മണ്ണിനു മുകളിലെ ചവറ്റുകൂന

മണ്ണിനു മുകളിലെ ചവറ്റുകൂന
May 04 05:00 2017

ആർച്ച ബി ജയകുമാർ
കുന്നുകൂടിക്കിടക്കുന്ന ചവറ്റുകൂനകൾ മലയാളികൾക്ക്‌ അപരിചിതമല്ല. റോഡരികത്തും ആളൊഴിഞ്ഞ പരിസരത്തും ഉയർന്നുവരുന്ന ഒരു നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്‌ മാലിന്യകൂമ്പാരങ്ങൾ. കാഴ്ചയിൽ വലിയ പ്രശ്നം തോന്നിക്കില്ലെങ്കിലും ഇവ വളരെ അപകടം നിറഞ്ഞവയാണ്‌.
ഈ കൂമ്പാരങ്ങളിൽ നിന്നും പത്തിലേറെ വിഷവാതകങ്ങൾ പുറന്തള്ളപ്പെടുന്നു. ഇതിൽ മീഥൈൻ വാതകമാണ്‌ വളരെ അപകടം പിടിച്ചത്‌. ജൈവശോഷണപ്രക്രിയയിൽ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു വാതകമാണ്‌ മീഥൈൻ. ഇപിഎയുടെ കണക്കുകൾ പ്രകാരം ഇങ്ങനെ പുറന്തള്ളപ്പെടുന്ന മീഥൈൻ വാതകത്തിനു കാർബൺ ഡൈഓക്സൈഡിനെക്കാളും ഇരുപതു മടങ്ങ്‌ ശക്തിയോടെ സൂര്യരശ്മികളെ തടയാൻ കഴിയും. അനന്തരം ആ പ്രദേശത്തെ ചൂട്‌ വർദ്ധിക്കുന്നു. കൂടാതെ വീടുകളിലും കൃഷിയിടങ്ങളും വഴി കൂമ്പാരങ്ങളിൽ എത്തപ്പെടുന്ന ബ്ലീച്ച്‌, അമോണിയ പോലുള്ള വസ്തുക്കളും പരിസര പ്രദേശത്തെ വായു മലിനമാക്കുന്നു. ഇവയ്ക്കൊപ്പം പൊടിപടലങ്ങളും സൂക്ഷ്മദർശികളായ വസ്തുക്കളും പുറന്തള്ളപ്പെടുന്നതു ശുദ്ധവായുവിന്റെ ലഭ്യത കുറയ്ക്കുന്നു.
ഈ മാലിന്യകൂമ്പാരങ്ങൾ കാരണം സംഭവിക്കുന്ന ഒരു പ്രാഥമിക പ്രശ്നമാണ്‌ ഭൂഗർഭ ജലമലിനീകരണം. വിഷമയമായ വസ്തുക്കൾ കൂമ്പാരത്തിലെത്തിയാൽ പിന്നെ അവയുടെ ലക്ഷ്യം ഭൂഗർഭജലത്തിനെ മലിനമാക്കുക എന്നതാണെന്ന്‌ പറയാം. വ്യവസായശാലകളിൽ നിന്നു തള്ളപ്പെടുന്ന കെമിക്കലുകളും വീടുകളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുമാണ്‌ ഇവയിൽ പ്രധാനം. ഇതിനൊപ്പം തന്നെ ഇലക്ട്രോണിക്ക്‌ വെയ്സ്റ്റുകളിൽ അടങ്ങിയിരിക്കുന്ന ലെഡ്‌, മെർക്കുറി, കാഡ്മിയം എന്നിവയും അപകടകാരികളാണ്‌. മഴ പെയ്യുന്നതുമൂലം വെള്ളം ഈ കൂമ്പാരങ്ങളിലൂടെ അരിച്ചിറങ്ങുകയും തുടർന്ന്‌ ശുദ്ധജലതടാകങ്ങളിലും ഭൂഗർഭജലത്തിലും എത്തപ്പെടുന്നു. അവിടുന്ന്‌ നമ്മുടെ കിണറുകളിലും. 82% കൂമ്പാരങ്ങൾക്കും ഇതാണ്‌ സംഭവിക്കുന്നതെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.
ഈ കൂമ്പാരങ്ങൾക്കു അരികിൽ താമസിക്കുന്നവരിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നു. ജനിതക വൈകല്യങ്ങൾ, ജനന സമയത്തെ ഭാരക്കുറവ്‌, പ്രത്യേകതരത്തിലുള്ള ചില ക്യാൻസറുകൾ എന്നിവയാണ്‌ പഠനങ്ങളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ. ഉദാഹരണത്തിന്‌ ക്യാൻസറിനു കാരണമായ ടിസിഇ എന്ന കാഴ്സിനോജന്റെ ഉറവിടം പലപ്പോഴും മാലിന്യകൂമ്പാരങ്ങളിൽ നിന്നാണ്‌. ഇതിനൊപ്പം ഉറക്കമില്ലായ്മ, തലവേദന, തളർച്ച എന്നിവയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവയ്ക്കെല്ലാം കാരണം തന്നെ കുന്നുകൂടിവരുന്ന ഈ മാലിന്യകൂമ്പാരങ്ങളാണ്‌ പറയേണ്ടതില്ലലോ. ശ്വാസകോശം, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നതിന്റെ പിന്നിലും ഇവ തന്നെയാണ്‌ മുഖ്യകാരണം. കുറച്ച്‌ കാലത്തേയ്ക്കു ഒന്നും ചെയ്യാതെ നിലനിൽക്കുന്ന കൂമ്പാരങ്ങൾ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തും. ആ പ്രദേശത്തെ സസ്യങ്ങളെ ബാധിക്കുമെന്ന്‌ മാത്രമല്ല, മണ്ണിന്റെ ആവാസവ്യവസ്ഥയെ തന്നെ തകർക്കാൻ ഇവയ്ക്കു സാധിക്കുന്നു.
ലക്ഷോപലക്ഷം വർഷങ്ങളെടുത്താണ്‌ കൂമ്പാരങ്ങളിലെ വസ്തുക്കൾ ജീർണ്ണിക്കുന്നത്‌. അതുകൊണ്ടു തന്നെ കൃത്യമായ നിക്ഷേപണ സംവിധാനം ഇല്ലെങ്കിൽ മനുഷ്യജീവനു ഭീക്ഷണിയായവയുടെ പട്ടികയിൽ ഈ കൂമ്പാരങ്ങളും സ്ഥാനം പിടിക്കും.
സമൂഹത്തിൽ ഈ കൂമ്പാരങ്ങൾ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവായി മാറിയിരിക്കുന്നു. എങ്കിലും ഒരു പരിധി വരെ ഇവയെ ഉപദ്രവകാരികളല്ലാതാക്കാൻ നമുക്ക്‌ സാധിക്കും.
കൃത്യതയോടും വ്യക്തമായ രൂപകൽപനയോടും കൂടി നിർമ്മിക്കുന്ന മാലിന്യകൂമ്പാരങ്ങൾ, അസംസ്കൃത വസ്തുക്കളെ ശരിയായ രീതിയിൽ നശിക്കാൻ സഹായിക്കുന്നു. രൂപകൽപന ചെയ്തു പ്രവർത്തിക്കുന്ന കൂമ്പാരങ്ങൾ പരിസ്ഥിതി മലിനീകരണത്തിനെ നിയന്ത്രിക്കാനും സഹായിക്കും.
• ആവശ്യം കഴിഞ്ഞ വസ്തുക്കളെ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക.
• പ്ലാസ്റ്റിക്കു കൊണ്ടു നിർമ്മിച്ച വസ്തുക്കളെ ഒഴിവാക്കുക. പ്രകൃതിയോടു ഇണങ്ങിയവ ഉപയോഗിക്കുക.
ഉപയോഗം കഴിഞ്ഞ വസ്തുക്കൾ വലിച്ചെറിയുന്നതിനു പകരം മറ്റൊരാൾക്കു അവ ഉപകാരപ്രദമാകുമെന്ന്‌ മനസ്സിലാക്കുക.
• കഴിയുന്നിടത്തോളം കാലം മൊബെയിൽ ഫോണുകൾ, ഐപാഡ്‌ എന്നിവ പഴയതുതന്നെ പരമാവധി ഉപയോഗിക്കുക. കാരണം ഇന്ന്‌ കൂമ്പാരങ്ങളിൽ എത്തുന്നവയിൽ 60ശതമാനവും ഇ-വേയ്സ്റ്റുകളാണ്‌.

  Categories:
view more articles

About Article Author