മദ്യപാനശീലം കുറയ്ക്കാൻ കഴിയുമോ?

മദ്യപാനശീലം കുറയ്ക്കാൻ കഴിയുമോ?
July 09 05:10 2016

ഡോ. വകയാർ കരുണാകരൻ
പ്രതികൂലമായ ഭൗതിക സാഹചര്യങ്ങൾക്ക്‌ ഉത്തരം കണ്ടുപിടിക്കാൻ കഴിയാതെ മനസ്‌ വ്യാകുലപ്പെടുകയും ഉറക്കം അകന്നുപോവുകയും ചെയ്യുമ്പോൾ വിട്ടുപോകുന്ന ഉറക്കത്തിന്റെ സുഖം അനുഭവിക്കുന്നതിന്‌ സഹായിക്കുന്നത്‌ മദ്യംതന്നെയാണെന്ന്‌ അനുഭവിച്ചറിഞ്ഞവരുടെ നീണ്ട ക്യൂവാണ്‌ ബിവറേജ്‌ കോർപ്പറേഷന്റെ മുമ്പിൽ കാണുവാൻ കഴിയുന്നത്‌. കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗത്തിന്റെ മദ്യപാനശീലം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരണമെങ്കിൽ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന നരകയാതനകൾക്കു പരിഹാരം കണ്ടുപിടിക്കാൻ കഴിയണം.
57 കാലഘട്ടത്തിൽ ഭൂനയ ബില്ലിലൂടെയും ലക്ഷംവീട്‌ പദ്ധതിയിലൂടെയും അവർ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കൊടിക്കീഴിലേയ്ക്ക്‌ ആകർഷിക്കപ്പെട്ടു. എന്നാൽ അടിസ്ഥാന വിഭാഗത്തിൽ ഉൾപ്പെടുന്ന പട്ടികവർഗക്കാർക്ക്‌ സാമൂഹ്യ-സാമ്പത്തികരംഗങ്ങളിൽ കഴിഞ്ഞ അൻപതിലേറെ വർഷങ്ങളിലായി കാര്യമായ പുരോഗതി ഉണ്ടായില്ല. അവരുടേതെന്നു പറയാനുള്ള വ്യാപാര-വാണിജ്യ-കച്ചവട സ്ഥാപനങ്ങൾ ഒന്നുമേ എവിടെയും കാണാനില്ല. ഒരു പെട്ടിക്കട പോലും കേരളത്തിന്റെ ഒരു ഭാഗത്തും കാണാൻ കഴിയുകയില്ല. അവർക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, അധ്യാപകരില്ല, തോട്ടങ്ങളില്ല, കായൽനിലങ്ങളില്ല. പൊതുനിരത്തുകളിൽക്കൂടി ഇടമുറിയാതെ പ്രൈവറ്റ്‌ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നതിൽ ഒന്നുപോലും അവരുടെതായിട്ടില്ല. സർക്കാരുകളിൽ നിന്നും കിട്ടിയ ഭൂമിയെല്ലാം വിറ്റുതീർന്നു. അവർക്ക്‌ സ്വന്തമായി ഒരു സെന്റ്‌ ഭൂമിപോലും വാങ്ങിക്കുവാൻ എങ്ങും കഴിഞ്ഞിട്ടില്ല. സർക്കാർ അനുവദിച്ച വീടുകൾ പണി പൂർത്തിയാകാതെ കാലങ്ങളായി കിടക്കുന്നു. അയൽവീട്ടിലെ കുട്ടികൾ ഇംഗ്ലീഷ്‌ സ്കൂളുകളിൽ പഠിച്ച്‌ എൻജിനീയറന്മാരും ഡോക്ടർമാരുമായി സ്വദേശത്തും വിദേശത്തും ജോലി ചെയ്യുമ്പോൾ അവരുടെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ മലയാളം സ്കൂളുകളിൽ പോയി അധ്യാപകരുടെ ശ്രദ്ധകിട്ടാതെ ക്ലാസു കയറ്റത്തിലൂടെ പത്താംക്ലാസിൽ എത്തുമ്പോൾ പരീക്ഷ ഭയന്ന്‌ പഠിത്തം നിർത്തി കൂലിവേലയ്ക്ക്‌ പോകുന്നു.
നൂറുപവന്റെ ആഭരണങ്ങൾ കൊടുത്തു അയൽവീടുകളിലെ പെൺകുട്ടികളെ വിവാഹം ചെയ്തയക്കുമ്പോൾ ഒരു പവന്റെ ആഭരണം പോലും കൊടുത്ത്‌ വിവാഹം ചെയ്തയക്കാൻ നിവൃത്തി ഇല്ലാതെ വിവാഹപ്രായം കഴിഞ്ഞ പെൺകുട്ടികൾ അവരുടെ വീടുകളിൽ നിൽക്കുന്നു. വിവാഹം കഴിച്ചയച്ച പെൺ മക്കൾ മർദ്ദനം സഹികെട്ടു മക്കളുമായി തിരികെ വീട്ടിൽ വന്നു നിൽക്കുന്നു. മറ്റുള്ളവർക്കൊക്കെയും ഗൾഫ്‌ നാടുകളിൽ പോകാനുള്ള സാഹചര്യം ഉണ്ടാകുമ്പോൾ ആ വഴികൾ അവരുടെ മുമ്പിൽ അടഞ്ഞുകിടക്കുന്നു. ജാതി ഇന്നും ഒരു തീരാശാപമായി അവരെ ഒരു നിഴൽപോലെ പിന്തുടരുന്നു. ചുരുക്കം ചിലരെ ഒഴിച്ചാൽ അവരുടെ ഇടയിൽ സാഹിത്യകാരന്മാരില്ല, കവികളില്ല, കലാകാരന്മാരില്ല. ദാർശനിക പണ്ഡിതന്മാരില്ല. (എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാർ എത്രയോ തുഞ്ചന്മാർ, കുഞ്ചന്മാരും./പാരമീജാതിയാൽ നൂനമലസിപോയ്‌ ഭാരതമാതാവേ നിൻ വയറ്റിൽ./ഹന്ത ഈ ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ ചിന്തിതം സാധിച്ചു രത്നഗർഭേ-ആശാൻ).
ആത്മഹത്യ ചെയ്യാതിരിക്കുന്നതിൽ നിന്നും അവരെ സഹായിക്കുന്നത്‌ മദ്യമാണ്‌. നൂറ്റാണ്ടുകളുടെ ഇടയിലൂടെ ചതഞ്ഞരഞ്ഞ ജീവിതാനുഭവങ്ങൾ ഉള്ളിൽ കിടന്നു പിടഞ്ഞു, ഭാവി വേതാള നഗരം പോലെ മുന്നിൽ കാണുമ്പോൾ ഒന്നു കിടന്നുറങ്ങുവാൻ അവർ ശരണം പ്രാപിക്കുന്നത്‌ മദ്യത്തെയാണ്‌. അതു പിന്നീട്‌ ഒഴിച്ചുകൂടാൻ കഴിയാത്തൊരു ശീലമായി മാറുന്നു. ആ മദ്യം തന്നെ അധികമായാൽ വിഷമായി രൂപാന്തരപ്പെടുന്നതിനാൽ കുടുംബ കലഹങ്ങൾ വർധിക്കുകയും ഇല്ലായ്മയിൽ നിന്നും ഇല്ലായ്മയിലേയ്ക്ക്‌ തള്ളിയിടുകയും ചെയ്യുന്നു. ഇവരുടെ നരകതുല്യമായ ജീവിതരീതിയിൽ മനസുവേദനിച്ച മനുഷ്യസ്നേഹികളായ മഹാശയന്മാരാണല്ലോ അവരുടെ എല്ലാ സുഖസൗകര്യങ്ങളും വലിച്ചെറിഞ്ഞ്‌ കൊട്ടാരങ്ങളും മനകളും ആഢ്യത്വ കുടുംബബന്ധങ്ങളും വിട്ടു, ജീവൻപോലും പണയപ്പെടുത്തിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചത്‌. ഈ അടിസ്ഥാനവർഗത്തിന്റെ പുരോഗതി പ്രഥമലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണല്ലോ ഇന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ പിന്തടരുന്നത്‌. അടിസ്ഥാന വർഗമായ പട്ടികവർഗ വിഭാഗത്തിന്റെ പുരോഗതിക്കായി യുദ്ധകാലാടിസ്ഥാനത്തിൽ തീവ്രമായ കർമപരിപാടികൾക്കു രൂപം കൊടുക്കുവാൻ കഴിഞ്ഞാൽ ഘട്ടം ഘട്ടമായി മദ്യപാനവും കുറച്ചുകൊണ്ടുവരുവാൻ കഴിയും.

  Categories:
view more articles

About Article Author