദയ, അന്നയോജന എന്നിങ്ങനെ വിഭജിക്കപ്പെട്ടു. പൊതുവിതരണരംഗത്തെ പരിഷ്കാരങ്ങളുടെ പേരിൽ റേഷൻ വ്യാപാരികൾക്ക്‌ ന്യായമായ പ്രതിഫലം ലഭിക്കാതെയായി. അതോടെ റേഷൻ വിതരണരംഗം അഴിമതിയുടെ കൂത്തരങ്ങായി. ഗുണഭോക്താക്കൾക്ക്‌ പ്രയോജനപ്പെടാതെ വരുന്നു എന്ന പേരിൽ, എന്നാൽ മുഖ്യമായും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകി ഒഴിഞ്ഞുമാറുക എന്ന ഗൂഢലക്ഷ്യത്തോടെ, പാർലമെന്റ്‌ പാസാക്കിയ ‘ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013’ കേരളത്തിന്‌ കനത്ത ആഘാതമായി. മറ്റ്‌ മാർഗങ്ങളില്ലാതെ വന്നിട്ടും ആ നിയമംപോലും കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ അന്ന്‌ കേരളം ഭരിച്ചിരുന്ന ഉമ്മൻചാണ്ടി സർക്കാർ ഗുരുതരമായ വീഴ്ച വരുത്തി. യുഡിഎഫ്‌ അട്ടിമറിച്ച ആ നിയമം നടപ്പാക്കാൻ സാവകാശം നൽകാൻപോലും വിസമ്മതിച്ച എൻഡിഎ സർക്കാർ 2016 ജൂലൈ മുതൽ കേന്ദ്രം നൽകിവന്നിരുന്ന അധിക സൗജന്യ ധാന്യവിതരണവും നിർത്തലാക്കി.
ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാൻ ആറുമാസത്തെ സാവകാശം നൽകണമെന്ന കേരളത്തിന്റെ അഭ്യർഥന കേന്ദ്ര സർക്കാർ തിരസ്കരിച്ചു. എപിഎൽ വിഭാഗക്കാർക്ക്‌ സൗജന്യനിരക്കിലുള്ള ധാന്യവിതരണം അവസാനിപ്പിച്ച്‌ കേന്ദ്രം ഉത്തരവിറക്കി. രണ്ടാം യുപിഎ സർക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച്‌ ശരാശരി 67 ശതമാനം ജനങ്ങൾ മുൻഗണനാ വിഭാഗത്തിൽ ദേശീയ തലത്തിലുള്ളപ്പോൾ കേരളത്തിൽ അത്‌ കേവലം 46 ശതമാനം മാത്രമാണ്‌. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന്‌ കോൺഗ്രസ്‌ നേതാവും യുപിഎ സർക്കാരിലെ ഭക്ഷ്യമന്ത്രിയുമായിരുന്ന കെ വി തോമസിനോ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിനോ കൈകഴുകാനാവില്ല. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചുള്ള സങ്കീർണമായ വിതരണ സംവിധാനം ഒരുക്കുക എന്ന ദൗത്യം മാർച്ച്‌ 31നകം പൂർത്തിയാക്കാൻ എൽഡിഎഫ്‌ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. എന്നാൽ അതുവരെയുള്ള ഇടവേളയിൽ അരിവിഹിതത്തിലുള്ള കുറവു നികത്താൻ പോലും കേന്ദ്ര സർക്കാർ വിസമ്മതിക്കുകയാണ്‌. സംസ്ഥാനം അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയിൽ ജനങ്ങളെ സഹായിക്കുന്നതിന്‌ പകരം അവരുടെ ക്ലേശങ്ങളിൽ നിന്ന്‌ മുതലെടുപ്പു നടത്താനാണ്‌ ബിജെപി നേതൃത്വം ശ്രമിക്കുന്നത്‌.
സംസ്ഥാനത്ത്‌ നിലവിലുള്ള 83 ലക്ഷം റേഷൻ കാർഡുകളിൽ രണ്ട്‌ ലക്ഷത്തോളം ഇരട്ടിപ്പിന്റെ പേരിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌. അന്ത്യയോജന, അന്നയോജന വിഭാഗത്തിൽ 35 കിലോ ധാന്യം ലഭിക്കുന്നതും മുൻഗണനാവിഭാഗത്തിൽ ആളൊന്നിന്‌ അഞ്ച്‌ കിലോ ധാന്യം ലഭിക്കുന്നതുമായ 1.54 കോടി ജനങ്ങൾക്ക്‌ കേന്ദ്രം നൽകുക 10.25 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യമാണ്‌. ബാക്കിവരുന്ന, റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള 1.80 കോടി ജനങ്ങൾക്ക്‌ പ്രതിവർഷം 4 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യ ധാന്യം മാത്രമാണ്‌ കേന്ദ്രം നൽകുക. രണ്ട്‌ ലക്ഷം ടൺ ധാന്യത്തിന്റെ കുറവാണ്‌ ഉണ്ടാവുക. അത്‌ യഥാസമയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന്‌ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഉമ്മൻചാണ്ടി സർക്കാർ യാതൊന്നും ചെയ്തിരുന്നില്ല. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തിൽ ജനങ്ങൾക്കുവേണ്ടി ഇടപെടുന്നതിനു പകരം എൽഡിഎഫ്‌ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി മുതലെടുപ്പു നടത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തിൽ കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ സമരമല്ലാതെ ജനങ്ങൾക്ക്‌ മുമ്പിൽ മറ്റൊരു മാർഗവുമില്ല. അതാണ്‌ എൽഡിഎഫ്‌ ഏറ്റെടുത്തിരിക്കുന്നത്‌. കേരളത്തിന്റെ അവകാശം കണക്കുപറഞ്ഞ്‌ നേടിയെടുക്കുന്നതിനും കോൺഗ്രസിന്റെയും ബിജെപിയുടെയും ജനദ്രോഹം തുറന്നുകാട്ടുന്നതിനും പ്രത്യക്ഷ സമരമല്ലാതെ മറ്റൊരു മാർഗവും നമുക്ക്‌ മുന്നിലില്ല.

  Categories:
view more articles

About Article Author