ഭരണത്തിനൊരു മലയാള പൂച്ചെണ്ട്‌

ഭരണത്തിനൊരു മലയാള പൂച്ചെണ്ട്‌
April 16 04:55 2017

ഒറ്റയടിപ്പാതകൾ
സി രാധാകൃഷ്ണൻ

കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമായും പഠിപ്പിക്കണമെന്ന്‌ നിയമം കൊണ്ടുവന്നതിന്‌ ഭരണത്തിനൊരു പൂച്ചെണ്ട്‌. ഏറെക്കാലമായി ഞങ്ങളെപ്പോഴും സ്വപ്നം കാണുകയും മുറവിളി കൂട്ടുകയും ചെയ്യുന്ന കാര്യമാണല്ലോ ഇത്‌. വൈകിയാണെങ്കിലും വിട്ടുവീഴ്ചയില്ലാത്തവിധം ഒരു ഉറച്ച കാൽവയ്പ്‌ ഇപ്പോൾ ഇക്കാര്യത്തിൽ ഉണ്ടായത്‌ അഭിനന്ദനീയം തന്നെ.
കേരളം പിറന്നിട്ട്‌ അറുപതാണ്ടയതല്ല. ജനിച്ച അന്നേ തുടങ്ങിയതാണ്‌ ഈ ആവശ്യം. ഭാഷയുടെ അടിസ്ഥാനത്തിലാണല്ലോ ഐക്യ കേരളം എന്ന ആശയം തന്നെ ഉടലെടുത്തത്‌. എന്നിട്ടും….
ഇന്ത്യാ രാജ്യത്തെ നെടുകെയും കുറുകെയും നേർരേഖകൾ വരച്ച്‌ ഭരണസൗകര്യം മാത്രം നോക്കി സംസ്ഥാനങ്ങളായി വിഭജിക്കുകയാണല്ലോ ബ്രിട്ടീഷുകാർ ചെയ്തത്‌. ഇന്ത്യ സ്വതന്ത്രമായിട്ടും ഇതുതന്നെ തുടർന്നു. ഒരു പോട്ടി ശ്രീരാമുലു വേണ്ടിവന്നു, നിരാഹാരം കിടന്നുള്ള തന്റെ മരണത്തിലൂടെ, ഭാഷാ സംസ്ഥാനമെന്ന ആശയം നടപ്പിൽവരുത്താൻ. ഭാഷാപ്രേമം ഒരു ഇടുങ്ങിയ മനോഗതിയുടെ തെളിവായേ ജവഹർലാൽ നെഹ്‌റു പോലും കണ്ടുള്ളു. ഭാഷയുടെ അടിസ്ഥാനത്തിൽ പ്രാദേശികത എന്ന സങ്കുചിത വികാരം വളർന്ന്‌ അതിനെ മുതലെടുത്ത്‌ വിഭാഗീയത പെരുകുമെന്ന അദ്ദേഹത്തിന്റെ ഭയം പക്ഷേ ഏറെക്കുറെ ഫലിക്കാതിരുന്നുമില്ല.
ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രാദേശിക ഗൗരവങ്ങളും ഭാഷാഭ്രാന്തും സാമൂഹികസ്ഥിതിക്കു പോലും ഭീഷണിയായപ്പോഴും പക്ഷേ സന്തുലിത മനസ്കനായ മലയാളി അമിതപ്രാധാന്യം ഈ വികാരങ്ങൾക്ക്‌ അനുവദിക്കാൻ കൂട്ടാക്കിയില്ല. ഈ സൗമനസ്യം കണക്കിലെടുത്താകാം ഇവിടെ മാറി മാറി വന്ന ജനകീയ സർക്കാരുകൾ മലയാള ഭാഷയ്ക്ക്‌ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പോലും അർഹമായ പ്രാധാന്യം നിയമനിഷ്ഠമായി വ്യവസ്ഥപ്പെടുത്തിയില്ല.
വന്നുവന്ന്‌ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തിൽ കേരളത്തെ മറികടന്നു. ഒന്നിനുപിറകെ ഒന്നായി എല്ലാ ഇതര സംസ്ഥാനങ്ങളും ഇളവില്ലാത്ത നിയമങ്ങൾ നടപ്പിലാക്കി. ചുരുക്കത്തിൽ കേരളത്തിലൊഴികെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും അവിടത്തെ മാതൃഭാഷ പഠിക്കാതെ സ്കൂൾ പഠനം പൂർത്തിയാക്കാൻ ആവില്ലെന്ന്‌ വന്നു.
നാമാകട്ടെ ഭരണഭാഷാ കമ്മിഷനും, ഭാഷാ പരിഷ്കരണ കമ്മിഷനും, ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും ഒക്കെ തുടർന്നും നടത്തുകയും മലയാളം അമ്മിഞ്ഞപ്പാല്‌ പോലെയാണെന്ന്‌ പ്രസംഗിക്കുകയും വെറുതെ ബഹളമുണ്ടാക്കുകയും മാത്രം ചെയ്തു. കുറച്ച്‌ എഴുത്തുകാർ മാത്രമാണ്‌ നിരന്തരം ആത്മാർഥതയോടെ നിന്നത്‌.
മലയാളം ശ്രേഷ്ഠഭാഷയായി കിട്ടാൻ തങ്ങൾ നടത്തിയ ധീരോദാത്തമായ സമരത്തെപ്പറ്റി ചിലർ ഒരുപാട്‌ ആത്മപ്രശംസ നടത്തുകയുണ്ടായത്‌ ശ്രദ്ധിക്കുക. എത്ര തവണയാണ്‌ ഭരണാധികാരികൾ തന്നെ ഡൽഹിയിലേയ്ക്ക്‌ പറന്നത്‌.
എന്നിട്ടോ? ശ്രേഷ്ഠം എന്ന്‌ പ്രഖ്യാപിച്ചു കിട്ടി. വസിഷ്ഠരുടെ വാകൊണ്ട്‌ പറഞ്ഞാലേ ബ്രഹ്മർഷി ആകൂ എന്നൊരു പറച്ചിലുണ്ടല്ലോ. പണ്ട്‌ സാമൂതിരി കുറേ നായന്മാരെ മൂപ്പിൽ നായരായി (പലതരം നികൃഷ്ട പരിഗണനകളിൽ) പ്രഖ്യാപിച്ചതായി കേട്ട കഥയാണ്‌ ഈ സന്ദർഭത്തിൽ ഓർമ വന്നത്‌. ഭൗതികമായൊ ആത്മിയമായൊ ഈ ‘മൂപ്പിൽസി’നൊന്നും ഒരു മെച്ചവും ഉണ്ടായില്ല. പട്ടിണിയും പരിവട്ടവും അപ്പോഴും തുടർന്നു.
പണ്ടൊരിക്കൽ കെമാൽ പാഷ തുർക്കിയിലെ എല്ലാ തലങ്ങളിലും അവിടത്തെ ഭാഷ നടപ്പിലാക്കാൻ നിശ്ചയിച്ചു. അതിന്റെ ഗുണദോഷങ്ങൾ ചിന്തിച്ച്‌ അതിന്‌ പോംവഴി നിർദേശിക്കാൻ അവിടത്തെ പണ്ഡിതരുടെ ഒരു സമിതി രൂപീകരിച്ചു. സമിതി ആറ്‌ മാസം പണിപ്പെട്ട്‌ ഒരു റിപ്പോർട്ട്‌ കൊടുത്തു. ഘട്ടം ഘട്ടമായി ഇരുപത്തിയഞ്ച്‌ കൊല്ലംകൊണ്ട്‌ കാര്യം സാധിക്കാനുള്ള പദ്ധതിയായിരുന്നു അത്‌. പാഷ ആ സമിതിയെ വിളിച്ചുകൂട്ടി അവരോട്‌ ചോദിച്ചു: ‘വേറെ വഴിയില്ലെന്നാണോ?’ ‘അതെ അങ്ങത്തെ’ എന്നായിരുന്നു ഉത്തരം. പാഷ തന്റെ സെക്രട്ടറിയെ വിളിച്ച്‌ കൽപിച്ചു. ‘നാളെ മുതൽ ഈ നാട്ടിലെ ഔദ്യോഗിക ഭാഷ തുർക്കിഷ്‌ ആയിരിക്കുമെന്ന്‌ പ്രഖ്യാപിക്കുക!’ ആയി.
പാഷ ഒരു സ്വേച്ഛാധികാരിയായിരുന്നു എന്ന്‌ വേണമെങ്കിൽ പിറുപിറുക്കാം. പക്ഷേ ജനായത്ത ഭരണത്തിലും ഈ വിധം നടപ്പിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ടായിക്കൂടെന്നില്ലല്ലോ.
‘മലയാളം പഠിക്കാതെ കേരളത്തിലെ ഒരു സ്കൂളിലെയും ഒരു കുട്ടിക്കും പത്താംതരം ജയിക്കാനാവില്ല’ എന്നൊരു ഒറ്റവരി ഓർഡിനൻസ്‌ പുറപ്പെടുവിക്കണമെന്നുതന്നെയാണ്‌ ഈ പത്രത്തിലും ഇതിനുമുമ്പ്‌ പലവട്ടം ഞാനെഴുതിയത്‌. ഒരു ചുക്കും സംഭവിക്കാനില്ലെന്ന്‌ ഇപ്പോൾ തെളിഞ്ഞില്ലേ? വിദ്യാഭ്യാസം ഫെഡറൽ വ്യവസ്ഥയിൽ പൊതുപട്ടികയിലാണ്‌ എന്നത്‌ ശരി. പക്ഷേ, ഭാഷയും സംസ്കാരവും സംസ്ഥാനങ്ങളുടെ വിഷയങ്ങളാണ്‌.
ഭരണത്തിന്റെ വിവിധതലങ്ങളിലുള്ള പിറക്കാ സായ്പ്പന്മാർ ഇനിയും പാരകളുമായി വരാം. കേന്ദ്ര സ്കൂളുകളുടെ കാര്യം പറഞ്ഞ്‌ ഇപ്പോഴേ അലമ്പുണ്ടാക്കുന്നവരുണ്ടല്ലൊ. പല ക്ലാസുകളിലായി അന്യസംസ്ഥാനക്കാരായ കുട്ടികൾ വന്നുകയറുന്നെങ്കിൽ അവരുടെ പുറത്ത്‌ പൊങ്ങാഭാരമായി മലയാളം അടിച്ചേൽപ്പിക്കണം എന്ന്‌ സാമാ
ന്യബുദ്ധിയുള്ള ആരും പറയില്ല. അവരെയും പക്ഷേ മലയാളവുമായി പരിചയപ്പെടുത്താൻ ഒരു ഓപ്ഷണൽ സംവിധാനമെങ്കിലും ആകാമല്ലോ.
നിത്യേനയെന്നോണം വിമർശനങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന കേരള സർക്കാരിന്‌ ഒരു പൂച്ചെണ്ട്‌ നൽകാൻ ഏറെ സന്തോഷമുണ്ട്‌. കഴുത്തിൽ പിടിച്ച്‌ അടക്കിയ പാമ്പിനെ, ഇനിയൊരു ശല്യവും ചെയ്യാനാകാത്ത വിധം ദൂരെ കാട്ടിൽ കളയാൻ കൂടി ശ്രദ്ധാപൂർവം ശ്രമിച്ചാൽ നന്നായി. ജയമുണ്ടാകട്ടെ.

  Categories:
view more articles

About Article Author