ഭാരതപ്പുഴയിലെ ജലം സംരക്ഷിക്കാന്‍ ഷൊര്‍ണൂര്‍ തടയണ യോഗം 26ന്

May 20 01:24 2017

 

ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ അടിത്തറ പകുതിയാക്കി നിര്‍ത്തിയ തടയണ പദ്ധതി ഷൊര്‍ണൂര്‍ സമഗ്ര ശുദ്ധജല പദ്ധതിയുടെ ഭാഗമായി പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.
ചെറുകിട ജലസേചന വകുപ്പിന്റെ തടയണ പദ്ധതിയും ജലഅതോറിറ്റിയുടെ കുടിവെള്ള പദ്ധതിയും യോജിപ്പിച്ചാണ് നിര്‍വഹണം. കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുക. പി.കെ ശശി എംഎല്‍എ,ചെറുകിട ജലസേചന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാല്‍, ജല അതോറിറ്റി എം ഡി ഷാനിമോള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ തടയണ നിര്‍മിക്കേണ്ട സാങ്കേതിക വിദ്യ സംബന്ധിച്ചും വകുപ്പുകള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
മാന്നനൂര്‍ മാതൃകയില്‍ ഉരുക്ക് തടയണയെന്ന വാദം ഒരു ഘട്ടത്തില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ ഉരുക്ക് തടയണ നിര്‍മിച്ചാല്‍ ഇപ്പോഴത്തെ പകുതിയിലെത്തിയ തടയണയുടെ അടിത്തറ ഉപയോഗിക്കാനാകില്ലെന്ന മറു വാദവും ഉയര്‍ന്നു. ഉരുക്ക് തടയണ സ്ഥിരം തടയണയല്ലെന്നും അഭിപ്രായമുയര്‍ന്നു. പഴയ അടിത്തറ തന്നെ ഉപയോഗപ്പെടുത്തണമെന്ന വാദം ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ ഷൊര്‍ണൂരില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്നു. കാലവര്‍ഷം പതിവ് തെറ്റിക്കില്ലെന്ന പ്രവചനം ജലഅതോറിറ്റിക്ക് ആശ്വാസമാവുകയാണ്. അഞ്ച് മാസക്കാലം നിയന്ത്രണത്തോടെയാണെങ്കിലും വെള്ളം വിതരണം ചെയ്യാനായി. ഇപ്പോള്‍ മലമ്പുഴ വെള്ളം മൂന്നാം ഘട്ടവും ലഭ്യമായതോടെ കാലവര്‍ഷം വരെ പിടിച്ചു നില്‍ക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ജലഅതോറിറ്റി.
പാലക്കാട് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് ഭാരതപ്പുഴ സംരക്ഷണ ദിനം കൂടിയായി ആചരിക്കാനും ഭാരതപ്പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാനും ഭാരതപ്പുഴ സംരക്ഷണ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അറിയിച്ചു. മുന്നോടിയായി ജൂണ്‍ മൂന്നിന് ജില്ലയിലെ നൂറ്റിയന്‍പതോളം വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തും.
സ്‌കൂളുകളിലുള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലാ പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭാരതപ്പുഴ സംരക്ഷണം നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍,വിദ്യാഭ്യാസ ഉപഡയറക്ടര്‍, കൃഷി ഓഫിസര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി 26ന് യോഗം ചേരും.
ജൂണ്‍ അഞ്ചിന് വൃക്ഷത്തൈ നടീല്‍ നടത്താനും സംരക്ഷണം ഉറപ്പാക്കാനും തീരുമാനിച്ചു.

view more articles

About Article Author