ഭരണഘടനാ ബെഞ്ചിന്റെ വിധിയും തെരഞ്ഞെടുപ്പിന്റെ മതേതരവൽക്കരണവും

ഭരണഘടനാ ബെഞ്ചിന്റെ വിധിയും തെരഞ്ഞെടുപ്പിന്റെ മതേതരവൽക്കരണവും
January 07 04:55 2017

എ വി ഫിർദൗസ്‌
സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിപ്രഖ്യാപനം ഈയിടെ ഉണ്ടായി. തെരഞ്ഞെടുപ്പുകളിൽ ജാതി, മതം, സമുദായം, വർഗം, ഭാഷ, ദേശം എന്നിവ ഉപയോഗിച്ചു നടക്കുന്ന പ്രചാരണവും അതിൽ നിന്നുണ്ടാകുന്ന വിജയവും അസാധുവായിരിക്കും എന്നതാണ്‌ വിധിയുടെ അന്തസ്സത്ത. കാൽനൂറ്റാണ്ട്‌ മുമ്പ്‌ സമർപ്പിക്കപ്പെട്ട ഒരു ഹർജിയും അതിനോട്‌ ചേർന്നുവന്ന രണ്ടു ഹർജികളും പരിഗണിച്ചുകൊണ്ട്‌ നടന്ന ഈ വിധിപ്രസ്താവം പ്രത്യക്ഷത്തിൽ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പു പ്രക്രിയയുടെയും മതേതരവൽക്കരണത്തിന്‌ ശക്തമായ പിന്തുണ നൽകുന്നതാണ്‌. 123 (3) നിയമത്തിൽ സ്ഥാനാർഥിയുടെ വശത്തുനിന്നുണ്ടാകേണ്ടുന്ന അനുവർത്തനമാണ്‌ പരാമർശിക്കുന്നത്‌ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌ ഭരണഘടനാ ബെഞ്ചിലെ മൂന്നംഗങ്ങൾ എതിരഭിപ്രായം രേഖപ്പെടുത്തിയത്‌ എന്നതു ശ്രദ്ധേയമാണ്‌. അതേസമയം തന്നെ ഹിന്ദുത്വവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു പ്രചാരണ രീതികൾക്ക്‌ ഈ വിധി ബാധകമാകുമോ എന്ന പ്രശ്നവും അവശേഷിക്കുന്നു. 1995-ലെ സുപ്രിംകോടതിയുടെ തീർപ്പ്‌ അനുസരിച്ച്‌ ഹിന്ദുത്വം ഒരു സംസ്കാരവും ജീവിതരീതിയുമാണ്‌. മതമെന്ന വിശേഷണത്തിൽ നിന്നു പുറത്താണ്‌ ഈ തീർപ്പു പ്രകാരം ഹിന്ദുത്വം നിലകൊള്ളുന്നത്‌. ഈ ജുഡീഷ്യൽ നിലപാടിനെതിരായ ഹർജികളിൽ അഭിപ്രായപ്രകടനത്തിനോ 1995-ലെ തീരുമാനം പുനഃപരിശോധിക്കുവാനോ സുപ്രിംകോടതി തയ്യാറായിട്ടില്ല എന്നത്‌ ഇപ്പോഴത്തെ വിധിയുടെ ഫലപ്രാപ്തിയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഭരണഘടനാബെഞ്ചിന്റെ ഈ സുപ്രധാന വിധി സ്വാഗതം ചെയ്യപ്പെടുമ്പോഴും ചർച്ചകൾ എവിടെയും എത്താതെപോകുന്നത്‌.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സമീപകാല അനുഭവങ്ങൾ മുന്നിൽവച്ചു ചിന്തിക്കുമ്പോൾ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതലായി മതവും വിശ്വാസവും ഉപയോഗിച്ചുവന്നിട്ടുള്ളത്‌ ഭാരതീയ ജനതാ പാർട്ടി എന്നറിയപ്പെടുന്ന ആർഎസ്‌എസിന്റെ രാഷ്ട്രീയ പാർട്ടിയാണ്‌ എന്നുകാണാം. ആ പാർട്ടിയുടെ പേരിൽ ജാതിയും മതവും പ്രത്യക്ഷമല്ല എന്നതു അംഗീകരിക്കുമ്പോൾ തന്നെ അവർക്ക്‌ ഭാരതീയ ജനതയേയും സമൂഹത്തേയും ഒന്നിച്ചുൾക്കൊള്ളുവാനും അംഗീകരിക്കാനും കഴിഞ്ഞിട്ടില്ല എന്നത്‌ അനുഭവ യാഥാർത്ഥ്യമാണ്‌. രാമജന്മഭൂമിയും ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള മുൻവിധികളും വർഗീയ സ്വഭാവമുള്ള തീവ്രവാദ ആശയങ്ങളും അവർ എക്കാലത്തും തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചുവരുന്നുണ്ട്‌. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഭൂരിപക്ഷം പോലും മതഭ്രാന്തിന്റെ വൈകാരിക ഉപാധികളിൽ നിന്നു മുക്തമായിരുന്നില്ല. മതന്യൂനപക്ഷങ്ങളും ദളിത്‌-പിന്നാക്ക വിഭാഗങ്ങളും നിശബ്ദരായിരിക്കണമെന്നും അതേസമയം വർഗീയഭ്രാന്തിന്റെ ഭാഷ സംസാരിക്കുന്ന സംഘപരിവാർ ശബ്ദിക്കാൻ അവകാശമുള്ളവരാണെന്നും വരുത്തിതീർക്കുവാൻ ഭരണഘടനാ ബെഞ്ചിന്റെ ഈ വിധിയെ ദുരുപയോഗിക്കാനാണ്‌ അവരിപ്പോൾ ശ്രമിക്കുന്നത്‌. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത കേരളത്തിലെ ബിജെപി അധ്യക്ഷൻ പറഞ്ഞത്‌ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു വോട്ടുനേടിവരുന്ന ഇടതു-വലതു മുന്നണികൾക്കും പാർട്ടികൾക്കും ഈ വിധി തിരിച്ചടിയാണ്‌ എന്നാണ്‌. സത്യത്തിൽ ഏറ്റവും വലിയ വർഗീയതയും മതരാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന ഒരു പാർട്ടി ബിജെപിയായിരിക്കേ ഈ സുപ്രിംകോടതി വിധിയെ മതേതര രാഷ്ട്രീയത്തിനെതിരായി ഉപയോഗിക്കാനാണ്‌ കുമ്മനം രാജശേഖരനെപ്പോലുള്ളവർ ശ്രമിക്കുക എന്നർഥം. പ്രത്യക്ഷത്തിൽ ജനാധിപത്യപ്രക്രിയയുടെയും തെരഞ്ഞെടുപ്പിന്റെയും മതേതരവൽക്കരണത്തിന്‌ ഉപയുക്തമാക്കേണ്ടുന്ന ഒരു വിധിയെ സംഘപരിവാർ റാഞ്ചിയെടുത്ത്‌ സ്വന്തമാക്കാൻ ശ്രമിക്കുന്നതാണ്‌ ഇത്തരം ബാലിശശ്രമങ്ങളിൽ നാം കാണുന്നത്‌. ആ ശ്രമം വിജയിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സുപ്രിംകോടതിയുടെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്നുതന്നെയാണ്‌ ഇനിയും ഉണ്ടാവേണ്ടത്‌.
ഒരു മതേതര രാഷ്ട്രം എന്ന കാഴ്ചപ്പാട്‌ ഇപ്പോഴും ശക്തമായിത്തന്നെ നിലനിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ച്‌ ജനാധിപത്യ പ്രക്രിയകൾ മതേതരമായിരിക്കേണ്ടത്‌ സ്വാഭാവിക ആവശ്യമാണ്‌. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിലെ ജനാധിപത്യം സഞ്ചരിച്ചത്‌ ശുദ്ധ മതേതരത്വത്തിന്റെ വഴിയിലായിരുന്നില്ല. തെരഞ്ഞെടുപ്പുകളിൽ മതവും ദൈവവും വിശ്വാസവും ദുരുപയോഗിക്കപ്പെട്ടു. പ്രാദേശികതലം മുതൽക്ക്‌ ദേശീയതലംവരെയും അത്തരം ദുരുപയോഗങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായിട്ടാണ്‌ ഇന്ത്യയിൽ വർഗീയതയും മതവിദ്വേഷവും ഇന്നും നിലനിൽക്കുന്നത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പോലും വിവിധ ഘട്ടങ്ങളിൽ മതത്തെ തെരഞ്ഞെടുപ്പ്‌ ഉപാധിയാക്കിയ അനുഭവങ്ങളുണ്ട്‌. കോൺഗ്രസിനെ ഇക്കാര്യത്തിൽ ബിജെപി കവച്ചുവയ്ക്കുന്ന അനുഭവം പിൽക്കാലത്തുണ്ടായി. കണിശമായ മതനിരപേക്ഷത പ്രവർത്തന ശൈലിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‌ അനുവർത്തിക്കാൻ കഴിഞ്ഞില്ല. നെഹ്‌റുവിയൻ മതനിരപേക്ഷതയുടെ പാതയിൽ മുന്നോട്ടുപോകുവാൻ കോൺഗ്രസ്‌ ശ്രമിച്ചില്ല എന്നത്‌ ഇന്ത്യയിലെ വിവിധ മതരാഷ്ട്രീയ ശക്തികൾ മുതലെടുക്കുകയാണുണ്ടായത്‌. ആ മുതലെടുപ്പിൽ മേൽക്കൈ നേടുവാൻ സംഘപരിവാർ രാഷ്ട്രീയത്തിനു സാധിച്ചതുകൊണ്ടാണ്‌ ഇന്ന്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി എന്ന ആർഎസ്‌എസ്‌ പ്രചാരകനെ നമുക്ക്‌ കാണേണ്ടിവന്നിട്ടുള്ളതും. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനുണ്ടായ ജാഗ്രതക്കുറവ്‌ ബിജെപിയുടെ അധികാരസാധ്യതകൾ വർധിപ്പിച്ചു എന്നർത്ഥം.
ഭരണഘടനാബെഞ്ചിന്റെ ഈ വിധിയെക്കുറിച്ച്‌ കേരളത്തിലെ മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി ഉയർത്തിയ ആശങ്ക ശ്രദ്ധേയമാണ്‌. പേരിൽ തന്നെ മുസ്ലിം എന്ന മതധ്വനിയുള്ള പാർട്ടികൾ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും മുസ്ലിം മജ്ലിസെ ഇത്തിഹാദ്‌ എന്ന ഉവൈസിയുടെ പാർട്ടിയുമാണ്‌. വർഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടികൾ തന്നെയാണ്‌ കേരളത്തിലെ എല്ലാ മുസ്ലിം പശ്ചാത്തലമുള്ള പാർട്ടികളും. തീവ്രവാദ പ്രസ്ഥാനമായ എൻഡിഎഫിന്റെ പാർട്ടിയായ എസ്ഡിപിഐ സ്വന്തം പേരിൽ സോഷ്യൽ-ഡമോക്രാറ്റിക്‌ എന്നീ വാക്കുകൾ ഉപയോഗിച്ചത്‌ ദുരുദ്ദേശപരവും വഞ്ചനാപരവുമാണ്‌. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിക്കാർ സ്ഥാപിച്ച വെൽഫെയർ പാർട്ടി ആരുടെ വെൽഫെയർ കൈകാര്യം ചെയ്യുന്ന പാർട്ടിയാണെന്ന്‌ ഇനിയും വ്യക്തമാക്കിയിട്ടില്ല. അകത്ത്‌ മതരാഷ്ട്രീയം കൈകാര്യം ചെയ്യുകയും പുറത്തു മതനിരപേക്ഷതയുടെ തണൽ അനുഭവിക്കുകയും ചെയ്യുന്ന പാർട്ടികൾ ഇന്ത്യൻ മതേതര സാമൂഹികതയ്ക്കുണ്ടാക്കുന്ന ദുരന്തങ്ങൾ ചർച്ചാവിധേയമാകുവാൻ ഈ സുപ്രിംകോടതി വിധി കാരണവും പശ്ചാത്തലവും ആയി മാറേണ്ടിയിരിക്കുന്നു.
സംഘപരിവാര രാഷ്ട്രീയത്തിന്റെ ചേഷ്ടകൾക്ക്‌ പൊതുസമൂഹത്തിൽ സ്വീകാര്യതയും പരിഗണനയും ലഭിക്കുന്നതിനിടയാക്കുന്ന കാര്യത്തിൽ ദുരൂഹ അജൻഡകളും പ്രത്യക്ഷ മതേതര മേലങ്കിയുമുള്ള സമീപകാല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും അവഗണിക്കാൻ കഴിയുന്ന ഒന്നല്ല. ഭാരതീയ ജനതാ പാർട്ടി സ്വന്തം നിലനിൽപ്പിന്‌ സാധൂകരണമന്വേഷിക്കുകയും യഥാർത്ഥ മതനിരപേക്ഷ പാർട്ടികളായ ഇടതുപാർട്ടികൾക്കെതിരെ ദുഷ്പ്രചാരണങ്ങൾ കെട്ടഴിച്ചുവിടുകയുമാണ്‌.
മതന്യൂനപക്ഷങ്ങൾക്കുവേണ്ടി അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും അർഹതകൾക്കും വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്യുക എന്നത്‌ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാഭാവികമായ അവകാശം മാത്രമാണ്‌. അതിനെ മതത്തിന്റെ പേരിലുള്ള പ്രീണനശ്രമങ്ങളായി ചിത്രീകരിക്കുന്ന സംഘപരിവാർ സമീപനം ആ രാഷ്ട്രീയചേരിയുടെ ആശയദാരിദ്ര്യത്തിന്റെ പ്രശ്നവും പ്രതിഫലനവുമാണ്‌. അതേസമയം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ജാതീയവും മതപരവുമായി രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടതുമാണ്‌. മുസ്ലിംലീഗിന്റെ അസ്തിത്വം തന്നെയും കാലഹരണപ്പെട്ടിരിക്കുന്നു ഇന്ന്‌. സാമൂദായിക രാഷ്ട്രീയം മാറിയ ഇന്ത്യൻ സാഹചര്യങ്ങളിൽ ആത്മഹത്യാപരവും അപകടകരവുമാണ്‌. അതുകൊണ്ടാണ്‌ കേരളത്തിലെ ഗണ്യമായ വിഭാഗം മുസ്ലിങ്ങൾ ഇന്ന്‌ ലീഗിനെതിരായി ഇടതുപക്ഷ രാഷ്ട്രീയ ചേരിയിൽ അണിനിരന്നിരിക്കുന്നത്‌.
മുസ്ലിംലീഗിന്‌ കേരളത്തിൽ ഇന്നുള്ള നിയമസഭാ പ്രാതിനിധ്യം കേരളത്തിലെ മുസ്ലിങ്ങൾക്കും ഇവിടത്തെ മതനിരപേക്ഷ രാഷ്ട്രീയത്തിനും എന്തുഗുണം ചെയ്യുന്നു എന്ന വിഷയത്തിൽ ഒരു പരിശോധനയ്ക്ക്‌ ഇപ്പോഴത്തെ സുപ്രിംകോടതി വിധി പശ്ചാത്തലമാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയം ശക്തമായ സുരക്ഷയും ന്യായമായ പരിഗണനയും കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക്‌ നൽകിവന്നിട്ടുണ്ട്‌. കോൺഗ്രസിനേക്കാൾ ഒരുപടി മുന്നിൽ നിന്നുകൊണ്ട്‌ മതനിരപേക്ഷമൂല്യങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്കായി പോരാടിയ ഇടതുരാഷ്ട്രീയത്തെയും അതിന്റെ പ്രാസ്ഥാനിക രൂപങ്ങളെയും അപഹസിക്കുന്ന മുസ്ലിംലീഗിന്‌ ഈ സുപ്രിംകോടതി വിധി ആശങ്കാജനകമായി തോന്നുന്നത്‌ സ്വാഭാവികമാണ്‌.

  Categories:
view more articles

About Article Author