Tuesday
21 Aug 2018

മണ്ണിൽ പോഷകം നിറയ്ക്കുന്ന ജീവാണുവളങ്ങൾ

By: Web Desk | Saturday 8 July 2017 4:45 AM IST

രമ്യ മേനോൻ
കാർഷിക മേഖല ഏറ്റവും പ്രാധാന്യം നൽകുന്നത്‌ വളങ്ങൾക്ക്‌ തന്നെയാണ്‌. വളർന്നുവരുന്ന ചെടികൾക്ക്‌ പോഷകങ്ങൾ ഉറപ്പാക്കുന്നതിനും നല്ല ഫലങ്ങൾ പ്രദാനം ചെയ്യുന്നതിനും വളങ്ങൾ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. രാസവളങ്ങൾക്ക്‌ പിന്നാലെ പോകുന്നതിന്‌ മുമ്പ്‌ നാം ചെറിയ ക്ലാസുകളിൽ പഠിച്ച ചില കാർഷിക സഹായിയായിട്ടുള്ള കാര്യങ്ങളിലേയ്ക്ക്‌ കണ്ണോടിക്കാം. നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണുവാൻ സാധിക്കാത്ത ബാക്ടീരിയ, ആക്ടിനോ മൈസെറ്റുകൾ, ഫംഗസുകൾ, ആൽഗകൾ, പ്രേട്ടോസോവകൾ തുടങ്ങി മനുഷ്യന്റെ ശാസ്ത്ര വിജ്ഞാനത്തിന്‌ ഇന്നും പരിപൂർണമായി കീഴടക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത പല സൂക്ഷ്മജീവികളും കാണപ്പെടുന്ന ഒരു അത്ഭൂത പ്രപഞ്ചമാണ്‌ മണ്ണ്‌. ഇവകളുടെ നിശബ്ദ സേവനം നമ്മെ ആശ്ചര്യഭരിതരാക്കുന്നു. സൂക്ഷ്മ ജീവികൾ ഇല്ലാത്ത മണ്ണ്‌ ചെടിയുടെ വളർച്ചക്ക്‌ അനുയോജ്യമല്ല. സൂക്ഷ്മ ജീവികളിൽ ചിലയിനം, രോഗങ്ങൾ ഉണ്ടാക്കുന്നവയാണ്‌. എന്നാൽ കൂടുതൽ സൂക്ഷ്മ ജീവികളും ചെടികളുടെ വളർച്ചയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നവയാണ്‌. ഇവ ചെടികൾക്ക്‌ ആവശ്യമുള്ള പാക്യജനകം, ഭാവഹം തുടങ്ങിയ മൂലകങ്ങളെ ലഭ്യമാക്കുന്ന പ്രക്രിയയിൽ പ്രമുഖ പങ്ക്‌ വഹിക്കുന്നു. കൂടാതെ ഇവ ഹോർമോണുകളും മറ്റും പുറപ്പെടുവിച്ച്‌ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

ജീവാണുവളം
ചില സൂക്ഷ്മ ജീവാണുക്കളെ സജീവ രൂപത്തിൽ മണ്ണിലോ ചെടിയിലോ ഉൾചേർത്ത്‌ ഉത്പാദിപ്പിക്കുന്ന വളങ്ങളെയാണ്‌ ജീവാണു വളങ്ങൾ എന്ന്‌ വിളിക്കുന്നത്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നൈട്രജൻ ആഗിരണത്തിനോ, ജലത്തിൽ അലേയമായ ഫോസ്ഫറസ്‌ ലവണങ്ങളെ ലേയരൂപത്തിലാക്കുന്നതിനോ കഴിവുള്ള മെച്ചപ്പെട്ട സൂക്ഷ്മ ജീവികൾ അടങ്ങിയ ഒരു ഉൽപന്നം.
സൂക്ഷ്മ ജീവി വളം വിത്തിൽ പുരട്ടിയോ അല്ലെങ്കിൽ മണ്ണിൽ ചേർത്തോ, ചെടിയുടെ വേരുപടലത്തിൽ എത്തിക്കുന്നു. ഇപ്രകാരം ചെടിയുടെ വേരിന്‌ സമീപത്തുള്ള സൂക്ഷ്മജീവികൾ മണ്ണിൽ വ്യതിയാനങ്ങൾ വരുത്തി അവയുടെ എണ്ണവും ജൈവീക പ്രവർത്തനവും വർദ്ധിപ്പിക്കുന്നു. തൽഫലമായി ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുവാനോ, അല്ലെങ്കിൽ സാധാരണ ഗതിയിൽ ചെടിക്ക്‌ വലിച്ചെടുക്കുവാൻ കഴിയാത്ത ചില മൂലകങ്ങൾ ആഗിരണം ചെയ്യുവാൻ പറ്റുന്ന രൂപത്തിൽ ആക്കി തീർക്കുവാനോ സാധിക്കുന്നു. ജീവാണുവളം തയ്യാറാക്കുന്നതിന്‌ 3 തരം സൂക്ഷ്മ ജീവികളെയാണ്‌ ഉപയോഗിക്കുന്നത്‌. ഡയസോട്രോഫിക്‌ ജീവാണുക്കൾ, ഫോസ്ഫേറ്റ്‌ ലായക ജീവാണുക്കൾ, മൈക്കോറൈസെ

ഡയസോട്രോഫിക്‌ ജീവാണുവളങ്ങൾ
ജീവാണുവളങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌ ഡയസോട്രോഫിക്‌ ജീവാണുവളങ്ങൾ. കാരണം ചെടികൾക്ക്‌ മുഖ്യമായി വേണ്ട പാക്യജനകം (ച) എന്ന മൂലകം ഇവ സംഭാവനചെയ്യുന്നു. അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുവാൻ കഴിവുള്ള സൂക്ഷ്മാണു ജീവികൾ അടങ്ങിയിട്ടുള്ളവയാണ്‌ ഇത്തരം വളങ്ങൾ. വായുവിൽ അടങ്ങിയിട്ടുള്ള 80 % നൈട്രജനെ അമോണിയാ, നൈട്രേറ്റ്‌ എന്നീ രൂപങ്ങളിലാക്കി ചെടികൾക്ക്‌ ഇവ നൽകുന്നു. വിളകൾക്കു വേണ്ടതായ 30 % മുതൽ 70% വരെ നൈട്രജനെ ഈ വളപ്രയോഗം മൂലം നൽകുവാൻ സാധിക്കും. ജീവാണുവളങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ജീവാണുക്കളുടെ സ്വഭാവം അനുസരിച്ച്‌ അവയെ നാലായി തരംതിരിച്ചിട്ടുണ്ട്‌. അസറ്റോബാക്ടർ, അസോസ്പൈറില്ലം,റൈസോബിയം, അസോള എന്നിങ്ങനെ നാല്‌ തരത്തിലുള്ള ജീവാണു വളങ്ങളാണ്‌ നൈട്രജൻ ആഗീരണത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌.
അസറ്റോബാക്റ്റർ (അ്വ‍ീ്യ‍മരൽ)
ഈ ജീവാണു (ബാക്ടീരിയം) മണ്ണിൽ സ്വതന്ത്രമായി വസിച്ച്‌ അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുന്നു. ഈ ബാക്ടീരിയ ഒരാണ്ടിൽ ഒരു ഹെക്ടർ സ്ഥലത്തിന്‌ 20 മുതൽ 25 കിലോഗ്രാം വരെ നൈട്രജൻ നൽകുവാൻ സഹായിക്കും. വിളകളുടെ 30 % നൈട്രജന്റെ ആവശ്യം നിറവേറ്റാൻ ഇവയ്ക്ക്‌ സാധിക്കും. കൂടാതെ ചെടികളുടെ വളർച്ചയെ സഹായിക്കുന്ന ചിലയിനം വിറ്റാമിനുകൾ, ഇൻഡോൾ അസറ്റിക്‌ അമ്ലം, ജിബ്രല്ലിക്ക്‌ അമ്ലം തുടങ്ങിയ സസ്യഹോർമോണുകളും ഉൽപാദിപ്പിക്കുന്നു. പച്ചക്കറി കൃഷിക്ക്‌ പറ്റിയ ഒരു ജീവാണു വളമാണ്‌ അസറ്റോബാക്ടർ. കൂടാതെ നെൽകൃഷിക്കും ഉപയോഗിക്കാം.

ഫോസ്ഫേറ്റ്‌ ലായക സൂക്ഷ്മാണു ജീവികൾ
മണ്ണിൽ കാണപ്പെടുന്ന ഫോസ്ഫറസ്‌ ലവണങ്ങളിൽ ചെറിയ ശതമാനം മാത്രമേ ജലത്തിൽ ലയിക്കുന്ന രൂപത്തിൽ കാണപ്പെടുന്നുള്ളു. എന്നാൽ ചില സൂക്ഷ്മ ജീവികൾക്ക്‌ ഫോസ്ഫറസിനെ ജലത്തിൽ ലയിക്കുന്ന രൂപത്തിലാക്കി തീർക്കുവാൻ കഴിയും. ചില ബാക്ടീരിയകൾക്കും, ആക്ടിനോ മൈസെറ്റുകൾ, ഫംഗസുകൾ എന്നിവയ്ക്ക്‌ ഫോസ്ഫേറ്റിനെ രൂപാന്തരം വരുത്താൻ കഴിയുമെന്നും ഗവേഷകർ പറയുന്നു.

മൈക്കോറൈസ
ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന ഒരിനം കുമിളകളാണ്‌ ‘മൈക്കോറൈസ’. ഇവയിൽ ചിലയിനങ്ങൾ കാട്ടിൽ വളരുന്ന പൈൻ, യൂക്കാലിപ്റ്റസ്‌ എന്നീ വൃക്ഷങ്ങളുടെ വേരിന്റെ ഉപരിതലത്തിലും ചിലയിനങ്ങൾ നെല്ല്‌ ഒഴിച്ചുള്ള മേറ്റ്ല്ലാ വിളകളുടേയും വേരിന്റെ ഉള്ളിലായും ഗ്ലോമസ്‌ ഫാസികുലേറ്റം ഗ്ലോമസ്‌ മൈക്രോസ്പോർ കാണപ്പെടുന്നു. മണ്ണിൽ നിന്നു ജലവും, ഫോസ്ഫറസ്‌ തുടങ്ങിയ മൂലകങ്ങളും വലിച്ചെടുക്കുന്നതിൽ ഇത്തരം കുമിളുകൾ സഹായിക്കുന്നു. കൂടാതെ ചെടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഇവയ്ക്ക്‌ സാധിക്കും. ഇനത്തിലുള്ള കുമിളുകൾ അടങ്ങിയ കൾച്ചറോ, മണ്ണോ ഉപയോഗിച്ച്‌ കൃഷിക്കാർക്ക്‌ ഇതിനെ പ്രയോജനപ്പെടുത്താവുന്നതാണ്‌.
ജീവാണു വളങ്ങളും രാസവളങ്ങളും ഒന്നിച്ച്‌ ഉപയോഗിക്കരുത്‌. ഈ രണ്ടു വളങ്ങളും ഉപയോഗിക്കുമ്പോൾ ചുരുങ്ങിയത്‌ 15 ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. ജീവാണുവളങ്ങൾ രാസവളങ്ങൾക്ക്‌ പകരമായി ഉപയോഗിക്കുവാനുള്ളതല്ല എന്നാൽ മണ്ണിൽ ചേർക്കുന്ന വളങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാൽ രാസവളങ്ങളുടെ ഉപയോഗ അളവിൽ ഗണ്യമായ കുറവു വരുത്തുവാൻ സഹായിക്കും.