ഭാരമുള്ള ഉപഗ്രഹത്തെ വിക്ഷേപിക്കാൻ റോക്കറ്റുമായി ഐഎസ്‌ആർഒ

ഭാരമുള്ള ഉപഗ്രഹത്തെ വിക്ഷേപിക്കാൻ റോക്കറ്റുമായി ഐഎസ്‌ആർഒ
April 20 04:45 2017

ന്യൂഡൽഹി: നാല്‌ ടൺ വരെ ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റ്‌ വിക്ഷേപിക്കാനൊരുങ്ങി ഐ എസ്‌ ആർ ഒ. അടുത്ത മാസം ശ്രീഹരിക്കോട്ടയിൽ നിന്നാണ്‌ പുതിയ റോക്കറ്റ്‌ കുതിച്ചുയരുക.
നിലവിൽ ഐ എസ്‌ ആർ ഒ റോക്കറ്റുകൾക്ക്‌ 2.2 ടൺ വരെ ശേഷിയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി മാത്രമേയുള്ളൂ. എന്നാൽ അടുത്ത മാസം ജി എസ്‌ എൽ വി എം കെ3ഡി 1 എന്ന റോക്കറ്റ്‌ വിക്ഷേപണത്തോടെ ഉപഗ്രഹ വിക്ഷേപണത്തിലെ ഐ എസ്‌ ആർ ഒയുടെ ചരിത്ര നിമിഷമാവും അത്‌. നാല്‌ ടൺ വരെയാണ്‌ ഇതിന്റെ വാഹക ശേഷി. അടുത്ത മാസമാണ്‌ ജി എസ്‌ എൽ വി എം കെ3ഡി1 വിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്ന്‌ ഐ എസ്‌ ആർ ഒ ചെയർമാൻ കിരൺ കുമാർ അറിയിച്ചു. ഇത്തരത്തിൽ ഒരു റോക്കറ്റിന്റെ കൂടി നിർമ്മാണം ഈ വർഷം ഐ എസ്‌ ആർ ഒ ലക്ഷ്യം വെക്കുന്നുണ്ട്‌.
നാല്‌ ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വിജയകരമായി പുതിയ റോക്കറ്റ്‌ ഉപയോഗിച്ച്‌ വിക്ഷേപിക്കുന്നതോടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ മറ്റ്‌ രാജ്യങ്ങളെ ആശ്രയിക്കുന്നത്‌ ക്രമേണ കുറച്ചുകൊണ്ടുവരാനാകും. ജി എസ്‌ എൽ വി എം കെ3ഡി 1 വഹിക്കുന്ന ജി സാറ്റ്‌ 19 ഉപഗ്രഹത്തിന്‌ 3200 കിലോ ഭാരമുണ്ട്‌. 104 ഉപഗ്രഹങ്ങൾ ഒന്നിച്ച്‌ വിക്ഷേപിച്ച്‌ ചരിത്രം കുറിച്ച ഇന്ത്യയുടെ പി എസ്‌ എൽ വി സി വഹിച്ച ഉപഗ്രങ്ങളുടെ ആകെ ഭാരം വെറും 1500 കിലോഗ്രാം മാത്രമായിരുന്നു.
ഭാവിയിൽ ഇവിടെ നിർമ്മിക്കുന്ന ഉപഗ്രഹങ്ങൾ ഇന്ത്യയുടെ സ്വന്തം റോക്കറ്റുകൾ ഉപയോഗിച്ച്‌ തന്നെ വിക്ഷേപിക്കുക എന്ന ദീർഘകാല പദ്ധതിയാണ്‌ ഐഎസ്‌ആർഒയ്ക്കുള്ളത്‌.

  Categories:
view more articles

About Article Author