മധുബനിയും കലംകാരിയും പ്രകൃതിപോരാട്ടത്തിന്റെ നിറക്കൂട്ട്‌

മധുബനിയും കലംകാരിയും പ്രകൃതിപോരാട്ടത്തിന്റെ നിറക്കൂട്ട്‌
December 16 04:55 2016

ഗീതാനസീർ

രണ്ടായിരത്തിയഞ്ഞൂറ്‌ വർഷം പഴക്കമുള്ള സ്ത്രീകളുടെ ഒരു പ്രത്യേക ചിത്രകലാരൂപം തകർച്ചയുടെ വക്കിലെത്തിനിൽക്കുന്നു. മധുബനി എന്ന ഈ കലാരൂപത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ സ്ത്രീകൾ അവലംബിക്കുന്ന മാർഗം ഏറെ കൗതുകകരവും ഒപ്പം ആഴത്തിലുള്ള പ്രകൃതിസംരക്ഷണബോധത്തിനുള്ള മകുടോദാഹരണവുമാണ്‌.
ബിഹാറിന്റെ വടക്കൻ പ്രദേശങ്ങളിലും നേപ്പാളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു തനത്‌ ചിത്രകലയാണ്‌ മധുബനി. പ്രകൃതിദത്തമായ നിറക്കൂട്ടുകൾ കൊണ്ട്‌ വരച്ചെടുക്കുന്ന ഈ ചിത്രങ്ങളുടെ നിലനിൽപ്പ്‌ അപകടത്തിലാകാൻ കാരണവും അതിന്റെ ജൈവപ്രത്യേകതയാണ്‌. വനം ശോഷിച്ചുവരാൻ തുടങ്ങിയതോടെ നിറക്കൂട്ടുകൾക്കാവശ്യമായ പച്ചിലകളും മറ്റു പ്രകൃതി വിഭവങ്ങളും ലഭിക്കുന്നതിലും കുറവുവന്നുതുടങ്ങി. വ്യാപകമായ വനനശീകരണത്തിനെതിരെ സ്ത്രീകൾ സ്വീകരിച്ച കരുതൽ നടപടി തികച്ചും പ്രകൃതിസൗഹൃദവും വനസംരക്ഷണ നിലപാട്‌ വിളിച്ചോതുന്നതുമാണ്‌.
മധുബനി സ്ത്രീകൾ മാത്രം ചെയ്യുന്ന ചിത്രരചനാരീതിയാണ്‌. രാമായണകഥകളിലാണ്‌ ഇവയുടെ ഉറവിടം എന്നാണ്‌ ഐതീഹ്യം. രാമന്റെയും സീതയുടെയും വിവാഹത്തിനായി ജനകരാജാവ്‌ മിഥിലാപുരി അലങ്കരിക്കാൻ കൽപ്പന പുറപ്പെടുവിച്ചു. അങ്ങനെയാണ്‌ പ്രകൃതിദത്ത നിറക്കൂട്ടുകൾ ഉദയം ചെയ്തതത്രേ. പുരാതന ചുവർചിത്രങ്ങൾ ഈ ചിത്രരചനാരീതിയോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു. ഐതീഹ്യം ഇങ്ങനെയൊക്കെയാണെങ്കിലും ഈ കലയുടെ യഥാർത്ഥ ഉറവിടം ഇന്നും അജ്ഞാതമാണ്‌. ഏകദേശം 2500 വർഷം പഴക്കമുണ്ടെന്നാണ്‌ പുരാവസ്തുവിഭാഗം പറയുന്നത്‌.
എക്കാലവും ചിത്രരചന നടത്തിയിരുന്നത്‌ സ്ത്രീകളായിരുന്നു. വിവാഹാവസരങ്ങളിൽ സ്ത്രീകൾ ഏർപ്പെടുന്ന മോടിപിടിപ്പിക്കൽ ചടങ്ങിലെ മുഖ്യയിനം മധുബനി ചിത്രരചനയാണ്‌. മധുബനി എന്ന്‌ പറഞ്ഞാൽ തേൻകാടെന്നാണർഥം. മധു തേനും ബൻ കാടുമാണ്‌. ബിഹാറിന്റെയും നേപ്പാളിന്റെയും ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മിഥിലയിലെ പ്രത്യേകതകൂടിയാണ്‌ മധുബനി ചിത്രങ്ങൾ.
ബ്രഹ്മൻ, ദൃശധ്‌, കായസ്ഥ സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്‌ മധുബനികല പാരമ്പര്യമായി കൊണ്ടുനടക്കുന്നുത്‌. അഞ്ച്‌ ശ്രദ്ധേയമായ രചനാരീതികൾ ഇവയ്ക്കുണ്ട്‌. ബർനി, കച്ച്നി, താന്ത്രിക്‌, ഗോഡ്ന, ഗൊബർ എന്നിവയാണവ-മധുബനിയെ ഒരു കുടിൽ വ്യവസായി വളർത്തിക്കൊണ്ടുവരുന്നത്‌ 1969 ലാണ്‌. 1975 ൽ മധുബനിയുടെ രചനാപാടവത്തിന്‌ ജഗദംബ ദേവിക്ക്‌ പത്മശ്രീ നൽകി രാജ്യം ആദരിക്കുകപോലുമുണ്ടായി. മധുബനി ഗ്രാമത്തിൽ നിന്ന്‌ പിന്നീട്‌ പലർക്കും ദേശീയ അംഗീകാരങ്ങളും ലഭിച്ചു. മധുബനി ചിത്രങ്ങൾ സാരിയിലും ചുരിദാറിലും ബഡ്ഷീറ്റുകളിലും മറ്റ്‌ കരകൗശലവസ്തുക്കളിലും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ ഈ തൊഴിലിൽ ഏർപ്പെട്ട സ്ത്രീകൾക്ക്‌ ഇതൊരു നല്ല വരുമാനമാർഗമായി മാറിയിരുന്നു. സർക്കാർ സബ്സിഡിയും ലഭിച്ചതോടെ തൊഴിൽ സുരക്ഷിതത്വവും കൈവന്നു.
ഇതെല്ലാം തകിടംമറിക്കുന്ന തരത്തിലാണ്‌ ഈ പ്രദേശങ്ങളിൽ വനനശീകരണം നടക്കുന്നത്‌. പ്രതിരോധമാർഗമെന്ന നിലയിൽ അവശേഷിക്കുന്ന വൃക്ഷങ്ങളിലും കൊമ്പുകളിലും ഗ്രാമീണസ്ത്രീകൾ മധുബനി ചിത്രരചന നടത്തുകയാണ്‌. നാരങ്ങാനീര്‌ കമ്പുകളിൽ പുരട്ടി അടിസ്ഥാനമിട്ട്‌ അതിനുമേൽ നിറക്കൂട്ടുകൾ ചിത്രീകരിക്കുന്നതുവഴി മരങ്ങളെ കീടങ്ങളിൽ നിന്ന്‌ സംരക്ഷിക്കാനും കഴിയുന്നുണ്ട്‌. കാടുവെട്ടിക്കൊള്ള ചെയ്യുന്നവരിൽ നിന്നും വൃക്ഷങ്ങളെ രക്ഷിക്കാൻ ശ്രമിച്ച ചിപ്കോ പ്രവർത്തകരെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ളതാണ്‌ ഈ ഗ്രാമീണ സ്ത്രീകളുടെ ചെറുത്തുനിൽപ്പ്‌. തങ്ങളുടെ ഉപജീവനമാർഗമായി മാറുന്ന വനവിഭവങ്ങൾ കാടിനെ തകർക്കാതെ പരസ്പര ധാരണയിൽ ഉപയോഗിക്കുന്ന ഈ സ്ത്രീകൾ കാടുസംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക്‌ ജൈവതലമുണ്ട്‌. അതിൽ സത്യവുമുണ്ട്‌.
പ്രകൃതിദത്തമായ നിറക്കൂട്ടുകൾകൊണ്ട്‌ നിർമ്മിക്കുന്ന മറ്റൊരു ചിത്രരചനാവിഭാഗമാണ്‌ കലംകാരി. ആന്ധ്രപ്രദേശിലും മറ്റുമായി പ്രചാരത്തിലിരിക്കുന്ന ഈ കലാരൂപവും പ്രതിസന്ധി നേരിടുന്നുണ്ടിന്ന്‌. മധുബനിയായാലും കലംകാരിയായാലും രണ്ടു ചിത്രരചനാരീതികളും നാടിന്റെ പ്രാചീനപൗഢിയും സൗന്ദര്യബോധവും വിളിച്ചോതുന്നവയാണ്‌. കലംകാരിയിൽ രണ്ടുവിഭാഗമുണ്ട്‌. ഒന്ന്‌ ശ്രീകലഹസ്തിയും മറ്റൊന്ന്‌ മച്ചിലപട്ടണം രീതിയുമാണ്‌. മഹാഭാരതവും രാമായണവും മറ്റ്‌ പുരാതന ഇതിഹാസങ്ങളും ചുവർചിത്രമാക്കുന്ന ശ്രീകലഹസ്തികലംകാരി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ്‌ പ്രചാരം നേടിയത്‌. ക്ഷേത്രങ്ങളിലെ തൊങ്ങലുകളിലും രഥങ്ങളിലെ ബാനറുകളിലും മറ്റ്‌ ക്ഷേത്ര ചുവരുകളിലുമൊക്കെയാണ്‌ ഇവ കൂടുതൽ കണ്ടുവരുന്നത്‌. എന്നാൽ മച്ചിലപട്ടണംകലംകാരി കുറേക്കൂടി ജനകീയവും സാധാരണവുമായി മാറി. ഒരു കരകൗശലരൂപമായി ഇതിനെ മാറ്റിയെടുത്തതിന്റെ ഫലമായി ഇന്ന്‌ വലിയൊരു വിഭാഗം ഗ്രാമീണ ജനതയുടെ വരുമാനമാർഗം കൂടിയാണിത്‌. ഹൈദരാബാദിലെ ഗോൾക്കൊണ്ട സുൽത്താന്മാരുടെ കീഴിൽ വളർന്നു പന്തലിച്ച ഈ കലാരൂപത്തിന്‌ ഇന്ന്‌ പരുത്തിവസ്ത്രത്തിൽ വലിയ സ്ഥാനമാണുള്ളത്‌. വെജിറ്റബിൾ ഡൈ ഉപയോഗിച്ച്‌ സാരിയിലും ചുരിദാറിലും ബഡ്ഷീറ്റിലും ചുവർചിത്രങ്ങളിലും ഈ കലാരൂപം ആരെയും ആകർഷിക്കുന്നതരത്തിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്‌. ഇവയ്ക്ക്‌ നല്ല മാർക്കറ്റുമുണ്ട്‌. എരുമപ്പാലടക്കമുള്ള പല ജൈവസാമഗ്രികളും ഈ നിറക്കൂട്ടിന്‌ അത്യാവശ്യമാണ്‌. മുള, ഈന്തപ്പനത്തടി, പനഞ്ചക്കര, വേരുകൾ, ഇലകൾ, ചാണകം, വിത്തുകൾ തുടങ്ങി പലതും നിറക്കൂട്ട്‌ നിർമാണത്തിന്റെ പലഘട്ടങ്ങളിലും ആവശ്യമായി വരുന്നുണ്ട്‌. ഇവയ്ക്കാവശ്യമായ നിറപ്പൊടികൾ നിർല്ലോഭം ലഭിച്ചിരുന്നു. ഇന്ന്‌ ഇവയുടെയൊക്കെ ലഭ്യത കുറഞ്ഞുവരുന്നുണ്ട്‌. വനസമ്പത്തിനേൽപ്പിക്കുന്ന എല്ലാ ആഘാതങ്ങളും തകർക്കുന്നത്‌ മനോഹരമായ ഈ ജൈവകലാരൂപങ്ങളെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ്‌.

view more articles

About Article Author