ഭാരരാജ്ഞി ഇമാൻ ഇനി ഗൾഫിലെ പൊണ്ണത്തടി വിരുദ്ധ ബ്രാൻഡ്‌ അംബാസിഡർ

ഭാരരാജ്ഞി ഇമാൻ ഇനി ഗൾഫിലെ പൊണ്ണത്തടി വിരുദ്ധ ബ്രാൻഡ്‌ അംബാസിഡർ
May 08 04:45 2017

കെ രംഗനാഥ്‌
അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീയായ ഈജിപ്റ്റിലെ ഇമാൻ അബ്ദുൽ അത്തിയെ ഈജിപ്റ്റ്‌ എയറിന്റെ ചരക്കുവിമാനത്തിൽ ഇവിടെ ബുർജീൽ ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുവന്നു. പൊണ്ണത്തടികൊണ്ട്‌ പൊറുതിമുട്ടുന്ന ഗൾഫ്‌ ജനതയ്ക്ക്‌ ഒരു സന്ദേശമായി. മുംബൈ സെയ്ഫി ആശുപത്രിയിലെ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ശേഷം തുടർചികിത്സയ്ക്കായി ഇവിടെയെത്തിയ ഇമാന്റെ ഭാരം 504 കിലോയിൽ നിന്നും 174 കിലോയായി കുറഞ്ഞിട്ടുണ്ട്‌. എന്നാൽ ചികിത്സയ്ക്കിടയിൽ പുതിയൊരു ദൗത്യവും സന്ദേശവുമായാണ്‌ കൂട്ടിരിപ്പുകാരിയായ അനുജത്തി ഷൈമാസലിമിനൊപ്പം അബുദാബിയിൽ ഇമാൻ എത്തിയിരിക്കുന്നത്‌.
66 ശതമാനം പുരുഷന്മാരും 60 ശതമാനം സ്ത്രീകളും പൊണ്ണത്തടികൊണ്ട്‌ വലയുന്ന യുഎഇ അടക്കമുള്ള ഗൾഫ്‌ രാജ്യങ്ങളിലെ ജനങ്ങൾക്ക്‌ ഒരു മൂന്നാര്റിയിപ്പിന്റെ മുഖവും ശക്തമായ സന്ദേശവുമാണ്‌ ഇമാന്റെ സാന്നിധ്യമെന്ന്‌ ഇമാനെ ചികിത്സിക്കുന്ന ആശുപത്രിയടങ്ങുന്ന ലുലുഗ്രൂപ്പുമായി ബന്ധമുള്ള വിപിഎസ്‌ ഹെൽത്ത്കെയർ മേധാവി ഡോ. ഷംഷീർ വയലിൽ അറിയിച്ചു. ഇവിടെ ഇമാന്റെ വരവിനോടനുബന്ധിച്ച്‌ അബുദാബി വിമാനത്താവളത്തിലും ബുർജീൽ ആശുപത്രിയിലും വിപുലമായ സജ്ജീകരണങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. മുംബൈയിൽ നിന്നും വിദഗ്ധ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന 15 അംഗ സംഘം വിമാനത്തിൽ ഇമാനെ അനുഗമിച്ചിരുന്നു.
ശസ്ത്രക്രിയകൾക്കും മറ്റ്‌ ചികിത്സകൾക്കുമായി മുംബൈ ആശുപത്രിയിൽ ജനങ്ങൾ സംഭാവന നൽകിയ മൂന്നുകോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഒരു പ്രമുഖ നടന്റെ അമ്മ 10 ലക്ഷം രൂപ സംഭാവനയായി നൽകി. അഞ്ച്‌ വാല്യങ്ങളിലായി 10,000 മെഡിക്കൽ രേഖകളാണ്‌ മുംബൈയിൽ നിന്ന്‌ ഇവിടെ കൊണ്ടുവന്നത്‌. എന്തായാലും മുംബൈയിലെ ചികിത്സയിൽ ഭാരം 174 കിലോയായി ഇടിഞ്ഞുതാണതോടെ ലോകത്തെ ഭാരരാജ്ഞിപ്പട്ടം കൈമോശം വന്ന നിലയിൽ അബുദാബിയിലെത്തിയ ഈ ഭാരവിരുദ്ധ ബ്രാൻഡ്‌ അംബാസിഡർക്ക്‌ ഒരു വർഷമെങ്കിലും ബുൽജീലിൽ ചികിത്സ വേണ്ടിവരുമെന്നാണ്‌ മലയാളിയായ ഡോ. ഷംസീർ വയലിൽ ‘ജനയുഗ’ത്തെ അറിയിച്ചത്‌.

view more articles

About Article Author