മനം നിറഞ്ഞു, മാനം മുട്ടെ…  ആഹ്ലാദ തിമിർപ്പിൽ മെട്രോയാത്ര

മനം നിറഞ്ഞു, മാനം മുട്ടെ…  ആഹ്ലാദ തിമിർപ്പിൽ മെട്രോയാത്ര
June 19 04:45 2017

ഷാജി ഇടപ്പള്ളി
കൊച്ചി: പുതുകാഴ്ചകൾ കണ്ടതിന്റെ ആഹ്ലാദത്തിൽ വൈകല്യങ്ങളെല്ലാം വിസ്മൃതിയിലായി.ആർത്തുവിളിച്ചും കൈകൊട്ടിയും ചിലർ പേടിച്ചും പാട്ടുകൾ പാടിയും ജാലവിദ്യകളാസ്വദിച്ചും ആദ്യ മെട്രോ യാത്ര.കണ്ടിട്ടും കൊതിതീരാതെ, വീണ്ടും വീണ്ടും മെട്രോയിൽ കയറണമെന്ന ആവശ്യം പങ്കുവച്ചും കുരുന്നുകളുടെ മടക്കം.
കൊച്ചി മെട്രോ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ യാത്ര ഇന്നലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അഗതികൾക്കുമുള്ള സൗജന്യ യാത്രയായിരുന്നു. പ്രധാനമന്ത്രി യാത്ര ചെയ്തതിനുശേഷം പ്രധാന പരിഗണന നൽകി യാത്രക്കുള്ള അവസരമൊരുക്കിയതിലുള്ള സന്തോഷമാണ്‌ മെട്രോ യാത്രക്കിടയിൽ ഏലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയായ അതുൽ പ്രകടിപ്പിച്ചത്‌.
വീൽ ചെയറിൽ മെട്രോയിലേക്കെത്താൻ ഒട്ടും പ്രയാസം ഇല്ലായിരുന്നെന്നും യാത്ര ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണെന്നും അതുൽ മനസ്സ്‌ തുറന്നു. ഞങ്ങളെപോലെയുള്ളവർക്ക്‌ യാതൊരു പ്രയാസവുമില്ലാതെ യാത്ര ചെയ്യാൻ പറ്റിയതാണ്‌ മെട്രോയെന്നും കളമശ്ശേരി വിമുക്തി സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള നസീറ പറഞ്ഞു.
മെട്രോയിൽ ഇന്നലെ പൊതുജനങ്ങൾക്കായി സർവീസ്‌ ഉണ്ടായിരുന്നില്ല. കൊച്ചി കോർപ്പറേഷൻ ,കളമശ്ശേരി, ഏലൂർ, ആലുവ നഗരസഭകൾ ഉൾപ്പടെ മെട്രോ കടന്നു പോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിലുള്ള സ്പെഷ്യൽ സ്കൂൾ, അഗതി മന്ദിരങ്ങൾ, മഹിളാ മന്ദിരങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികൾക്കും മറ്റുള്ളവർക്കുമായിരുന്നു രാവിലെ 10 മുതൽ ഉച്ചക്ക്‌ ഒന്നുവരെ കളമശ്ശേരിയിൽ നിന്നും ആലുവ വരെ പ്രത്യേക സർവീസ്‌ നടത്തിയത്‌.
സെന്റർ ഫോർ എംപവർമെന്ര്‌ ആൻഡ്‌ എൻറീച്മെന്റ്‌ നേതൃത്വത്തിൽ 43 സ്പെഷ്യൽ സ്കൂളിൽ നിന്നുമുള്ള 450 കുട്ടികളും അദ്ധ്യാപകരും വോളന്റിയേഴ്സും ഉൾപ്പടെ 150 പേരും പങ്കെടുത്തു. മറ്റു വിഭാഗങ്ങളിൽ നിന്നുമായി ആകെ യാത്രയിൽ 1700 ഓളംപേരാണുണ്ടായിരുന്നത്‌. ആരോഗ്യ മന്ത്രി കെ കെ ശൈലജയും നടി രജീഷയും യാത്രയിൽ കുട്ടികൾക്കൊപ്പം കൂടുകയും സെൽഫിയെടുക്കുകയും ചെയ്തതോടുകൂടി കുട്ടികൾ ഏറെ സന്തോഷത്തിലായി. യാത്ര കഴിഞ്ഞു പുറത്തിറങ്ങിയ നടി രജീഷ മെട്രോയുടെ ആകൃതിയിലുള്ള കേക്ക്‌ മുറിച്ച്‌ സന്തോഷത്തിൽ പങ്കാളിയുമായി. പ്രശസ്ത മജീഷ്യൻ കെ എൻ കുട്ടി ഇന്ദ്രജാല വിദ്യകൾ കാട്ടി കുട്ടികളെ ആനന്ദിപ്പിക്കുകയും ചെയ്തു .മെട്രോയിൽ നിന്നുമിറങ്ങാൻ മടിയോടുകൂടിയാണ്‌ കുട്ടികൾ യാത്ര മതിയാക്കി മടങ്ങിയത്‌.
പിന്നീട്‌ മുഖ്യമന്ത്രി മെട്രോയുടെ ഉദ്ഘാടന വേദിയിൽ ആവശ്യപ്പെട്ടതുപ്രകാരം മെട്രോ ജോലിക്കാരായ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്കും ഉച്ചക്ക്‌ 2 .30 മുതൽ 3 .30 വരെ മെട്രോയിൽ യാത്രയ്ക്ക്‌ അവസരമൊരുക്കിയിരുന്നു.അതിനുശേഷം 2012 ൽ മെട്രോയുടെ തറക്കല്ലിടൽ വേളയിൽ ആദ്യ യാത്രക്ക്‌ ടിക്കറ്റ്‌ ലഭിച്ചവരിൽ ടിക്കറ്റ്‌ കൈവശമുള്ളവർക്ക്‌ വൈകീട്ട്‌ 4 മുതൽ 6 വരെയും യാത്ര നടത്തുകയുണ്ടായി. ഇന്ന്‌ രാവിലെ 6 മുതൽ പാലാരിവട്ടം മുതൽ ആലുവ വരെ മെട്രോ സാധാരണ സർവീസ്‌ ആരംഭിക്കും .

  Categories:
view more articles

About Article Author