മതം സംഗീതം സൗഹാർദ്ദം

മതം സംഗീതം സൗഹാർദ്ദം
April 23 04:50 2017

സന്തോഷ്‌ ബാലരാമപുരം

‘മഹാഗണപതിം…..’, ‘റബ്ബേ അള്ളാഹുവെ……’, ‘യേശുവിൻ നാമം…’ എന്നിങ്ങനെ വ്യത്യസ്ഥ മതങ്ങളുടെ കീർത്തനങ്ങൾ ഒരേ വേദിയിൽ ആലപിക്കപ്പെടുമ്പോൾ പൊതുജനം ആകാംഷയോടെ ചെവി കൂർപ്പിക്കുന്നത്‌ സ്വഭാവികം മാത്രം. അത്രമേൽ ശക്തമായ ജാതിമത ചിന്തകളുടെ പശ്ചാത്തലമാണ്‌ ഇന്ന്‌ നമ്മുടെ സമൂഹത്തിന്റെ ജീവിത ചര്യ.
ഇത്തരം ചിന്തകൾക്ക്‌ പ്രതിരോധ മതിലായി തന്റെ കലാസപര്യയെ ഉപയോഗപ്പെടുത്തുകയാ
ണ്‌ വാഴമുട്ടം ചന്ദ്രബാബു എന്ന സംഗീതജ്ഞൻ. മതസൗഹാർദ്ദ സംഗീതകച്ചേരി എന്ന പേരിൽ വ്യത്യസ്ഥ പരിപാടിയാണ്‌ ഇദ്ദേഹത്തിന്റെ മുഖമുദ്ര. സാധാരണ കച്ചേരികളിൽ നിന്നും ഇദ്ദേഹത്തിന്റെ വ്യത്യസ്ഥമാകുന്നതിന്‌ കാരണം വിവിധ മതങ്ങളുടെ കീർത്തനങ്ങൾ ഒരു വേദിയിൽ തന്നെ ആലപിക്കപ്പെടുന്നു എന്നതാണ്‌.ഈ ഗാനങ്ങളെല്ലാം എഴുതുന്നതും സംഗീതം നൽകുന്നതും ആലപിക്കുന്നതും ചന്ദ്രബാബു തന്നെയാണ്‌ എന്നതാണ്‌ പ്രധാന പ്രത്യേകത.അതുകൊണ്ട്‌ തന്നെ തന്റെ ലക്ഷ്യത്തിന്റെ ഉൾക്കാമ്പ്‌ അൽപ്പം പോലും ചോർന്നു പോകില്ല എന്ന്‌ ഇയാൾ ഉറച്ച്‌ വിശ്വസിക്കുന്നു. മതവൈവിധ്യങ്ങളുടെ നാടായ ഭാരതത്തിൽ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ തന്നാലാകുന്നത്‌ ചെയ്യാനാണ്‌ ശ്രമമെന്ന്‌ ഇദ്ദേഹം ആവർത്തിക്കുന്നു.ഇരുപത്തി രണ്ട്‌ വർഷമായി തന്റെ ശബ്ദഭംഗി കൊണ്ട്‌
ഇദ്ദേഹം വേദികളെ കീഴടക്കുന്നു. മതസൗഹാർദ്ദ സംഗീതകച്ചേരി എന്ന വ്യത്യസ്ഥമായ പരിപാടിഅവതരിപ്പിച്ചു തുടങ്ങിയിട്ട്‌ നാല്‌ വർഷങ്ങൾ പിന്നിടുന്നു.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബർ രണ്ടിന്‌ പതിനഞ്ച്‌ മണിക്കൂർ നീണ്ട സംഗീതകച്ചേരി നടത്തി ലോക റെക്കോർഡിന്‌ അടുത്തെത്തിയിരിക്കുകയാണ്‌ ചന്ദ്രബാബു.മതസൗഹാർദ്ദ കച്ചേരിയുടെ നൂറ്റിപത്താമത്തെ വേദിയായിരുന്നു അത്‌. തിരുവനന്തപുരം വൈ എം സി എ ലൈബ്രറി ഹാളായിരുന്നു വേദി.രാവിലെ ആറ്‌ മണി മുതൽ രാത്രി ഒൻപത്‌ മണി വരെയാണ്‌ സംഗീതയജ്ഞം നടന്നത്‌.ഓരോ മൂന്ന്‌ മണിക്കൂറിന്‌ ശേഷമുള്ള ഇടവേള പോലും മൂന്ന്‌ മിനിട്ടിൽ ഒതുങ്ങിയിരുന്നു. അഞ്ച്‌ സെറ്റ്‌ പക്കമേളക്കാരാണ്‌ ഓരോ ഇടവേളകളിലും മാറി വന്നത്‌. ലോകവേദികളിൽ ആദ്യമായിട്ടാണ്‌ ഇത്രയും ദൈർഘ്യമുള്ള മതസൗഹാർദ്ധ സംഗീത കച്ചേരി അരങ്ങേറിയത്‌.
വാഴമുട്ടം എച്ച്‌എസിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കലോത്സവ ലളിതഗാന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയാണ്‌ സംഗീത വഴിയുടെ ആരംഭം.പ്രതിഭ മനസ്സിലാക്കിയ സഹോദര തുല്യനായ വാഴമുട്ടം ജയനാണ്‌ സംഗീത പഠനത്തിന്‌ നിർബന്ധിച്ചത്‌. അദ്ദേഹത്തിന്റെ പ്രേരണയിലാണ്‌ സംഗീതജീവിതത്തിലെ ആദ്യ ഗുരുനാഥനായ പാച്ചല്ലൂർ അപ്പുക്കുട്ടൻ സാറിന്റെ കീഴിൽ പത്താം ക്ലാസ്സ്‌ വരെ സംഗീതം അഭ്യസിക്കുന്നത്‌.തുടർന്ന്‌ പ്രീഡിഗ്രി വിദ്യാഭ്യസം ഇടയ്ക്ക്‌ വച്ച്‌ നിർത്തിയാണ്‌ തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീതകോളേജിൽ ചേർന്നത്‌. തുടർന്നാണ്‌ പ്രശസ്ത സംഗീതജ്ഞനായ പത്മശ്രീ നെയ്യാറ്റിൻകര വാസുദേവന്റെ ധ ശിഷ്യനായത്‌.കഴിഞ്ഞ ഇരുപത്‌ വർഷമായി മുടങ്ങാതെ എല്ലാ ജനുവരി ഒന്നിനും ആറ്റുകാൽ ദേവിക്ഷേത്രത്തിൽ വാഴമുട്ടം ചന്ദ്രബാബു ശിഷ്യൻമാരുമായി ചേർന്ന്‌ സംഗീതാർച്ചന നടത്താറുണ്ട്‌.
വർഷങ്ങളുടെ സാധനയിലൂടെ നേടിയെടുത്ത കഴിവിനെ സമൂഹത്തിന്‌ വലിയ സന്ദേശം നൽകാനായി മാറ്റി വയ്ക്കുകയായിരുന്നു ഇദ്ദേഹം.ശ്രീ നാരായണ ഗുരുദേവ കീർത്തനങ്ങൾ അമ്മ ചൊല്ലുന്നത്‌ കേട്ട്‌ വളർന്നതാണ്‌ മതസൗഹാർദ്ധത്തിന്റെ അടിസ്ഥാന പാഠം.വിവിധ ജാതി മത വിഭാഗങ്ങളിൽ പെട്ടവർ ഒരു കുടുംബം പോലെ കഴിക്കുന്ന ചുറ്റുപാടും ഇത്തരം വിശ്വാസങ്ങൾക്ക്‌ അടിത്തറ പാകി.സ്കൂൾ പഠനകാലത്തെ സൗഹൃദങ്ങൾ ഇതിനെ വൻമരമാക്കി വളർത്തി.ഇതാണ്‌ മതസൗഹാർദ്ദ സംഗീത കച്ചേരി എന്ന ആശയത്തിലേക്ക്‌ നയിച്ചത്‌.
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും ജീവിത ചരിത്രവുമാണ്‌ വ്യത്യസ്ഥമായ വഴി തിരഞ്ഞെടുക്കാൻ കൂടുതൽ കരുത്ത്‌ നൽകിയത്‌.ഈ സംഗീത വഴി മക്കൾക്ക്‌ സ്വായത്തമാക്കാൻ പല രക്ഷകർത്താക്കൾക്കും ആഗ്രഹമുണ്ടെങ്കിലും പഠിപ്പിക്കാൻ ഭയമാണ്‌ അതിന്‌ കാരണം മതാധ്യക്ഷന്മാരുടെ കോപമുണ്ടാകുമോ എന്ന ഭയമാണ്‌ എന്ന്‌ ചന്ദ്രബാബു അഭിപ്രായപ്പെടുന്നു. സ്വാതി കലാക്ഷേത്ര എന്ന ഇദ്ദേഹത്തിന്റെ സംഗീതക്ലാസിൽ വ്യത്യസ്ഥ മതത്തിലെ കുട്ടികൾ ഒരുമിച്ചിരുന്നാണ്‌ പഠിക്കുന്നത്‌ എന്നത്‌ തന്നെ മത സൗഹാർദ്ദത്തിന്റെ ആദ്യ പാഠമായി മാറുന്നു.തമിഴ്‌നാട്ടിൽ നിന്ന്‌ പോലും ക്രിസ്ത്യൻ കീർത്തനങ്ങൾ പഠിക്കാൻ കുട്ടികൾ ഇവിടെ എത്തുന്നുണ്ട്‌.നേരിൽ എത്തി പഠിക്കാൻ കഴിയാത്ത 100 ൽ പരം ഇസ്ലാം കുട്ടികൾ സമൂഹമാധ്യങ്ങളിലൂടെ ഇത്തരം കീർത്തനങ്ങൾ പഠിക്കുന്നുണ്ട്‌.കിഡ്നി ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌.
മതവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിക്കാതെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ മതങ്ങളുടെ കീർത്തനങ്ങൾ ഇദ്ദേഹം ചിട്ടപ്പെടുത്തി ആലപിക്കാറുണ്ട്‌. ചിട്ടപ്പെടുത്തുമ്പോഴും ആലപിക്കുമ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ പിഴവ്‌ പോലും വലിയ അപകടത്തിലേക്ക്‌ നയിക്കും എന്ന ധാരണ ഇദ്ദേഹത്തിനുണ്ട്‌. അതുകൊണ്ട്‌ തന്നെ കീർത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പരിപൂർണ്ണ ശ്രദ്ധ പുലർത്താറുണ്ട്‌. ആദ്യ ക്രിസ്ത്യൻ ശാസ്ത്രീയ സംഗീതകച്ചേരി സെന്റ്‌ നിക്കോളാസ്‌ ചർച്ചിലാണ്‌ നടത്തിയത്‌.അന്നു മുതൽ ഒമ്പത്‌ വർഷമായി അവിടെ ആലാപനം നടത്തുന്നു.ഇതറിഞ്ഞവർ ആവശ്യപ്പെട്ടപ്പോഴാണ്‌ ‘റെബ്ബേ അള്ളാഹുവെ’ എന്ന കീർത്തനം ചിട്ടപ്പെടുത്തി ആലപിച്ചത്‌.അത്‌ സർവ്വരും അംഗീകരിക്കുകയും പാടുകയും ചെയ്തപ്പോൾ അവ ഒരുമിച്ചു പാടാനുള്ള സന്ദർഭം മന: പൂർവ്വം സൃഷ്ടിക്കുകയായിരുന്നു. പി.ആ.ർ.ഡി.ക്ക്‌ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആദ്യ മതസൗഹാർദ്ദ സംഗീതക്കച്ചേരി നാല്‌ വർഷം മുമ്പ്‌ ഗാന്ധി ജയന്തി ദിനത്തിൽ അരങ്ങേറിയത്‌.
സംഗീതകോളേജിൽ നിന്നാണ്‌ ഗാനഭൂഷണവും ഗാനപ്രവീണയും കരസ്ഥമാക്കിയത്‌.നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ പത്തുവർഷത്തോളത്തെ സംഗീത പഠനത്തിന്‌ ശേഷം കേരളത്തിലുടനീളം കച്ചേരിയിൽ പാടുകയും,തമ്പുരുമീട്ടുകയും ചെയ്തിട്ടുണ്ട്‌. എട്ട്‌ വർഷത്തോളം സെന്റ്‌ ജോസഫ്‌ സ്കൂളിലെ സംഗീതാദ്ധ്യാപകനായിരുന്നു.നിലവിൽ ആകാശവാണിയിൽ ‘ബി ഹായ്‌ ഗ്രേഡ്‌’ കംപോസറാണ്‌. നാൽപ്പത്തി അഞ്ചോളം ഭക്തിഗാന സിഡികൾക്ക്‌ സംഗീതം നൽകിയിട്ടുണ്ട്‌.ഉപാസന, ഗുരുദേവ സമ്പൂർണ കീർത്തനങ്ങൾ എന്ന രണ്ടു പുസ്തകങ്ങളുടേയും രചിയിതാവാണ്‌.2017 ൽ പുറത്തിറങ്ങിയ വെള്ളൈനിലാ എന്ന തമിഴ്‌ സിനിമയിൽ ഉൾപ്പെടെ ഒട്ടനവധി സീരിയലുകളിലും സംഗീതം നൽകിയിട്ടുണ്ട്‌.രാജേഷ്‌ ബ്രഹ്മാനന്ദൻ, ഇഷാൻദേവ്‌, ജീവൻ പത്മകുമാർ, അജയ്‌ തിലക്‌ ,പ്രവീൺ ശ്രീനിവാസ്‌, ദീക്ഷ്‌ തുടങ്ങിയ ഒട്ടനവധി പ്രശസ്തർ ഇദ്ദേഹത്തിന്റെ ശിഷ്യൻമാരാണ്‌.
സംഗീത സപര്യയ്ക്ക്‌ കരുത്ത്‌ പകർന്നു കൊണ്ട്‌ ഭാര്യ സുമിത്രയും മക്കളായ ആദിത്യ, അഭിജ എന്നിവരും കൂടെയുണ്ട്‌.ശ്രീനാരായണ മിഷൻ അവാർഡ്‌,സ്വരാഞ്ജലി പുരസ്കാരം, മതമൈത്രി പുരസ്കാരം,മതമൈത്രി സംഗീത കലാരത്ന പുരസ്കാരം,സംഗീത മിത്ര ഫെല്ലോഷിപ്പ്‌ തുടങ്ങിയവ ലഭിച്ച ചന്ദ്രബാബുവിന്‌ ലഭിച്ച അംഗീകാരങ്ങളിൽ ചിലതു മാത്രം.

  Categories:
view more articles

About Article Author