ഭിന്നതയേതുമില്ലാതെ ജോയിത

ഭിന്നതയേതുമില്ലാതെ ജോയിത
July 14 04:50 2017

സോനു മോഹൻ
അൽപം നെറ്റി ചുളിച്ച്‌ മാത്രമെ ജോയിതയുൾപ്പെടെയുള്ളവരുടെ വിഭാഗത്തിലുള്ളവർക്ക്‌ മറ്റുള്ളവരുടെ കടാക്ഷം പോലും കിട്ടുമായിരുന്നുള്ളൂ. ഒരു വിഭാഗത്തിലും പെടുത്താനാകാത്ത ഇവരെ മൂന്നാം ലിംഗമെന്നും ഭിന്നലിംഗമെന്നും പേരുകൾ നൽകിയിരിക്കുന്നു. ആരാണ്‌ ഒന്നാം ലിംഗമെന്നും ഇതെല്ലാം ആരാണ്‌ നിശ്ചയിക്കുകയെന്നും ശീതളിനെപ്പോലുള്ള ഭിന്ന ലിംഗപ്രവർത്തകർ ചോദിക്കുമ്പോൾ അടഞ്ഞുപോകുന്നത്‌ എല്ലാം തികഞ്ഞവർ എന്ന്‌ കരുതുന്ന വെറും സാധാരണക്കാരന്റെ വായാണ്‌.
പരാതികൾ പറയാൻ പോലും ഇടമില്ലാതെ, ഭിക്ഷാടനം നടത്തിയും ശരീരം കാഴ്ചവെച്ചും ജീവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കിടയിൽ നിന്ന്‌ ചിലരെങ്കിലും രക്ഷ നേടിയിട്ടുണ്ട്‌. നടിയായും പൊലീസുകാരിയായും, ഇപ്പോഴിതാ ദേശീയ ലോക്‌ ആദാലത്തിൽ അംഗമായുമൊക്കെ അവർ നമ്മെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജോയിതാ മണ്ഡൽ- ദേശീയ ലോക്‌ ആദാലത്തിൽ അംഗമായ ഇന്ത്യയുടെ ആദ്യ ട്രാൻസ്ജെൻഡർ.
വ്യത്യസ്ത ലിംഗമുള്ളതുകൊണ്ട്‌ മാത്രം മനുഷ്യനായിപ്പോലും അംഗീകാരം ലഭിക്കാത്ത ട്രാൻസ്ജെൻഡർ വിഭാഗത്തിന്‌ ജോയിത സമ്മാനിച്ച ആശ്വാസം ചെറുതൊന്നുമല്ല. ഇതാദ്യമായാണ്‌ ട്രാൻസ്‌ വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഈ നേട്ടം കൈവരിക്കുന്നത്‌. ജോയിതയുടെ നേട്ടം ശാക്തീകരണത്തിന്റെ മാത്രം വിഷയമല്ല. നില നിൽക്കുന്ന ഒരു സമ്പ്രദായത്തിലേക്ക്‌ കടന്നുചെന്ന്‌ അവിടെ മാറ്റമുണ്ടാക്കുന്ന മികച്ച മാതൃക കൂടിയാണെന്ന്‌ ട്രാൻസ്‌ വെൽവെഫയർ സൊസൈറ്റിയുടെ പ്രതിനിധി അഭീന അഹർ പറഞ്ഞു.
ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ളവർക്ക്‌ ഇനിയും മുന്നോട്ട്‌ പോകാൻ പ്രേരണയാകുന്നതാണ്‌ തന്റെ നേട്ടമെന്ന്‌ ജോയിത പ്രതികരിച്ചു. ട്രാൻസ്ജെൻഡറായതിനാൽ ഹോട്ടലിൽ മുറി പോലും നിഷേധിച്ച ഭൂതകാലത്തിനുടമയായിരുന്നു ജോയിത. അന്ന്‌ ബസ്റ്റാൻഡിലായിരുന്നു ജോയിത രാത്രികൾ കഴിച്ചുകൂട്ടിയിരുന്നത്‌. ലൈംഗിക ന്യൂനപക്ഷക്ഷങ്ങൾക്ക്‌ വേണ്ടിയുള്ള പ്രവർത്തനത്തിലൂടെയാണ്‌ ജോയിത പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. കഴിഞ്ഞ ആഴ്ച്ചയാണ്‌ ദേശീയ ലോക്‌ അദാലത്ത്‌ ബെഞ്ചിലെ ന്യായാധിപ പദവിയിലേക്ക്‌ ജോയിത മണ്ഡൽ എന്ന ട്രാൻസ്ജെൻഡർ പ്രവർത്തക തെരഞ്ഞെടുക്കപ്പെടുന്നത്‌. രാജ്യത്ത്‌ ഇതാദ്യമായാണ്‌ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ വിധി നിർണയിക്കുന്ന ജഡ്ജിയ്ക്ക്‌ സമാനമായ പദവിയിലെത്തുന്നത്‌.
നിരത്തുകളിലെ കാഴ്ചകൾ ജോയിതയ്ക്ക്‌ അന്യമല്ല, എന്നാൽ താൻ ആട്ടിയോടിക്കപ്പെട്ട വഴികളിൽ തന്നെ കാത്ത്‌ ആളുകൾ നിൽക്കുമെന്നത്‌ ജോയിതയ്ക്ക്‌ ലഭിക്കുന്ന പുതു കാഴ്ചകളാകും.

view more articles

About Article Author