Wednesday
22 Nov 2017

മണി നായകനാവുന്ന ഉടലാഴം

By: Web Desk | Friday 28 July 2017 4:45 AM IST

ബിജു കിഴക്കേടത്ത്‌
മാനന്തവാടി: ആദ്യചിത്രത്തിൽ തന്നെ അഭിനയമികവിന്‌ സംസ്ഥാന സർക്കാരിന്റെ ബാലനടനുള്ള അവാർഡ്‌ നേടിയ വയനാട്‌ ചെതലയം പൂവഞ്ചി കോളനിയിലെ മണി നായകനാകുന്ന ‘ഉടലാഴം’ എന്ന മലയാള സിനിമയുടെ ചിത്രീകരണം ഓണത്തിന്‌ പൂർത്തിയാകും. കോഴിക്കോട്‌ സ്വദേശി ഉണ്ണികൃഷ്ണൻ ആവള രചനയും സംവിധാനവും നിർവ്വഹിക്കുന്നു.
ചിത്രം നിർമ്മിക്കുന്നത്‌ കോഴിക്കോട്‌ മെഡിക്കൽ കോളജിലെ വിദ്യാർഥികളായിരുന്ന ഡോ. രാജേഷ്‌ എം പി, ഡോ. മനോജ്‌ കെ ടി, ഡോ. ഷിനാസ്‌ ബാബു, ഡോ. സജീഷ്‌ എം, ഡോ. എ കെ മുരളീധരൻ എന്നിവർ ചേർന്നുള്ള കൂട്ടായ്മയായ ഡോക്ടേഴ്സ്‌ ഡിലമ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്‌ ഉടലാഴം. മോഹൻലാലിനൊപ്പം ഫോട്ടോഗ്രഫർ എന്ന സിനിമയിൽ അഭിനയിച്ച്‌ ജനഹൃദയങ്ങളിൽ ഇടം നേടിയ മാസ്റ്റർ മണി വീണ്ടും എത്തുന്നത്‌ ജീവിതം വഴിമുട്ടിയ ആദിവാസി കോളനിയിലെ യുവാവായ ഭിന്ന ലിംഗക്കാരൻ ഗുളികന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ്‌. ജിവിക്കാൻ വേണ്ടി പൊരുതുന്ന ഗുളികന്‌ സമൂഹത്തിൽ നേരിടുന്ന അവഗണനയാണ്‌ ചിത്രത്തിന്റെ പ്രമേയം.
ആദ്യ ചിത്രത്തിന്‌ ശേഷം പാതിവഴിയിൽ പഠനം ഉപേക്ഷിച്ച്‌ മണി കുടുംബജീവിതത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. കുടുംബം മുന്നോട്ട്‌ കൊണ്ടുപോകാൻ കർണാടകയിലെ കുടകിൽ ഇഞ്ചിപ്പണിക്ക്‌ പോയപ്പോഴാണ്‌ ചിത്രത്തിന്റെ സംവിധായകൻ മണിയെ വിളിക്കുന്നത്‌. പന്ത്രണ്ടുവർഷത്തിന്‌ ശേഷം വിണ്ടും സിനിമയിൽ മടങ്ങിയെത്തുന്നതും ജീവിതത്തിലെ വെല്ലുവിളിയാണെന്ന്‌ മണി പറഞ്ഞു. ചിത്രത്തിലെ നായികയായി അനുമോൾ എത്തുന്നു. ജോയ്‌ മാത്യു, ഇന്ദ്രൻസ്‌, സജിത മഠത്തിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.
മണിയുടെ ഭാര്യ പവിഴവും മക്കൾ മനിഷയും അനഘയും ഉടലാഴത്തിൽ അഭിനയിക്കുന്നുണ്ട്‌. പാലക്കാട്‌, നിലമ്പൂർ, ചെന്നൈ എന്നിവിടങ്ങളിലാണ്‌ ചിത്രീകരണം നടക്കുന്നത്‌. സംവിധായകൻ കമലിന്റെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ സിനിമാക്കാലം മുതൽ ഡിജിറ്റൽ സിനിമാക്കാലം വരെ നിന്നുന്ന മലയാള സിനിമ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ രചനയും ഡോക്യുമെന്ററികളായ വിമൻസ്‌, ലാസ്റ്റ്‌ പേജ്‌ എന്നിവയുടെ സംവിധാനവും ആവള ഉണ്ണികൃഷ്ണൻ നിർവഹിച്ചിട്ടുണ്ട്‌.